Tuesday 30 April 2024 02:33 PM IST

‘മുഖത്തു ക്ഷീണം തോന്നിക്കാനായി വെള്ളവും കാപ്പിയും മാത്രം കഴിച്ചു; മൂന്നാം ദിവസം ബോധംകെട്ടു വീണു’; ഗോകുലിന്റെ സിനിമാ വിശേഷങ്ങൾ

Roopa Thayabji

Sub Editor

gokul889

ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ. ഗോകുലിന്റെ വിശേഷങ്ങൾ...

നാടകം വഴി സിനിമയിലേക്ക്

യുകെജിയിൽ വച്ചു കൃഷ്ണവേഷം കെട്ടി ഗോപികമാരുടെ കൂടെ ഡാൻസ് ചെയ്തതാണ് ആദ്യ സ്റ്റേജ് ഓർമ. രണ്ടാം ക്ലാസു മുതൽ നടൻ വിനോദ് കോവൂരിന്റെ കീഴിൽ മോണോആക്ട് പഠിക്കുന്നു. പ്ലസ്ടു കാലത്തു സംസ്ഥാന കലോത്സവത്തിൽ  മികച്ച നാടക നടനായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ആകാശ മിഠായി എന്ന സിനിമയിൽ വേഷം കിട്ടി. കോളജിൽ വച്ചു കലാജാഥയ്ക്കായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ആടുജീവിതത്തിലെ കഥാപാത്രമാകാൻ ഫോട്ടോ അയച്ചത്. 

18ാമത്തെ വയസ്സിൽ ഈ സിനിമയിലെത്തി. ‘ഈ പ്രായത്തിൽ ഇത്ര വലിയ കഥാപാത്രവും സിനിമയും കിട്ടിയതിൽ എനിക്കു ഗോകുലിനോട് അസൂയയുണ്ട്’ എന്നു പറഞ്ഞത് ആരാണെന്നോ, സാക്ഷാൽ പൃഥ്വിരാജ്.

റോൾമോഡൽ രാജുവേട്ടൻ

‘നജീബിന്റെ ശരീരം മെലിയാനായി ഞാൻ നടത്തിയ വർക്കൗട്ടും  ഡയറ്റും  മേക് ഓവറും മാത്രമല്ല, നജീബിന്റെ സുഹൃത്ത് ഹക്കീമാകാനായി ഗോകുൽ നടത്തിയ ശ്രമങ്ങളും നിങ്ങൾ കാണണം,’ ആടുജീവിതത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ രാജുവേട്ടൻ പറഞ്ഞ വാക്കുകൾ  അവാർഡിനേക്കാൾ വിലയുള്ളതാണ്.

ദി മെഷീനിസ്റ്റ് എന്ന സിനിമയ്ക്കായി നടൻ ക്രിസ്റ്റ്യൻ ബെയ്ൽ 30 കിലോയിലധികം ഭാരം കുറച്ച ക ഥ ആവേശത്തോടെ വായിച്ചിട്ടുള്ള ആളാണു ഞാൻ.പക്ഷേ, ഈ സിനിമയുടെ സെറ്റിൽ രാജുവേട്ടനെ കണ്ടപ്പോൾ ആ കേട്ടറിവുകളൊക്കെ വട്ടപ്പൂജ്യമായി. കഥാപാത്രമാകാൻ ഏതറ്റം വരെയും പോകുമെന്നു കാണിച്ചു തന്ന രാജുവേട്ടനാണ് എന്റെ റോൾ മോഡൽ.  

തമാശ എന്താണെന്നോ? കോവിഡ് കാലത്തു ഷൂട്ടിങ്  മുടങ്ങി. എല്ലാവരും നന്നായി ഭക്ഷണം കഴിച്ചു വിശ്രമിക്കുന്നു. പക്ഷേ, ഞാനും രാജുവേട്ടനും കടുത്ത ഡ യറ്റിങ്ങും  വർക്കൗട്ടും. ഷൂട്ടിങ് പുനരാരംഭിക്കുമ്പോൾ    ശരീരത്തിനു മാറ്റം വരാൻ പാടില്ലല്ലോ.

ഡയറ്റും ബോധക്കേടും

ഹക്കീമിന്റെ രണ്ടു കാലം സിനിമയിലൂണ്ട്. ആദ്യത്തേതിനായി നന്നായി ഭക്ഷണം കഴിച്ചു വണ്ണം കൂട്ടി. കുംഭയൊക്കെ ഉള്ള ആ രൂപത്തിൽ എനിക്കു 66 കിലോ ഭാരമുണ്ട്. അതിൽ നിന്നു 44 ലേക്ക് എത്തിക്കാനായി കടുത്ത ഡയറ്റും വർക്കൗട്ടുമാണു ചെയ്തത്. മുടി നീട്ടി വളർത്തി, മെലിഞ്ഞുണങ്ങിയ രൂപത്തിൽ എന്നെ കാണുമ്പോൾ നാട്ടുകാരിൽ ചിലരൊക്കെ നെറ്റിചുളിച്ചു നോക്കുമായിരുന്നു.

അവസാനമായപ്പോൾ മുഖത്തു ക്ഷീണം തോന്നിക്കാനായി വെള്ളവും കാപ്പിയും മാത്രമായി കഴിക്കുന്നത്. പക്ഷേ, മൂന്നാം ദിവസം ബോധംകെട്ടു വീണു. അതോടെ ജ്യൂസ് ഡയറ്റിലേക്കു മാറി. ചില ദിവസങ്ങളിൽ ഹക്കീമിനെ പോലെ ഞാനും കുബ്ബൂസ് വെള്ളത്തിൽ മുക്കി കഴിച്ചിട്ടുണ്ട്. 

ജോർദാനിലെ ‘വിഷു’

എല്ലാ വിഷുവിനും കുടുംബക്കാരെല്ലാം കൂടി ഒ ത്തുകൂടും. പക്ഷേ, സിനിമാ ഷൂട്ടിങ്ങിനായി ജോ ർദാനിലെത്തിയ പിറകേ ലോക്ഡൗൺ വന്നു ഞ ങ്ങളെല്ലാം അവിടെ പെട്ടു. ഷൂട്ടിങ് പൂർത്തിയാക്കി നാട്ടിലേക്ക് എന്നു മടങ്ങാനാകുമെന്ന് അറിയില്ല. എങ്കിലും വിഷുവിന് ആർട് ഡിപ്പാർട്ട്മെന്റിലെ ചേട്ടന്മാർ ഭഗവാൻ കൃഷ്ണന്റെ ചിത്രം വരച്ചു, കണിക്കൊന്നയൊക്കെ സംഘടിപ്പിച്ചു കണിയൊരുക്കി. വീട്ടിൽ കണി കാണാനായില്ലെങ്കിലും കൈനീട്ടം ഗൂഗിൾ പേയിൽ കിട്ടി കേട്ടോ. 

ലോക്ഡൗണ്‍ എല്ലാവർക്കും ആശങ്കയായിരുന്നു. എന്നു ഷൂട്ടിങ് തുടങ്ങാനാകുമെന്ന് അറിയില്ല. ആ ടെൻഷനിടയിലും ഒരാൾ മുറിയിലിരുന്ന് ഇ നി ഷൂട്ട് ചെയ്യാനുള്ള സീനുകൾ പ്ലാൻ ചെയ്തു, സംവിധായകൻ ബ്ലെസി സാർ. ആ ‘നെവർ ഗിവ് അപ് ആറ്റിറ്റ്യൂഡ്’ വലിയ പാഠമാണ്. 

ആടുജീവിതത്തോടൊപ്പമാണു ഞാൻ  വളർന്നത്. ആദ്യമായി പാസ്പോർട്ട് എടുക്കുന്നതും വിമാനത്തിൽ കയറുന്നതും വിദേശയാത്ര നടത്തുന്നതും ഈ സിനിമയ്ക്കു വേണ്ടിയാണ്. ഹക്കീമിനെ ആളുകൾ സ്വീകരിക്കുമ്പോൾ വലിയ സന്തോഷം.

കേട്ട കഥ പോലെ ജീവിതം

കോഴിക്കോട് പെരുമണ്ണയാണു സ്വദേശം. നാട്ടിലുള്ള മധുവേട്ടൻ നജീബിനെയും ഹക്കീമിനെയും പോലെ കുറേക്കാലം മരുഭൂമിയിലെ ഫാമിൽ പെട്ടുപോയിട്ടുണ്ട്. ആ കഥ പണ്ടു കേട്ടപ്പോൾ വലിയ അതിശയമായിരുന്നു. പക്ഷേ, അതുപോലൊരു ജീവിതമാണു ഞങ്ങളും സിനിമയിൽ ജീവിച്ചത്.

പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതനിൽ നിന്നാണു പത്താംക്ലാസ് പാസ്സായത്. ഗുരുവായൂരപ്പൻ കോളജിലായിരുന്നു ഡിഗ്രി. സിനിമയുടെ തിരക്കിനിടെ കോഴ്സ് പൂർത്തിയാക്കാനായില്ല.

അച്ഛൻ രാമകൃഷ്ണഹരി ജ്യോത്സ്യനാണ്, അ‌മ്മ ശ്രീജ ടീച്ചറും. ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ചേട്ടൻ രാഹുലും കണ്ടന്റ് റൈറ്ററായ ചേച്ചി അഞ്ജനയും കട്ട സപ്പോർട്ടാണ്. പുതിയ പ്രോജക്റ്റുകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.  

ഫോട്ടോ: മെഹ്റൂഫ് പുത്തലത്ത്  

സ്റ്റൈലിങ്, ക്രിയേറ്റീവ് ഡിസൈൻ: 

രാമഭദ്രൻ, അക്ഷയ് രവി

Tags:
  • Celebrity Interview
  • Movies