Saturday 08 October 2022 04:40 PM IST

‘ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട്; പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്’: തുറന്നു പറഞ്ഞ് ശ്രീനിവാസന്‍

V R Jyothish

Chief Sub Editor

Sreenivasan--2 ഫോട്ടോ: ശ്യാം ബാബു, മലയാള മനോരമ, വനിത ആർക്കീവ്സ്

ശ്രീനിവാസനെ കാണണം,  വിമല ടീച്ചറിന്റെ ഒരു അഭിമുഖം തരപ്പെടുത്തണം... എന്നീ ഗൂഡലക്ഷ്യങ്ങളോടെയാണ് എറണാകുളത്ത് കണ്ടനാടുള്ള ‘പാലാഴി’ എന്ന വീട്ടിലേക്കു കയറിച്ചെന്നത്. സംവിധായകനും വിമല ടീച്ചറുടെ സഹോദരനുമായ എം. മോഹനനോടൊപ്പം. സ്വീകരണമുറിയിൽ വെയിലു കൊള്ളാനിരിക്കുകയാണു മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിയേട്ടൻ. കാഴ്ചയിൽ കുറച്ച് അവശതകളുണ്ടെങ്കിലും ചിരിക്ക് മാറ്റമൊന്നുമില്ല. സംസാരിക്കുമ്പോൾ ചിലപ്പോൾ അവ്യക്തമാകും. 

നാട്ടിൽ നിന്നു വന്ന സുഹൃത്ത് നരേന്ദ്രൻ. നിർമാതാവ് എം.എം. ഹംസ, സുഹൃത്ത് സജീവ്; ഇടത്തും വലത്തുമായി സന്ദർശകർ. ‘എന്താ വേണ്ടത് ചായയോ കാപ്പിയോ’ എന്നു ചോദിച്ച് വിമല ടീച്ചറും കൂടെയുണ്ട്. വിനീതും ധ്യാനും അവരുടെ കുടുംബവും ചെന്നൈയിൽ. ‘ഞാൻ കുറച്ച് വൈറ്റമിൻ ഡിക്കു വേണ്ടി ഇവിടെയിരിക്കുകയായിരുന്നു.’ കൂട്ടച്ചിരിക്കു തുടക്കമിട്ടത് ശ്രീനിവാസ ൻ തന്നെയാണ്. ‘ഡോക്ടർ പ്രത്യേകം പറഞ്ഞു. വെയിലു കൊള്ളണമെന്ന്. അതാണു രാവിലെ മുതൽ ഇവിടെയിരിക്കുന്നത്.’ പിന്നെ, അസുഖ വിവരങ്ങൾ പറഞ്ഞു. ചികിത്സ നടക്കുന്നു. ജീവിതത്തിലേക്ക് മെല്ലെ തിരികെ വരുന്നു.

നവമാധ്യമങ്ങൾ ആദരാഞ്ജലി അർപ്പിച്ച ഒരാളാണു നമുക്കു മുന്നിലിരിക്കുന്നത്. ഒരു വ്യക്തിയുടെ സ്വകാര്യത പോലും മാനിക്കാതെ ആഘോഷിക്കുന്ന സമൂഹം. ഇത്തരം തളത്തിൽ ദിനേശന്മാർക്കു നേരെയാണ് ശ്രീനിവാസൻ പണ്ട് ടോർച്ചു തെളിച്ചത്. 

തീരെ സുഖമില്ലാത്ത അവസ്ഥയിലുള്ള ഒരു ഫോട്ടോ ആരോ പ്രചരിപ്പിച്ചിരുന്നു?

അത് ആശുപത്രിയിൽ കിടന്നപ്പോഴുള്ള ഫോട്ടോയാണ്. അങ്ങനെയൊക്കെ ചെയ്യുന്നത് വിചിത്രമായ മാനസികാവസ്ഥയുള്ളവരാണ്. അയാൾക്ക് ദീർഘായുസ്സ് കൊടുക്കണേ എന്നാണ് എന്റെ പ്രാർഥന. അയാൾക്ക് മാത്രമല്ല അയാളെപ്പോലെയുള്ളവർക്കും.

നിഴൽ പോലെ വിമല ടീച്ചർ കൂടെയുണ്ടായിരുന്നു. ഇതൊരു പുനർജന്മമായി തോന്നുന്നുണ്ടോ ശ്രീനിയേട്ടന് ?

മറുപടി പറഞ്ഞത് വിമല ടീച്ചറാണ്.  ‘‘പല പ്രാവശ്യം ശ്രീനിയേട്ടൻ ആശുപത്രിയിലായി. അപ്പോഴൊക്കെ അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു. എന്നാൽ ഒരു സന്ദർഭത്തിൽ ഞാൻ പതറിപ്പോയി. ഐസിയുവിൽ കയറി ശ്രീനിയേട്ടനെ കണ്ടശേഷം പുറത്തിറങ്ങിയപ്പോൾ എനിക്ക് എല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നി. അന്ന് അമൃത ആശുപത്രിയിലെ ഡോ. ലക്ഷ്മിയും ഡോ. വിവേകുമാണ് എനിക്കു ധൈര്യം തന്നത്. ഡോ. ഗോപാലകൃഷ്ണനോടും ഡോ. മധു ശങ്കറിനോടുമൊക്കെ കടപ്പാടുണ്ട്. അവരൊക്കെയാണ് ശ്രീനിയേട്ടനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്.’’

അലോപ്പതിക്കാരെ തെറിവിളിച്ചതൊക്കെ വെറുതെയായില്ലേ എന്നു ചോദിക്കുന്നവരുണ്ട് ?

അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നു എന്നു പറഞ്ഞവരുണ്ട്. ഞാൻ ആരെയും തെറി വിളിച്ചിട്ടില്ല. ചില കാര്യങ്ങൾ പറഞ്ഞു. ഇനിയും പറയേണ്ട സാഹചര്യമുണ്ടായാൽ പറയും.

ശ്രീനിയേട്ടൻ ഇന്ന് ഇതുപോലെയിരിക്കുന്നത് ടീച്ചറുടെ പ്രാർഥന കൊണ്ടല്ലേ ?

ടീച്ചർ പ്രാർഥിക്കാറുണ്ട്. ക്ഷേത്രദർശനവും നടത്താറുണ്ട്. ഞാൻ ഒന്നും വിലക്കിയിട്ടില്ല. ഇപ്പോഴും വിലക്കാറില്ല. ഞാൻ പക്ഷേ, പ്രാർഥിക്കാൻ വേണ്ടി ക്ഷേത്രങ്ങളിൽ പോകാറില്ല. ശബരിമലയിൽ ആദ്യമായി പോയത് ‘ചിന്താവിഷ്ടയായ ശ്യാമള’യുടെ ഷൂട്ടിങ്ങിനാണ്.

ജീവിതത്തെക്കുറിച്ച് കുറ്റബോധം തോന്നുന്നുണ്ടോ?

കുറ്റബോധം തോന്നേണ്ട വിധത്തിൽ മോശമായി ജീവിച്ചു എന്നൊരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും. അത്രയ്ക്കും അഡിക്‌ഷൻ ഉണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശമേയുള്ളൂ; കഴിയുമെങ്കിൽ പുകവലിക്കാതിരിക്കുക.

Tags:
  • Celebrity Interview
  • Movies