Saturday 27 April 2024 03:12 PM IST

‘വിശപ്പു മാറാൻ ഭക്ഷണം കഴിക്കുക എന്നതാണ് പതിവ്, ഇഷ്ടമുള്ളത് ധാരാളം കഴിക്കില്ല’; സൗന്ദര്യ രഹസ്യം തുറന്നു പറഞ്ഞ് അനന്യ

Rakhy Raz

Sub Editor

ananya886g ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം...

നിറയെ വർത്തമാനം പറയുമെങ്കിലും വളരെ മൃദുവായി ഒരു രഹസ്യം പറയുന്നതു പോലെയാണ് അനന്യ സംസാരിക്കുക. ആരെയും ഒരു വാക്കുകൊണ്ടു പോലും നോവിക്കരുത് എന്ന മട്ടിൽ. ജീവിതത്തിലെ ട്വിസ്റ്റുകളുടെ കാലത്തും അനന്യ ഇതേ ഭാവം നിലനിർത്തി.

പക്ഷേ, സിനിമയിൽ അനന്യ ഈ പരിധിയൊക്കെ വിടും. ‘അപ്പൻ ചത്താലും ഇല്ലെങ്കിലും ഞാൻ വീട്ടി പോകും’ എന്നു തറപ്പിച്ചു പറയുന്ന പെണ്ണായി അപ്പനിലൂടെ ശക്തമായി തിരികെയെത്തിയ അനന്യ വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്.

സിനിമാഭിനയം നിർത്തുകയാണ് എന്നു പറഞ്ഞില്ലെങ്കിലും ഇടക്കാലത്ത് അനന്യയെ കണ്ടിരുന്നില്ല?

2017 ൽ ‘ടിയാൻ’ ചെയ്തതിനു ശേഷമാണ് രണ്ടു മൂന്നു വർഷത്തെ ഗ്യാപ് വരുന്നത്. അതിനു ശേഷം. 20–21 ലാണ് മലയാളത്തിലേക്കുള്ള തിരിച്ചുവരവു ചിത്രമായ ഭ്രമം ചെയ്യുന്നത്. അതുകൊണ്ടു സിനിമയിലേ ഉണ്ടായിരുന്നില്ല എന്നർഥമില്ല. അന്യഭാഷാ ചിത്രങ്ങൾ പലതും ചെയ്തു.

ഞാൻ കേരളത്തിലല്ല, പുറത്തെവിടെയോ ആണു താമസം, സിനിമയിൽ അഭിനയിക്കുന്നില്ല എന്നിങ്ങനെയുള്ള സംസാരങ്ങൾ മലയാളം ഇൻഡസ്ട്രിയിൽ തെറ്റായി പരന്നിരുന്നു.  അതിന്റെ പശ്ചാത്തലത്തിലാണെന്നു തോന്നുന്നു  സിനിമാ അവസരങ്ങളൊന്നും ഇടയ്ക്ക് വന്നില്ല. എന്നെ കാസ്റ്റ് ചെയ്യണം എന്നാഗ്രഹിച്ചവ ർ പോലും പടങ്ങൾ ചെയ്യുന്നില്ല എന്ന ധാരണയിൽ എന്നിലേക്ക് എത്താതെ പോയി.

തേടിയെത്തിയവരുടെ കഥകൾ ഞാൻ കേട്ടിരുന്നെങ്കിലും നല്ല പ്ലോട്ടോ സ്ക്രിപ്റ്റോ അല്ലാത്തതിനാൽ ചെയ്തുമില്ല. ഭ്രമത്തിന്റെ ഹിന്ദി പ തിപ്പ് ‘അന്ധാധുൻ’ ഹിറ്റ് ആണ് എന്നതിനാലാണു  ഭ്രമം ചെയ്യാൻ തീരുമാനിക്കുന്നത്. രവി കെ. ചന്ദ്രനാണു സംവിധായകൻ, നായകൻ പൃഥ്വിരാജാണ് എന്നതുകൊണ്ടൊക്കെ വേണ്ടെന്നു വയ്ക്കേണ്ട കാര്യമില്ലായിരുന്നു. പൊലീസ് ഓഫിസറുടെ ഭാര്യയുടെ റോളായിരുന്നു അതിൽ.

ഉണ്ണി മുകുന്ദന്റെ ആദ്യ സിനിമ സീദനിൽ ഞാനായിരുന്നു നായിക. പതിനൊന്നു കൊല്ലത്തിനു ശേഷം ആണ് ഉണ്ണിയുടെ കൂടെ ഒരു റോൾ ചെയ്യാനായത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ചെറിയ റോളായിരുന്നെങ്കിലും ഭ്രമത്തിലെ എന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ഒരു കാലത്ത് ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടു പോയി എന്നു തോന്നുന്നുണ്ടോ?

മലയാളത്തിൽ കുറച്ചൊക്കെ  ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടു എന്നു പറയേണ്ടി വരും. ഒരേ പോലുള്ള കുറേ കഥാപാത്രങ്ങൾ തുടരെ വന്നു. അതിൽ മാറ്റം വന്നത് ‘അപ്പനു’ ശേഷമാണ്.

ഭ്രമം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് അപ്പനിലേക്കുള്ള അവസരം വരുന്നത്. ഡയറക്ടർ മജു ചെറിയൊരു ഔട്ട് ലൈൻ പറ‍ഞ്ഞപ്പോൾ തന്നെ വളരെ താത്പര്യം തോന്നി. വ്യത്യസ്തമായ അനുഭവമായിരുന്നു ‘അപ്പൻ’.  പുതിയ കാലത്തിനു യോജിച്ച, പുതിയ തരം മേക്കിങ്ങിൽ പുറത്തു വന്ന സിനിമയുടെ ഭാഗമാകാൻ ‘അപ്പൻ’ വഴി കഴിഞ്ഞു. വ്യത്യസ്തമായ സ്ക്രിപ്റ്റിങ്ങായിരുന്നു. സ്പോട്ട് ഡബ്ബിങ് ആദ്യമായി ഞാൻ ആ സിനിമയിലാണ് ചെയ്യുന്നത്.

തേർഡ് മർഡർ ആണു മലയാളത്തിൽ അടുത്തതായി ചെയ്യുന്ന സിനിമ. വിനയ് ഫോർട്ട്, സൈജു കുറുപ്പ് തുടങ്ങിയവരാണു സഹതാരങ്ങൾ. തമിഴിൽ ബേസിൽ എന്ന സിനിമയും സമുദ്രകനി സാറിന്റെ തിരുമാണിക്യം എന്ന സിനിമയും ചെയ്തു. മലയാളത്തിൽ പേരിടാത്തൊരു ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നു.

സെലക്റ്റീവ് ആയാണ് സിനിമകൾ ചെയ്യുന്നത്. ചെറുതാണെങ്കിലും നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കണം, നല്ല സിനിമയുടെ ഭാഗമാകണം എന്ന ആഗ്രഹമാണ് ഏതൊരു ആർട്ടിസ്റ്റിനെയും പോലെ എന്റെയും ആഗ്രഹം.

നായികാ കഥാപാത്രങ്ങളെയല്ല, നല്ല കഥാപാത്രങ്ങളെയാണ് കാത്തിരിക്കുന്നത്. അത്തരം റോളുകളാണു ഞാനിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. നെഗറ്റീവ് ടച്ച് ഉള്ള കഥാപാത്രങ്ങൾ ചെയ്തു നോക്കാൻ ആഗ്രഹമുണ്ട്. റോൾ ചെറുതാണെങ്കിലും  പ്രത്യേകമായി എന്തെങ്കിലും ചെയ്യാനുള്ളത് ആകണം.

അനുജനും സിനിമയിലേക്കു വരികയാണല്ലോ?

അർജുൻ കഴിഞ്ഞ ഏഴെട്ടു വർഷമായി ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ രംഗത്തുണ്ട്. കുഞ്ഞെൽദോയിലാണ് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. ജാവയിൽ വില്ലനായിരുന്നു. ഇപ്പോൾ ധ്യാനിനൊപ്പമുള്ള സിനിമ ഷൂട്ട് കഴിഞ്ഞിരിക്കുന്നു.  

സിനിമ തന്നെയാണ് അവന്റെയും ലക്ഷ്യം. സിനിമ ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. അതിലേക്ക് എത്തിപ്പെടുക, തുടർച്ചയായി നിലനിൽക്കുക എന്നിവയൊക്കെ പ്രയാസകരമാണ്. ഭാഗ്യം ഒരു ഘടകം തന്നെയാണ്. അവൻ നന്നായി പ്രയത്നിക്കുന്നുണ്ട്.

ഒപ്പം സ്വന്തം മ്യൂസിക് ബാൻഡിന്റെ പ്രോഗ്രാമുകളിലും ശ്രദ്ധിക്കുന്നു. നല്ലൊരു ഗായകനും കൂടിയാണ് അർജുൻ. പിന്നണി ഗാനരംഗത്തും ശ്രദ്ധിക്കുന്നു.

അനന്യയെ സിനിമാ നടിയായാണ് ആളുകൾക്ക് അറിയുക. മികച്ച നടിക്കുള്ള  ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നല്ലോ?

സീരിയലുകളൊന്നും അഭിനയിച്ചിട്ടില്ല. ‘ദൂരെ’ എന്ന ടെലി സിനിമയ്ക്കാണു മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവ‍ാർഡ്  കിട്ടുന്നത്. ഫീച്ചർ ഫിലിമായാണു പ്ലാൻ ചെയ്തത്. പിന്നീട് ടെലി സിനിമ ആയാണ് അതു  പുറത്ത് വന്നത്. 2012 ജനുവരി ഒന്നിനാണു റിലീസായത്.

അവാർഡ് ലഭിച്ചതിൽ തീർച്ചയായും സന്തോഷമുണ്ട്, എന്നിരുന്നാലും അതൊരു ഫീച്ചർ ഫിലിം ആയിരുന്നെങ്കിൽ, സിനിമയിൽ  അംഗീകാരം ലഭിച്ചിരുന്നെങ്കിൽ എന്നു തോന്നിയിരുന്നു. സിനിമ ആണല്ലോ എന്റെ കരിയർ.

കാഴ്ചയിൽ കാര്യമായ മാറ്റങ്ങൾ അനന്യയ്ക്കു വന്നിട്ടില്ല?

ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടയ്ക്കു ചെറുതായി വണ്ണം കൂടിയിരുന്നു. അതു യോഗയിലൂടെ കുറച്ചു. ജിമ്മിൽ പോകാറില്ല. ഭക്ഷണപ്രിയയും അല്ല. വിശപ്പു മാറാൻ ഭക്ഷണം കഴിക്കുക എന്നതാണ് പതിവ്. ഇഷ്ടമുള്ളത് ധാരാളം കഴിക്കില്ല. എട്ടു വർഷമായി സമ്പൂർണ വെജിറ്റേറിയനായിരുന്നു. ആരോഗ്യപരമായി അത്യാവശ്യം വന്നപ്പോൾ ഡോക്ടർ നിർദേശിച്ച പ്രകാരം മുട്ട കഴിച്ചു തുടങ്ങി. രണ്ടു മൂന്നു വർഷമായി ആഴ്ചയിൽ മൂന്നു ദിവസം മുട്ട കഴിക്കുന്നുണ്ട്. ആഹാരത്തിലെ ചിട്ടയും യോഗയുമാണു വലിയ മാറ്റങ്ങളില്ലാതെ എന്നെ മുന്നോട്ടു നയിക്കുന്നതെന്നു തോന്നുന്നു.   

അമ്പെയ്ത്ത് ചാംപ്യനായിരുന്ന അനന്യ ഇപ്പോൾ പ്രാക്റ്റീസ് ചെയ്യാറുണ്ടോ?

ആർച്ചറി കുറച്ച് കൊല്ലങ്ങളായി ഇല്ല. 2012 ലാണ് ഒടുവിൽ ഞാൻ ചാംപ്യൻഷിപ്പിന് ഇറങ്ങിയത്. സ്റ്റേറ്റ് ചാംപ്യനായിരുന്നു. എന്നാൽ ആ കൊല്ലം നാഷനൽസിൽ പങ്കെടുക്കാനായില്ല. 2007 ൽ ചെറിയൊരു ആക്സിഡന്റ് മൂലം എന്റെ വലത്തേ കൈയ്ക്ക് ഒടിവ് വന്നു. അതു സംബന്ധിച്ചുണ്ടായ വേദന കുറയാതെ നിന്നതു മൂലം 2012 ഓടെ മത്സരിക്കുന്നതിൽ നിന്നു പിൻവാങ്ങി.

സിനിമയല്ലാതെ മറ്റൊന്നും ഞാനിപ്പോൾ ചെയ്യുന്നില്ല. ഹോബി പോലും സിനിമകൾ കാണുകയാണ്. ഇടയ്ക്ക് പാട്ട് പാടും, കവർ സോങ്സ് ഒക്കെ ചെയ്യും. പാട്ട് പഠിച്ചിരുന്നു. ഇപ്പോൾ പഠിക്കുന്നില്ല.

കുടുംബത്തെക്കുറിച്ച് ?

ഞാൻ എറണാകുളത്താണ് താമസിക്കുന്നത്. അച്ഛനും അമ്മയും അനുജനും ഭാര്യയും പെരുമ്പാവൂരാണു താമസം. പപ്പ ആധാരം എഴുത്താണ്, മമ്മി സ്റ്റാംപ് വെണ്ടർ. ഇരുവരും ജോലി തുടരുന്നു. അനുജന്റെ ഭാര്യ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. ഉലച്ചിലുകളൊന്നുമില്ലാതെ സന്തോഷകരമായി ജീവിതം പോകുന്നു.

Tags:
  • Celebrity Interview
  • Movies