ഹെർ സിനിമയിലെ ലിജോമോളുടെ കഥാപാത്രം അഭിനയ സ്ക്രീനിലെത്തുമ്പോൾ പിന്നണിയിൽ കേൾക്കുന്നത് ‘ആനന്ദത്തിൻ ദിനങ്ങൾ കൊഴിഞ്ഞു’ എന്ന പാട്ടാണ്. വവ്വാലിനെപ്പോലെ തലകുത്തി കിടന്ന്, ഭാവിയെ കുറിച്ചു ചിന്തിച്ച് അന്തംവിട്ടിരിക്കുന്ന പെൺകുട്ടി. സിനിമയുടെ ഒടുവിൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു തീരുമാനം പ്രഖ്യാപിക്കുന്ന മിടുക്കി.
മഹേഷിന്റെ പ്രതികാരം മുതൽ ഹെർ വരെയെത്തി നിൽക്കുന്ന സിനിമാ കരിയറിൽ ഈ പാട്ടു തിരിച്ചെഴുതുകയാണു ലിജോമോൾ, ‘ആനന്ദത്തിൽ ദിനങ്ങൾ വിരിഞ്ഞു...’
‘അയാം കാതല’നും ‘നടന്ന സംഭവ’വും വിജ യത്തിളക്കത്തിൽ നിൽക്കുമ്പോഴാണു ലിജോമോളെ കണ്ടത്. 2025ൽ വരാനിരിക്കുന്നതു ലിജോമോളുടെ ഒരുപിടി നായികാ കഥാപാത്രങ്ങളാണ്.
സിനിമാ കരിയറിൽ ആനന്ദത്തിൻ ദിനങ്ങൾ വിരിയുകയാണല്ലോ ?
ഹെർ റിലീസായപ്പോൾ മുതൽ പലരും വിളിക്കുന്നു, ആ വേഷത്തിന് അഭിനന്ദനം അറിയിക്കാൻ. വ്യത്യസ്ത സാഹചര്യങ്ങളിൽ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെ കഥയാണത്.
സിനിമാ ഇൻഡസ്ട്രിയിൽ തന്നെ അപൂർവമായ, വനിതാ തിരക്കഥാകൃത്തിന്റെ എഴുത്തിനൊപ്പം അഭിനയിക്കാനായി എന്നതാണ് ആദ്യത്തെ സന്തോഷം. അർച്ചന വാസുദേവിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ അഭിനയയെ ഒരുപാട് ഇഷ്ടമായി. തനിക്ക് എന്താണു വേണ്ടതെന്നും എന്തു വേണ്ടാ എന്നും വ്യക്തമായി അറിയാവുന്ന പെൺകുട്ടിയാണ് അവൾ.
തന്റെ ജീവിതത്തിലെ ഒരു നിർണായക തീരുമാനമെടുക്കുമ്പോൾ മറ്റുള്ളവർ എങ്ങനെയെടുക്കും, അവർ വിഷമിക്കുമോ എന്നൊന്നും ചിന്തിച്ച് അവൾ ആശങ്കപ്പെടുന്നില്ല. ആരെങ്കിലുമൊരാൾ തന്നെ മനസ്സിലാക്കും എന്ന തോന്നലാണ് അവൾക്കു ധൈര്യം നൽകുന്നത്. ഈ സിനിമ കണ്ടിട്ട് ഉ ള്ളിലുള്ളതു തുറന്നു പറയാൻ ഒരാൾക്കെങ്കിലും ധൈര്യം തോന്നിയാൽ അഭിനേത്രി എന്ന നിലയിൽ ഞാൻ ജയിച്ചു.
പക്ഷേ, ‘നടന്ന സംഭവ’ത്തിലെ ധന്യയ്ക്കു സ്വന്തമായൊരു തീരുമാനമെടുക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ജീവിതസംഘർഷങ്ങളിൽ നിന്നു പുറത്തുവരാൻ ഒരു നിർണായക സംഭവം നടക്കേണ്ടി വരുന്നു. നമുക്കു ചുറ്റും അങ്ങനെയുള്ള സ്ത്രീകൾ കുറേയുണ്ട്.
‘അയാം കാതല’നിലെ എത്തിക്കൽ ഹാക്കറായ സിമി പക്കാ ലോക്കലാണ്. ഹാക്കറുടെ രൂപവും ഭാവവുമൊന്നുമില്ലാത്ത സാദാ വീട്ടമ്മ.
റിലീസാകാനുള്ള ‘ദാവീദി’ൽ ആന്റണി പെപ്പെയുടെ നായികയാണ്, ബോക്സറായ നായകന്റെ ഉത്തരവാദിത്ത ബോധമുള്ള ഭാര്യ. ‘പൊന്മാനി’ൽ ബേസിലും സജിൻ ഗോപുവുമാണു മറ്റു പ്രധാന കഥാപാത്രങ്ങൾ. ‘സംശയ’ത്തിൽ വിനയ് ഫോർട്ടിന്റെ നായികയായും വരുന്നുണ്ട്. പിന്നെ, ബ്ലെൻഡ് ഫോൾഡ് എന്ന വെബ് സീരീസുമുണ്ട്. അങ്ങനെ നോക്കിയാൽ ഇനി വരാനുള്ളതു സിനിമയിൽ ആനന്ദത്തിന്റെ ദിനങ്ങൾ തന്നെയാണ്.
നായികയായി നിൽക്കുമ്പോഴും കാരക്ടർ റോളുകളുമുണ്ട് ലിസ്റ്റിൽ ?
മഹേഷിന്റെ പ്രതികാരവും കട്ടപ്പനയിലെ ഋത്വിക് റോഷനും കഴിഞ്ഞു മലയാളത്തിലെ മിക്ക ഇടുക്കിക്കാരി ഓഫറും ആദ്യം വന്നത് എനിക്കാണ്. പക്ഷേ, വ്യത്യസ്തതയുള്ള കട്ടപ്പനക്കാരിയുടെ സിനിമ മതി എന്നു തീരുമാനിച്ചു. ‘അയാം കാതലനി’ലെ സിമി ഇടുക്കിയിൽ നിന്നു കല്യാണം കഴിച്ചു തൃശൂരിൽ എത്തിയതാണ്.
ആ സിനിമ സ്വീകരിച്ചതിനു പിന്നിൽ മറ്റൊരു ഭാഗ്യം കൂടിയുണ്ട്. എന്റെ ആദ്യ സിനിമയുടെ സംവിധായകൻ ദിലീഷ് പോത്തനൊപ്പമാണ് അതിൽ എല്ലാ കോംബിനേഷൻ സീനുകളും. മഹേഷിന്റെ പ്രതികാരത്തിൽ മിക്ക സീനുകളും ദിലീഷേട്ടൻ അഭിനയിച്ചു കാണിച്ചു തന്നിരുന്നെങ്കിലും ഒന്നിച്ചു ക്യാമറയ്ക്കു മുന്നിൽ നിൽക്കാനാകുന്നത് അപൂ ർവ ഭാഗ്യമല്ലേ?
ജയ് ഭീമിനു ശേഷം കഥ പറയാൻ വരുന്നവരെല്ലാം ഇ ങ്ങനെയാണു തുടങ്ങുക, സെങ്കനിയെ പോലെയാണ് ഈ കഥാപാത്രവും. അത്തരത്തിൽ ടൈപ്കാസ്റ്റ് ചെയ്യാപ്പെ ടാതിരിക്കാനും മനഃപൂർവം ശ്രമിക്കുന്നു.
അഭിനയിക്കുന്നതെല്ലാം നായികയാകണമെന്നു നിർബന്ധമില്ല. ആദ്യസിനിമയിൽ ഞാൻ നായികയല്ല. ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലും ‘പുലിമട’യിലും ‘അയാം കാതലനി’ലുമൊന്നും നായിക ഞാനല്ല. സിനിമയുടെ എണ്ണമല്ല, കഥാപാത്രങ്ങളുടെ ഗുണമാണു പ്രധാനം എന്നാണു ചിന്തിക്കുന്നത്.
തമിഴിൽ ഗംഭീര തുടക്കമാണു കിട്ടിയത് ?
മഹേഷിന്റെ പ്രതികാരം കണ്ടിട്ടാണു സിദ്ധാർഥ്, ജിവി പ്രകാശ് ടീമിനൊപ്പം ശശി സർ സംവിധാനം ചെയ്യുന്ന സിവപ്പ് മഞ്ഞൾ പച്ച എന്ന സിനിമയിലേക്കു വിളിച്ചത്. സഹോദരസ്നേഹമാണ് കഥ. ചേച്ചിക്കു പൂച്ചയെ പേടിയായതു കൊണ്ട് അനിയൻ പൂനാ... പൂനാ.... എന്നു കളിയാക്കി വിളിക്കും. അതു വലിയ ഹിറ്റായി. ഇപ്പോഴും ‘പൂനാ അക്കാ’ എന്നു വിളിച്ചു മെസേജുകൾ വരാറുണ്ട്.

ജയ് ഭീം അതിലേറെ പ്രശസ്തി നേടിത്തന്നു ?
ഇരുള ആദിവാസി വിഭാഗത്തിന്റെ കഥ പറഞ്ഞ റിയൽ സ്റ്റോറിയാണത്. സെലക്ട് ആയപ്പോൾ ത ന്നെ പറഞ്ഞിരുന്നു ഇരുള വിഭാഗത്തിനൊപ്പം 10 ദിവസം ട്രെയ്നിങ് ഉണ്ടാകുമെന്ന്. അതു പിന്നെ, ഒന്നരമാസം നീണ്ടു. എല്ലാവരും ഒന്നിച്ചായിരുന്നു ആദ്യ സെഷൻ. പിന്നെ, പലതായി തിരിച്ചു കുടികളിലേക്കു കൊണ്ടുപോയി.
ഇരുള സ്ത്രീകൾ സാരിയുടുത്തു നടക്കുന്നതു പരിശീലിക്കാനായി പ്രൊഡക്ഷൻ ടീം നാലു സാരി വാങ്ങി തന്നു. അവർ ചെരിപ്പിടാതെയാണു നടക്കുന്നത്. അതു ശീലിക്കാനായി ഒന്നരമാസം ഞങ്ങളും ചെരിപ്പിട്ടില്ല.
ഇരുട്ടു വീണാൽ അവർക്കൊപ്പം ഞങ്ങളും വേട്ടയ്ക്കു പോകും, ചെറിയ പക്ഷികളും പാടത്തു മാളങ്ങളിൽ ഒളിച്ചിരിക്കുന്ന വരപ്പെലിയുമാണ് ഇര. എലിയെ തോലുരിച്ച് കറിവയ്ക്കും. വേട്ടയാടി പിടിക്കുന്ന ഒരുതരം അണ്ണാനെ തോലുരിച്ച് ഉപ്പും മുളകുമൊന്നും പുരട്ടാതെ ചുട്ടെടുക്കും. രണ്ടും ഞങ്ങൾ രുചിച്ചുനോക്കി. ഈ ട്രെയ്നിങ് അഭിനയത്തിൽ ഏറെ ഗുണം ചെയ്തു.
ഷൂട്ടിങ് തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോൾ കോവിഡ് ലോക്ഡൗൺ വന്നു. വീട്ടിലായിരിക്കുമ്പോൾ ജ്ഞാനവേ ൽ സർ വിളിക്കും, സെങ്കനിയായി ഇരിക്കണം, ലിജോയാകരുത് എന്നു പറയാൻ. ഷൂട്ടിങ് വീണ്ടും തുടങ്ങാനായുള്ള ആ കാത്തിരിപ്പിലാണു സീനുകൾ മനഃപാഠമാക്കിയത്.
ഗർഭിണിയായ സെങ്കനിയാകാൻ കൃത്രിമ വയർ വയ്ക്കണം. സിനിമയുടെ അവസാന ഭാഗമാകുമ്പോഴേക്കും വയറും വലുതാകും. നല്ല ഭാരമുണ്ടു കൃത്രിമ വയറിന്. പല സീനിലും സെങ്കനി അലറിക്കരയുന്നുണ്ട്, അതു കഴിഞ്ഞാൽ ശബ്ദം പോകും. ആ കഷ്ടപ്പാടിനൊക്കെ ഫലം കിട്ടി, കരിയർ ബെസ്റ്റ് സിനിമയായി അതു മാറി.

സൂര്യ നൽകിയ സർപ്രൈസുകളെ കുറിച്ചു പറയൂ ?
ഷൂട്ടിങ് തീരുന്ന ദിവസം പ്രൊഡക്ഷൻ കൺട്രോളർ വന്നു പറഞ്ഞു, ‘സൂര്യ സർ വിളിക്കുന്നു.’ കാരവാനിൽ ചെന്നപ്പോൾ ‘നന്നായി അഭിനയിച്ചു, അഭിനന്ദനങ്ങൾ’ എന്നു പറഞ്ഞ് ഒരു ബോക്സ് സമ്മാനമായി തന്നു. തിരികെ വന്നു തുറന്നു നോക്കിയപ്പോഴാണ് അതൊരു സ്വർണമാല ആണെന്നു മനസ്സിലായത്. ഭർത്താവായി അഭിനയിച്ച മണികണ്ഠനും അദ്ദേഹം സമ്മാനം നൽകി.
അതിലേറെ ഞെട്ടിയത് എന്റെ വിവാഹ ദിവസമാണ്. ജയ്ഭീം റിലീസാകുന്നതിനു കുറച്ചു ദിവസങ്ങൾക്കു മുൻപാണു കല്യാണം. ചടങ്ങുകൾ കഴിഞ്ഞ പിറകേ വലിയ സ്ക്രീനിൽ ഒരു വിഡിയോ പ്ലേ ചെയ്തു, സൂര്യ സാറും ജ്യോതിക മാമും കല്യാണത്തിന് ആശംസകൾ നേരുന്നു. ജയ് ഭീമിന്റെ സംവിധായകൻ ജ്ഞാനവേൽ സർ എന്റെ അനിയത്തിയുടെ ഫോണിലേക്ക് സർപ്രൈസായി അയച്ചുനൽകിയതാണത് അത്. നടൻ പ്രകാശ് രാജ് സാറിന്റെ ആശംസാ വിഡിയോയും അതിനൊപ്പം ഉണ്ടായിരുന്നു.
ലസ്റ്റ് സ്റ്റോറീസ് പോലുള്ള സിനിമകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മലയാളികൾ ഹെർ, നടന്ന സംഭവം പോലുള്ളവ റീൽസാക്കി ഷെയർ ചെയ്തു പരിഹസിക്കും. അത്തരം കഥാപാത്രങ്ങൾ വരുമ്പോൾ സ്വീകരിക്കണോ എന്ന ആശങ്ക തോന്നാറുണ്ടോ ?
കാണികളിൽ എല്ലാ കാലത്തും രണ്ടു വിഭാഗമുണ്ട്. സിനിമയുടെ കഥയെ അതു പറയുന്ന അർഥത്തിൽ തന്നെയെടുത്തു മനസ്സിലാക്കുന്നവരും വളച്ചൊടിച്ചു സ്വന്തം ഇഷ്ടത്തിനു വ്യാഖ്യാനിക്കുന്നവരും. നടന്ന സംഭവത്തിലെ ലൈംഗികതയെക്കുറിച്ചുള്ള സംഭാഷണം റീൽസായി മാറിയതു ര ണ്ടു സ്ത്രീകളുടെ സംസാരമായതു കൊണ്ടാണ്. പുരുഷന്മാർ തമ്മിൽ അത്തരം ചർച്ച നടത്തുന്നതിൽ യാതൊരു പ്രശ്നവുമില്ല.
ഹെർ സിനിമയിലെ അഭിനയ വിവാഹം വേണ്ടെന്നു വച്ചതിനും ചിലർക്കു പ്രശ്നമുണ്ട്. ആ രംഗവും റീൽസായി. ആർക്കൊക്കെ, എന്തൊക്കെയാണു പ്രശ്നമെന്ന് അതിനു താഴെയുള്ള കമന്റുകൾ നോക്കിയാൽ മനസ്സിലാകും. ഇ ങ്ങനെ പ്രതികരിക്കുന്നവരോടു പറയാനുള്ളത് ഒന്നു മാത്രം, കാലം വളരെ മാറി, നിങ്ങളും മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞു.
സിനിമ സ്വപ്നം പോലും കാണാത്തൊരാൾ എങ്ങനെ ഇവിടെയെത്തി ?
അമ്മ ഇത്തമ്മ ആന്റണിക്കു വനംവകുപ്പിലായിരുന്നു ജോലി, അച്ഛൻ രാജീവിന് ഏലക്കൃഷിയാണ്. പീരുമേട് മരിയഗിരി സ്കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. അന്നൊന്നും സ്റ്റേജിൽ കയറിയിട്ടേയില്ല.
കൊച്ചി അമൃതയിൽ വിഷ്വൽ മീഡിയ ഡിഗ്രി പൂർത്തിയാക്കിയ പിറകേ ജയ് ഹിന്ദ് ചാനലിൽ സബ് എഡിറ്ററായി ജോലി കിട്ടി. അങ്ങനെ തിരുവനന്തപുരത്തേക്കു വന്നു. രണ്ടു വർഷം ഡെസ്കിലിരുന്നു ബോറടിച്ചപ്പോഴാണു പിജി ചെയ്യാൻ തീരുമാനിച്ചത്. രാജിക്കത്തു നൽകിയ പിറകേ കുറച്ചുദിവസം കൊച്ചി ബ്യൂറോയിൽ ജോലി ചെയ്തു. ആ വർഷം സിനിമാ സംഘടന ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിങ് റിപ്പോർട്ട് ചെയ്തതു ഞാനാണ്. അന്നു സിനിമ സ്വപ്നത്തിലേ ഇല്ല.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നു ലൈബ്രറി സയൻസിൽ പിജി നല്ല മാർക്കോടെ പാസ്സായി. പിഎച്ച്ഡി ചെയ്തു ടീച്ചറാകാനായിരുന്നു പ്ലാൻ. ആയിടയ്ക്ക് ഒരു സുഹൃത്തു പറഞ്ഞിട്ടാണു മഹേഷിന്റെ പ്രതികാരത്തിലേക്ക് ഓഡിഷനു പോയത്.
സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ടേണിങ് പോയിന്റ് ആയതു പോണ്ടിച്ചേരി കാലമാണല്ലോ ?
ഞാൻ പിജി ചെയ്യുന്ന സമയത്ത് അതേ യൂണിവേഴ്സിറ്റിയിൽ എംബിഎ ചെയ്യുകയായിരുന്നു അരുൺ ആന്റണി. അരുണിന്റെ നാട് വയനാടാണ്. രണ്ടു ഹൈറേഞ്ചുകാരായതു കൊണ്ടാകണം ഞങ്ങൾ എളുപ്പം കൂട്ടുകാരായി. അഞ്ചു വർഷത്തെ സൗഹൃദം പിന്നെ, പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. കുറച്ചു കാലം ഞങ്ങൾ പോണ്ടിച്ചേരിയിൽ തന്നെയായിരുന്നു. അവിടെ ഇൻഡോർ പ്ലാന്റ്സ് സ്റ്റോർ നടത്തിയിരുന്നു. പിന്നെ, കൊച്ചിയിലേക്കു വന്നു. എല്ലാ കഥകളും കേട്ട ശേഷം അഭിപ്രായം ചോദിക്കുന്നത് അരുണിനോടാണ്. സിനിമയിലേക്കു ചുവടുവയ്ക്കുകയാണ് അരുണും. മലയാളത്തിലും തമിഴിലും പ്രോജക്ടുകളുടെ ചർച്ച നടക്കുന്നു.
വീട്ടിൽ സിനിമയ്ക്കു കട്ട സപ്പോർട്ടായി രണ്ടുപേർ കൂടിയുണ്ട്. അനിയത്തി ലിയയും ഭർത്താവു ഷിഫിനും. അവർ ഖത്തറിലാണ്.
തമിഴിലെ അടുത്ത ഞെട്ടിക്കൽ എന്താണ് ?
ശ്രീലങ്കൻ അഭയാർഥികളുടെ കഥ പറയുന്ന ഫ്രീഡം എന്ന സിനിമയുണ്ട്, സംവിധായകൻ ശശികുമാറാണ് അതിലെ നായകൻ. ജെന്റിൽ വുമൺ എന്ന സിനിമയിൽ കാണികളെ ഞെട്ടിക്കുന്നൊരു കഥാപാത്രമായി വരുന്നുണ്ട്. കാതൽ എൻപതു പൊതുഇടമെ എന്ന സിനിമയിൽ ലെസ്ബിയൻ കഥാപാത്രമായാണ് അഭിനയി ക്കുന്നത്. ബാക്കി ഞെട്ടിക്കൽ വഴിയേ പറയാം.
രൂപാ ദയാബ്ജി
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ