Saturday 27 January 2024 03:11 PM IST : By സ്വന്തം ലേഖകൻ

‘പിറ്റേന്നു നോക്കുമ്പോൾ എന്റെ മുടിയെല്ലാം നരച്ചിരിക്കുന്നു; ശരിക്കും അഭിനയം നമ്മളെ അടിമുടി മാറ്റും’; ആനിയമ്മയായി കസറിയ മാല പാർവതി പറയുന്നു

mala-parvathy57888 ഫോട്ടോ: അരുൺ സോൾ

മാസ്റ്റർ പീസ് വെബ്സീരിസിലെ ‘പരിഭവം’ ആനിയമ്മയായി കസറിയ മാല പാർവതി പറയുന്നു, ജീവിതത്തിൽ സന്തോഷം നേടിയ വഴികൾ

സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നുവല്ലേ?

അമ്മ ഇടയ്ക്ക് പറയുമായിരുന്നു. ‘നിനക്കു ഹീലിങ് ഹാൻഡ്സ്’ ഉണ്ട്. അങ്ങനെയാണ് സൈക്കോളജിയിൽ എത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അ ഞ്ചു വർഷം സൈക്കോളജിസ്റ്റായി ജോലി ചെയ്തു. അമ്മ കെ. ലളിത തിരുവനന്തപുരത്തെ തിരക്കുള്ള ഗൈനക്കോളജിസ്റ്റായിരുന്നു. അച്ഛൻ അഡ്വ. ത്രിവിക്രമൻ ഖാദി ബോർഡിൽ ഡെപ്യൂട്ടി സെക്രട്ടറിയും. കഴിഞ്ഞ വർഷമായിരുന്നു അച്ഛന്റെയും അമ്മയുടെയും വേർപാട്. അതിനു ശേഷം തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്കു താമസം മാറി.  

വിവാഹശേഷമാണല്ലേ കരിയറിൽ സജീവമാകുന്നത് ?

ശശികുമാറിന്റെ ആശയമായ ചാനലിലെ മോണിങ് ഷോ അവതരിപ്പിച്ചു തുടങ്ങിയതു നല്ലൊരു അടിത്തറ നൽകി. വായന സജീവമാക്കി നിർത്താൻ അതു സഹായിച്ചു. പല ചാനലുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. പിന്നീടു ടെലിവിഷൻ രംഗത്തു നിന്നു കാര്യമായ വരുമാനം കിട്ടാത്ത അവസ്ഥ വന്നു.  കിട്ടിയ സർക്കാർ ജോലി വേണ്ടെന്നു വച്ചിട്ട് അവതാരകയാകാൻ ഇറങ്ങിയതാണ്. 

ഒരാളുടെ വരുമാനം കൊണ്ടു ജീവിതം മുന്നോട്ടു കൊണ്ടുപോകുക എളുപ്പമല്ല. വിഷാദം പതിയെ പിടിമുറുക്കുന്നതു ഞാൻ തിരിച്ചറിഞ്ഞു. അതിനിടയിൽ എൽഎൽബി പഠിക്കാൻ പോയി. അങ്ങനെ ദിശതെറ്റി നിന്ന കാലത്താണ് യോഗാധ്യാപികയായ താര സുദർശനിൽ നിന്നു യോഗ പഠനം ആരംഭിച്ചത്. പതിയെ വെളിച്ചം മനസ്സിലുറച്ചു. 

മോണിങ് ഷോ വഴിയുള്ള പരിചയത്തിൽ നിന്നു സുരേഷ് ഗോപിയാണു 2007 ൽ ഷാജി കൈലാസിന്റെ ‘‍ടൈം’ എന്ന സിനിമയിലേക്കു നിർദേശിക്കുന്നത്. അങ്ങനെ 20 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേക്ക്. പിന്നീടു ലാൽജോസിന്റെ ‘നീലത്താമര’യിലൂടെ സിനിമയിൽ സജീവമായി. അന്നും അഭിനയത്തിൽ ആത്മവിശ്വാസമുണ്ടായിട്ടല്ല, എംടിസാറിനെ നേരിൽ കണ്ടു സംസാരിക്കാൻ കഴിയുമല്ലോ എന്നായിരുന്നു ചിന്ത.  

അക്കാലത്താണ് എം.ജി. ജ്യോതിഷിന്റെ ‘അഭിനയ’ എന്ന നാടകക്കളരിയിലേക്കെത്തുന്നത്. ഞാൻ പല രീതിയിൽ അഭിനയിച്ചു കാണിച്ചിട്ടും ജ്യോതിഷിന് തൃപ്തിയാകുന്നില്ല. ‘‘ആ കണ്ണുകൾ എന്നെയിങ്ങനെ നോക്കരുത്’’ എന്ന ഒറ്റഡയലോഗാണ് പറയേണ്ടത്. 

ഒടുവിൽ കറക്ടായി പറഞ്ഞതിന്റെ പിറ്റേന്നു നോക്കുമ്പോൾ എന്റെ മുടിയെല്ലാം നരച്ചിരിക്കുന്നു. ശരിക്കും അഭിനയം നമ്മളെ അടിമുടി മാറ്റും. എത്രയെത്ര ഇമോഷൻസിലൂടെയാണു നാം  കടന്നു പോവുക.

സിനിമയ്ക്കൊപ്പം നാടകത്തിലും ഇപ്പോഴും സജീവമാണ്. ഭഗവത്ജ്വഹം അടക്കം ജ്യോതിഷ് സംവിധാനം ചെയ്ത നാലു നാടകങ്ങളിൽ ഇതുവരെ അഭിനയിച്ചു.ജീവിതത്തിൽ ആരെയും വിഷമിപ്പിക്കാതിരിക്കാൻ നാം എപ്പോഴും അഡ്ജസ്റ്റ് ചെയ്തുകൊണ്ടിരിക്കും. ഇതിനിടയിൽ  ഒന്നുറക്കെ കരഞ്ഞാൽ നല്ലൊരു സുഖം കിട്ടില്ലേ. അതു തന്നെയാണ് അഭിനയത്തിലും കിട്ടുന്നത്. ഞാൻ ഞാനായത് അ ഭിനയത്തിൽ വന്ന ശേഷമാണ്. 

എപ്പോഴും സന്തോഷമായിരിക്കുന്നതിന്റെ രഹസ്യം? 

കോളജിൽ പഠിക്കുന്ന കാലത്തു പോലും ബസിൽ കയറിയേണ്ടി വന്നിട്ടില്ല എനിക്ക്. ഓട്ടോയുണ്ടാകും. അല്ലെങ്കിൽ വീട്ടിൽ നിന്നു കാർ തരും. വിവാഹശേഷം ജീവിതം വേറൊരു തരത്തിൽ മാറി. ചെറിയൊരു വാടകവീട്ടിൽ കുറഞ്ഞ സൗകര്യങ്ങളിലായി ജീവിതം. അതു വളരെ രസകരവും സന്തോഷവുമായിരുന്നു. സാമ്പത്തികമായി രണ്ട് എ ക്സ്ട്രീമും കണ്ടു ജീവിച്ചൊരാളാണു ഞാൻ. 

പ്രശസ്തി, പണം അതിൽ ഒന്നും ഒരുപരിധിയിലധികം കാര്യമില്ലെന്നു ജീവിതത്തിന്റെ ഒരു പോയിന്റിൽ മനസ്സിലാകും. നല്ല വ്യക്തികൾ, സൗഹൃദങ്ങൾ, മനുഷ്യനോടു മര്യാദ്യക്ക് പെരുമാറുക അതൊക്കെയല്ലേ പ്രധാനം. തൃപ്തിയും കംപാഷനുമാണു ജീവിതത്തിൽ നമ്മൾ പ്രാക്ടീസ് ചെയ്യേണ്ട കാര്യം. അതു തന്നെയാണു സന്തോഷത്തിന്റെ രഹസ്യവും. 52 വയസ്സ് കടന്ന എന്റെയീ ജീവിതത്തിൽ ഇതുവരെ ഞാൻ പൂർണതൃപ്തയാണ്. 

Tags:
  • Celebrity Interview
  • Movies