Saturday 23 July 2022 02:58 PM IST

‘മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി വ്യക്തിത്വം മറച്ചുവയ്ക്കാനൊന്നും അമ്മയെ കിട്ടില്ല; പറയാനുള്ള കാര്യങ്ങൾ മുഖത്തു നോക്കി പറയും’; മനസ്സ് തുറന്ന് മാളവിക മോഹനൻ

Roopa Thayabji

Sub Editor

malavika-actres4435

ഹിന്ദിയിലും തമിഴിലും തിളങ്ങുമ്പോഴും മാളവികയ്ക്ക് മലയാളത്തിലേക്ക് ഒാടിയെത്താനിഷ്ടം...

പുതിയ ഹിന്ദി സിനിമയുടെ പോർച്ചുഗലിലെ ലൊക്കേഷനിൽ നിന്ന് മുംബൈയിൽ എത്തിയതേയുള്ളൂ മാളവിക മോഹനൻ. വീണുകിട്ടിയ ബ്രേക്കിൽ അമ്മയോട് സ്പെഷൽ മീൻകറിയും കുത്തരിച്ചോറും വേണമെന്നു പറഞ്ഞിരിക്കുകയാണ്. കാരണം, ഇനി അടുത്തെങ്ങും ആ രുചി നുണയാനാകില്ല.

ഹിന്ദി സിനിമയിലെ പ്രശസ്ത ക്യാമറാമാ ൻ കെ.യു. മോഹനന്റെയും ജേർണലിസ്റ്റായ ബീന മോഹന്റെയും മകൾ. മുംബൈയിൽ വള ർന്നിട്ടും മാളവികയുടെ ഇഷ്ടങ്ങളുടെ വേര് ഇങ്ങു കേരളത്തിലാണ്. മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലും നായികാപദവി ഉറപ്പിക്കുമ്പോഴും അതിനൊരു മാറ്റവുമില്ല.  

ഹിന്ദിയിലെ പുതിയ വിശേഷങ്ങൾ ?

സിദ്ധാർഥ് ചതുർവേദി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂർത്തിയായി, ഇനി പാട്ടു സീൻ മാത്രമേ ഉള്ളൂ. ‘ത്വാബ’ എന്ന മ്യൂസിക് ആൽബമാണ് ഹിന്ദിയിൽ അടുത്തിടെ റിലീസായത്. ഇതിനിടെ സൽമാൻ ഖാൻ നായകനായ സിനിമയിലേക്ക് ഓഫർ വന്നിരുന്നു. പക്ഷേ, അത് നടന്നില്ല.

ഹിന്ദിയിലും തെലുങ്കിലും ഓരോ പ്രോജക്ടുകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. കുറേ കഥകൾ തമിഴിലും മലയാളത്തിലും ഹിന്ദിയിലും കേൾക്കുന്നുമുണ്ട്.

‘മാര’ന്റെ വിജയാവേശത്തിലാണോ ?

രണ്ടു വർഷം മുൻപ് ധനുഷിന്റെ ബർത്ഡേയ്ക്ക് ‘ഹാപ്പി ബർത് ഡേ ധനുഷ്, ഐ ഹോപ് ടു വർക് വിത് യു സൂൺ...’ എന്നു ഞാൻ ട്വീറ്റ് ചെയ്തു. തൊട്ടുപിന്നാലെയാണ് ‘മാരനി’ലേക്ക് ഓ ഫർ വന്നത്. പലരും ചോദിച്ചു, ഓഫർ വന്ന ശേഷമാണോ ട്വീറ്റ് ചെയ്തതെന്ന്. ടൈമിങ് പെ ർഫെക്ട് ആയത് എന്റെ കുഴപ്പം കൊണ്ടല്ലല്ലോ.

‘മാര’ന്റെ കരാർ ഒപ്പിടുമ്പോൾ ‍ഞാൻ ധനുഷിനോട് ഒരു പഴയ സംഭവം പറഞ്ഞു. എന്റെ ആദ്യ മലയാള സിനിമ ‘പട്ടം പോലെ’യ്ക്കു തൊട്ടു പിന്നാലെ അച്ഛൻ ചെയ്ത പരസ്യചിത്രത്തിന്റെ സെറ്റിൽ വച്ച് ധനുഷിനെ കാണാനിടയായി.

‘ഞാൻ നിങ്ങളുടെ ബിഗ് ഫാനാണ്. താമസിയാതെ നിങ്ങൾക്കൊപ്പം അഭിനയിക്കാൻ ഇടവരട്ടെ’ എന്ന് അവിടെ വച്ച് ഞാൻ ധനുഷിനോടു പറഞ്ഞിരുന്നു. അന്നത്തെ സ്വപ്നം യാഥാർഥ്യമായ നിമിഷമാണിത് എന്നു പറഞ്ഞതു കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു.

ജേർണലിസ്റ്റാകാൻ അമ്മയെ മോഡലാക്കിയോ ?

അമ്മ വളരെ ബോൾഡ് ആൻഡ് സ്ട്രോങ് ആണ്. പല കാര്യങ്ങളിലും എന്റെ റോൾ മോഡൽ. മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി വ്യക്തിത്വം മറച്ചുവയ്ക്കാനൊന്നും അമ്മയെ കിട്ടില്ല. പറയാനുള്ള കാര്യങ്ങൾ മുഖത്തു നോക്കി പറയും. ആ സ്വഭാവം ‘മാരനി’ലെ കഥാപാത്രത്തിനു വേണ്ടി ‍കടമെടുത്തിട്ടുണ്ട്.

രജനികാന്ത്, വിജയ്, ധനുഷ്... ഗ്രാഫ് മുകളിലേക്കാണല്ലോ ?

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്നു പറയാറില്ലേ. ഞാനും അതു വിശ്വസിക്കുന്നു. തമിഴിലെ ആദ്യ സിനിമ രജനി സാറിനൊപ്പമാകുമെന്നോ അടുത്ത ചിത്രത്തിൽ വിജയ് സാറിന്റെ നായികയാകുമെന്നോ വിചാരിച്ചിട്ടേയില്ല. ‘പേട്ട’ ചെയ്യുന്ന സമയം. അന്നു ഞാൻ തമിഴ് പഠിച്ചുവരുന്നേയുള്ളൂ. അച്ഛൻ മരിച്ച ശേഷം ഇമോഷനലായി സംസാരിക്കുന്ന ഒരു വലിയ സീനുണ്ട്. രജനിസാറും നവാസുദ്ദീൻ സിദ്ദിഖിയും തൃഷയുമൊക്കെയാണ് ആ രംഗത്തിൽ.

രണ്ടു ക്യാമറ വച്ചാണ് ഷൂട്ടിങ്, ക്ലോസ് അപ് ഷോട്ടും വൈഡ് ഷോട്ടും ഒരേ സമയം തന്നെ എടുക്കും. എന്റെ ഭാഗത്തു നിന്നുള്ള പിഴവു കൊണ്ട് റീടേക് വേണ്ടി വരരുത് എന്നോർത്ത് ഡയലോഗ് മുഴുവൻ കാണാപ്പാഠം പഠിച്ചു. ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ കേട്ടത് ഒരു കയ്യടിയാണ്. രജനിസാറാണ് കയ്യടിക്കുന്നത്. ആ നിമിഷത്തെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

പേട്ട, മാസ്റ്റർ, മാരൻ... മൂന്നു സൂപ്പർതാരങ്ങളിൽ നിന്ന് എന്തൊക്കെയാണ് പഠിച്ചത് ?

വളരെ സപ്പോർട്ടീവ് ആയ കോ – ആക്ടറാണ് രജനിസാർ. കൂടെയുള്ളവരെ കംഫർടബിളാക്കാൻ അദ്ദേഹം നമ്മുടെ താൽപര്യങ്ങളറിഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കും. വിജയ് സർ നല്ല തയാറെടുപ്പോടെയാണ് സെറ്റിലേക്കു വരുന്നത്. നാലു പേജു നീളുന്ന ഡയലോഗായാലും ഒരു റീടേക് പോലും വേണ്ടി വരില്ല. ധനുഷിനൊപ്പം ഒരു സിനിമ ചെയ്താൽ നമ്മുടെ അഭിനയത്തിന്റെ ഗ്രാഫും ഉയരും. ജോലിയിൽ എത്രമാത്രം ആത്മാർഥതയോടെ നിൽക്കണം എന്നു നമ്മൾ പഠിക്കുന്നത് ഇവരെയൊക്കെ കണ്ടാണ്.

Tags:
  • Celebrity Interview
  • Movies