സിനിമയിൽ വീണ്ടും സജീവമാകുമ്പോൾ പുതിയ വിശേഷങ്ങളുമായി പ്രിയനായിക രേഖ
രേഖ എന്ന വ്യക്തിയെ എങ്ങനെ സ്വയം വിലയിരുത്തും?
ആരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല. ആരെയും ഉപദേശിക്കാറുമില്ല. ഗോസിപ്പിനോട് അകലം പാലിക്കും. സെറ്റിൽ പോകുക, ജോലി ചെയ്തു തിരികെ പോരുക. അതാണ് അന്നും ഇന്നും രീതി. അതുപോലെ എന്റെ വ്യക്തിപരമായ കാര്യങ്ങൾ ആരുമായും പങ്കുവയ്ക്കാറുമില്ല. അച്ഛനാണ് ആ രീതിയിലുള്ള വ്യക്തിത്വം എന്നിൽ വളർത്തിയെടുത്തത്.
‘ഗിവ് റെസ്പക്റ്റ്, ടേക്ക് റെസ്പെക്റ്റ്’ ആണ് പോളിസി. ഒരിടത്തും സ്വയം താഴാൻ അനുവദിക്കാറില്ല. എന്നെ ബഹുമാനിക്കാത്ത ആളുകളെയും സാഹചര്യങ്ങളെയും തിരിഞ്ഞു നോക്കാറില്ല. ആരെയും വേദനിപ്പിക്കാതെ സമയനിഷ്ഠയോടെ, മറ്റുള്ളവരെ ബഹുമാനിച്ചു കൊണ്ടു ജോലി ചെയ്യാൻ ഇഷ്ടമുളള വ്യക്തിയാണു ഞാൻ.
സുമതി ജോസഫൈൻ എന്ന സ്വന്തം പേര് ഓർക്കാറുണ്ടോ?
ആദ്യ ചിത്രമായ കടലോര കവിതൈകളിൽ അഭിനയിക്കുമ്പോൾ എന്റെ ഗുരുനാഥൻ ഭാരതി രാജ സാറാണ് രേഖ എന്നെനിക്കു പേരു നൽകിയത്. പല പേരുകളെഴുതി കുലുക്കി അതിൽ നിന്നു തിരഞ്ഞെടുത്തതാണ് ഈ പേര്. ഉത്തരേന്ത്യയിലെ പോലെ ദക്ഷിണേന്ത്യയ്ക്കും ഇരിക്കട്ടെ ഒരു രേഖ എന്നു പറഞ്ഞു അദ്ദേഹം. ആ പേരിലാണ് എന്നെ എല്ലാവരും അറിഞ്ഞത്. അതുകൊണ്ട് ആ പേരു വിളിക്കുന്നതാണ് ഇഷ്ടം.
‘പുന്നകൈ മന്നനി’ലെ രംഗത്തിൽ കമൽഹാസൻ ചുംബിച്ചതു പറയാതെയാണ് എന്ന വെളിപ്പെടുത്തൽ വൈറലായിരുന്നു?
ആ സീനിന്റെ സ്വാഭാവികതയ്ക്കായി ആ ചുംബന രംഗം ബാലചന്ദർ സാർ എന്നെ അറിയിക്കാതെ വച്ചു. കമലിന് മാത്രമേ അറിയുമായിരുന്നുള്ളു. അതിൽ വെറുപ്പോ ദേഷ്യമോ സന്തോഷമോ എനിക്കില്ല. മികച്ച സംവിധായകനൊപ്പം, കമൽഹാസനെ പോലെ ഒരു മഹാനടനൊപ്പം എന്ന ഭാഗ്യമായാണ് ആ സിനിമയെ ഓർക്കുന്നത്.
അക്കാലത്തു കുറച്ചു ദിവസം അതൊരു വിഷമമായി. ചെറിയ പ്രായമല്ലേ. പിന്നീടതു മനസ്സിൽ നിന്നു മാഞ്ഞു. അന്നു പല അഭിമുഖങ്ങളിലും ഞാനതു പറഞ്ഞു. വർഷങ്ങൾക്കുമുൻപു പറഞ്ഞ കാര്യം ഇപ്പോഴും ഇടയ്ക്കു വൈറൽ ആക്കിക്കൊണ്ടിരിക്കുകയാണ്. കുഴപ്പമൊന്നുമില്ല, എനിക്കു കുറച്ചൂകൂടി പ്രശസ്തി കിട്ടുന്നു എന്നു മാത്രം.
‘ചരമവാർത്ത’ കണ്ടപ്പോൾ
ജനിച്ചാൽ മരിക്കാതെ പറ്റുമോ? അതുകൊണ്ട് മരിച്ചുവെന്ന വ്യാജവാർത്ത വന്നതിൽ വിഷമമില്ല. ഒരുപാടുപേർ എന്നെ വിളിച്ചിരുന്നു. ഇത്രയധികം പേരുടെ സ്നേഹം ഒപ്പമുണ്ടെന്ന് അന്നു തിരിച്ചറിഞ്ഞു. മരണശേഷം ആദരാഞ്ജലികൾ എങ്ങനെ പറയപ്പെടും, വാർത്ത എങ്ങനെ വരും എന്നൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ അറിയാൻ പറ്റിയതു രസമല്ലേ. മനോദുഃഖം കൊണ്ടല്ല, വാർത്ത തെറ്റിദ്ധാരണയും വിഷമവും പലർക്കും ഉണ്ടാക്കുന്നുണ്ട് എന്നറിഞ്ഞപ്പോഴാണു പ്രതികരിച്ചത്.