Friday 21 June 2024 03:17 PM IST

‘തിരിഞ്ഞു നോക്കിയതും ട്രെയിനിന്റെ വാതിലടഞ്ഞു, ഒപ്പമുള്ള ആരും കയറിയിട്ടില്ല’: ഒറ്റയ്ക്കായിപ്പോയ നിമിഷം: അദിതിയുടെ യാത്ര

Anjaly Anilkumar

Content Editor, Vanitha

adithi

കഴിഞ്ഞ വർഷം ഈ സമയം അദിതി രവി ലണ്ടനിലായിരുന്നു. ബിഗ് ബെന്നിന്റെ ലൊക്കേഷനിൽ. ഇപ്പോൾ ചിത്രം റിലീസിനൊരുങ്ങുമ്പോൾ അദിതി വീണ്ടും ബാഗ് പാക്ക് ചെയ്തു കഴിഞ്ഞു.

എവിടേക്കാണ് എന്നു ചോദിച്ചപ്പോൾ കൂൾ മൂഡിൽ മറുപടി, ‘‘ആദ്യം രാജസ്ഥാൻ. അവിടെ നിന്നു മുംബൈ. അങ്ങനെ അങ്ങനെ കുറേ ദൂരം...’’

യാത്രകൾ ഇഷ്ടമാണോ ?

‘‘ഇഷ്ടമാണ്, പക്ഷേ ഇപ്പോഴാണ് സാഹചര്യവും ധൈര്യവും ഒത്തു വന്നത്’’

ധൈര്യമോ ?

‘‘അതേ... ധൈര്യം കിട്ടിയ ഒരു കഥയുണ്ട്. പറയട്ടേ...?’’

കുസൃതിച്ചിരിയോടെ അദിതി തിരിച്ചൊരു ചോദ്യമിട്ടു.

പിന്നെ സ്വരമൊന്നു താഴ്ത്തി. ഒരു കട്ടൻ ചായയുടെ ഇളം ചൂടിനൊപ്പം പറഞ്ഞു തുടങ്ങി. ‘‘ലണ്ടൻ എന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന സ്ഥലമാണ്. ലണ്ടനാണു ബിഗ് ബെന്നിന്റെ ലൊക്കേഷൻ എന്നറിഞ്ഞപ്പോഴേ ലണ്ടൻ ബ്രിജും ബിഗ് ബെൻ ക്ലോക്കും കാണണം എന്നുറപ്പിച്ചു. ബ്രിജ് കണ്ട് അതിനു മുന്നിൽ നിന്നൊരു ഫോട്ടോയും എടുത്തശേഷമാണ് സമാധാനമായത്. ഒരു മാസത്തോളം ഞങ്ങൾ ല ണ്ടനിലുണ്ടായിരുന്നു. അതിനിടെ ഒരു സംഭവമുണ്ടായി. ഒറ്റയ്ക്ക് അധികം യാത്ര ചെയ്തിട്ടില്ലാത്ത ആളാണ് ഞാൻ. ഷൂട്ട് ബ്രേക്ക് കിട്ടിയപ്പോൾ ഞങ്ങൾ കുറച്ചുപേർ സ്ഥലങ്ങൾ കണ്ടുവരാമെന്നു പറഞ്ഞിറങ്ങി. ലണ്ടൻ അണ്ടർഗ്രൗണ്ട് ആണു യാത്രയ്ക്കു തിരഞ്ഞെടുത്തത്. ലോകത്തിലെ പഴക്കം ചെന്ന മെട്രോകളിൽ ഒന്നാണല്ലോ ലണ്ടൺ ട്യൂബുകൾ. ആ യാത്രാനുഭവം സ്വന്തമാക്കണമെന്നു തോന്നി.

ഓക്സ്ഫഡ് സ്ട്രീറ്റ് എന്ന സ്ഥലത്തേക്കാണ് പോകേണ്ടത് എന്നു മാത്രം എനിക്കറിയാം.

ട്രെയിൻ വന്നു, ഞാൻ ഉള്ളിലേക്കു കയറി. പെട്ടെന്നു വാതിലുകളടഞ്ഞു. തിരിഞ്ഞു നോക്കിയപ്പോൾ ഒപ്പം ഉണ്ടായിരുന്ന ആരുമില്ല. ശരിക്കും ഞങ്ങൾ പോകാനുദ്ദേശിച്ച ട്രെയിൻ അതായിരുന്നില്ല. എന്റെ കയ്യിൽ ആകെയുള്ളത് നെറ്റ്‍വർക്കില്ലാത്ത ഫോൺ മാത്രമാണ്. കാര്യം അറിഞ്ഞപ്പോൾ അടുത്തുള്ള സ്‌റ്റോപിൽ ഇറങ്ങിക്കോളൂ എന്ന് പലരും പറഞ്ഞു. പക്ഷേ, എന്തുകൊണ്ടോ ഓക്സ്ഫഡ് സ്ട്രീറ്റിൽ ഇറങ്ങിയാൽ മതിയെന്ന് എനിക്കു തോന്നി.

എപ്പോഴായാലും ഒപ്പമുള്ളവര്‍ അവിടേക്കു വരുമല്ലോ. അവിടെ എത്തിക്കഴിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥനോടു കാര്യങ്ങൾ പറഞ്ഞു. റെയിൽവേ സ്‌റ്റേഷനിൽ നിന്നു പുറത്തേക്കിറങ്ങാൻ അദ്ദേഹം സഹായിച്ചു. പുറത്തിറങ്ങി അവിടെയൊക്കെ ചുറ്റി നടന്നു. കുറച്ചു സമയം കഴിഞ്ഞാണ് എല്ലാവരും എത്തിയത്. ഈ അനുഭവം എനിക്കു വലിയ സന്തോഷം തന്നു. ആരേയും അറിയാത്ത ഒരിടത്ത് ഒറ്റയ്ക്ക് എനിക്കു കാര്യങ്ങൾ മാനേജ് ചെയ്യാൻ സാധിച്ചല്ലോ. അന്നുറപ്പിച്ചു, ഇനി ഒറ്റയ്ക്കു യാത്ര ചെയ്യണം.

ഒാർമയിലുണ്ടാകില്ലേ കുട്ടിക്കാല യാത്രകൾ?

കുട്ടിക്കാലത്ത് അധികം യാത്ര ചെയ്യാനുള്ള അവസരങ്ങൾ ലഭിച്ചിട്ടില്ല. സ്കൂൾ ടൂർ പോലും പോയിട്ടില്ല എന്നു വേണമെങ്കിൽ പറയാം. എന്റെ കുട്ടിക്കാലത്ത് അച്ഛൻ എ.ജി. രവി യുഎഇയിലായിരുന്നു. തൃശൂർ കടലാശേരിയിലെ വീട്ടിൽ അമ്മ ഗീതയും ഞങ്ങൾ മൂന്നു മക്കളും മാത്രമാണ് ഉ ണ്ടാവുക. പത്തു വർഷമേ ആയിട്ടുള്ളൂ ഞാൻ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട്.

ലളിതമാണല്ലോ അദിതിയുടെ ലോകം ?

അധികം സുഹൃത്തുക്കൾ ഇല്ല. മുൻപൊക്കെ ചുറ്റുമുള്ള എല്ലാവരും എനിക്കു പ്രിയപ്പെട്ടവരായിരുന്നു. പക്ഷേ, ജീവിതം മുന്നോട്ടു പോകുന്തോറും കാഴ്ചപ്പാടുകൾ മാറി, തിരിച്ചറിവുകൾ സംഭവിച്ചു. അങ്ങനെ ഞാനും എന്റെ സുഹൃത്ത്‌വലയവും മാറി. ഇപ്പോൾ ചേട്ടൻ രാകേഷും കുടുംബസുഹൃത്ത് അനുപമയുമാണ് ഏറ്റവും അടുപ്പമുള്ളവർ. അവർക്കൊപ്പം യാത്ര ചെയ്യാനും സമയം ചെലവിടാനുമാണിഷ്ടം. ചേച്ചി രാഖിയുടെ കുട്ടികളുണ്ട് അപ്പുവും പൊന്നുവും. സമയം കിട്ടിയാൽ അവരെ കാണാൻ ചേച്ചിയുടെ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്കു പോകും.

adithi-2

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണല്ലോ. പ്രൈവറ്റ് പ്രൊഫൈലുണ്ടോ?

ഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആണ്. ഒരു പ്രൊഫൈലേ ഉ ള്ളൂ. ഞാനും ചേട്ടനും ചേർന്നാണു കൈകാര്യം ചെയ്യുന്നത്. എന്റെ ഹാപ്പി പ്ലേസുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. എപ്പോൾ നോക്കിയാലും സന്തോഷം മാത്രം തരും എന്നുറപ്പുള്ള ചിത്രങ്ങളും വിഡിയോകളും മാത്രമേ പോസ്റ്റ് ചെയ്യാറുള്ളൂ. ട്രെൻഡിന് പിന്നാലെ പോകാറില്ല. ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം കാണുന്നതു ബേക്കിങ് റീലുകളും കുഞ്ഞുവാവകളുടെ റീലുകളുമാണ്.

മോഹൻലാലിനൊപ്പമുള്ള റീല്‍ കണ്ടിരുന്നല്ലോ ?

നേരിന്റെ ഷൂട്ടിനിടെ എടുത്ത വിഡിയോ ആണ്. ലാലേട്ടനൊപ്പം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ്. അതിനു മുൻപ് ട്വൽത് മാൻ ചെയ്തിരുന്നു. അതുകൊണ്ടു ചെറിയൊരു പരിചയമുണ്ട്. ആ വിഡിയോയിലുള്ളത് കോടതിയിൽ എന്നെ ചോദ്യം ചെയ്യുന്ന രംഗമാണ്. ടേക്ക് കഴിഞ്ഞിട്ടും ഞാൻ എന്തോ ആലോചിച്ച് അവിടെ തന്നെ നിന്നു. പെട്ടെന്ന് ലാലേട്ടൻ അടുത്തേക്കുവന്നിട്ടു പറഞ്ഞു ‘എന്താ ഇങ്ങനെ ആലോചിച്ച് നിക്കണേ. ഹാപ്പിയായേ. ഹാപ്പിയായി ഇരിക്കണം’ എന്ന്. അതാണ് സംഭവം.

മമ്മൂക്കയ്ക്കൊപ്പം ഇതുവരെ വർക്ക് ചെയ്തിട്ടില്ല. പ ക്ഷേ, കൂടുതൽ അടുപ്പം മമ്മൂക്കയോടാണ്. വനിതയുടെ കവർ ഷൂട്ട് വേളയിലാണു മമ്മൂക്കയെ പരിചയപ്പെടുന്നത്.

കൊച്ചുസന്തോഷങ്ങളിൽ തൃപ്തയാകുന്ന ആളാണോ ?

രുചിയുള്ള ഭക്ഷണം തരുന്ന സന്തോഷത്തിനു പകരം വ യ്ക്കാൻ ഒന്നുമില്ല. സ്ട്രീറ്റ് ഫു‍‍ഡ് നന്നായി ആസ്വദിക്കുന്ന ആളാണ് ഞാൻ. എവിടെപ്പോയാലും നല്ല ഭക്ഷണം കിട്ടുന്ന ഇടങ്ങൾ തേടിപ്പിടിക്കും. ബൈക്ക് യാത്രകളാണ് മറ്റൊരിഷ്ടം. ഈയടുത്താണ് കാർ എടുത്തത്. പക്ഷേ കാർ ഡ്രൈവ് ചെയ്യാൻ അത്ര ക്രേസ് ഇല്ല എന്നതാണ് സത്യം. എപ്പോഴും സന്തോഷത്തോടെയിരിക്കാനാണ് എനിക്കിഷ്ടം. സ്വന്തമായി എന്തൊക്കെ നേടിയാലും സമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കുന്നില്ലെങ്കിൽ ബുദ്ധിമുട്ടാണ്.

യാത്രയുടെ ബക്കറ്റ് ലിസ്റ്റിൽ ഇനിയെന്തൊക്കെ?

വാരാണസിയും നേപ്പാളും ചൈനയുമാണു ലിസ്റ്റിലെ ആദ്യ ഇടങ്ങൾ. അതുപോലെതന്നെ ഇന്ത്യ മുഴുവൻ കാണണം. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കണ്ട് യാത്ര തുടങ്ങണമെന്നാണ് ആഗ്രഹം. പിന്നെയുമുണ്ടു ചില ട്രാവൽ മോഹങ്ങൾ. അച്ഛനും അമ്മയും ഞങ്ങൾ മക്കളും ചേർന്ന് യുകെ ഒന്നു ചുറ്റിവന്നാലോ എന്ന ആലോചന സജീവമായുണ്ട്.

കടൽത്തീരവും പർവതങ്ങളും എനിക്ക് തെറപി പോ ലെയാണ്. പണ്ടൊക്കെ കടൽത്തീരത്തു പോകുന്നത് കളിക്കാനാണെങ്കിൽ ഇപ്പോൾ തീരത്തുപോയി വെറുതേയിരിക്കാനാണ് ഇഷ്ടം. അതുപോലെ മനസ്സിനു സ്വസ്ഥത തരുന്ന ഒന്നാണു മലകൾ. കുടജാദ്രിയിൽ ശങ്കരപീഠത്തിനരികിലെത്തിയപ്പോൾ എന്തോ നേടിയെന്ന അനുഭൂതിയായിരുന്നു. മലയിറങ്ങുമ്പോൾ മനസ്സു ശാന്തമായിരുന്നു.

സിനിമാ വിശേഷങ്ങൾ ?

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ഭാവനയാണു ലീഡ് റോൾ ചെയ്യുന്നത്. എന്റെ ആദ്യ സിനിമ ആങ്ഗ്രി ബേബീസ് ഇൻ ലൗവിലും ചേച്ചിയായിരുന്നു നായിക. പത്തുവർഷത്തിനു ശേഷമാണു ഞങ്ങൾ ഒന്നിക്കുന്നത്. ആദ്യ സിനിമയിൽ ഭാവനചേച്ചി സ്വന്തം കാരവൻ ഞാനുമായി ഷെയർ ചെയ്തു. അന്ന് തുടങ്ങിയ കൂട്ടാണ്. തമിഴില്‍ ചില പ്രൊജക്ടുകളുടെ ചർച്ചകൾ നടക്കുന്നു. എല്ലാം ഒത്തുവന്നാല്‍ തമിഴിലേക്കുള്ള എൻട്രിയും ഉടൻ സംഭവിച്ചേക്കും.

അഞ്ജലി അനിൽകുമാർ

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ