Friday 15 March 2024 02:37 PM IST

ഇനിയെങ്കിലും നമുക്ക് പെൺകുട്ടികളോടു കല്യാണം കല്യാണം എന്നു പറയാതിരുന്നുകൂടെ? സാരിയിൽ ഐശ്വര്യയുടെ നിലപാട്

Seena Cyriac

Chief Sub Editor

aiswarya-lakshmi-saree-14

വഴി രണ്ടായി പിരിയുന്നിടത്ത് ചിലപ്പോൾ നമ്മൾ ഇനി എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നിൽക്കാറില്ലേ? ഞാനും അങ്ങനെയൊരു നിൽപ്പു നിന്നിട്ടുണ്ട്. സ്വയം കണ്ടെത്തിയ മാർഗത്തിലൂടെ മുന്നോട്ടുപോയാൽ കുഴിയിൽ വീഴുമോ എ ന്ന ഭയം. പക്ഷേ, ആരെയും ആശ്രയിക്കാനോ സഹായം ചോദിക്കാനോ കഴിയില്ല. നമ്മുടെ െഎഡന്റിറ്റിയുടെ പ്രശ്നമാണ്. സ്വയം പരിഹാരം കണ്ടെത്തിയേ തീരൂ.

‍ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ആദ്യ സിനിമ കഴിഞ്ഞ സമയം. പൊതുവേ കേട്ട അഭിപ്രായം അതിൽ നായിക അത്ര നന്നായി ല്ല എന്നായിരുന്നു. എന്റെ മനസ്സു കെട്ടുപോയിരുന്നു. എംബിബിഎസും ഹൗസ് സർജൻസിയും കഴിഞ്ഞ സമയമാണ്. വേണമെങ്കിൽ ഏതെങ്കിലും ആശുപത്രിയിൽ ജൂനിയർ ഡോക്ടറായി ജോയിൻ ചെയ്യാം. പക്ഷേ, സിനിമ ചെയ്യുമ്പോൾ നിറയെ സന്തോഷം കിട്ടുന്നുണ്ട്. അപ്പോൾ അതുതന്നെയല്ലേ കരിയറായി തിരഞ്ഞെടുക്കേണ്ടത്?

കൊച്ചിയിലെ എംബിബിഎസ് പഠനത്തിനിടയിൽ മോഡലിങ് ചെയ്തു സമ്പാദിച്ച കുറച്ചു പൈസ കയ്യിലുണ്ട്. രണ്ടും കൽപിച്ച് മുംബൈയിൽ ആക്ടിങ് കോഴ്സിന് ചേർന്നു. പക്ഷേ, ഈ പണം ചെലവു കഴിയാനേയുള്ളൂ. ഇതിനിടയിൽ ‘മായാനദി’യുടെ ഒഡിഷനു കൊച്ചിയിൽ പോകുകയും വേണം.

മകളെ ഡോക്ടറാക്കാൻ ഏറെ ആഗ്രഹിച്ച അച്ഛനും അമ്മയുമാണ്. ഞാൻ അതുവിട്ട് സ്വന്തം വഴി തിരഞ്ഞെടുത്തു നിൽക്കുന്നു. അവരോട് എങ്ങനെ പണം ചോദിക്കും? കൊച്ചിയിലേക്കു ട്രാൻസിറ്റ് ഫ്ലൈറ്റ് വല്ലതും കിട്ടുമോ എന്നന്വേഷിച്ചു നോക്കി. പൈസ കുറച്ചു കുറയുമല്ലോ. അപ്പോഴാണു കഫേയിൽ വച്ച് ഒരു ഫാഷൻ ഫൊട്ടോഗ്രഫറെ പരിചയപ്പെടുന്നത്. സംസാരത്തിനിടയിൽ പെട്ടെന്ന് അദ്ദേഹം ചോദിച്ചു, ‘ഹൈദരാബാദിലെ കൺകട്ടാല എന്ന സാരി ബ്രാൻഡിന്റെ മോഡൽ ആകുമോ ?’ 25,000 രൂപയാണ് അന്നതിനു പ്രതിഫലം കിട്ടിയത്. അതിലും സന്തോഷം നൽകിയ പ്രതിഫലമൊന്നും പിന്നീട് ഇതുവരെ കയ്യിൽ വാങ്ങിയിട്ടില്ല.

മായാമഞ്ഞ സാരി

മായാനദി കഴിഞ്ഞ് വരത്തൻ എന്ന സിനിമ വന്നു. ആ ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച നടിക്കുള്ള ഒരു അവാർഡ് കിട്ടുന്നത്. അന്നു കൺകട്ടാല ബ്രാൻഡ് ഉടമകളുടെ ഒരു സമ്മാനം തേടിവന്നു. ഇളംമഞ്ഞനിറമുള്ള ഓർഗൻസ സാരിയിൽ സിൽവർ എംബ്രോയ്ഡറി ഉള്ളത്. സത്യത്തിൽ മഞ്ഞനിറമുള്ള ഉടുപ്പുകൾ അണിയാറേയില്ലായിരുന്നു. മഞ്ഞയോടു ഭീതിയും വെറുപ്പുമായിരുന്നു.

ചെറുപ്പത്തിൽ മഞ്ഞയിൽ സ്ട്രോബറി ചിത്രങ്ങളുള്ള സ്കർട്ട് ഉണ്ടായിരുന്നു എനിക്ക്. ആ ഉടുപ്പണിഞ്ഞു സന്തോഷത്തോടെ പുറത്തുപോയ ഒരു ദിവസമായിരുന്നു എനിക്ക് ആദ്യമായി മോശം സ്പർശം നേരിടേണ്ടിവന്നത്. ആ ട്രോമയിൽനിന്ന് മനസ്സിനെ മോചിപ്പിക്കാനാണ് ഏറെ ദൂരത്തുനിന്ന് ആ മഞ്ഞസാരി തേടിവന്നതെന്നു ഞാൻ ഇന്നും വിശ്വസിക്കുന്നു. ആ സാരിയുടുത്ത് അവാർഡ് വാങ്ങിയ ശേഷം സ്പീച്ചിന് ക്ഷണിച്ചപ്പോൾ സ്റ്റേജിൽ നിന്ന് ഒറ്റക്കരച്ചിലായിരുന്നു. എന്നോ മനസ്സിൽ കടന്നുപിടിച്ച അപമാനവും ഭീതിയും ആ അഭിമാനനിമിഷത്തിൽ അഴിഞ്ഞുവീണുപോയിട്ടുണ്ടാകാം. പിന്നെ, മഞ്ഞ ഉടുപ്പുകളോടു ഭയം തോന്നിയിട്ടേയില്ല.

aiswarya-lakshmi-viooo

അമ്മയെപ്പോലെ

അമ്മ തിരുവനന്തപുരത്ത് ചീഫ് പിഎംജി ഒാഫിസിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. രാവിലെ അമ്മ വീട്ടിൽ തിരക്കിട്ട് ഒാടി നടക്കും. ഭക്ഷണം ഉണ്ടാക്കണം, സ്കൂളിൽ പോകാൻ എന്നെ ഒരുക്കണം, അവസാനം രണ്ടു മിനിറ്റുകൊണ്ടാണ് സാരി ചുറ്റുക. അതൊരു ഗംഭീര ആർട് ആണ്. ഞാൻ കണ്ണിമയ്ക്കാതെ നോക്കി നിൽക്കും. എത്ര കുറഞ്ഞ സമയം കൊണ്ട് എത്ര ഭംഗിയായാണ് അമ്മ സാരി ഉടുത്തിരുന്നത്. അതു കണ്ടുകണ്ടാകണം ഞാനും വേഗത്തിൽ സാരിയുടുക്കാൻ പഠിച്ചത്.

പ്ലസ് ടു കാലത്ത് എന്റെ എൻട്രൻസ് കോച്ചിങ്ങിനായി അച്ഛനും അമ്മയും തിരുവനന്തപുരത്തു നിന്നു ട്രാൻസ്ഫർ വാങ്ങി തൃശൂരിൽ വന്നു. സേക്രട് ഹാർട് സ്കൂളിലെ പ്ലസ്ടു ആനുവൽ ഡേയ്ക്കാണു ജീവിതത്തിൽ ആ ദ്യമായി സാരി അണിഞ്ഞത്. അമ്മയായിരുന്നു സ്റ്റൈലിസ്റ്റ്. ബോർഡറിൽ രണ്ടു കസവു വരയുള്ള േകരളസാരി. ഒപ്പം സ്വർണ വളയും കുപ്പിവളയും മിക്സ് ചെയ്തിടണമെന്ന് ഞാനും വേണ്ട, രണ്ടിലൊന്നുമതിയെന്ന് അമ്മയും. പക്ഷേ, അന്നത്തെ ആ സന്തോഷത്തിന്റെ ഒരു ഫോട്ടോ പോലും കയ്യിലുണ്ടായിരുന്നില്ല. വർഷങ്ങൾക്കു ശേഷം ‘കുമാരി’യുടെ ഷൂട്ടിനിടയിൽ അസിസ്റ്റന്റ് ഡയറക്ടർ ജിഷ്ണു ഒരു ഫൊട്ടോഗ്രഫറുടെ കളക്‌ഷനിൽ നിന്ന് എന്നെ തിരിച്ചറിഞ്ഞ് ആ ചിത്രം വാങ്ങിത്തന്നു.

പൂങ്കുഴലിയും ഒാഫ്ൈവറ്റ് സാരിയും

കേരളസാരിയോടു വലിയൊരു ഇഷ്ടമുണ്ട് മനസ്സിൽ. ആനക്കൊമ്പിന്റെ ആ നിറമാണ് എന്റെ കൂടുതൽ ഉടുപ്പുകൾക്കും. പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ പൂങ്കുഴലി ആയ ശേഷം പ്രമോഷനുവേണ്ടി ടീമിനൊപ്പം കേരളത്തിൽ എത്തുന്ന സമയം. എന്റെ നാടാണ്. നമ്മുടെ തനതുനിറം കേരളസാരിയുടെ ഒാഫ്‍‌വൈറ്റ് ആണ്. എനിക്ക് ഒാഫ്‌വൈറ്റ് സാരി മതിയെന്നു പറഞ്ഞു. പറ്റില്ല, എല്ലാവരും പട്ടാണ് ഉടുക്കുന്നതെന്ന് സ്റ്റൈലിസ്റ്റ്. മുട്ടൻ ശണ്ഠക്കൊടുവിൽ ഫ്ലൈറ്റിൽ നിന്നുള്ള ഇന്റർവ്യൂവിന് ഒാഫ്ൈവറ്റ് എന്നു തീരുമാനമായി. ലിനൻ സാരിയായിരുന്നു അത്. ഒപ്പം കാലിൽ സ്നീക്കേഴ്സും ബ്ലൗസിനു പ കരം ടീഷർട്ടും. സാരിയെ ഇങ്ങനെ ഒട്ടും ചേരാത്തതുമായി കൊളാബ് ചെയ്യുമ്പോൾ കിട്ടുന്ന ഒരു ചന്തമുണ്ട്. ആ സ്റ്റൈലിന്റെ ഹാർഡ്കോർ ഫാൻ ആണ് ഞാൻ.

ഇതൊക്കെയാണെങ്കിലും സാരികൾ ധാരാളമായി വാങ്ങിക്കൂട്ടാറില്ല. അലമാരയിൽ സൂക്ഷിച്ചുവച്ചിട്ടുള്ളത് കൂടിയാൽ പത്തു സാരിയാകും. സാരിയോട് ഇമോഷനൽ കണക്ട് തോന്നിയാലേ വാങ്ങൂ. ഒരിക്കൽ ബെംഗളൂരുവിൽ ആർട് ഒാഫ് ലിവിങ് ആശ്രമത്തിൽ രണ്ടു ദിവസം തങ്ങിയിരുന്നു. മനസ്സു മാന്തളിരുപോലെ ലോലമായി മാറുന്ന അന്തരീക്ഷം. അവിടുന്നിറങ്ങി ചുറ്റിക്കറങ്ങി പോയി നിന്നത് കൊമേഴ്സ്യൽ സ്ട്രീറ്റിലെ മൈസൂർസാരി ഷോപ്പിലാണ്. അതാ, റാണി പിങ്ക് നിറമുള്ള നേർത്ത ഒരു സാ രി എന്നെ ഉറ്റു നോക്കുന്നു. വീതി കസവുള്ള ആ സാരി വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല.

എന്തുകൊണ്ടോ കുറേക്കാലം അതുടുക്കാനും കഴിഞ്ഞില്ല. ക്ഷേത്രത്തിൽ നിന്നു കിട്ടിയ പ്രസാദംപോലെയാണ് തോന്നുക. കയ്യിലെടുക്കുമ്പോൾ ഭക്തി പോലെന്തോ മനസ്സിൽ നിറയും. തിരിച്ചു വയ്ക്കും. അവസാനം ഞാൻ കൂടി നിർമാണ പങ്കാളിയായ ഗാർഗി എന്ന സിനിമയുടെ സ്വിച് ഒാൺ ദിവസമാണ് അതുടുത്തത്. ആ നിമിഷത്തിൽ എന്നെ റാണിയാക്കാനാണ് റാണിപിങ്ക് സാരി ഇത്രനാൾ കാത്തിരുന്നതെന്ന് അന്നു മനസ്സിലായി.

ഇതിനിടയിൽ എന്നെത്തേടി ഒരു സാരി കൂടി വന്നു. തെലുങ്കിൽ അമ്മു എന്നൊരു ചിത്രം ചെയ്തിരുന്നു. ഡൊമസ്റ്റിക് വയലൻസ് ആണ് വിഷയം. അതിലെ വില്ലൻ നവീൻ ചന്ദ്ര എന്ന നടനായിരുന്നു. ഈ ദീപാവലിക്ക് എനിക്ക് അദ്ദേഹം ഒരു ചുവപ്പു സാരി അയച്ചു തന്നു. അമ്മ അതു കണ്ടപ്പോഴേ പറഞ്ഞു, ‘എന്തൊരു ഭംഗിയുള്ള സാരിയാണ്. നിന്റെ കല്യാണത്തിന് ഉടുക്കാം.’

എന്തുകൊണ്ടാണ് നമ്മൾ ഇപ്പോഴും നല്ല സാരി ക ണ്ടാൽ അതു കല്യാണവുമായി കണക്ട് ചെയ്ത് ആലോചിക്കുന്നത്? നന്നായി പഠിച്ച് ഡോക്ടറായ പെൺകുട്ടിപോലും സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന ഈ നാട്ടിൽ ഇനിെയങ്കിലും നമുക്ക് പെൺകുട്ടികളോടു കല്യാണം കല്യാണം എന്നു പറയാതിരുന്നുകൂടെ?

ഒരു പെൺകുട്ടി തന്റെ ജീവിതത്തിലെ ഏറ്റവും സക്സസ്ഫുൾ മൊമന്റിലാണ് ഏറ്റവും വില കൂടിയ, ഏറ്റവും മനോഹരമായ സാരി ഉടുക്കേണ്ടത് എന്നാണ് എനിക്കു തോന്നാറ്. അല്ലെങ്കിൽ അവൾ അവളെത്തന്നെ സെലിബ്രേറ്റ് ചെയ്യുന്ന അവസരങ്ങളിൽ. പെൺകുട്ടികൾക്കു പ്രിയപ്പെട്ട എല്ലാ സാരികളും അവളുടെ വിജയങ്ങളോടു മാത്രം ചേർന്നു നിൽക്കട്ടെ. കഴുത്തിലെ കുരുക്കാകാൻ ഒരു സാരിപോലും ജനിക്കാതിരുന്നെങ്കിൽ...

സീനാ ടോണി ജോസ്