Thursday 24 February 2022 05:11 PM IST

അതെന്താ അല്ലിക്ക് വീണ്ടും അഭിനയിച്ചാൽ... മണിച്ചിത്രത്താഴിലെ ‘അല്ലി’ സിംഗപ്പൂരിൽ നിന്ന് മറുപടി പറയുന്നു...

Vijeesh Gopinath

Senior Sub Editor

alli-manichitrathazhu-actress-ashwini-cover

‘അതെന്താ... അല്ലിക്ക് ആഭരണമെടുക്കാൻ ഞാൻ കൂടെ പോയാല്...?’ ഈ ഒറ്റ വരി കേട്ടാല്‍ മതി, മനസ്സിൽ ഒരു സിനിമ തെളിയും. പിന്നെ, ‘അയോഗ്യ നായേ...’ എന്നു വിളിച്ചു കട്ടിലുയര്‍ത്തി, കണ്ണുകളില്‍ ക നലുകളുമായി നാഗവല്ലി നമ്മുെട മുന്നിലേക്കു വരും. മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയും മണിച്ചിത്രത്താഴിട്ടു പൂട്ടിയ ഒാർ‌മകളും മലയാളിയുടെ മനസ്സിൽ ഹൗസ്ഫുൾ ആണ്. ഡോ.സണ്ണിയും നകുലനും ഗംഗയും കിണ്ടിയും ദാസപ്പന്‍കുട്ടിയുമെല്ലാം ഇന്നും സിനിമയായും കുഞ്ഞു വിഡിയോകളായും ട്രോളുകളായും നിറഞ്ഞോടുന്നുമുണ്ട്. സിനിമയിൽ രാമനാഥൻ വിവാഹം കഴിക്കാനിരുന്ന, ‘അല്ലി’ ഇപ്പോള്‍ അങ്ങ് സിംഗപ്പൂരിലാണ്. ‘മണിച്ചിത്രത്താഴ്’ ചാനലില്‍ വന്നാൽ‌ കൂട്ടുകാർ ആരെങ്കിലും അല്ലിയെ ഇന്നും വിളിച്ചു വിവരം പറയും. സിംഗപ്പൂരിലാണെങ്കിലും ഏതെങ്കിലും മലയാളി കണ്ടാൽ ആദ്യത്തെ ചോദ്യവും അതുതന്നെയാണ്, ‘അല്ലിയല്ലേ...?’

‘‘എനിക്കു തന്നെ അദ്ഭുതമാണത്. 30 വർഷം മുന്നേ ഉള്ള കഥാപാത്രം ഇന്നും ആളുകൾ ഒാർത്തിരിക്കുന്നു, തിരിച്ചറിയുന്നു. അതും നായികയോ നായികയ്ക്ക് ഒപ്പം നില്‍ക്കുന്ന കഥാപാത്രമോ ഒന്നുമല്ല, എന്നിട്ടും. എയർപോർട്ടിൽ വച്ചും ഏതെങ്കിലും പ്രോഗ്രാമുകൾക്കു പോകുമ്പോഴുമെല്ലാം മലയാളികൾ ചോദിക്കും, ‘ഇപ്പോൾ‌ എവിടെയാണ്? എന്താണ് അഭിനയിക്കാത്തത്...’ ഇതൊന്നും എന്റെ കഴിവല്ല. ആ സിനിമയുടെയും കഥാപാത്രത്തിെന്‍റയും മേന്മ കൊണ്ടു മാത്രം സംഭവിക്കുന്നതാണ്.’’ അല്ലിയുടെ ഒാർമയിൽ അശ്വിനി നമ്പ്യാർ പറഞ്ഞു.

എന്നാൽ ആ ചോദ്യത്തിൽ നിന്നു തുടങ്ങാം. എന്താണ് അഭിനയിക്കാത്തത്?

ആരു പറഞ്ഞു ഞാൻ അഭിനയിക്കുന്നില്ലെന്ന്. അഭിനയവും നൃത്തവും അന്നും ഇന്നും എന്റെ പാഷനാണ്. മലയാളത്തിൽ അഭിനയിക്കുന്നില്ലെന്നേയുള്ളൂ. സിംഗപ്പൂര്‍ ചാനലുകളിലെ സീരിയലുകളിലും ചില ഇംഗ്ലിഷ് ഷോർട്ഫിലിമുകളിലും അഭിനയിക്കുന്നു. ഇവിടെയുള്ള പല സ്റ്റേജുകളിലും നൃത്തം അവതരിപ്പിക്കുന്നു. ഇടയ്ക്ക് തമിഴ്ചാനലിലെ ഒരു സീരിയലി ൽ അഭിനയിച്ചു തുടങ്ങിയതാണ്. പക്ഷേ, കോവിഡ് വന്നതോടെ ചെന്നൈയിലേക്കു വരാൻ സാധിക്കാതെ ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നു. വിവാഹശേഷം ഞാൻ സിംഗപ്പൂരിലേക്കു പോന്നു. ഭർത്താവ് ഇന്ത്യക്കാരനെങ്കിലും സിംഗപ്പൂര്‍ പൗരത്വമെടുത്ത് ഇവിടെ ബിസിനസ് ചെയ്യുന്നു. മകൾ പഠിക്കുന്നു

ഭാരതിരാജയുടെ സിനിമയിൽ നായികയായി തുടക്കം, മലയാളത്തിലും കിട്ടി, ഒരു പിടി നല്ല ചിത്രങ്ങൾ അല്ലേ?

കൗരവർ, മണിച്ചിത്രത്താഴ്, ധ്രുവം, പവിത്രം... തുടങ്ങി തുടക്കത്തിൽ തന്നെ ഒരുപാടു ഹിറ്റ് സിനിമകളിൽ അഭിനയിക്കാനായി. നായികയായി മാത്രമേ അഭിനയിക്കൂ എന്ന വാശിയൊന്നും ഉണ്ടായിരുന്നേയില്ല, ചെറിയ റോളാണെങ്കിലും ശ്രദ്ധിക്കപ്പെടും എന്നു തോന്നിയാൽ അഭിനയിക്കണമെന്നായിരുന്നു അമ്മയും അച്ഛനും പറഞ്ഞിരുന്നത്. എല്ലാവരും ചെയ്യുന്ന പോലെയുള്ള ഒരു ജോലി. സിനിമയെ ഞാൻ അന്നും ഇന്നും ഇങ്ങനെയാണ് കണ്ടിരിക്കുന്നത്.

രുദ്രയെന്നും അശ്വിനി നമ്പ്യാർ എന്നും രണ്ടു പേരിൽ അഭിനയിച്ചിരുന്നല്ലേ?

അശ്വിനി എന്നായിരുന്നു യഥാർഥ പേര്. ഭാരതിരാജ സർ അവതരിപ്പിക്കുന്ന എല്ലാ നായികമാരുടെയും പേര് ‘ആർ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന രീതിയിൽ അദ്ദേഹം മാറ്റാറുണ്ടായിരുന്നു. സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോൾ ‘ആർ’ ഇൽ തുടങ്ങുന്ന ഒരു പേര് കണ്ടെത്താൻ അദ്ദേഹം എന്നോടും പറഞ്ഞു. അന്നു നൃത്തമായിരുന്നു എല്ലാം. അതുകൊണ്ടു ശിവന്റെ പര്യായം ആയാൽ നന്നെന്നു തോന്നി. അങ്ങനെയാണ് രുദ്ര എന്ന പേരു കണ്ടെത്തിയത്. മലയാളത്തില്‍ അഭിനയിച്ചു തുടങ്ങിയപ്പോഴും രുദ്ര എന്ന പേര് തുടർന്നു. രണ്ടു വർഷം കഴിഞ്ഞ് ഭാരതിരാജ സാർ സംവിധാനം ചെയ്ത ‘കിഴക്കു ചീമയിലെ’ എന്ന സിനിമയിൽ രാധികയുടെ മകളായി അഭിനയിച്ചു. അപ്പോഴേക്കും ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയിരുന്നു. രുദ്രയ്ക്കു പകരം ശരിക്കുള്ള പേരിൽ തന്നെ അഭിനയിക്കണമെന്നു തോന്നി. അദ്ദേഹത്തോടു പറഞ്ഞപ്പോള്‍, ‘നിനക്ക് അത്ര മോഹമാണെങ്കിൽ, രുദ്ര മാറ്റി അശ്വിനി ആക്കിക്കോളൂ’ എന്ന് അനുവാദം തന്നു. അങ്ങനെ ഞാൻ തമിഴ് സിനിമകളില്‍ പേര് അശ്വിനി എന്നാക്കി. പക്ഷേ, മലയാളത്തിലെ പ്രൊഡക്‌ഷൻ ഹൗസുകൾ അതു സമ്മതിച്ചില്ല. രുദ്രയെന്ന പേര് മലയാളത്തിൽ പരിചിതമായെന്നും ഇനി മാറ്റുന്നതു ശരിയല്ലെന്നും പറഞ്ഞു. അങ്ങനെ ഒരേ സമയം രണ്ടു പേരിൽ ഞാൻ സിനിമകളില്‍ അഭിനയിച്ചു.

തുടർന്ന് അഭിനയിക്കാതെ പോയതിൽ എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ?

alli-manichitrathazhu-actress-ashwini-vanitha

അഭിനയം ഞാൻ നിർത്തിയതല്ലല്ലോ. അതുകൊണ്ട് എനിക്ക് കുറ്റബോധമില്ല, ജീവിതത്തിൽ നമ്മൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്, ഒാരോ ജംക്‌ഷനിൽ എത്തുമ്പോഴും സംശയിച്ചു നിൽക്കാനാകില്ല. മുന്നോട്ടു പോയേ പറ്റൂ. തിരഞ്ഞെടുക്കുന്ന വഴി കൃത്യമായിരിക്കണമെന്നു മാത്രം. എന്റെ വഴി ശരി തന്നെയെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മലയാളത്തിൽ നല്ല വേഷങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും, ഒാർമയിൽ തങ്ങി നിൽക്കുന്ന വേഷമാണെങ്കിൽ ഞാന്‍ ഉറപ്പായും തിരിച്ചു വരും.

അഭിമുഖം പൂർണരൂപം വനിത ഫെബ്രുവരി 19– മാർച്ച് 4, 2022 വായിക്കാം