Friday 23 June 2023 03:00 PM IST

‘എന്നെ നന്നായി മനസ്സിലാക്കുന്നയാൾ, അദ്ദേഹം ഫെമിനിസ്റ്റാണ്’: ജീവിതത്തിലെ ഗോ ടു പേഴ്സൺ: അനാർക്കലി

Shyama

Sub Editor

anarkali

ഒരു യാത്രയിലെങ്ങോ കണ്ട് അടുപ്പത്തോടെ വർത്തമാനം പറഞ്ഞൊരാളുടെ മുഖമാണ് അനാർക്കലിക്ക്. പരിചിതമായ മുഖം. അനാർക്കലിയെ സ്ക്രീനിൽ കാണുമ്പോഴും അതാണ് തോന്നുക. മുൻപ് സംസാരിച്ചിരുന്ന ഒരാൾ എന്ന്.

നല്ല കഥാപാത്രങ്ങൾ വരുന്നു, ഒരുക്കം എങ്ങനെ?

കിട്ടുന്ന കഥാപാത്രം എങ്ങനെയാണു പെരുമാറുക എന്നാണ് ആദ്യം ചിന്തിക്കുക. അവർ ജീവിച്ച സാഹചര്യത്തിലൂടെ കൈവന്ന മാനറിസം എന്താകുമെന്ന് ആലോചിക്കാറുണ്ട്. ഇതുവരെ കിട്ടിയ കഥാപാത്രങ്ങൾ ഏതെങ്കിലുമൊക്കെ തരത്തിൽ കണക്റ്റ് ചെയ്യാൻ പറ്റുന്നവയാണ്. അത്ര വെല്ലുവിളിയുള്ളവ വന്നിട്ടില്ല.

ഇപ്പോൾ ചെയ്ത ‘സുലൈഖ മൻസിലി’ ലെ ഹാല എന്ന കഥാപാത്രം ആയാലും കുറച്ച് കൺഫ്യൂസ്ഡ് ആയ, നിഷ്കളങ്കതയുള്ള, നേരേ വാ, നേരേ പോ സ്വഭാവമുള്ള പെൺകുട്ടിയാണ്. പുറത്തുള്ളവർ നോക്കുമ്പോൾ ഞാൻ ബോൾഡ് ആയ ആളാണ്. എന്നാലും എന്റെ ഒരു മറുവശമാണു ഹാല. ആത്മവിശ്വാസക്കുറവുള്ള, കുറച്ച് ആശയക്കുഴപ്പങ്ങളുള്ള ആളാണ് ഞാനും. അതു നന്നായി മറയ്ക്കാൻ സാധിക്കുന്നുവെന്നു മാത്രം.

മലപ്പുറത്തുകാരി ഹാലയ്ക്ക് എന്റെ ശരീര ഭാഷയല്ല. അവൾ ഉറച്ച നിലപാടുകൾ പോലും മയത്തോടെ പറയുന്നവളാണ്. ഞാൻ കോട്ടയംകാരിയാണ്. പഠിച്ചത് തിരുവനന്തപുരത്ത്. കൂട്ടുകാർ മിക്കവരും കൊല്ലംകാർ. എല്ലാവരും ഉറക്കെ സംസാരിക്കുന്നവൾ. ഞാനും അങ്ങനെ തന്നെ. അത്തരം സ്വഭാവ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

സ്ത്രീയുടെയും പുരുഷന്റെയും സ്ത്രീപക്ഷ സിനിമ തമ്മിലെ വ്യത്യാസം?

എനിക്ക് തോന്നുന്നത് സ്ത്രീകൾ സിനിമ എടുക്കുമ്പോൾ നമുക്കു കുറച്ചുകൂടെ കണക്ട് ആകുന്ന തരത്തിലാണ് സ്ത്രീകളെ അവതരിപ്പിക്കുന്നത്. ഒരു സ്ത്രീ സിനിമ എടുക്കുന്നതേ സ്ത്രീശാക്തീകരണമാണ്. സിനിമയുടെ വിഷയം സ്ത്രീശാക്തീകരണമായിരിക്കണം എന്ന നിർബന്ധമില്ല. മുൻനിര ആൺ സംവിധായകർക്കൊപ്പം ഒരു സ്ത്രീ സംവിധായിക എത്തുന്നു എന്നതും ഫെമിനിസമാണ്. അല്ലാതെ ജനങ്ങളെ മൊത്തം ഫെമിനിസം പറഞ്ഞു പഠിപ്പിക്കേണ്ട ബാധ്യത സ്ത്രീകൾക്കില്ല എന്നാണു തോന്നുന്നത്.

വളരെയധികം ആവേശം കൊള്ളിച്ചൊരു സിനിമയാണ് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വ രെ. അധികമാരും ചെയ്യാത്ത ട്രാൻസ്‌മാൻ റോൾ ആയിരുന്നു ആ ചിത്രത്തിൽ എനിക്ക്. ചെറുപ്പത്തിൽ ടോം ബോയ് ആയി നടന്നൊരാളാണു ഞാനും. ഷർട്ട് തന്നെയായിരുന്നു മിക്കവാറും വേഷം. അതും ആ കഥാപാത്രവുമായി വൈകാരിക അടുപ്പം വരാൻ കാരണമായി. സിനിമയിൽ ബാക്കിയുള്ളവരുടെ കുടുംബപശ്ചാത്തലം പറയുന്നുണ്ട്. എ ന്റെ കഥാപാത്രത്തിന്റേതു പറയുന്നില്ല. എന്നിട്ടും ആളുകൾക്കു ട്രാൻസ് മനുഷ്യരെ കൂടുതൽ അടുത്തറിയാൻ ഇതുവഴി സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു.

ലൈംഗിക അധിക്ഷേപത്തെ കുറിച്ച് പറയുമ്പോൾ പോലും സ്ത്രീകളുടെ വസ്ത്രത്തിലേക്ക് മാത്രം ശ്രദ്ധ ചുരുങ്ങുന്നു എന്ന് തോന്നുന്നുണ്ടോ?

സ്ത്രീകൾ ഈ പറയുന്ന ‘നല്ല’ വസ്ത്രമിട്ട് എന്തെങ്കിലും ചെയ്താലും അവരെ കുറിച്ച് നല്ലതു പറയുമോ? ഇല്ല. അപ്പോൾ പിന്നെ, എന്തു വസ്ത്രം ഇട്ടാലും പറയാനുള്ളതു പറയുക. സ്ത്രീകൾ, പ്രത്യേകിച്ച്, ഒരു അഭിനേത്രി എന്തു പറഞ്ഞാലും അതിന് ഇല്ലാത്ത അർഥങ്ങളൊക്കെ കൊടുത്തു വിചാരിക്കാത്ത തലത്തിലേക്ക് എത്തിക്കുന്നവരാണു കൂടുതലും. അത്തരം കമന്റുകൾ വന്നാൽ ഞാൻ പ്രതികരിക്കാറേയില്ല. അർഹിക്കുന്ന അവഗണന കൊടുത്ത് ഒഴിവാക്കും. പ്രകോപിതയാകാത്തിടത്തോളം അവർ മടുത്തിട്ടു പൊയ്ക്കോളും എന്നാണ് എന്റെയൊരിത്. ‘ഇവളോടൊന്നും പറഞ്ഞിട്ടു കാര്യമില്ല’ എന്നോർത്ത് അങ്ങ് നിർത്തും.

anarkali-2

സങ്കടം വന്നാൽ പങ്കുവയ്ക്കുന്നത് ആരോടാണ് ?

എനിക്കൊരു കാമുകനുണ്ട്. അയാൾ ഫെമിനിസ്റ്റാണ്. എ ന്നെ നന്നായി മനസ്സിലാക്കുന്ന ആളാണ്. എന്തു പ്രശ്നം ഉണ്ടെങ്കിലും അത് പൂർണമായ അർഥത്തിൽ മനസ്സിലാക്കി ഒപ്പം നിൽക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്യും. പ്രണയത്തിന്റെ നിർവചനം എന്നാൽ എനിക്കു മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവാണ്. അതുകൊണ്ട് ആ ആളാണ് ഗോ ടു പേഴ്സൺ.

കാമുകൻ ഡാർക്ക് സ്കിൻഡാണ്. സ്ത്രീ ആയാലും പുരുഷനായാലും സൗന്ദര്യമുണ്ട് എന്ന് തോന്നുന്നതും ഇരുണ്ട ചർമക്കാരെയാണ്. മറ്റുള്ളവരെ വിധിക്കാത്ത തുറന്ന മനസ്സുള്ളവരാണ് ഏറ്റവും സൗന്ദര്യമുള്ള വ്യക്തികള്‍. ഫെയ്ക്ക് ആയവരെ എനിക്കു തീരെ സഹിക്കാൻ പറ്റില്ല.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ജൂൺ 10–23 ലക്കത്തിൽ

ശ്യാമ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ