Friday 31 December 2021 12:35 PM IST

‘പെട്ടെന്നു കരച്ചിൽ വരുന്നു, പൊട്ടിത്തെറിക്കുന്നു....’: ആ സമയങ്ങളിൽ ചേർത്തുപിടിച്ചു അരുണ്‍: ഭാമ പറയുന്നു

Vijeesh Gopinath

Senior Sub Editor

bhama-vanitha ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ/ ഭാമ ഇൻസ്റ്റഗ്രാം

ഫോട്ടോ ഷൂട്ടിനായി ക്യാമറ സാധാരണ കാത്തിരിക്കാറുള്ളത് ഭാമയെ ആയിരുന്നു. എന്നാൽ ഇന്നത്തെ താരം മറ്റൊരാളാണ്. മകൾ ഒരു വയസ്സുകാരി ഗൗരി.

ആക്‌ഷൻ പറയുന്നതിന് തൊട്ടുമുൻപ് കൈവീശിക്കൊണ്ട് കാരവനിൽ നിന്നിറങ്ങുന്ന സൂപ്പർസ്റ്റാറുകളെ കാത്തിരിക്കും പോലെ സ്റ്റുഡിയോ ഗൗരിയെയും നോക്കിയിരുന്നു. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് പുറപ്പെട്ടിട്ടേയുള്ളൂ. ക്യാമറയ്ക്കു മുന്നിൽ അധികനേരം നിൽക്കാനൊന്നും ഗൗരിയെ കിട്ടില്ല. നല്ല മൂഡാണെങ്കിൽ ഒന്നു രണ്ടു ഭാവങ്ങളിട്ടു തരും. അപ്പോൾ ക്ലിക്ക് ചെയ്താൽ കിട്ടി. ബോറടിച്ചാൽ ചിരിയുടെ പൂവ് പിച്ചിയെറിഞ്ഞെന്നും വരും. അതുകൊണ്ടു തന്നെ എത്തിയാലുടൻ ഫോട്ടോ എടുക്കണം.

‘‘ഞങ്ങളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായെത്തിയ ക്രിസ്മസ് സമ്മാനമാണ് ഗൗരി. ഡിസംബർ രണ്ടിന് ഒരു വയസ്സായി.’’ പാൽമണമുള്ള ഗൗരിയെന്ന പൂവിനെക്കുറിച്ച് ഭാമ പറഞ്ഞു തുടങ്ങി.

കുഞ്ഞുണ്ടായി കഴിഞ്ഞും സങ്കടങ്ങൾ വന്നു മുട്ടിനോക്കിയോ?

ഗർഭകാലവും അമ്മയാകുന്നതും ആസ്വദിക്കണമെന്നൊക്കെ എല്ലാവരും പറയും. പക്ഷേ, ആ പറയുന്നതിൽ എത്രത്തോളം സത്യസന്ധതയുണ്ടെന്ന് എനിക്കറിയില്ല. ആ കാലത്ത് ഏതൊക്കെ അവസ്ഥകളിലൂടെയാണ് ഒരു സ്ത്രീ കടന്നു പോകുന്നത്. മസിൽവേദന മുതൽ മാനസികമായ ഒരുപാടു പ്രശ്നങ്ങൾ വരെയുണ്ടാകും. ഒന്നു തിരിഞ്ഞു കിടക്കാൻ പോലും എത്ര പ്രയാസമാണ്.

പ്രസവശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ശ്രദ്ധിക്കാൻ ഒരുപാടുപേരുണ്ട്. എന്നാൽ അമ്മയുടെ മാനസിക ആരോഗ്യത്തിനായി എന്തൊക്കെ ചെയ്യാനുണ്ടെന്ന് ആരും പറഞ്ഞു കൊടുക്കില്ല. അമ്മമാരുടെ മനസ്സിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണ്.

ആദ്യത്തെ മൂന്നു നാലു മാസം ഉറക്കം തീരെയില്ലാത്ത അവസ്ഥയായിരുന്നു. പകൽ സമയത്ത് കുഞ്ഞുറങ്ങുമ്പോൾ എനിക്ക് ഉറങ്ങാനാകില്ല. രാത്രിയിൽ അമ്മു ഉറങ്ങുകയുമില്ല. ഉറക്കമില്ലാതായതോടെ ആകെ പ്രശ്നമായി. പെട്ടെന്നു കരച്ചിൽ വരുന്നു, പൊട്ടിത്തെറിക്കുന്നു....

അരുണിന്റെയും എന്റെ അമ്മയുടെയും ബന്ധുക്കളുടെയുമൊക്കെ സപ്പോർട്ട് കിട്ടിയതോടെ ഉള്ളിലെ സംഘർഷങ്ങൾ മാറി. സാവധാനം ഉറക്കം തിരികെ കിട്ടി. ലോക്ഡൗ ൺ അവസാനിച്ച് പുറത്തിറങ്ങാൻ പറ്റിയതോടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. വീണ്ടും നീന്തൽ പരിശീലനം തുടങ്ങി. പിന്നെ, മെഡിറ്റേഷൻ, വ്യായാമം... ഇതൊക്കെ ആത്മവിശ്വാസവും സന്തോഷവും തരുന്ന കാര്യങ്ങളാണ്. കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ സന്തോഷം തോന്നുന്നു. എനിക്കിഷ്ടമുള്ള ഉടുപ്പുകളിടാൻ പറ്റുന്നു.

ഞാനിത് തുറന്നു പറയുന്നത് എന്റെ അവസ്ഥയിലൂടെ കടന്നു പോയ സ്ത്രീകളെ മനസ്സിലാക്കാൻ കൂടിയാണ്. ഈ മാനസിക സംഘർഷങ്ങളുടെ പേരിൽ എത്രയോ സ്ത്രീകൾ കുറ്റപ്പെടുത്തൽ കേൾക്കുന്നുണ്ട്. കരഞ്ഞു കൊ ണ്ട് നീറി ജീവിക്കുന്നുണ്ട്. അമ്മ സന്തോഷത്തോടെയിരുന്നാലേ കുഞ്ഞും ആ മനസ്സോടെ വളരൂ. അമ്മയ്ക്ക് സന്തോഷം പകരുന്നത് കൂട്ടുത്തരവാദിത്തമാണ്.

സ്നേഹിക്കുന്നവർക്ക് മുന്നിലേക്ക്

‘‘കുഞ്ഞു വന്നതോടു കൂടി നമ്മുടെ ഇഷ്ടങ്ങൾ മാറ്റി വയ്ക്കേണ്ടി വരും എന്നത് ശരിയാണ്. എന്നാൽ മുഴുവനായി മാറ്റിവയ്ക്കേണ്ട ആവശ്യമില്ല. നമ്മുടെ ഇഷ്ടങ്ങൾക്ക് സമയം കൊടുക്കണം. അതിനായാണ് ഞാന്‍ യൂട്യൂബ് ചാനൽ തുടങ്ങിയത്.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയത് ഇ പ്പോഴാണ്. ഷെല്ലിൽ നിന്ന് പുറത്തു വന്നു. ഇനി അമ്മ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ആസ്വദിക്കേണ്ട സമയമാണ്. പാട്ടിനോടുള്ള മോഹം പൊടിതട്ടിയെടുത്തു. ഞാൻ പാടിയ പാട്ടുകൾ ചിത്രീകരിക്കണമെന്ന് ആഗ്രഹമുണ്ട്. കുറെ യാത്രകൾ ചെയ്യണം. ഇതൊക്കെ യൂട്യൂബിലുടെ എന്നെ സ്നേഹിക്കുന്നവർക്ക് മുന്നിലെത്തണം.

എല്ലാവരും മറന്നെന്നാണ് കുരുതിയിരുന്നത്. ഇ ത്രയും വർഷം സിനിമയിൽ നിന്നു മാറി നിന്നതല്ലേ. ഒരു ദിവസം ഞാനും അരുണും പനമ്പിള്ളി നഗറില്‍ കാർ നിർത്തി പുറത്തേക്കിറങ്ങി. മാസ്ക് വച്ചിട്ടുണ്ട് അതില്ലെങ്കിൽ പോലും ആർക്കും മനസ്സിലാകില്ലെന്നാണ് ഒാർത്തത്.

ഞങ്ങൾ കാറിൽ നിന്നിറങ്ങിയതു കണ്ട് കുറച്ചു കോളജ് കുട്ടികൾ എന്നെ തിരിച്ചറിയുന്നു ‘ഹായ്’ പറയുന്നു. സത്യം പറഞ്ഞാൽ ഉള്ളിൽ ഉറങ്ങിക്കിടന്ന ആ പഴയ കാലം പെട്ടെന്ന് ഉണർന്നു. വല്ലാത്ത എനർജി കിട്ടിയ പോലെ...’’

പൂർണരൂപം വനിത പുതുവർഷ പതിപ്പിൽ വായിക്കാം