Tuesday 05 September 2023 02:22 PM IST

‘കൊച്ചുമോനിട്ട വാട്സാപ്പ് സ്റ്റാറ്റസ് നിമിത്തമായി, സിനിമയിലേക്കുള്ള വിളിയെത്തിയത് ഇങ്ങനെ’: അവാർഡ് തിളക്കത്തിൽ ദേവി വർമ

Shyama

Sub Editor

devi-varma

ഒരു വാട്സാപ് സ്റ്റാറ്റസ് കൊണ്ടു സിനിമയിലേക്കുള്ള എൻട്രി ടിക്കറ്റ് കിട്ടിയ ആളാണു ദേവി വർമ. അതും 85ാം വയസ്സിൽ. സൗദി വെള്ളക്ക എന്ന സിനിമയിലൂടെ ദേവി വർമയ്ക്ക് ഇ പ്പോൾ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡും കയ്യിലെത്തിയിരിക്കുകയാണ്. സിനിമയിലൊപ്പമുണ്ടായിരുന്നവരും വീട്ടുകാരും നാട്ടുകാരും വിളിച്ചും നേരിട്ടെത്തിയും അറിയിക്കുന്ന സ്നേഹക്കടലിനു നടുവിലാണു ‘സൗദി’യിലെ ആയിഷയായി പ്രേക്ഷകരെ കയ്യിലെടുത്ത ദേവി വർമ.

‘‘എന്റെ മകളുടെ മകൻ സിദ്ധാർഥ് ചെറിയ റോളിലൊക്കെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ ഫോട്ടോസ് മോൻ ഇടയ്ക്കൊക്കെ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടും. അതു സൗദി വെള്ളക്ക സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി കണ്ടു. അമ്മൂമ്മയാണെന്നറിഞ്ഞപ്പോൾ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടാകുമോയെന്നു സിദ്ധാർഥിനോടു ചോദിച്ചു. അമ്മൂമ്മയോടു ചോദിച്ചിട്ടു പറയാം എന്നായിരുന്നു അവന്റെ മറുപടി.

ഈ വയസ്സുകാലത്തു സിനിമയിൽ ഒരു മുഴുനീള കഥാപാത്രം അഭിനയിക്കാനോ ? ആദ്യം കേട്ടപ്പോൾ എനിക്കത്ര സുഖായി തോന്നിയില്ല. പല ആലോചനകൾക്കൊടുവിൽ അഭിനയിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഞാൻ ‘സൗദി’യിലെ ആയിഷയായി. സിനിമ പുറത്തു വന്നപ്പോൾ വലിയ സന്തോഷമായിരുന്നു. എല്ലാ ദിക്കിലും പേരു കേട്ടല്ലോ എന്നതിന്റെ സന്തോഷം വേറെ.’’

devi-varma-2

ഇതല്ല ആദ്യ സിനിമ

പലരും കരുതും പോലെ സൗദി വെള്ളക്കയല്ല എന്റെ ആദ്യ സിനിമ. രണ്ടു വർഷം മുൻപു റിലീസ് ചെയ്ത ‘മാരാ’ എന്ന തമിഴ് സിനിമയിലെ ചെറിയൊരു കഥാപാത്രമായാണ് തുടക്കം. മലയാളത്തിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലിയുടെ റീമേക്കാണ് ആ സിനിമ. സിദ്ധുവിന്റെ കയ്യിലുള്ള എന്റെ ഫോട്ടോ കണ്ടാണ് അതിലും അവസരം വന്നത്. ഒരു യുട്യൂബ് സീരിസിലും അഭിനയിച്ചിട്ടുണ്ട്. പക്ഷേ, മുഴുനീളെ കഥാപാത്രം അഭിനയിക്കുന്നത് സൗദി വെള്ളക്കയിലാണ്.

ഷൂട്ടിങ് 45 ദിവസമുണ്ടെന്നു കേട്ടപ്പോൾ ഇതു വേണോ വേണ്ടയോ എന്ന ചിന്ത വന്നു. വെർട്ടിഗോ രോഗം കാരണമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ട്. രോഗം വഷളായാൽ സിനിമയെ ബാധിക്കുമോ എ ന്നായിരുന്നു മനസ്സിൽ. ബാക്കിയുള്ളവരൊക്കെ പരിചയസമ്പന്നരാണ്. ഞാൻ മാത്രമാണു പുതിയതായി ചെല്ലുന്നത്. പക്ഷേ, ‘സാരമില്ല അമ്മ വരൂ, ഞങ്ങൾ നോക്കാം’ എന്ന് അവര്‍ പറഞ്ഞതോടെ പരീക്ഷിച്ചു നോക്കാമെന്നായി. ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം തലചുറ്റി വീണു. ഭാഗ്യത്തിനു വലിയ പ്രശ്നം വരാതെ തിരിച്ചെത്താൻ സാധിച്ചു.

സംവിധായകന്‍ തരുണും കാസ്റ്റിങ് ഡയറക്ടർ അബു വളയംകുളവും കൂടിയാണ് ആദ്യം ഇവിടെ വരുന്നത്. അ ബുവാണ് അന്നു പറയുന്നത് ‘അമ്മ വരൂ, സിനിമയ്ക്കു വേണ്ടത് അമ്മയുടെ കയ്യിലുണ്ട്’ എന്ന്. എനിക്കു ഉറപ്പു തോന്നിയില്ലെങ്കിലും അത്രയും അനുഭവസമ്പത്തുള്ള ആളുകൾ പറയുമ്പോൾ അതിലെന്തെങ്കിലും കാര്യമുണ്ടാകും എന്നു തോന്നി.

അങ്ങനൊരു സിനിമാബന്ധം

ഭർത്താവിന്റെ വീട്ടുകാർ പണ്ട് ഒരു തിയറ്റർ നടത്തിയിരുന്നു. തൃപ്പൂണിത്തുറയിലെ ശ്രീകല തിയറ്റർ. അതിപ്പോഴില്ല.

അന്നൊക്കെ വല്ലപ്പോഴും എല്ലാവരും ഒരുമിച്ചു സിനിമ കാണാൻ പോകും. അല്ലാതെ നിർബന്ധമായി സിനിമ കാണുന്ന ശീലമൊന്നും ഉണ്ടായിരുന്നില്ല. അതിപ്പോഴും ഇല്ല. ഇന്ന നടനെ, നടിയെ ഇഷ്ടം എന്നൊന്നുമില്ല, അവർ നന്നായി അഭിനയിക്കുന്നതു കാണുമ്പോൾ ആ സന്ദർഭത്തിൽ ഇഷ്ടപ്പെടും. ആരാധനയൊന്നും ആരോടുമില്ല.

അഭിനയത്തിലും സിനിമയിലും ആവേശം കൊള്ളുന്ന ആൾ ആയിരുന്നില്ല ഞാൻ. അന്നത്തെ കാലം അങ്ങനെയായിരുന്നു. തറവാട്ടിൽ നിന്ന് പുരുഷന്മാരൊപ്പമില്ലാതെ പെൺകുട്ടികളെ എവിടേക്കും പറഞ്ഞയയ്ക്കില്ല. കല്യാണം കഴിയാത്ത പെൺകുട്ടികളെ സ്വന്തം കുടുംബത്തിലെ ചടങ്ങുകൾക്കു പോലും പുറത്തേക്കു വിട്ടിരുന്നില്ല.

പത്താം ക്ലാസ് വരെ പഠിച്ചു. 24ാം വയസ്സിലായിരുന്നു രവി വർമയുമായുള്ള കല്യാണം. കല്യാണം കഴിഞ്ഞു ഞങ്ങൾ തമിഴ്നാട്ടിലേക്ക് പോയി. കുറച്ചു വർഷങ്ങൾക്കു ശേഷം അവിടെ വച്ചാണ് ആദ്യമായി വനിത കാണുന്നത്. അന്നു വനിതയ്ക്കു ഒരു റുപ്പികയാണ് വില. വലിയ രസത്തിൽ വാങ്ങി വായിക്കുമായിരുന്നു.

അവർ പറഞ്ഞു ഞാൻ ചെയ്തു

സൗദി വെള്ളക്കയിലെ ആദ്യ ഷോട്ട് ബസ്റ്റോപ്പിൽ നിൽക്കുന്ന സീനായിരുന്നു. അത് ഒറ്റ ടേക്കിൽ ഓകെ ആയി. ഞാൻ തനിച്ചുള്ള ഷോട്ടുകൾ മിക്കവയും ഒന്നോ രണ്ടോ ടേക്കിൽ തന്നെ ശരിയായി. ‘എന്താ ഇത്ര ധൃതി’ എന്ന് അവരു തമാശയ്ക്കു ചോദിക്കും. ‘ഇതു കഴിഞ്ഞാൽ കഴിഞ്ഞല്ലോ’ എന്നു ഞാനും മറുപടി പറഞ്ഞു ചിരിക്കും.

ക്യാമറയ്ക്കു മുന്നിൽ നിന്നപ്പോഴോ സിനിമാസെറ്റിൽ ചെന്നപ്പോഴോ പ്രത്യേകിച്ചു പരിഭ്രമോ ആഹ്ലാദമോ ഒന്നും തോന്നിയില്ല. അവർ പറഞ്ഞു തന്ന കാര്യങ്ങൾ അതുപോലെ ചെയ്തു. അഭിനയിച്ച സമയത്ത് ഡയലോഗ് പറഞ്ഞെങ്കിലും സൗദി സ്ലാങ് വഴങ്ങിയിരുന്നില്ല. അതുകൊണ്ട് ഡ ബ്ബിങ് പറ്റില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. പോളി വിൽസനാണ് എനിക്കു വേണ്ടി ഡബ്ബ് ചെയ്തത്.

കോട്ടൻ സാരി ഉടുക്കുന്നതു 30 കൊല്ലത്തിനു മുൻപ് നിർത്തിയതാണ്. സിനിമയ്ക്ക് ആവശ്യമായതു കൊണ്ടു ചെയ്തു. മറ്റ് അഭിനയ തയാറെടുപ്പുകളോ ട്രെയിനിങ്ങോ ഒന്നും ഉണ്ടായിട്ടില്ല. സംസ്ഥാന അവാർഡ് പോളിക്കും വസ്ത്രാലങ്കാരം ചെയ്ത മഞ്ജുഷയ്ക്കും കിട്ടിയത് ഇരട്ടി സന്തോഷം.

ജൂറിക്കൊപ്പം

ആദ്യം സിനിമ കണ്ടതു ഗോവ ഫിലിം ഫെസ്റ്റിവലിനു പോയപ്പോഴാണ്. അത്രയും ദൂരം യാത്ര ചെയ്യുന്നതോർത്തു വരുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, ജൂറിയുടെ നിർബന്ധം കാരണം പോകേണ്ടി വന്നു. ഇത്രയും പ്രായമായിട്ടും ആദ്യ മുഴുനീള ചിത്രം ഭംഗിയായി അഭിനയിച്ചതിനു നിറയെ അഭിനന്ദനങ്ങൾ കിട്ടി. അതു ശരിക്കും മനസ്സ് നിറച്ചു. ഇനി അഭിനയിക്കുമോ എന്നു ചോദിച്ചാൽ നല്ല കഥാപാത്രം കിട്ടിയാലും ആരോഗ്യം അനുവദിച്ചാലും നോക്കാം എന്നു കരുതുന്നു.

ഭർത്താവ് ഇപ്പോൾ ഞങ്ങൾക്കൊപ്പമില്ല. രണ്ട് മക്കൾ – ശുഭ, ദേവദാസ് വർമ. മകനാണ് തിയറ്റർ നോക്കിയിരുന്നത്. ഇപ്പോൾ അതു വിട്ട് സ്വന്തമായി പെയിന്റിങ് കമ്പനി തുടങ്ങി. മൂന്നു കൊച്ചുമക്കൾ. സിദ്ധാർഥ് വർമ, ശന്തനു വർമ, ദേവിക ദേവരാജ്. സ്വന്തം നാട് പാലക്കാട് വടക്കഞ്ചേരിയാണ്. 1980–81ലാണ് തൃപ്പൂണിത്തുറയിൽ വന്ന് താമസമാക്കിയത്. എ ന്നെ സംബന്ധിച്ചിടത്തോളം ഇനി ജീവിക്കുന്ന ദിവസങ്ങളൊക്കെ ബോണസാണ്. ഒന്നിലും ആർത്തുല്ലസിക്കുന്നുമില്ല, അധികം ചഞ്ചലപ്പെടുന്നുമില്ല. ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ഇരിക്കണം എന്നേ ആഗ്രഹമുള്ളൂ.’’

ശ്യാമ

ഫോട്ടോ: സരുൺ മാത്യു