ആടുതോമയുടെ ‘തുളസി’, ‘വാശി’യിലെ നന്ദുചേച്ചിയായി മടങ്ങിയെത്തിയപ്പോൾ....ഡോ. ആര്യ അനൂപിന്റെ വിശേഷങ്ങൾ
ഏഴു വയസ്സുകാരിയുടെ ‘വീരഗാഥ’
അമ്മ അമലയാണ് എന്റെ കലാജീവിതത്തിലെ യഥാർഥ നായിക. ഞാൻ നൃത്തവും പാട്ടും പഠിച്ചതും ഇത്രയേറെ വേദികളിൽ നൃത്തം അവതരിപ്പിച്ചതും സിനിമയിലേക്ക് എത്തിയതുമെല്ലാം അമ്മയുടെ ആഗ്രഹവും പരിശ്രമവും കൊണ്ടാണ്. അച്ഛൻ രാജഗോപാലന്റെ പിന്തുണയും എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു.
‘ഒരു വടക്കൻ വീരഗാഥ’ സിനിമയിലേക്ക് ബാലതാരങ്ങളെ തേടുന്നു എന്ന പരസ്യം കണ്ട് അമ്മയാണ് എന്റെ ഫോട്ടോ അയച്ചത്. അതിൽ സെലക്ട് ആയി. ലൊക്കേഷനിലെത്തിയപ്പോൾ ഹരിഹരൻ സർ പറഞ്ഞു, ‘ഞാൻ പറയുന്നത് അതുപോലെ ചെയ്യണം, ഒറ്റ കണ്ടീഷൻ. ക്യാമറയിൽ നോക്കരുത്.’ അന്നത്തെ ഏഴു വയസ്സുകാരി അതനുസരിച്ചു എന്നല്ലാതെ അഭിനയമാണെന്നൊന്നും മനസ്സിലായില്ല.
‘ബട്ടർഫ്ലൈസ്’ ആണ് രണ്ടാമത്തെ ചിത്രം. ആ റാം ക്ലാസ്സിലെ അവധിക്കായിരുന്നു ഷൂട്ടിങ്. ഷോട്ടിന്റെ ഇടവേളയിൽ മോഹൻലാലും ഞങ്ങൾ കുട്ടികൾക്കൊപ്പം കളിക്കാൻ വന്നിരുന്നതാണ് രസമുള്ള ഓർമ. ഇതിനിടെ ‘ജോണി’ എന്ന സിനിമയിലും അഭിനയിച്ചു.
ആടുതോമയുടെ തുളസി
‘സ്ഫടികം’ സിനിമയിൽ ഉർവശി ചേച്ചി ചെയ്ത തുളസി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിക്കാനെത്തുന്നത് ഏഴാം ക്ലാസ്സിലെ അവധിക്കാണ്. വിരലിലെണ്ണാവുന്ന സീനുകൾ, ‘തോമസ് ചാക്കോ...’ എന്ന ഒറ്റ ഡയലോഗ്. ഇത്രേയുള്ളൂ സ്ഫടികത്തിൽ എന്റെ റോൾ. പക്ഷേ, 27 വർഷങ്ങൾക്കു ശേഷവും മിക്കവരും ‘ആടുതോമയുടെ തുളസിയല്ലേ’ എന്നു ചോദിച്ചു വന്നാണ് പരിചയപ്പെടുന്നത്. എന്തിനേറെ പറയുന്നു, ‘വാശി’യുടെ സെറ്റിലെത്തി ടൊവീനോയെ പരിചയപ്പെട്ടപ്പോൾ പോലും ‘എനിക്കറിയാം, തുളസിയല്ലേ...’ എന്നാണു ചോദിച്ചത്.
‘വാശി’യിലെ നന്ദുചേച്ചി
സിനിമാ നിർമാതാവും സുഹൃത്തുമായ സന്ദീപ് സേനനാണ് ‘വാശി’യിലെ നന്ദിതയായി സജസ്റ്റ് ചെയ്യുന്നത്. അനു മോഹൻ അവതരിപ്പിക്കുന്ന ഗൗതം എന്ന കഥാപാത്രത്തിന്റെ ചേച്ചിയുടെ റോളാണ്. അനുവുമായി മുഖസാദൃശമുള്ള ആളെ തിരഞ്ഞുള്ള ആലോചനയും അന്വേഷണവുമാണ് എന്നിലേക്കെത്തിയത്. ‘വാശി’ കണ്ടിറങ്ങുന്നവർ നന്ദിതയെ മറക്കില്ല എന്ന ഉറപ്പ് കൂടി സംവിധായകൻ വിഷ്ണു തന്നതോടെ 27 വർഷത്തിനു ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക്.
എവിടെയായിരുന്നു ഇത്ര നാൾ
പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധിച്ചതുകൊണ്ടാണ് സിനിമയിൽ നിന്നു മാറിനിൽക്കേണ്ടി വന്നത്. പത്താം ക്ലാസ് 13ാം റാങ്കോടെ പാസ്സായി. പ്രീഡിഗ്രി ഒന്നാം വർഷം കേരള യൂണിവേഴ്സിറ്റി കലാതിലകമായിരുന്നു. ആ സമയത്ത് നായികയായി ചില ഓഫറുകൾ വന്നിരുന്നു. അഭിനയം വേണോ പഠനം വേണോ എന്നു സ്വയം ചോദിച്ചപ്പോൾ പഠനത്തിനാണ് മനസ്സ് കൈ കൊടുത്തത്. പഠനം കഴിഞ്ഞ് അഭിനയത്തിലേക്ക് തിരികെ വരാമെന്നും കരുതി.
പ്രിഡിഗ്രി മുതൽ ടിവി ചാനലിൽ അവതാരകയായിരുന്നു. ചില സീരിയലുകളിലും ടെലിഫിലിമിലും അഭിനയിച്ചിട്ടുമുണ്ട്. എംബിബിഎസ് കഴിഞ്ഞതും കല്യാണം. പിജി ചെയ്യുന്നതിനിടയിലാണ് മോൻ ജനിച്ചത്. ഗർഭിണിയായിരുന്ന എട്ടു മാസം വരെയും അവതാരകയായി തിളങ്ങി.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒഫ്താൽമോളജി ഡിപാർട്മെന്റിൽ അസി. പ്രഫസറാണ് ഇപ്പോൾ. 10 ദിവസത്തെ ബ്രേക്ക് എടുത്താണ് ‘വാശി’യിൽ അഭിനയിച്ചത്. മറ്റൊരു ഓഫർ വന്നെങ്കിലും ജോലിയും വീടും വിട്ട് അധികനാൾ മാറി നിൽക്കാനാകാത്തതുകൊണ്ട് വേണ്ടെന്നു വച്ചു. നല്ല കഥാപാത്രം കിട്ടിയാൽ ഉറപ്പായും അഭിനയിക്കണമെന്നാണ് ഭർത്താവ് അനൂപിന്റെ അഭിപ്രായം. കഴക്കൂട്ടം മിഷൻ ഹോസ്പിറ്റലിൽ ജനറൽ ഫിസിഷ്യനാണ് അനൂപ്. മകൻ അഭിരാം പ്ലസ് വണിലും മകൾ അനുരാധ ഏഴിലും പഠിക്കുന്നു.
എല്ലാം പഴയ പോലെ
‘വാശി’യുടെ പ്രൊഡ്യൂസർ സുരേഷ്കുമാർ തന്നെയായിരുന്നു ‘ബട്ടർഫ്ലൈസി’ന്റെയും നിർമാതാവ്. സെറ്റിലെത്തിയപ്പോൾ പരിചിതമുഖങ്ങളാണ് ഏറെയും. മേക്കപ്പിനായി ചെന്നപ്പോൾ അതാ, ശങ്കർ അങ്കിൾ. ‘ബട്ടർഫ്ലൈസി’ൽ എന്നെ മേക്കപ് ചെയ്തത് ശങ്കർ അങ്കിൾ തന്നെയാണ്. അപരിചിതത്വമില്ലാതെ ആസ്വദിച്ചാണ് സിനിമ ചെയ്തത്.
പലരും ചോദിക്കാറുണ്ട് സിനിമയിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതിൽ സങ്കടമുണ്ടോ എന്ന്. തീരുമാനം തെറ്റായിപ്പോയി എന്ന ചിന്തയില്ല. ചില കരുത്തുറ്റ കഥാപാത്രങ്ങൾ കാണുമ്പോൾ ഞാൻ സിനിമയിലുണ്ടായിരുന്നെങ്കിൽ എനിക്കും ഇത്തരം കഥാപാത്രങ്ങൾ കിട്ടിയിരുന്നേനെ എന്നു തോന്നാറുണ്ട്.
പഠനം, കല്യാണം, ജോലി... ഈ തിരക്കുകളിൽ ഡാൻസിൽ നിന്നും ബ്രേക്ക് എടുക്കേണ്ടി വന്നു. ആറു വർഷമായി നൃത്തത്തിൽ വീണ്ടും സജീവമായി. നൃത്തപരിപാടികളും അവതരിപ്പിക്കുന്നുണ്ട്.
അമ്മു ജൊവാസ്
ഫോട്ടോ: അരുൺ സോൾ