Monday 25 July 2022 05:17 PM IST

പെൺകുട്ടികൾ മാത്രമാണ് അടുക്കളയിൽ കയറണ്ടത് എന്നൊന്നും ഞാനും ചിത്രയും മക്കളെ പഠിപ്പിച്ചിട്ടില്ല. ഞാനും അടുക്കളയിൽ കയറും; ഷാജി കൈലാസ്

Vijeesh Gopinath

Senior Sub Editor

shaji-kailas-and-family-cover ഷാജി കൈലാസും കുടുംബവും, ഫോട്ടോ: ബേസിൽ പൗലോ

മീശപിരിച്ചും മസിൽ പെരുപ്പിച്ചും മനസ്സിലേക്കു കയറിപ്പോയ ‘ആണുങ്ങളെയാണ്’ ഒാർമവന്നത്. ‘തന്തയ്ക്കു പിറന്ന’ ഭരത് ചന്ദ്രനും മുണ്ടു മടക്കി കുത്തിയ ജോസഫ് അലക്സും പെരുവഴിയിലായ അനുരാധയോട് തുലവാർഷ രാത്രിയിൽ ഒരു പുതപ്പിനു കീഴിൽ ഉറങ്ങാനും കുഞ്ഞുങ്ങളെ പെറ്റുവളർത്താനും ഒരു ‘പെണ്ണി’നെ വേണമെന്നു പറഞ്ഞ പൂവള്ളി ഇന്ദുചൂഡനും മുതൽ ‘ആണത്ത’ത്തിന്റെ ഒാൺ ദ റോക്സ് വീര്യമുള്ള നായകന്മാർ...

തിരക്കഥയിൽ, വാക്കിന്റെ തോക്കുമായി നിൽക്കുന്ന നായകന്മാരെ സ്ക്രീനിൽ അമ്മാനമാടിച്ച സംവിധായകന്റെ പേരുകാണുമ്പോഴേ കൈയടിയുടെ കമ്പക്കെട്ടിന് തീ വീണിരുന്നു. കാലം മാറി. പ്രളയവും കോവിഡും വന്നു, പൊളിട്ടിക്കൽ കറക്റ്റനസ് ‘വന്നു’, ഒ.ടി.ടി വന്നു,‌ തീയറ്ററിലെ കൂട്ടപ്പൊരിച്ചിൽ വിഷുവിനു പൊട്ടിക്കുന്ന പാളിപ്പടക്കം പോലെ ‘ഠപ്പേന്ന് ’ തീർന്നു പോയി.

അതിനൊക്കെ അപ്പുറം മീശ പിരിച്ചാൽ മാത്രം ആണാവില്ലെന്ന് പെണ്ണുങ്ങൾ മുഖത്തു നോക്കി പറയാനും തുടങ്ങി. ‘ആൺ അലർച്ച’യുള്ള കഥാപാത്രങ്ങളുടെ പല്ലുകൊഴിഞ്ഞെന്ന് ‘പ്രഖ്യാപനവും’ വന്നു.

എന്നിട്ടും ഈ പുതിയ കാലത്ത്, അതിർത്തി കടന്നത്തുന്ന സിനിമകൾക്ക് മാത്രം ആർപ്പുവിളി കേട്ടിരുന്ന തിയറ്ററികളിൽ ഒരു കടുവ വേട്ടക്കിറങ്ങി. വിരിച്ച വലയെല്ലാം പൊട്ടിച്ചൊരു പോക്ക്. ആ സംവിധായകന്റെ പേരിന് പിന്നെയും തിയറ്ററില്‍ കൈയടിയൊച്ച.

അടുക്കളയിൽ, മാസ് പടങ്ങളുടെ മാസ്റ്റർ ഷെഫ് മീൻ വറുത്തതിനു മുകളിൽ പപ്പടം പൊട്ടിച്ചിടുന്നു, ‘ആൺ മക്കൾ’ പാത്രങ്ങൾ തുടച്ച് ഡൈനിങ് ‍‍േടബിളിലേക്ക് എടുത്തു വയ്ക്കുന്ന തിരക്കിൽ.

‘ഇന്ദു ചൂ‍‍ഡൻ’ അടുക്കളിയിൽ കയറുമോ ?

ഷാജി കൈലാസ് പൊട്ടിച്ചിരിക്കുന്നു.

shaji-kailas-and-family-sons

‘‘മോനേ, നിങ്ങൾ സിനിമയെ സിനിമയായി കാണൂ. അത് എന്‍റർടെയ്നറാണ്. അ താണോ ജീവിതം? നരസിംഹം സംവിധാനം ചെയ്തതു കൊണ്ട് ഞാൻ അടുക്കളയിൽ കയറില്ലെന്നു പറയാനാവുമോ?

എന്റെ മൂന്ന് ആൺമക്കളും വീട്ടിലെ എല്ലാ ജോലിയും ചെയ്യും. പെൺകുട്ടികൾ മാത്രമാണ് അടുക്കളയിൽ കയറണ്ടത് എന്നൊന്നും ഞാനും ചിത്രയും(ആനി) അവരെ പഠിപ്പിച്ചിട്ടില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധിയും അറിയിച്ചു തന്നെയാണ് വളർത്തിയിരിക്കുന്നത്. എന്തു വാങ്ങുമ്പോഴും ബ്രാൻഡു മാത്രമല്ല പ്രൈസ് ടാഗും കൂടി അവർ‌ നോക്കാറുണ്ട്.’’

വെടിമരുന്നും തീപ്പൊരിയും പോലെ രൺ‌ജി പണിക്കരും ഷാജി കൈലാസും എന്നാണ് കണ്ടു മുട്ടുന്നത്?

ആ കണ്ടു മുട്ടൽ എന്നെങ്കിലും ഉണ്ടായേക്കാം. ഞാൻ ദൈവവിശ്വാസിയാണ്. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു. കർമ്മം ചെയ്യുക മാത്രമാണ്. അമിതമായ ആഗ്രഹങ്ങളൊന്നുമില്ല. ഇത്രയും നാൾ വീട്ടിലിരുന്നില്ലേ? ഇനി സിനിമയിലേക്ക് വീണ്ടും പോരൂ എന്നു പറഞ്ഞ് കൈ പിടിച്ചു കൊണ്ടു വന്നതായാണ് എനിക്കു തോന്നിയത്.

എലോൺ തന്നെ അങ്ങനെയുണ്ടായ സിനിമയാണ്. കോവിഡ് കാലത്ത് എല്ലാവരും വീട്ടിലിരുന്നപ്പോൾ ലാൽസാർ തന്ന സിനിമ. വെറും ഇരുപതു ദിവസം കൊണ്ടാണതുണ്ടായത്. കോവഡ് കാരണം സാമ്പത്തികമായി എല്ലാവരും തളർന്നു പോയപ്പോൾ ആ സിനിമ ഒരുപാടു പേർക്ക് കൈത്താങ്ങായി.

ഇൻറർവ്യൂവിന്റെ പൂർണ രൂപം ഈ ലക്കം വനിതയിൽ