Thursday 15 July 2021 04:07 PM IST

‘പുറത്തൊക്കെ വച്ചു കാണുമ്പോൾ അമ്മമാർ വന്നു കെട്ടിപ്പിടിക്കും’: ശിവാഞ്ജലി ഫാൻസിന്റെ പ്രിയനായിക: ഗോപിക പറയുന്നു

Roopa Thayabji

Sub Editor

gopika

ചേച്ചിയും അനിയത്തിയും ഒന്നിച്ച് അഭിനയം തുടങ്ങുക, അതും സാക്ഷാൽ മോഹൻലാലിന്റെ മക്കളായി. ബാലതാരങ്ങളായി തിളങ്ങിയ ശേഷം പതിയ സ്ക്രീൻ വിട്ട ഇരുവരുടെയും മടങ്ങിവരവും ഒന്നിച്ച്. ‘ബാലേട്ടനി’ലെ ലാലേട്ടന്റെ മക്കളായി തിളങ്ങിയ ഗോപികയ്ക്കും കാർത്തികയ്ക്കുമാണ് സീരിയലിലൂടെയുള്ള മടങ്ങി വരവിലും ഒന്നിച്ചെത്താനായത്.

ഇപ്പോൾ ‘സാന്ത്വന’ത്തിലെ നായികയായി തകർക്കുകയാണ് ചേച്ചി. ‘ശിവാഞ്ജലി’ ഫാൻസിന്റെ നെഞ്ചിൽ ഇഷ്ടക്കൂടു കൂട്ടിയ കഥ പറയുമ്പോഴേ ഡോ. ഗോപിക അനിൽ ചിരിച്ചു തുടങ്ങും. ‘‘ഫാൻസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധിക്കാറുണ്ട്. പുറത്തൊക്കെ വച്ചു കാണുമ്പോൾ അമ്മമാർ വന്നു കെട്ടിപ്പിടിക്കും. കോവിഡ് ആയതുകൊണ്ട് ആ സ്നേഹം അൽപം ‘അപകട’വുമാണ് ഇപ്പോൾ...’’

ശിവാഞ്ജലിയെ മാത്രമല്ല, ‘സാന്ത്വനം’ കുടുംബത്തെയും പ്രേക്ഷകർ ഏറ്റെടുത്തു ?

അഭിനയിക്കുന്ന എല്ലാവരും ഒരു കുടുംബം പോലെ തന്നെയാണ്. ചിപ്പിച്ചേച്ചിയും രഞ്ജിത്തേട്ടനും വലിയ കരുതലാണ് നൽകുന്നത്. പ്രൊഡക്‌ഷൻ ടീമിന്റെ സപ്പോർട്ടും ഈ വിജയത്തിനു പിന്നിലുണ്ട്. ‘സാന്ത്വനം’ കുടുംബത്തിലെ ഓരോരുത്തരെയും പേരെടുത്തു പറയാൻ പറ്റില്ലല്ലോ എന്നേ വിഷമമുള്ളൂ. എനിക്കു ഡബ് ചെയ്യുന്ന പാർവതി പ്രകാശിനാണ് എന്റെ റോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതിന്റെ പകുതി ക്രഡിറ്റ്.

പിന്നെ, കൂടെ അഭിനയിക്കുന്ന ശിവേട്ടന്റെ, സോറി സജിൻ ചേട്ടന്റെ സപ്പോർട്ട്. ചേട്ടന്റെ റിയൽ വൈഫ് ഷഫ്ന ചേച്ചിയും സൂപ്പറാ. ഷൂട്ടിങ് തുടങ്ങിയ അന്നാണ് ഞാനും കീ ർത്തനയും ചേച്ചിയെ ആദ്യമായി കാണുന്നത്. ഇപ്പോൾ ഞങ്ങൾ നാലുപേരുമാണ് ലൊക്കേഷനിലെ ഗ്യാങ്. ഷൂട്ടിങ്ങിനായി പോകുമ്പോൾ കോഴിക്കോടൻ സ്വീറ്റ്സ് ഒക്കെ ചേച്ചിക്കു വേണ്ടി കൊണ്ടുപോകാറുമുണ്ട്.

‘ബാലേട്ടന്റെ മക്കൾ’ എന്ന വിളി ഇപ്പോഴും കേൾക്കാറുണ്ടോ ?

‘ബാലേട്ടനി’ൽ അഭിനയിക്കുമ്പോൾ ‍ഞാൻ നാലിലും അനിയത്തി ഒന്നിലുമാണ്. സിനിമ റിലീസാകുന്നതിന്റെ തലേന്ന് പോസ്റ്റർ കാണാൻ അച്ഛന്റെ കൂടെ ബൈക്കിലിരുന്ന് ടൗൺ മുഴുവൻ കറങ്ങി. അന്ന് അടർത്തിയെടുത്തു സൂക്ഷിച്ചു വച്ച പോസ്റ്റർ ഇപ്പോഴും കയ്യിലുണ്ട്. പിറ്റേന്ന് സ്കൂളിലേക്ക് ചെന്നപ്പോൾ മുതിർന്ന ക്ലാസിലെ ചേച്ചിമാരൊക്കെ പരിചയപ്പെടാൻ വന്നത് രസമുള്ള ഓർമയാണ്.

ബാലതാരമായി അഭിനയിക്കാൻ അവസരം വന്നത് എങ്ങനെ ?

2001ൽ, ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഷാജി കൈലാസ് സാറിന്റെ ‘ശിവം’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. അച്ഛന് അഭിനയിക്കാൻ ചാൻസ് തേടിയാണ് ഞങ്ങളെല്ലാം കൂടി ലൊക്കേഷനിലേക്ക് പോയത്. അപ്പോൾ അവിചാരിതമായി അനിയത്തിക്ക് അവസരം കിട്ടി. വീടിന്റെ മുന്നിൽ ഇരുന്നു കളിക്കുന്ന കീർത്തന, ബിജു മേനോൻ അങ്കിൾ ജീപ്പിൽ വരുമ്പോൾ ‘അച്ഛാ...’ എന്നു വിളിച്ച് ഓടി ചെല്ലുന്നതാണ് സീൻ. മേക്കപ്പൊക്കെ ഇട്ടു, ഡയറക്ടർ ആക്‌ഷൻ പറഞ്ഞു, ബിജു അങ്കിൾ വന്നു. പക്ഷേ, കീർത്തന അനങ്ങുന്നില്ല. ‘എന്റെ അച്ഛൻ ഇതല്ല, എന്റെ അച്ഛനെ മാത്രേ അച്ഛാ എന്നു വിളിക്കൂ...’ എന്നു പറഞ്ഞ് അവൾ ഒറ്റ കരച്ചിൽ.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ആരൊക്കെയോ വന്ന് എന്നെ മേക്കപ് ചെയ്യുന്നു, അവൾ അഭിനയിക്കാനിരുന്ന സീൻ എന്നെ കൊണ്ട് അഭിനയിപ്പിക്കുന്നു. അങ്ങനെയായിരുന്നു സിനിമയിലെ എന്റെ അരങ്ങേറ്റം. അതിനു ശേഷമാണ് ‘ബാലേട്ടൻ’. ‘മയിലാട്ട’ത്തിൽ രംഭയുടെ കുട്ടിക്കാലമാണ് ചെയ്തത്, അതിന് അര ദിവസത്തെ ഷൂട്ടിങ്ങേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മൂന്നുനാലു വർഷത്തേക്ക് ഓഫറൊന്നും വന്നില്ല. ‘പാഠം ഒന്ന് ഒരു വിലാപം’, ‘സദാനന്ദന്റെ സമയം’ കുറേ സീരിയലുകൾ.... ഒക്കെയായി കീർത്തന അപ്പോഴേക്കും ബിസിയായി.

ലാലേട്ടനൊപ്പം മാത്രമല്ല മമ്മൂക്കയ്ക്കൊപ്പവും അഭിനയിച്ചു ?

ബാലേട്ടനി’ൽ ഞങ്ങൾ രണ്ടുപേരും ലാലേട്ടന്റെ മക്കളാ യി അഭിനയിച്ചു. ‘വേഷ’ത്തിൽ അനിയത്തിയാണ് മമ്മൂക്ക യുടെ മോളായി അഭിനയിച്ചത്. ‘വേഷ’ത്തിന്റെ ഷൂട്ടിങ് കോഴിക്കോടു വച്ചായിരുന്നു. അതുകൊണ്ട് സ്കൂൾ ഇല്ലാത്ത ദിവസം ഞാനും പോകും. മമ്മൂക്കയോടു സംസാരിച്ചതൊക്കെ ചെറുതായേ ഓർമയുള്ളൂ.

ബാലേട്ടന്റെ ഷൂട്ടിങ്ങിനിടയിൽ എനിക്കു പനി വന്നു. പനി ഉള്ളപ്പോൾ അഭിനയിക്കുന്നതു കൊണ്ട് ലാലേട്ടൻ നല്ല കെയറിങ് ആയിരുന്നു. ‘നന്നായി അഭിനയിച്ചാൽ കുതിരയെ വാങ്ങി തരാം’ എന്നായിരുന്നു ലാലേട്ടന്റെ ഓഫർ. ലാലേട്ടന്റെ വീട്ടിൽ കുറേ കുതിരകളുണ്ടത്രേ. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും. സുധീഷേട്ടനും നിത്യാ ദാസ് ചേച്ചിയുമായിരുന്നു ആ ലൊക്കേഷനിലെ ഞ ങ്ങളുടെ കൂട്ട്.

സ്കൂളിലും സ്റ്റേജിൽ സജീവമായിരുന്നോ ?

ഞാനും കീർത്തനയും പത്താം ക്ലാസു വരെ വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂളിലും അതിനു ശേഷം പ്രോവിഡൻസിലുമാണ് പഠിച്ചത്. സ്കൂൾ കലോത്സവത്തിനു നാടകം, തിരുവാതിര, ഒപ്പന, ഗ്രൂപ്പ് ഡാൻസ് ഒക്കെയായി ഞാൻ മത്സരിക്കാത്ത ഇനങ്ങളില്ലായിരുന്നു. പ്ലസ് വണ്ണിനു പഠിക്കുന്ന കാലത്താണ് ഷൊർണൂരിലുള്ള നാരായണൻ ചാക്യാർ മാഷുടെ കീഴിൽ കൂടിയാട്ടം പഠിച്ചത്. രണ്ടു വർഷം സംസ്ഥാന തലത്തിലും മത്സരിച്ചു.

കോളജിൽ പഠിക്കുന്ന സമയത്ത് ഒരുപാട് സീരിയലുകളിലേക്ക് ഓഫർ വന്നെങ്കിലും അച്ഛൻ അതൊന്നും ഞ ങ്ങളോടു പറഞ്ഞേയില്ല. പഠിത്തം കഴിയട്ടെ എന്നതായിരുന്നു തീരുമാനം. ഞാൻ കർണാടകയിലെ എസ്ഡിഎം ആ യുർവേദ കോളജിൽ നിന്ന് ആയുർവേദ മെഡിസിൻ ബിരുദം പൂർത്തിയാക്കി. കീർത്തന ചെന്നൈ എസ്ആർഎമ്മിൽ ഒന്നാം വർഷ എംടെക് വിദ്യാർഥിയാണ്.

രണ്ടാം വരവിനും അനിയത്തി തന്നെ കാരണമായി ?

കോളജ് കഴിഞ്ഞു നാട്ടിൽ വന്ന് പിജിയെ കുറിച്ച് ആലോചിച്ചിരിക്കുന്ന സമയത്താണ് അനിയത്തിക്ക് സീരിയലിലേക്ക് ഓഫർ വന്നത്. അച്ഛൻ അയച്ചുകൊടുത്ത പടങ്ങളിൽ ഞങ്ങൾ രണ്ടും കൂടിയുള്ള ഒന്നു രണ്ടെണ്ണവും ഉണ്ടായിരുന്നു. അതിൽ കണ്ടിട്ടാണ് എന്നെ ‘കബനി’യായി കാസ്റ്റ് ചെയ്തത്. പിജി എൻട്രൻസ് എഴുതാനായി തയാറാകുന്നതിനിടയിൽ അഭിനയിക്കേണ്ട എന്നൊക്കെ ആദ്യം കരുതി. രണ്ടുപേർക്കും ഒന്നിച്ച് അഭിനയിക്കാമല്ലോ എന്ന സൗകര്യം കൊണ്ടാണ് വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത്.

ലോക്‌ഡൗണിൽ സീരിയലൊക്കെ നിന്നു പോയല്ലോ ?

സീരിയലിനായി 15 ദിവസം തിരുവനന്തപുരം, 15 ദിവസം സ്വന്തം നാടായ കോഴിക്കോട് എന്നതായിരുന്നു ഷെഡ്യൂൾ. ഷൂട്ടിങ് കഴിഞ്ഞു വന്നാൽ രണ്ടുദിവസം ഫുൾ ഉറക്കം തന്നെ. അടുത്ത ഷെഡ്യൂളിനു രണ്ടുദിവസം മുൻപേ കോവിഡ് ടെസ്റ്റ് അടക്കമുള്ള തിരക്കുകൾ വീണ്ടും തുടങ്ങും.

കഴിഞ്ഞ ലോക്‌ഡൗൺ കാലത്ത് ‘കബനി’ നിന്നുപോയി. അപ്പോഴാണ് പ്രൊഡക്ഷൻ കൺട്രോളർ സജി സൂര്യ ഒരു ഓഡിഷന്റെ കാര്യം പറയുന്നത്. അങ്ങനെയാണ് സാന്ത്വനത്തിലേക്ക് സെലക്ട് ആയത്. ഇപ്പോൾ തൽകാലം സീരിയൽ നിർത്തി വച്ചിരിക്കുകയാണ്.

പഠിത്തം കഴിഞ്ഞെങ്കിലും പ്രാക്ടീസ് തുടങ്ങാനൊന്നും സമയം കിട്ടിയില്ല ഇത്രനാളും. അഭിനയത്തിനിടയിൽ ഇനി അതിനും സമയം കണ്ടെത്തണം.

അഭിനയം, പ്രാക്ടീസ്... പ്രതിഫലമൊക്കെ എന്തു ചെയ്യുന്നു ?

പൈസ അത്യാവശ്യം ചെലവാക്കുന്ന കൂട്ടത്തിലാണ്. എ നിക്കു ഫോൺ വാങ്ങിയതിനു പുറമേ അനിയത്തിക്കും ഫോൺ വാങ്ങി കൊടുത്തു. പിന്നെ, സീരിയലിനു വേണ്ടിയുള്ള കോസ്റ്റ്യൂം ഷോപ്പിങ്ങുണ്ട്. ലോണടയ്ക്കാനൊക്കെ അച്ഛനു പൈസ കൊടുക്കും. കുറച്ചു സേവിങ്സുമുണ്ട്. അച്ഛൻ അനിൽ കുമാർ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ ബീന അനിലാണ് ഷൂട്ടിങ്ങിനു ഞങ്ങൾക്കു കൂട്ടു വരുന്നത്. അഭിനയത്തിൽ സജീവമായി നിൽക്കാനാണ് ഇപ്പോഴത്തെ വലിയ ആഗ്രഹം.