സുഹറ, സിമി, ഹരിപ്രിയ... ഇതില്‍ ഗ്രേസിന്റെ സ്വഭാവമുള്ളത് ആരാണ് ?
ഏത് ടൈപ് കഥാപാത്രമായാലും ഗ്രേസ് ആള് വേറെയാണ്. ഞാൻ അഭിനയിച്ച കഥാപാത്രങ്ങളിലൊന്നും ഗ്രേസ് ഒട്ടും തന്നെ ഇല്ല. അങ്ങനെയൊരു ചെറിയ നിർബന്ധം എനിക്കുണ്ട്. സംസാരം, ശരീരഭാഷ എല്ലാം കഥാപാത്രത്തിന്റേതാകണം. അതിനുവേണ്ടി കഷ്ടപ്പെടാറുണ്ട്. ഇഷ്ടത്തോടെയുള്ള ആ ശ്രമത്തിന്റെ ഫലമാണ് എന്റെ കഥാപാത്രങ്ങൾ.
കനകത്തിലെ ഹരിപ്രിയക്ക് വേണ്ടി വളരെ സ്പീഡിൽ ഡയലോഗ് പറയാൻ തീരുമാനിച്ചു. സ്വാഭാവികത തോന്നാൻ മുറിക്കാതെ പറയണം. ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ, എനിക്കത് ഇഷ്ടമാണ്.
ഗ്രേസിന്റെ ശരിക്കുമുള്ള സ്വഭാവമെന്താണ് ?
വളരെ ഇമോഷനലാണ്. ഇഷ്ടങ്ങളും അനിഷ്ടങ്ങളും സന്തോഷവും സങ്കടവും ഒന്നും പ്രകടമായി കാണിക്കുന്ന പ്രകൃതമല്ല. ഞാൻ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഇമോഷൻസ് പ്രകടിപ്പിക്കുന്നവരായിരുന്നു.
ഞാനാണെങ്കിൽ ഒരാളോട് അടുക്കാൻ സമയമെടുക്കും. എന്നാൽ ഒരു ഹായ് പറയുന്നവരെപ്പോലും ശ്രദ്ധിക്കും. അവരുടെ സംസാരരീതിയും ചലനങ്ങളുമെല്ലാം ഓർമയിൽ നിൽക്കും. ചില കഥാപാത്രങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ കണ്ട ചിലരെ ഓർമ വരികയും അവരുടെ രീതി ഉപയോഗിക്കുകയും ചെയ്യാറുണ്ട്.
സിനിമയിൽ കണ്ട ലുക്ക് അല്ല നേരിട്ടു കാണുമ്പോൾ?
കുമ്പളങ്ങിയിൽ ഡൾ ലുക്ക് ആയിരുന്നു. അതായിരുന്നു കഥാപാത്രത്തിന്റെ മുഖം. ബ്യൂട്ടി പാർലറിൽ പോകരുത്, ത്രെഡ് ചെയ്യരുത് എന്നെല്ലാം പറഞ്ഞിരുന്നു.
‘കനകം’ ഒഴിച്ചുള്ള മറ്റെല്ലാ ചിത്രത്തിലും ഡീ ഗ്ലാമറൈസ്ഡ് ലുക്ക് ആവശ്യമായിരുന്നു. ‘അയ്യോ... എന്നെ ഇങ്ങനെ ആക്കിയല്ലോ’ എന്ന് കരുതാറില്ല. മറിച്ച് നല്ല ഒരു കഥാപാത്രം കിട്ടിയല്ലോ എന്ന സന്തോഷമാണ്. ‘കനകം’ അഭിനയിക്കുമ്പോൾ ഷോർട്ട് ഹെയറായിരുന്നു. വിഗ് വച്ചാണ് അഭിനയിച്ചത്.
മികച്ച റോളുകൾ തിരഞ്ഞെടുപ്പിന്റെ ഫലം കൂടിയല്ലേ ?
തീർച്ചയായും. ടീം, സംവിധായകൻ, കഥ, തിരക്കഥ. സിനിമയിൽ എന്റെ കഥാപാത്രം എങ്ങനെയാണ്? ഇതൊക്കെ വ്യക്തമായി മനസ്സിലാക്കും. സ്ക്രിപ്റ്റ് വായിക്കുമ്പോൾ മനസിൽ വിഷ്വൽ വരും അതിനെയാണ് വർക്ക് ചെയ്യുന്നത്. ന ല്ല അഭിനയം അല്ലെങ്കിൽ പണി ഉണ്ടാകില്ല.
സാധാരണക്കാരായ ആളുകൾ നേരിട്ട് കഥാപാത്രത്തിന്റെ പേര് വിളിച്ചു അഭിനന്ദിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം. ‘അപ്പൻ’ ‘ചട്ടമ്പി’ എന്നിവയാണ് വരാനിരിക്കുന്ന സിനിമകൾ. സിനിമയിൽ ഒന്നോ രണ്ടോ രംഗത്ത് വെറുതെ വന്നുപോകുന്നതായാലും കഥാപാത്രം നന്നായാൽ ആളുകൾ ഓർത്തിരിക്കും. അതു തിരിച്ചറിഞ്ഞ്വേണം തിരഞ്ഞെടുപ്പ് എന്ന് മാത്രം.
ബോഡി ഷെയ്മിങ്ങും കളിയാക്കലുകളും അതിജീവിച്ചാണ് ഗ്രേസ് കഴിവ് തെളിയിച്ചത് ?
ഒരു കുട്ടി അത്‌ലീറ്റ് ആകാൻ ആഗ്രഹിക്കുന്നു എന്നു വ യ്ക്കൂ. ‘നീ പി.ടി. ഉഷ ആകാൻ പോകുകയാണോ’ എന്നായിരിക്കും ആളുകൾ ചോദിക്കുക. പി.ടി. ഉഷ അത്‌ലീറ്റ് ആ കാൻ ആഗ്രഹിച്ച കുട്ടിയായിരുന്നു എന്ന് ആരും ഓർക്കില്ല.
അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്റെ അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകൾ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതും. അതിന് ചെവികൊടുക്കാതിരിക്കുക.
എനിക്ക് വണ്ണം കൂടുതലാണ് എന്നു പറഞ്ഞവരുണ്ട്. അവർക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിനു വേണ്ടിയാണ് ഞാൻ വണ്ണം വച്ചതെന്ന്. നമ്മൾ വണ്ണം വ യ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ടാകാം. ഭക്ഷണം ഇഷ്ടമാണെങ്കിൽ നിങ്ങൾ കഴിക്കുക. മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റിവയ്ക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങൾ മനസ്സിലേക്ക് എടുത്താൽ അതാലോചിച്ചു വിഷമിക്കാനേ നേരം കാണൂ.
ക്രിസ്മസിന് എന്താണ് പരിപാടി ?
ക്രിസ്മസിന് എങ്ങനെയും വീട്ടിൽ എത്തിയാൽ മതിയെ ന്ന് തോന്നും എനിക്ക്. ക്രിസ്മസ് ഡെക്കറേഷൻ പണ്ടേ ഞാനാണ് ചെയ്യാറുള്ളത്. തെനയരി പാകി പുല്ല് മുളപ്പിച്ചാണ് പുൽക്കൂടും പരിസരവും ഉണ്ടാക്കുന്നത്. പപ്പ ലൈറ്റ് സെറ്റിങ്സ് ചെയ്യും. പാതിരക്കുർബാനയ്ക്കായി പള്ളിയിലേക്കുള്ള യാത്രയും കാരളും ഒക്കെയായിരുന്നു കുട്ടിക്കാലത്തെ ക്രിസ്മസ് സന്തോഷങ്ങൾ.
ഡിസംബർ 25 ന് ഞങ്ങൾ കൊച്ചിയിലെ അമ്മ വീട്ടിൽ കൂടും. തറവാട്ടിലെ എല്ലാവരും വരും. ക്രിസ്മസിനോട് അ ടുത്താണ് അവിടെ പള്ളി പെരുന്നാള്. അതും കഴിഞ്ഞ് ന്യൂ ഇയറും ആഘോഷിച്ചേ മടങ്ങൂ.
ചേച്ചി ഇപ്പോൾ ‘സ്വീറ്റ് ബേ’ എന്നൊരു ഓൺലൈൻ ബിസിനസ് തുടങ്ങി. ക്രിസ്മസ് സമയം ചേച്ചിക്ക് തിരക്കായിരിക്കും. അതിന്റെ സന്തോഷവും ചേച്ചിയുടെ പുതിയ കേക്ക് രുചികൾ ആസ്വദിക്കലും ഒക്കെയായി വർഷത്തിലെ ഏറ്റവും സന്തോഷമുള്ള നാളുകളാണ് ക്രിസ്മസ് കാലം.