Wednesday 29 August 2018 02:14 PM IST

ജാതിയും മതവുമില്ലാത്ത ‘മുത്തി’ന് സ്കൂളിൽ വച്ച് ‘മണി’ കെട്ടി! പേരു വന്ന കഥ പറഞ്ഞ് മുത്തുമണി

Roopa Thayabji

Sub Editor

muth-new ഫോട്ടോ: ശ്യാംബാബു

മുത്തുമണി എന്ന പേരു കേട്ടാൽ ആദ്യം മനസ്സിലേക്കെത്തുക മുത്തു പൊഴിയുന്ന പോലുള്ള ചിരിയും കുറുമ്പു നോട്ടവുമാണ്. നെറ്റിയിലേക്ക് വീണുകിടക്കുന്ന ചുരുളൻ മുടികൾക്കിടയിലൂടെ നീണ്ടെത്തുന്ന നോട്ടത്തിൽ അൽപം കുശുമ്പുമുണ്ടോ എന്നു സംശയം. പക്ഷേ, ആ ഇമേജ് അങ്ങ് മാറ്റിയെഴുതി ഈ മിടുക്കി. ‘അങ്കിൾ’ കണ്ടവർ കയ്യടിയോടെ തിയറ്റർ വിട്ടത് ഈ ‘മുത്തി’ന്റെ അപാര ക്ലൈമാക്സ് പെർഫോമൻസ് കണ്ടാണ്. 

mani

‘‘അവസാന നിമിഷത്തിലാണ് ‘അങ്കിളി’ലെ ഈ വേഷത്തിലേക്ക് വന്നത്. അവിചാരിതമായി എത്തിപ്പെട്ട് ഇത്ര നല്ല റിവ്യൂ കിട്ടുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്.’’ നാടകവും സിനിമയും പഠിത്തവും നിറഞ്ഞ ജീവിതത്തിന്റെ ചിരിയും സന്തോഷവും മുത്തുമണി പറയുന്നു. 

ഇമേജ് ബ്രേക്ക് ചെയ്ത സുഖമുണ്ടോ ?

അൽപം കുറുമ്പും അസൂയയും ഒക്കെയുള്ള റോളുകളാണ് ചെയ്തിരുന്നതെങ്കിലും അവരൊക്കെ തന്റേടികളുമായിരുന്നു. അഭിപ്രായവും ഇഷ്ടവും തുറന്നുപറയാൻ മടിക്കാത്തവർ. സ്വന്തമായി അഭിപ്രായമുള്ള, ഒരു വീട്ടമ്മയാണ് ‘അങ്കിളി’ലെ ലക്ഷ്മി. പക്ഷേ, എനിക്കുവേണ്ടി വച്ചിരുന്നത് മറ്റൊരു കഥാപാത്രമാണ് എന്നതാ രസമുള്ള കാര്യം. ഈ വേഷം ചെയ്യാനിരുന്നയാൾക്ക് പെട്ടെന്നു വരാൻ പറ്റാതായി. അങ്ങനെയാണ് ദീപാവലി ആഘോഷിക്കാൻ റാന്നിയിലെ അമ്മവീട്ടിലേക്ക് പോയ എ ന്നെ ജോയ് മാത്യു ഏട്ടൻ വിളിച്ചത്. ‘റോൾ മാറി, അടുത്ത ദിവസം തന്നെ ജോയിൻ ചെയ്യണം’ എന്നു മാത്രം പറഞ്ഞു. 

ഷൂട്ടിങ്ങിനു വന്ന് ഡയലോഗ് കയ്യിയിൽ കിട്ടിയപ്പോഴാ ക്ലൈമാക്സ് മനസ്സിലായത്. ഒട്ടും റിലേറ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ്, ഭാഷ, പ്രായം ഒക്കെ. തീരെ കോൺഫിഡൻസില്ലെന്ന് പറഞ്ഞപ്പോൾ ജോയ് ഏട്ടൻ പറഞ്ഞു, ‘നിനക്ക് ഇല്ലെന്നേയുള്ളൂ, എനിക്ക് നല്ല കോൺഫിഡൻസുണ്ട്.’ 

ടീനേജുകാരി മകളുടെ അമ്മ; ആ ടെൻഷൻ എങ്ങനെ അറിയാം ?

സിനിമയിൽ കണ്ടതൊക്കെ എന്റെ ടെൻഷൻ തന്നെയാണ്. മമ്മൂക്കയുടെ ഷെഡ്യൂളിലെ അവസാന ദിവസമായതിനാൽ ഞാൻ നേരേ ചെന്നുകയറിയത് ക്ലൈമാക്സിലേക്കാണ്. എപ്പോഴും ഔട്ട്ഡോർ ഷൂട്ട് ടെൻഷനാണ്. ക്ലൈമാക്സ് സീനിൽ ക്രൂവിനെ കൂടാതെ കുറെ നാട്ടുകാരുണ്ട്. അത്യാവശ്യം നീളമുള്ള ഡയലോഗുകളും. ആദ്യ ദിവസത്തിന്റെ ടെൻ ഷനിൽ നിൽക്കുമ്പോഴാണ് ‘സ്റ്റെഡി ക്യാം വച്ച് ഫുൾ ഷോ ട്ട് പോകാം’ എന്ന് അഴകപ്പൻ സാർ പറഞ്ഞത്. ‘ഡയലോഗിൽ ഇല്ലാത്തത് എന്തെങ്കിലും പറഞ്ഞാലും കുഴപ്പമില്ല, സീനിന്റെ മൂഡ് നിലനിർത്തിയാൽ മതി’ എന്നു ജോയ് ഏട്ടൻ ധൈര്യം തന്നു. നടന്നതിനിടയിൽ ചെരുപ്പ് സ്ലിപ് ആകുന്നതും നിന്നിട്ട് വീണ്ടുമിട്ട് നടക്കുന്നതുമെല്ലാം സംഭവിച്ചതു തന്നെയാണ്. കോഴിക്കോടു ഭാഷ അത്ര വഴങ്ങാതിരുന്നപ്പോൾ ഉള്ള്യേരിക്കാരനായ സംവിധായകൻ ഗിരീഷ് ദാമോദറാണ് സഹായിച്ചത്.  

കാർത്തിക ഒറ്റയ്ക്കാ ഷൂട്ടിങ്ങിനു വന്നത്. ഞാൻ ചെല്ലുമ്പോൾ അവൾക്ക് പനി പിടിച്ച് കണ്ണൊന്നും തുറക്കാൻ വയ്യ. അവളെ കെയർ ചെയ്യുമ്പോൾ അമ്മ ഫീൽ കുറച്ചൊക്കെ വന്നു. ക്ലൈമാക്സ് കഴിഞ്ഞപ്പോഴാണ് റിലാക്സേഷനായത്. വലിയ സന്തോഷം അതായിരുന്നില്ല. സിനിമയുടെ പ്രമോഷനിടെയാണ് ജോയ് ഏട്ടൻ ആ രഹസ്യം വെളിപ്പെടുത്തിയത്. കാസ്റ്റ് ചെയ്തിരുന്ന ആൾക്ക് വരാൻ പറ്റാതായപ്പോൾ ടെൻഷനടിച്ചവരോട് എന്റെ പേര് സജസ്റ്റ് ചെയ്തത് മമ്മൂക്കയാണ്. അതുകൊണ്ട് ഈ സന്തോഷത്തിന് ഇരട്ടി മധുരം.

muth-3

രണ്ടു സൂപ്പർ സ്റ്റാർസിനൊപ്പവും തിളങ്ങി ?

ഇത്ര നന്നായി അഭിനയിക്കുകയും പെരുമാറുകയും ചെയ്യുന്നതിനിടയിലും ഇവർ അപ്ഡേറ്റായി ഇരിക്കുന്നത് കണ്ട് നമ്മൾ അദ്ഭുതപ്പെടും. എക്സാമോ മറ്റോ വന്നാൽ ആ ആഴ്ച പത്രം പോലും വായിക്കാൻ മടിക്കുന്നയാളാ ഞാൻ. പക്ഷേ, ഇവർക്ക് പഴയതും പുതിയതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാം. ‘കർണഭാരം’ നാടകം ചെയ്ത ഉടനെയാണ് ലാലേട്ടൻ ‘രസതന്ത്ര’ത്തിലേക്കു വന്നത്. എനിക്ക് നാടകത്തിന്റെ പശ്ചാത്തലമുണ്ടെന്നു അറിഞ്ഞതോടെ സംസാരം അതിനെക്കുറിച്ചായി. മമ്മൂക്ക എപ്പോൾ കണ്ടാലും പുതിയതായി വന്ന നിയമങ്ങളെ കുറിച്ചൊക്കെ സംസാരിക്കും.  

എനിക്കു വേണ്ടി ഡബ്ബ് ചെയ്തവർ ശ്വാസം മുട്ടി മരിച്ചു എന്ന് എല്ലാവരും കളിയാക്കിയിരുന്നു. നല്ല സ്പീഡിലാണ് ഞാൻ സംസാരിക്കാറ്, വാക്കുകൾ കട്ട് ചെയ്യുന്നത് അസ്ഥാനത്തുമാകും. ‘കടൽ കടന്നൊരു മാത്തുക്കുട്ടി’ക്കു വേണ്ടി ഡ ബ്ബ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ഡയലോഗ് എവിടെ കട്ട് ചെയ്യാം, എവിടെ ബ്രീത്ത് എടുക്കാം എന്നൊക്കെ പറഞ്ഞുതന്നത് മമ്മൂക്കയാണ്.  

muth-2

സിനിമയിലേക്ക് നേരിട്ട് എൻട്രിയായിരുന്നോ ?

അച്ഛൻ സോമസുന്ദരനും അമ്മ ഷേർളിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രണ്ടുപേരും അധ്യാപകരാ, സംഗീതനാടക അക്കാദമി അവാർഡ് ജേതാക്കളും. എന്റെയും ചേച്ചിയുടെയും കുട്ടിക്കാലത്ത് പാർക്കിലും മറ്റും പോകുന്ന അതേ താൽപര്യത്തോടെ ഡാൻസും നാടകവും ഗാനമേളയും തിയറ്റർ ഫെസ്റ്റിവലുകളും കാണാനാണ് അവർ കൊണ്ടുപോയത്. അങ്ങനെ കലയുടെ ലോകത്തേക്കു ഞങ്ങളെത്തി. ചേച്ചിയുടെ ഇഷ്ടമേഖല ഡാൻസ് ആയിരുന്നു, എന്റേത് നാടകവും. 

നാടകം അവതരിപ്പിക്കാൻ ‘ലോകധർമി’ ടീമിനൊപ്പം ഗ്രീസിൽ പോയിട്ടുണ്ട്, അതും അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യമാ. നാടകം സെറ്റാക്കി ഇരിക്കുന്ന സമയത്ത് ഫെസ്റ്റിവൽ ഏഴു മാസത്തോളം വൈകി. ഒന്നുരണ്ട് ആർട്ടിസ്റ്റുകൾ മാറിപ്പോയതോടെ എന്നെ അഭിനയിപ്പിക്കാമോ എന്ന് ചന്ദ്രദത്തൻ സാർ അച്ഛനോടു ചോദിച്ചു. അന്നു ഞാൻ പതിനൊന്നാം ക്ലാസിൽ പഠിക്കുകയാണ്. നാൽപതുകളിലെത്തി നിൽക്കുന്ന, രണ്ടു കുട്ടികളുടെ അമ്മവേഷം നാടകത്തിൽ ഞാനഭിനയിച്ചു. ‘മീഡിയ’ എന്ന നാടകവുമായി ഗ്രീസിലെത്തിയ ഞങ്ങൾ ഞെട്ടി. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തിയറ്റർ ഫെസ്റ്റിവലിന്റെ വലിയ ഫ്ലെക്സുകളും ആർച്ചുക ളും. ഫ്ലെക്സ് ബോർഡൊന്നും അന്നു നാട്ടിൽ വന്നിട്ടേയില്ല.  

പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ‘രസതന്ത്രം’, 2006ൽ. അന്ന് ന്യൂവാൽസിൽ ഡിഗ്രി ചെയ്യുകയാണ്. നിയമ സർവ കലാശാല ആയതുകൊണ്ട് ലീവെടുക്കാനും ക്ലാസ് കട്ട് ചെയ്യാനുമൊക്കെ ബുദ്ധിമുട്ട്. സത്യൻ സാർ സിനിമയിലേക്ക് വിളിക്കുമ്പോൾ ഞാൻ വച്ച ഡിമാൻഡും ഇതുതന്നെ, ‘ശനി യും ഞായറും റിപ്പബ്ലിക് ഡേയ്ക്കും മാത്രം വരാം.’ ഭരത് ഗോ പി സാറും ലളിത ചേച്ചിയും ഒടുവിൽ ഉണ്ണിക്കൃഷ്ണനും ഇ ന്നസെന്റും മാമുക്കോയയും ലാലേട്ടനുമൊക്കെയുള്ള സെറ്റി  ൽ ആകെ ഡേറ്റില്ലാത്തത് എനിക്കാണ് എന്നുപറഞ്ഞ് എല്ലാവരും കളിയാക്കുമായിരുന്നു. 

പെൺമക്കളെ വളർത്താൻ അമ്മ ടെൻഷനടിച്ചിരുന്നോ ?

ഞാനും ചേച്ചിയും തമ്മിൽ അഞ്ചു വയസ്സിന്റെ വ്യത്യാസമാണ്. അഞ്ചാം ക്ലാസുമുതൽ സ്കൂളിലേക്ക് പ്രൈവറ്റ് ബസിൽ പോയിവന്ന ആളാണ് ഞാൻ. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ തനിച്ച് ഓട്ടോയിൽ പോകുമായിരുന്നു. അച്ഛനും അമ്മയും ജോലി കഴിഞ്ഞ് എത്താനൊക്കെ വൈകും. ചില പ്പോൾ അവർക്ക് ഡ്യൂട്ടി ഉള്ള ദിവസം ഞങ്ങൾക്ക് ക്ലാസ് കാണില്ല. ഞങ്ങളെ വീട്ടിൽ ഒറ്റയ്ക്കിരുത്തി പോകുന്നതിന് അവർക്ക് യാതൊരു ടെൻഷനുമില്ലായിരുന്നു. പക്ഷേ, ഇന്ന് പലർക്കും പെൺമക്കളെ സ്കൂൾ ബസിൽ പോലും വിടാൻ പേടിയാണ്. തനിച്ച് ഒന്നും ചെയ്യാൻ ധൈര്യമില്ലാത്തവരാണ് ഇന്നത്തെ കുട്ടികൾ എന്നു വേണമെങ്കിൽ കുറ്റം പറയാം. കുട്ടികൾക്കു പുറംലോകവുമായി ബന്ധമൊന്നുമില്ലെന്നും. പക്ഷേ, അവരെ പുറത്തേക്കു വിടാൻ മിക്കവർക്കും ഇന്ന് ധൈര്യമില്ല.

അമ്മ പറയാറുണ്ടായിരുന്നു, 17 വയസ്സൊക്കെ ആകുമ്പോൾ കുട്ടികൾക്ക് വെളിവു വരുമെന്ന്. പക്ഷേ, മക്കളെ വി വാഹം ചെയ്ത് അയച്ചാലൊന്നും അമ്മമാരുടെ ടെൻഷൻ മാറുന്നില്ല. പിന്നെ, ഇപ്പോഴത്തെ കുട്ടികൾ നല്ല ബുദ്ധിയുള്ളവരാണ്. അനാവശ്യ കമന്റുകളോ നോട്ടമോ പെരുമാറ്റമോ വന്നാൽ പ്രതികരിക്കാൻ അവർക്കറിയാം. ഞങ്ങളുടെ കുടുംബത്തിൽ മിക്കവർക്കും പെൺമക്കളുമാണ്. 

മുത്തുമണിയുടെ പേരും മുടിയും സ്പെഷലാണ് ?

muth-new_1 ഫോട്ടോ: ശ്യാംബാബു

പേരു കേൾക്കുമ്പോൾ എല്ലാവരും തമിഴത്തിയാണോ എന്നു ചോദിക്കും. അല്ല എന്നു പറഞ്ഞാൽ പാലക്കാടാണോ എന്നാണ് അടുത്ത ചോദ്യം. പക്ഷേ, പക്കാ കൊച്ചിക്കാരിയാണ്. ജനിച്ചതും വളർന്നതും ഇടപ്പള്ളിയിലെ വീട്ടിലാണ്. അച്ഛനാണ് ഈ പേരിട്ടത്. കുഞ്ഞായിരുന്നപ്പോൾ ചേച്ചിയെ പൊന്നെന്ന് വിളിച്ചു, എന്നെ മുത്തെന്നും. സ്കൂളിൽ ചേർക്കുന്ന കാലത്ത് പേരിനു സാമ്യം വേണമല്ലോ എന്നോർത്താണ് ‘മണി കെട്ടി’യത്. അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യനുമായതു കൊണ്ട് എനിക്കും ചേച്ചിക്കും സർട്ടിഫിക്കറ്റിൽ ജാതിയോ മതമോ വച്ചിട്ടില്ല. വലുതായപ്പോഴും ഏതു മതത്തിൽ വേണമെങ്കിലും വിശ്വസിക്കാനുള്ള അനുവാദം തന്നു. പക്ഷേ, ഞാൻ അമ്പലത്തിലും പള്ളിയിലും പോകും. 

മുടിയുടെ കാര്യവും തമാശയാണ്. അച്ഛന്റെ മുടിയാണ് എനിക്കു കിട്ടിയത്. മൊട്ടയടിച്ചാൽ നീളൻ മുടി വരുമെന്ന് ആരോ പറഞ്ഞതു കേട്ട് ബാർബർ ഷോപ്പിലേക്ക് കൊണ്ടുപോയി. ഒന്നാം ക്ലാസിൽ ചേർക്കുന്നതുവരെ വർഷാവർഷം ഇതു തുടർന്നു. ഓരോ വട്ടം മൊട്ടയടിച്ചപ്പോഴും പഴയതിലും ചുരുണ്ടാണ് മുടി വളർന്നുവന്നത്. പക്ഷേ, ഒരു ഗുണമുണ്ടായി. സ്കൂളിൽ വച്ച് ഫാൻസി ഡ്രസിൽ സ്ഥിരം സായ് ബാബയാ യിരുന്നു. കാവി ജുബ്ബയിട്ട് മുടി അഴിച്ചിട്ടു വന്നാൽ മേക്കപ്പില്ലാതെ തന്നെ ഫസ്റ്റ് പ്രൈസ് ഉറപ്പ്. 

മതത്തിലെ സ്വാതന്ത്ര്യം വിവാഹത്തിലെടുത്തോ ?

ചേച്ചിയുടേത് പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെയായി അവർ അമേരിക്കയിൽ സെറ്റിൽഡാണ്. എന്റേത് ഞങ്ങൾ അറേഞ്ച് ചെയ്ത മാര്യേജ് ആണ്. അരുണിന്റെ കുടുംബത്തെ വളരെക്കാലം മുൻപേ തന്നെ അറിയാമായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് അരുണിന്റെ ഫോൺ, ‘എനിക്ക് വീട്ടിൽ കല്യാണാലോചന തുട ങ്ങി, മുത്തിന്റെ കാര്യം പറയട്ടേ.’ വീട്ടിൽ ചോദിക്കണമെന്നാ യിരുന്നു എന്റെ മറുപടി. ചോദിച്ചപ്പോൾ ‘ഇവൾക്ക് പ്രേമി ക്കാന്‍ പോലും അറിയില്ലേ’ എന്ന മട്ടിൽ അമ്മ പുച്ഛിച്ച് ചിരിച്ചു. ഡിഗ്രി രണ്ടാം വർഷ പരീക്ഷ കഴിഞ്ഞപ്പോഴേക്ക് നിശ്ചയം നടത്തി, പിന്നാലെ വിവാഹവും. അതുകൊണ്ട് പ്രേമിച്ച് നടക്കാനൊന്നും സമയം കിട്ടിയില്ല. നിശ്ചയം കഴിഞ്ഞ സമയത്താണ് ‘രസതന്ത്ര’ത്തിൽ ജോയിൻ ചെയ്തത്. സിനിമ റിലീസായതിന്റെ പിറ്റേ മാസം വിവാഹം നടന്നു. റേഡിയോ മാംഗോ കോഴിക്കോട്– കണ്ണൂർ ഹെഡ് ആയിരുന്നു അരുൺ. ഇപ്പോൾ ജോലി രാജി വച്ച് എഴുത്തും നാടകവും ഒക്കെയായിരിക്കുന്നു.

സിനിമിലും ജീവിതത്തിലും ബോൾഡാണോ ?

അച്ഛനും അരുണും അമ്മാവനുമൊക്കെയായി ജീവിതത്തിൽ കണ്ട പുരുഷന്മാരൊക്കെ ധൈര്യത്തോടെ നിന്നവരും അങ്ങനെ നിൽക്കാൻ പഠിപ്പിച്ചവരുമാണ്. എന്തെങ്കിലും പ്രശ്നം വരുമ്പോൾ പെൺകുട്ടിയാണെന്നു പറഞ്ഞ് മാറി നിൽക്കുന്ന ശീലം പണ്ടേയില്ല. എന്തായാലും ഫെയ്സ് ചെയ്യേണ്ട പ്രശ്നത്തിൽ ഒന്നിടപെട്ട് ലൈറ്റ് ആക്കാൻ പറ്റുമോ എന്നേ നോക്കാറുള്ളൂ. ഭാഗ്യത്തിന് തേടി വന്നതെല്ലാം അങ്ങനെയുള്ള റോളുകളാണ്. പക്ഷേ, റീലിൽ കാണുന്ന ഞാനും റിയൽ ഞാനും ഒരുപോലെയല്ല. വളരെ ആക്ടീവായ ആളല്ല ഞാൻ. എന്റേതായ ചെറിയ ലോകത്തിൽ ഒതുങ്ങിക്കൂടാനാണു മോഹം. വീടും ജോലിയുമല്ലാത്ത തേഡ് പ്ലെയ്സ് വേണമെന്ന മോഹം ഉണ്ടായിരുന്നു. നമ്മുടെ ഇഷ്ടങ്ങളും പാഷനുമൊക്കെ നിറഞ്ഞ ഒരിടം, അതാണ് എനിക്ക് സിനിമ.

അച്ഛൻ മരിച്ചിട്ട് ഏഴുവർഷമായി. അച്ഛനാണ് സിനിമാ ആഗ്രഹങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചത്. ഡിഗ്രി കഴിഞ്ഞതിനു പിന്നാലെ കുറെ സിനിമകളിലേക്കും ജോലിക്കും ഓഫർ വന്നു. ജോലിയാണ് തിരഞ്ഞെടുക്കുന്നത് എന്നുപറഞ്ഞപ്പോൾ അച്ഛൻ ഒന്നേ പറഞ്ഞുള്ളൂ, ‘തിയറ്ററോ സിനിമയോ താൽപര്യമുണ്ടെങ്കിൽ അതു മാറ്റിവച്ച് എങ്ങനെയാണ് ജോ ലിക്ക് പോകുക. തൽക്കാലം ജോലി വേണ്ടെന്നുവച്ച് ഉപരിപഠ നവും സിനിമയും കൂടി ഒന്നിച്ചു കൊണ്ടുപോകൂ.’ കുറച്ചു കാലം ഒരു മൾട്ടിനാഷനൽ കമ്പനിയിൽ ജോലി ചെയ്ത ശേഷമാണ് എൽഎൽഎം ചെയ്തത്. 

പഠനവും സിനിമയും മാത്രമല്ല, യാത്രകളും വീക്നെസാണ്. യാത്ര കഴിഞ്ഞുവന്നാൽ കൂടുതല്‍ എനർജറ്റിക്കാകും. രമേഷും ബിമലും നീനയും ധന്യയും അരുണും ഞാനുമാണ് ട്രാവൽ ബഡ്ഡീസ്. പിന്നെയുള്ള ഇഷ്ടം പാചകമാണ്. നന്നായി വയ്ക്കുകയും കഴിക്കുകയും ചെയ്യും. 

പഠനത്തിനു ബ്രേക്കിടാറായോ ?

‘ഇന്നത്തെ ചിന്താവിഷയം’ ഷൂട്ട് ചെയ്യുമ്പോൾ ഡിഗ്രി ഫൈനൽ ഇയറാണ്. ഉച്ചയ്ക്കു ശേഷം ക്ലാസില്ലെങ്കിൽ വിളിച്ചുപറയും. അപ്പോൾ എനിക്കുള്ള സീനുകൾക്കായി അറേഞ്ച്മെന്റ് ചെയ്യും. ‘ജോമോന്റെ സുവിശേഷങ്ങൾ’ക്ക് ജോയിൻ ചെയ്യുമ്പോൾ എൽഎൽഎം എക്സാമാ. ആപ്ലിക്കേഷൻ ലെവൽ പരീക്ഷയായതിനാൽ ചോദ്യപേപ്പർ വീട്ടിലേക്ക് കൊണ്ടുപോകാം. ലൊക്കേഷനിൽ വച്ച് ഇൻർനെറ്റ് സെർച്ച് ചെയ്യുന്നത് കണ്ട് സത്യൻ സാർ കാര്യമന്വേഷിച്ചു, എക്സാമാണ് എന്നു പറഞ്ഞപ്പോൾ കേട്ടത് ഒരു പൊട്ടിച്ചിരി. കുറേക്കാലമായില്ലേ പഠിനം തുടങ്ങിയിട്ട് എന്നു ചോദിച്ച് കളിയാക്കി. എൽഎൽഎമ്മിനു സെക്കൻഡ് റാങ്കുള്ള വിവരം വിളിച്ചു പറഞ്ഞപ്പോൾ ഉടൻ വന്നു ചോദ്യം, ‘അടുത്തതെന്താ, പിഎച്ച്ഡിയാണോ.’ ഇപ്പോൾ നിയമത്തിൽ തന്നെ പിഎച്ച്ഡി ചെയ്യുകയാണ്. സിനിമയിൽ നിൽക്കുന്നതു കൊണ്ട് ഇന്ത്യൻ ഫിലിം ആൻഡ് കോപ്പിറൈറ്റ് ആണ് വിഷയം. 

muthumani ഫോട്ടോ: ശ്യാംബാബു