ചെന്നൈ നുങ്കമ്പക്കത്തെ വീട്ടില്‍ ‘ഇടി കൊണ്ടു’ വിശ്രമത്തിലാണു കല്യാണി പ്രിയദർശൻ. ന ല്ല ‘പവറാര്‍ന്ന ഇടി’ എന്നു തന്നെ പറയാം. കയ്യിലാകെ നീര്, ശരീരമാസകലം വേദന. പക്ഷേ, ചുണ്ടിലെ ചിരി തെല്ലും മായാതെ കല്യാണി സംസാരിച്ചു. ‘‘ജോഷി സാറിന്റെ പുതിയ ചിത്രമായ ‘അലക്‌സാണ്ടറി’ന്റെ ഷൂട്ടിങ്ങിനിടെ കിട്ടിയതാണ് ഇതൊക്കെ. ആക്‌ഷന്‍ എനിക്കു പറ്റുന്ന പണിയല്ലെന്ന് ഇപ്പോഴാ മനസ്സിലായത്. വീട്ടില്‍ വിശ്രമിക്കുകയാണു കുറച്ചു ദിവസമായി.’’
മലയാളത്തിന്റെ പ്രിയസംവിധായകൻ പ്രിയ ദര്‍ശന്റെയും എവർഗ്രീൻ നായിക ലിസിയുടെ മകള്‍ക്കു സിനിമയും ജീവിതവും രണ്ടല്ല. ജനിച്ചതും വളര്‍ന്നതും വെള്ളിവെളിച്ചത്തില്‍. കല്യാണിയുടെ കുസൃതിയും ചിരിയും മലയാളി ഏറ്റെടുത്തപ്പോള്‍ അവള്‍ നമ്മുടെ ‘വീട്ടിലെ കുട്ടി’യായി.
ചിരിയുടെ രസച്ചരടു പൊട്ടാത്ത പ്രിയദര്‍ശന്‍ ചിത്രം പോലെയാണ് അമ്മു എന്നു വിളിപ്പേരുള്ള കല്യാണിയും. ‘തല്ലുമാല’യിലെ പാത്തുവിനെ പാട്ടിൽ വിശേഷിപ്പിക്കുന്നതു പോലെ സംസാരിച്ചു തുടങ്ങിയാൽ ആരും പറഞ്ഞു പോകും, ‘ഓള് മെലഡീ...’ കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു കല്യാണി പുതിയ വിശേഷങ്ങൾ പറഞ്ഞു.
ആക്‌ഷൻ നായികയാണോ അടുത്തത് ?
‘അലക്സാണ്ടറി’ലെ കഥാപാത്രത്തെ പറ്റി കൂടുതലൊന്നും പറയാനാകില്ല, പറഞ്ഞാൽ ജോഷി സര്‍ എന്നെ കൊല്ലും. ജോജുവേട്ടനും ചെമ്പന്‍ ചേട്ടനും നൈലയുമൊക്കെയാണു ചിത്രത്തിൽ ഒപ്പം ഉള്ളത്. ഒരു കാര്യം മാത്രം പറയാം, എന്നെ സംബന്ധിച്ചു വലിയ വെല്ലുവിളിയുള്ള കഥാപാത്രമാണിത്. അതിന്റെ ടെന്‍ഷനും ആകാംക്ഷയുമൊന്നും മാറിയിട്ടില്ല.
നായികയായ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിട്ടും ടെൻഷനോ ?
യുഎസ്സില്‍ നിന്ന് ആര്‍ക്കിടെക്ചര്‍ പാസ്സായ ശേഷം ആര്‍ട് ഡയറക്ടര്‍ സാബു സിറിളിന്റെ അസിസ്റ്റന്റ് ആയാണു സിനിമയില്‍ എത്തിയത്. പിന്നീടാണു ക്യാമറയ്ക്കു മുന്നിലേക്കുള്ള പ്രമോഷൻ. ഓരോ സിനിമയും ഓരോ പാഠമാണ്. അവ വിജയിക്കുന്നതു ദൈവാനുഗ്രഹം, അല്ലാതൊന്നും പറയാനില്ല.
നടി എന്ന നിലയില്‍ വളരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ‘ശേഷം മൈക്കില്‍ ഫാത്തിമ’യാണു റിലീസാകാനുള്ള പുതിയ ചിത്രം. ഫുട്‌ബോള്‍ ഭ്രാന്തിയായ, സ്പോർട്സ് കമന്റേറ്റർ ആകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ് അതിലെ ക ഥാപാത്രം. മലബാറിലും മലപ്പുറത്തുമൊക്കെയുള്ള പരിചയമുള്ള ചില പെണ്‍കുട്ടികളെ അടുത്തുനിന്നു നിരീക്ഷിച്ചാണ് ‘ഫാത്തിമ’യിലെ പാത്തുവാകാൻ തയാറെടുത്തത്.
മലപ്പുറത്തെ പെണ്‍കുട്ടികളുടെ മുഖത്തു നിന്നു മനസ്സു വായിച്ചെടുക്കാം. ഭയങ്കര എക്‌സ്പ്രസ്സീവാണ് അവരുടെ മുഖം. ശരീരഭാഷയിലും എനര്‍ജി നിറഞ്ഞുതുളുമ്പും. കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി പാത്തു മാറുമെന്ന പ്രതീക്ഷയിലാണ്. അതിനു പിന്നിൽ മറ്റൊരു രഹസ്യം കൂടിയുണ്ടു കേട്ടോ. എന്റെ സ്വഭാവവുമായി പാത്തുവിന് ഏറെ സമാനതകളുണ്ട്. ഷൂട്ടിങ്ങിനിടെ പലപ്പോഴും അങ്ങനെ തോന്നി, 70 ശതമാനം ഞാന്‍ തന്നെയാണു പാത്തു.
‘തല്ലുമാല’യിലും ഉത്സാഹിയായ പാത്തുവായിരുന്നല്ലോ ?
അതിൽ എനിക്ക് അത്ര അധ്വാനം വേണ്ടി വന്നില്ല. അന്നു ഞെട്ടിയതു ടൊവീനോയുടെ അധ്വാനം കണ്ടാണ്. സിനിമയ്ക്കു വേണ്ടി ടൊവി എടുക്കുന്ന എഫര്‍ട്ടൊന്നും എനിക്കു ചിന്തിക്കാനേ പറ്റില്ലായിരുന്നു.
‘തല്ലുമാല’യിലെ മണവാളന്‍ വസീം പയ്യനാണ്. ആ ലുക്കിലേക്കു വരാനായി ശരീരഭാരം കുറയ്‌ക്കേണ്ടിയിരുന്നു. ഷൂട്ടിങ് ദിവസങ്ങളിലെല്ലാം ചിക്കനും സാലഡും മാത്രമാണു ടൊവി കഴിച്ചത്. എത്ര അച്ചടക്കത്തോടെയും പാഷനോടെയുമാണ് അവരൊക്കെ സിനിമയെ സമീപിക്കുന്നത് എന്നു മനസ്സിലായപ്പോഴാണു സിനിമയോടുള്ള എന്റെ കാഴ്ചപ്പാടു തന്നെ മാറിയത്.
നിര്‍മാതാവായ ദുല്‍ഖറിനൊപ്പം, സംവിധായകനായ പൃഥ്വിരാജിനൊപ്പം. അനുഭവങ്ങൾ ഏറെയുണ്ടാകുമല്ലോ ?
‘വരനെ ആവശ്യമുണ്ടി’ൽ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ ആകെ ടെന്‍ഷനിലായിരുന്നു. പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ എന്ന നിലയില്‍ ആളുകള്‍ എന്നില്‍ നിന്ന് ഒരുപാടു പ്രതീക്ഷിക്കും എന്ന ചിന്ത ഹൃദയത്തിന്റെ കനം കൂട്ടി. ഷോട്ടിനു റെഡിയായപ്പോൾ എനിക്കു തന്നെ എന്റെ നെഞ്ചിടിപ്പു ചെവിയിൽ കേള്‍ക്കാം. ഈ ടെന്‍ഷന്‍ മനസ്സിലാക്കിയിട്ടാകും ദുല്‍ഖര്‍ എന്റെയടുത്തു വന്നു സംസാരിച്ചു. ‘അമ്മൂ, ഞാന്‍ കടന്നു പോയ അതേ സാഹചര്യത്തിലാണ് ഇപ്പോള്‍ നീയും. എനിക്ക് ഉപ്പയുടെ സെലിബ്രിറ്റി ഇമേജ് മാത്രം നോക്കിയാല്‍ മതിയായിരുന്നു. നിനക്ക് അതിലേറെ സിനിമാ ഭാരമുണ്ട്. അതൊരു ഉത്തരവാദിത്തമായി എടുക്കൂ. അപ്പോൾ ടെന്‍ഷനില്ലാതെ ജോലിയില്‍ മാത്രം ശ്രദ്ധിക്കാനാകും.’ സത്യത്തില്‍ ആ വാക്കുകള്‍ വലിയ ആശ്വാസം നല്‍കി. ആ ചിത്രത്തിന്റെ നിര്‍മാതാവാണെങ്കിലും നായകനായ ദുൽഖറിന്റെ മുഖമാണ് ഓർമയിലുള്ളത്.
‘ബ്രോ ഡാഡി’യുടെ സമയത്തു ടെൻഷനടിച്ചതു ലാലങ്കിളിനൊപ്പം ക്യാമറയ്ക്കു മുന്നില്‍ നിന്നപ്പോഴാണ്. അ ച്ഛനെപ്പോലെ തന്നെ അടുപ്പവും സ്‌നേഹവും ഉള്ളയാള്‍. അച്ഛന്റെ സെറ്റുകളില്‍ വച്ച് ഒരുപാടു തവണ ആ അ ഭിനയം അടുത്തു നിന്നു കണ്ടിട്ടുമുണ്ട്. പക്ഷേ, ആ ദിവസം ഞാന്‍ ‘കിളി പോയ’ അവസ്ഥയിലായി. ആധി എന്റെ മുഖത്തു കണ്ടിട്ടാകണം ലാലങ്കിള്‍ ധൈര്യം പകര്‍ന്നു. ആദ്യ ഷോട്ട് ഓക്കെയായതോടെ എല്ലാം കൂള്‍ ആയി.
നടനായും സംവിധായകനായും രാജു സൂപ്പറാണ്. എ ല്ലാം കൃത്യമായി പ്ലാന്‍ ചെയ്താണു സെറ്റില്‍ വരിക. അതുകൊണ്ടു നമുക്കും കാര്യങ്ങള്‍ സൂപ്പര്‍ ഈസി. ഏറ്റവും വലിയ തമാശ എന്തെന്നോ, ‘ബ്രോ ഡാഡി’യുടെ ചർച്ചകൾ നടക്കുമ്പോഴാണ് രാജുവിനോടു ജീവിതത്തിൽ ആദ്യമായി സംസാരിക്കുന്നത്. പക്ഷേ, വര്‍ഷങ്ങളുടെ അടുപ്പമുള്ള ഒരാളെന്നാണു തോന്നിയത്. ഇപ്പോൾ ഏതു കാര്യത്തിലും ഉപദേശത്തിന് ആദ്യം വിളിക്കുന്നതു രാജുവേട്ടനെയാണ്.
സിനിമയിലെ കല്യാണി ആളു ജോളിയാണല്ലോ ?
ഷൂട്ടിങ്ങിൽ അല്ലെങ്കിൽ അങ്ങനെ തന്നെ. പ്രശ്‌നങ്ങള്‍ ഓര്‍ത്തു തല പുകയ്ക്കാനൊന്നും എന്നെ കിട്ടില്ല. എല്ലാ ഇമോഷന്‍സും അപ്പോള്‍ പ്രകടിപ്പിക്കുന്ന അച്ഛന്റെ സ്വഭാവമാണ് എനിക്കു കിട്ടിയത്. അമ്മ പക്ഷേ, ഭയങ്കര ബോള്‍ഡാണ്. ഒരു കാര്യം തീരുമാനിച്ചാല്‍ എന്തു തടസ്സം വന്നാലും അതിൽ ഉറച്ചു നിൽക്കും.
വീട്ടിലേക്ക് ഒരാള്‍ കൂടി എത്തിയ വിശേഷം പറയൂ...
എനിക്കു നാത്തൂനായി പ്രമോഷന്‍ ലഭിച്ചു. അനിയന്‍ ച ന്തുവിന്റെ (സിദ്ധാർഥ്) വിവാഹം കഴിഞ്ഞു. ചന്തുവിന്റെ ഭാര്യ മെലാനി യുഎസ്സില്‍ നിന്നാണ്. അതുകൊണ്ടുതന്നെ നാത്തൂന്‍ പോരിന് അത്ര സ്‌കോപ്പില്ല.
അച്ഛനും അമ്മയും ഞങ്ങളുടെ സന്തോഷം മാത്രമേ നോക്കാറുള്ളൂ. കരിയറോ വിവാഹമോ എന്തുമാകട്ടെ, ഞങ്ങളുടെ തീരുമാനത്തെ 100 ശതമാനം പിന്തുണയ്ക്കുന്ന ബെസ്റ്റ് പേരന്റ്സ്. വിഎഫ്എക്‌സ് പഠിക്കാനായിരുന്നു ചന്തുവിനിഷ്ടം. ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഞങ്ങൾക്കും മനസ്സിലായി, ആ തീരുമാനം ശരിയായിരുന്നു എന്ന്.
ഇന്റിമേറ്റ് എന്നു വിളിക്കാവുന്ന ‘ഡ്രീം വെഡ്ഡിങ്’ ആ യിരുന്നു ചന്തുവിനിഷ്ടം, തികച്ചും കുടുംബകാര്യം. എല്ലാ മതങ്ങളെയും ബഹുമാനിക്കാനാണു ഞങ്ങളെ പഠിപ്പിച്ചത്. ക്ഷേത്രവും പള്ളിയുമെല്ലാം കണ്ടാല്‍ അറിയാതെ തൊഴും. എങ്കിലും വലിയ ഗുരുവായൂരപ്പന്‍ ഫാനാണ് ഞാൻ, മൂകാംബികയിലും പോകും.
അഭിനയത്തില്‍ കല്യാണിയുടെ ക്രിട്ടിക് ആരാണ് ?
സിനിമാ കുടുംബത്തിൽ നിന്നുള്ളതു കൊണ്ട് എല്ലാവർക്കും എന്നെ കുറിച്ചു വലിയ പ്രതീക്ഷയുണ്ടായിരുന്നു കാണണം. പക്ഷേ, അച്ഛനോ അമ്മയോ ഒരു ടിപ് പോലും പറഞ്ഞു തന്നിട്ടില്ല. അഖില്‍ അഖിനേനി നായകനായ ‘ഹലോ’ എന്ന തെലുങ്ക് ചിത്രമാണ് ആദ്യം കമ്മിറ്റ് ചെയ്തത്. ‘തെലുങ്ക് കടുകട്ടിയാണ്, നീ സൂക്ഷിച്ചോ’ എന്നു മാത്രമാണ് അച്ഛന്‍ പറഞ്ഞത്. സിനിമ കണ്ട ശേഷം ഒരു ഉപദേശം തന്നു, ‘അമ്മൂ, നീ ഡാന്‍സ് പഠിക്കണം. കുറച്ചുകൂടി ഫ്ലെക്‌സിബിലിറ്റി ഉണ്ടാകാന്‍ അതു സഹായിക്കും.’
അമ്മയുടെ കാര്യം അതിലും രസമാണ്. എന്റെ ആദ്യ ഫാന്‍ അമ്മയാണ്. ‘അമ്മു ഈസ് ദ് ബെസ്റ്റ്’ എന്നാണു വിചാരം. എന്തു പൊട്ടത്തരം കാണിച്ചാലും ഫുള്‍ സപ്പോര്‍ട്ട്. ‘ഹലോ’യുടെ പ്രിവ്യൂ ഹൈദരാബാദില്‍ വച്ചാണ്. സിനിമ കണ്ടിറങ്ങിയ അമ്മ കരച്ചിലോടു കരച്ചിൽ, സന്തോഷം കൊണ്ടു പിടിവിട്ടതാണ്. ആദ്യത്തെ പത്തു മിനിറ്റ് എന്നെ കെട്ടിപ്പിടിച്ച്. ‘ഡ്രാമാറ്റിക് ആക്കല്ലേ അമ്മ...’ എന്നൊക്കെ ഞാന്‍ ചെവിയില്‍ പറഞ്ഞെങ്കിലും ആരു കേള്‍ക്കാന്‍.
ഒരുവിധം സമാധാനിച്ചു തലയുയര്‍ത്തി നോക്കുമ്പോൾ ദേ, നില്‍ക്കുന്നു സംവിധായകന്‍ വിക്രം. പിന്നെ, അദ്ദേഹത്തെ കെട്ടിപ്പിടിച്ചായി കരച്ചില്‍. ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവർക്കും കുറച്ചു ഡ്രാമ കൂടുതലാണ്. നോക്കി ഇ രിക്കുന്നതിനിടെയാകും അച്ഛന്റെ കരച്ചില്‍, അച്ഛന്റെ സിനിമയിലെ സെന്റിമെൻസ് സീൻ കണ്ടുവരെ കരയുന്നതു കാണാം.
‘ഹൃദയ’ത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ - പ്രണവ്– മെറിലാൻഡ് കൂട്ടുകെട്ടില്‍ കല്യാണി വീണ്ടുമുണ്ടല്ലോ ?
‘ഹൃദയ’ത്തിന്റെ ഹാങ്ങോവര്‍ ഇപ്പോഴും മാറിയിട്ടില്ല. അതിനെക്കാൾ ആവേശത്തോടെയാണ് അടുത്ത ചിത്രത്തിന്റെ ഭാഗമാകാന്‍ കാത്തിരിക്കുന്നത്.
അത്രയും നാള്‍ കണ്ട രീതികളേ അല്ലായിരുന്നു ‘ഹൃദയ’ത്തിന്റെ സെറ്റില്‍. ഇത്ര സോഫ്റ്റ് ആയ ശാന്തനായ മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. വിനീതേട്ടന്റെ ആ ഊർജം ലെക്കേഷനിലെ ഓരോരുത്തരിലും സന്തോഷമായി പകരും. അതാണു സിനിമകൾ ഇത്ര മനോഹരമാകുന്നതിനു പിന്നിലെ മാജിക്.
‘ഹൃദയ’ത്തിന്റെ കോട്ടഗുഡിയിലെ ലൊക്കേഷനിലേക്കു കൊച്ചിയില്‍ നിന്ന് എല്ലാവരും കൂടി ബസിലാണു പോയത്. താമസിക്കാൻ സ്വന്തം ടെന്റുമായാണ് അപ്പു വന്നതു തന്നെ. നേരം പുലരും മുന്‍പേ ഉണരണം. പിന്നെ, നാലഞ്ചു കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റമാണ്. ആ കൊടുംകയറ്റം ഞങ്ങൾ ഇരുന്നും കിടന്നുമൊക്കെ കയറി എത്തുമ്പോഴേക്കും അപ്പു അവിടെയെത്തി സെറ്റ് ആയിട്ടുണ്ടാകും.
കല്യാണിക്കും യാത്രകള്‍ പ്രിയപ്പെട്ടതാണോ ?
അപ്പുവിനെ പോലെ യാത്ര ചെയ്യാന്‍ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. ഒട്ടും തയാറെടുക്കാതെ അവനു യാത്ര പോകാന്‍ കഴിയും. വഴിയില്‍ നിന്നു കിട്ടുന്ന സൗകര്യങ്ങൾ മതി അവന്. ഞാന്‍ അതിനു നേര്‍വിപരീതമാണ്. എല്ലാം ചിട്ടയായി പ്ലാന്‍ ചെയ്തേ വീട്ടില്‍ നിന്നിറങ്ങൂ. പോകേണ്ട സ്ഥലങ്ങളും ചെലവഴിക്കേണ്ട സമയവും താമസിക്കേണ്ട സ്ഥലവുമൊക്കെ ചാർട്ട് ചെയ്തിട്ടുണ്ടാകും.
ഈയിടെ സിംഗപ്പൂർ ട്രിപ്പിനിടെ അപ്രതീക്ഷിതമായി അപ്പുവിനെ കണ്ടു. അന്നെടുത്ത ചിത്രവും വൈറലായി.
അതിനടിയിലെ കമന്റുകള്‍ ശ്രദ്ധിച്ചോ ?
കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു വളര്‍ന്നവരാണു ഞങ്ങള്‍. പരസ്പരം അത്രയ്ക്ക് അടുത്തറിയാം. ഐ.വി. ശശി അങ്കിളിന്റെയും ലാലങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പം. ഊട്ടിയിലാണ് അ പ്പു പഠിച്ചത്. അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരല്‍. ഏതെങ്കിലും സിനിമയുടെ സെറ്റിലാകും അതെന്നു മാത്രം. അപ്പുവും അനിയും (അനി ഐ.വി. ശശി) കീര്‍ത്തിയും (കീര്‍ത്തി സുരേഷ്) ചന്തുവുമാണ് എന്റെ ടീം.
എനിക്ക് അപ്പു ഫാമിലി തന്നെയാണ്, പക്ഷേ, അതൊരിക്കലും പ്രണയമല്ല. സഹോദരങ്ങള്‍ തമ്മിലുള്ള അടുപ്പമാണു ഞങ്ങള്‍ തമ്മിൽ. വീട്ടിലെ ആല്‍ബങ്ങളിൽ ചന്തുവിനൊപ്പമുള്ളതിനെക്കാള്‍ ഫോട്ടോ അപ്പുവുമൊത്താകും.
പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്തു കൂട്ടുകാർക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിന്‍ എന്നാണ്. ‘അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകന്‍’ എന്നൊക്കെ പറയാന്‍ വലിയ ബുദ്ധിമുട്ടാണെന്നേ.
കല്യാണിയുടെ കല്യാണ സ്വപ്നത്തെ കുറിച്ചു പറയൂ ?
കല്യാണത്തെ കുറിച്ചൊന്നും ചിന്തിക്കുന്നേയില്ല. അത്തരം കാര്യങ്ങളിലൊന്നും അച്ഛനും അമ്മയും എന്നെ നിര്‍ബന്ധിക്കാറുമില്ല. പിന്നെ, വിവാഹ സങ്കല്‍പം എന്താണെന്നു വേണമെങ്കിൽ പറയാം.
‘വരനെ ആവശ്യമുണ്ടി’ലെ ബിബീഷിന്റെ വ്യക്തിത്വവും, ‘ഹൃദയ’ത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും, ‘ബ്രോ ഡാഡി’യിലെ ഈശോയുടെ ആത്മവിശ്വാസവും, ‘തല്ലുമാല’യിലെ വസീമിന്റെ ‘സ്വാഗും’ ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസ്സിൽ. അങ്ങനെയുള്ള ആളെ കിട്ടുമോ, എങ്കില്‍ കെട്ടാന്‍ ദേ, റെഡി.
രൂപാ ദയാബ്ജി
വനിത 2023ൽ പ്രസിദ്ധീകരിച്ച ലേഖനം