Saturday 16 October 2021 02:54 PM IST

‘പൊട്ടന് നൂറു കോടി ലോട്ടറിയടിച്ചു, ഐശ്വര്യാ റായിയെ പോലെ ഒരു സുന്ദരിയേയും കിട്ടി’; പൊട്ടിച്ചിരിപ്പിക്കുന്ന കഥകളുമായി കോട്ടയത്തെ നസീറുമാർ

Vijeesh Gopinath

Senior Sub Editor

_REE1124 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചിരി മുണ്ടിലെ ഡബിൾകരയാണ് ‍നസീറുമാർ, കോട്ടയം നസീറും സംക്രാന്തി നസീറും. കോട്ടയം ന സീറിെന്റ നാടായ കറുകച്ചാൽ  നിന്ന് സംക്രാന്തിയിലേക്ക് 25 കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഇരു മെയ്യും ഒറ്റ മനസ്സുമായാണ് രണ്ടുപേരും ആൾക്കാരെ ചിരിപ്പിക്കാനിറങ്ങിയത്. പൊട്ടിച്ചിരിയുടെ നിലയമിട്ടുകൾ രണ്ടുപേരും മത്സരിച്ചു പൊട്ടിച്ചു. ഒരേ നാട്ടുകാർ ഒരേ ട്രൂപ്പിൽ ഇണങ്ങിയും പിണങ്ങിയും ഒരുപാടു വർഷം കോമഡി ഷോകൾ ചെയ്തു.

പക്ഷേ, കഥ തുടങ്ങുന്നത് ഇവിടെയൊന്നുമല്ല. കാൽനൂറ്റാണ്ട് മുൻപ്. അന്ന് സംക്രാന്തി നസീർ അറിയപ്പെട്ടിരുന്നത് കോട്ടയം നസീർ എന്ന പേരിലാണ്. ചെറിയ സ്റ്റേജുകളിൽ സംക്രാന്തിക്കാരനായ മെലിഞ്ഞ പയ്യൻ കസറിത്തുടങ്ങിയ കാലം.

അപ്പോഴാണ് ആ നോട്ടീസ് കിട്ടുന്നത്. സ്വന്തം നാടായ സംക്രാന്തിക്കടുത്തുള്ള നീലിമംഗലം പള്ളിയിൽ ഒരു മിമിക്സ് ഷോ. അത് ലീഡ് ചെയ്യുന്നത് ‘കോട്ടയം നസീർ‌’. മറ്റൊരു  കോട്ടയം നസീറോ? പ്രശ്നമുണ്ടാക്കാനുറപ്പിച്ച് നസീറും സംഘവും നീലിമംഗലം പള്ളിപ്പറമ്പിലേക്ക് ‘മാർച്’ ചെയ്തു.

ആരാ ഈ കോട്ടയം നസീർ?

ബാക്കി ‘ഇന്നത്തെ’ സംക്രാന്തി നസീർ പറയും‘‘എന്റെ പേരിലെ കോട്ടയം മറ്റൊരാൾ തട്ടിയെടുക്കുന്നത് ഒന്നറിയണമല്ലോ. അവിടെ ചെന്നപ്പോൾ ഗംഭീര പ്രോഗ്രാം. ഒറ്റയടിക്ക് പത്തു നാൽപതു താരങ്ങളെ ഇവൻ അനുകരിച്ചു. ആൾക്കാരെല്ലാം പൊട്ടിച്ചിരിയും കയ്യടിയും.

സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ കൈകൊടുത്തിട്ടു പറ‍ഞ്ഞു.‘‘പരിപാടിയൊക്കെ കൊള്ളാം. പക്ഷേ, ഞാനാ ഒറിജിനല്‍‌ കോട്ടയം നസീർ’’ അങ്ങനെയാണ് ആദ്യമായി പരിചയപ്പെടുന്നത്. കാലം എന്റെ ‘കോട്ടയം’ ഇവനു കൊടുത്തു. വിദേശരാജ്യങ്ങളിൽ പോലും കോട്ടയം നസീർ ചിരിയുടെ പര്യായമായി. ‘കോട്ടയം’ അവന് സ്ഥിരമായി കിട്ടി.  ഞാൻ സംക്രാന്തിയുമായി’’ നസീറുമാരുടെ പൊട്ടിച്ചിരി.

‘ജോസ്പ്രകാശ് കഥാപാത്രത്തെ’ പോലെ പൈപ്പും കടിച്ചു പിടിച്ച് കൊറോണ, മനുഷ്യരെ മുതലക്കുഞ്ഞുങ്ങൾക്കിട്ടുകൊടുക്കുന്ന കാലം. ലോക്ഡൗൺ പല വേഷത്തിലെത്തി ആൾക്കാരെ വീട്ടിലടച്ചു. കോട്ടയം നസീർ കോമഡി മടക്കി വച്ച് ബ്രഷ് എടുത്തു പെയിന്റിങ് തുടങ്ങി. കുട്ടിക്കാലത്ത് ചിത്രകാരനാകാൻ കൊതിച്ചയാളാണ് കാണികളുടെ മുഖത്ത് ചിരി വരച്ചത്.

കോട്ടയം നസീർ: തുടങ്ങിയ കാലത്ത് ‘സംക്രാന്തി’യെക്കാൾ കൂടുതൽ തിരക്ക് എനിക്കായിരുന്നു, സത്യത്തിൽ ഞാനൊരു വാടക സൈക്കിളായിരുന്നു. ആർക്കു വേണമെങ്കിലും എടുത്തിട്ടു ചവിട്ടാം. പല ട്രൂപ്പുകാരും നാടു മുഴുവന്‍ എന്നെ ചിരിപ്പിക്കാൻ കൊണ്ടുപോയി.     

ഇന്ന് ആ അദ്ഭുതം പോയി. അനുകരണം ജനകീയമായി. ചാനലിലും സോഷ്യൽ മീഡിയയിലും ചിരിയുണ്ടാക്കാനുള്ള ഒരുപാടു മാർഗങ്ങളുണ്ടായി. സ്റ്റേജ് കലാകാരന്മാർ നേരിടാൻ പോകുന്ന വലിയൊരു പ്രതിസന്ധിയുണ്ട്.  രണ്ടു വർഷം കൊണ്ട് പല കോമഡികളിലെയും ചിരി ചീറ്റിപ്പോയി. കോവിഡ് നാടു വിട്ടു പോകുമ്പോഴേക്കും പ്രേക്ഷകർ  മറ്റൊരു രീതിയിലായിട്ടുണ്ടാകും. അവർക്കു മുന്നിലേക്ക് പ ഴയ െഎറ്റങ്ങളുമായി ചെന്നാല്‍ ഏൽക്കില്ലെന്ന് ഉറപ്പാണ്.

സംക്രാന്തി നസീർ: ‘കൊറേ എണ്ണം’ എന്തു ചെയ്യണമെന്ന്  ‘കൊറോണ’യാണ് തീരുമാനിക്കുന്നത്. കുറേ നാളുകളായി ആര്, എന്ന് പുറത്തിറങ്ങി എന്തു ചെയ്യണം എന്നു നിശ്ചയിക്കുന്നത് നമ്മളല്ലല്ലോ കൊറോണയല്ലേ?

_REE1079

ഈ െഎറ്റം ഇങ്ങനല്ലേയ്...

സംക്രാന്തി: ഞങ്ങൾ‌ വഴക്കിടും പിണങ്ങും. പക്ഷേ, പത്തു മിനിറ്റ് കഴിഞ്ഞാൽ പഴയതു പോലെ ആകും. ജീവിതത്തി ൽ മൂടുപടം അണിഞ്ഞ് നിൽക്കാറില്ല. ഇഷ്ടപ്പെടാത്തത് മുഖത്തുനോക്കി പറയും.

കോട്ടയം: ഒരേ പേരു പോലെ സ്വഭാവത്തിലും സമാനതകളുണ്ട്. നസീറാണെങ്കിലും ഞാനാണെങ്കിലും ആരുടെയെങ്കിലും ചാൻസ് അടിച്ചു മാറ്റൽ, തൊഴിലിൽ പാരവയ്ക്കൽ, കാലുവാരി നിലത്തടിക്കുക ഇതൊന്നും ചെയ്യില്ല.  

ഞങ്ങൾ‌ രണ്ടാളും ഒരേ മേഖലയിൽ രണ്ടു രീതിയിൽ  ജോലി ചെയ്യുന്നവരാണ്. കോമഡിയിലും സ്ക്രിപ്റ്റിലുമായിരുന്നു സംക്രാന്തി. ഞാൻ അനുകരണത്തിലും. കാൽ നൂറ്റാണ്ടായി നസീർ നല്ല കൊമേഡിയനാണ്. പ്രേക്ഷകർ അ തു ശ്രദ്ധിക്കാൻ അൽപം വൈകി എന്നു മാത്രം.

ഒരിക്കൽ പിണങ്ങിയിട്ട് ലോകത്ത് ആരും ചെയ്യാത്ത തമാശ ഇവൻ പ്രയോഗിച്ചു. എന്റെ ട്രൂപ്പായ ‘കറുകച്ചാൽ വോയ്സി’ൽ നസീറും ഉണ്ട്. തിരുവനന്തപുരത്ത് മൂന്നു  ഷോ ഉള്ള ദിവസം. ആദ്യത്തെ പ്രോഗ്രാം കഴിഞ്ഞപ്പോൾ ഇവനും ഞാനും പിണങ്ങി. ചെറുപ്പത്തിന്റെ ആവേശം, ന സീർ ഇറങ്ങിപ്പോയി. തിരിച്ചു വിളിക്കില്ലെന്ന് ഞാനും ഉറപ്പിച്ചു. മണിക്കൂറുകൾക്കുള്ളിൽ അടുത്ത ആളെക്കണ്ടുപിടിച്ച് പരിശീലനം കൊടുത്ത് പകരക്കാരനായി കേറ്റി.

ഷോ തുടങ്ങി. ആളുകൾ ചിരിക്കുന്നുണ്ട്. പെട്ടെന്ന് ഒരാ ൾ മാത്രം ഭയങ്കര കൂവൽ. ‘ഈ െഎറ്റം ഇങ്ങനല്ല കളിക്കേണ്ടത്. നാട്ടുകാരെ കോട്ടയം നസീർ പറ്റിക്കുന്നേയ്...’ എന്നു വിളിച്ചു പറയുന്നുണ്ട്. അതു കേട്ടപ്പോഴാണ് സദസ്സിലിരുന്ന് ഇവനാണ് കൂവുന്നതെന്ന് മനസ്സിലായത്.

എവിടെടാ നസീർ?

സംക്രാന്തി: പറയുമ്പോൾ എല്ലാം പറയണമല്ലോ. പാലക്കാട്ടെ ഗ്രാമത്തിൽ കോമഡി ഷോയ്ക്കു പോയി. സംഘാടക ർ വലിയ സ്നേഹത്തിലാണ്. പ്രോഗ്രാമും കഴിഞ്ഞ് കൊയ്ത്തുൽസവവും കണ്ടിട്ട് പോയാൽ മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. സ്വാഭാവികമായും ‘കോട്ടയം നസീറിന്റെ’ പരിപാടി, അതാണ് ഹൈലൈറ്റ്.

ഞാനും ടിനിടോമും ഗിന്നസ് പക്രുവും എല്ലാവരുമുണ്ട്. പക്ഷേ, ഒരാള്‍ മാത്രം ഇല്ല, കോട്ടയം നസീർ. കാണാത്തതു കൊണ്ടാണെന്ന് തോന്നുന്നു ‘‘നസീർ എപ്പോൾ വരും, പുറപ്പെട്ടോ?’’ എന്നു സംഘാടകർ ഇടയ്ക്കിടെ ചോദിക്കുന്നുണ്ട്.  ഇവൻ പുറപ്പെടണമെങ്കിൽ ഒരു പരിപാടി തീരണം. അത് നടക്കുന്നത് കുവൈത്തിലാണ്. ആ സത്യം സംഘാടകരോട് പറയാനുള്ള ധൈര്യം ആർക്കും ഇല്ല. ഒടുവിൽ അവർ ആ ‘നഗ്ന’സത്യം തിരിച്ചറിഞ്ഞു, നസീർ വരില്ല. പിന്നെ, കേട്ട പല വാക്കുകൾക്കും ‘ഉടുതുണി’ ഇല്ലായിരുന്നു.  

കോട്ടയം: പൊട്ടന് നൂറു കോടി ലോട്ടറിയടിച്ചു, െഎശ്വര്യാറായിയെ പോലെ ഒരു സുന്ദരിയേയും കിട്ടി– അതായിരുന്നു അന്ന് എന്റെ അവസ്ഥ. കൈ നിറയെ പ്രോഗ്രാമുകൾ, പിന്നെ സിനിമയും. ദുബായ്‍യിൽ നിന്ന് ഒറ്റ രാത്രിയിൽ കൊച്ചിയിലെത്തി പ്രോഗ്രാം അവതരിപ്പിച്ച് അടുത്ത വിമാനത്തിൽ ബഹ്റൈനിലേക്ക് പോയിട്ടുണ്ട്. ചിലപ്പോൾ ഷെഡ്യൂൾ മാറും. അതോടെ എല്ലാം മാറി മറിയും.

നാലായിരത്തിനടുത്ത് പരിപാടികൾ ചെയ്തിട്ടുണ്ടാകും. മുപ്പത്തഞ്ചോളം രാജ്യങ്ങളിലായി നാനൂറോളം സ്റ്റേജുകൾ. ഇങ്ങനെ പറന്നു നടന്ന ഞാൻ ലോക്ഡൗണിൽ പെട്ട് വീട്ടിലിരിക്കുന്നു.  

ഇപ്പോള്‍ ഇടയ്ക്ക് പുറത്തിറങ്ങി ആകാശത്തേക്കു നോ ക്കും. ഒരു വിമാനമെങ്കിലും കാണാൻ കൊതിയായി. ‘എ ന്നെ ഒന്ന് പൊടി തട്ടി എടുത്തു വയ്ക്കഡേയ്’ എന്ന് പാസ്പോർട്ട് പറയുന്നുണ്ട്.

ലോക്ഡൗണില്‍ എങ്ങനെ സമയം ചെലവഴിക്കുമെന്നാലോചിച്ചപ്പോഴാണ് ജന്മസിദ്ധമായ കഴിവ് എടുത്തുവീശിയത്. ചിത്രരചന തിരിച്ചു വന്നു. ഒരുപാടു പേരുടെ അഭിനന്ദനങ്ങൾ കിട്ടി.

ലാലേട്ടന്റെ പെയ്ന്റിങ് ശേഖരം പ്രസിദ്ധമാണല്ലോ.  ഞാൻ വരച്ച ഒരു ചിത്രം അതിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതൊക്കെ വലിയ കാര്യമല്ലേ. അതുകൊണ്ട് കഴിഞ്ഞ രണ്ടു ലോക്ഡൗണും നഷ്ടമായി കാണുന്നില്ല.

സംക്രാന്തി: കോട്ടയം നസീറിന് വേറൊരു കല അറിയാവുന്നതു കൊണ്ട് അതിൽ നിർവൃതിയടയാം. എനിക്കാണെങ്കിൽ ചിരിപ്പിക്കാനല്ലാതെ മറ്റൊന്നും അറിയുകയും ഇല്ല. ലോക്ഡൗണിൽ‌ വീടു പണിനടക്കുന്ന സമയമായിരുന്നു. അപ്പോൾ അവിടെ പോയി പെയിന്റടിക്കുന്നതും നോക്കി നിൽക്കുകയായിരുന്നു പ്രധാന ജോലി.  

_REE1112

സ്റ്റേജിലേക്കുള്ള വഴി

സംക്രാന്തി: ഇവിടം വരെയൊക്കെ എത്തുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാനാകാത്ത കുട്ടിക്കാലമായിരുന്നു. വീടുപോലുമില്ല, അന്ന് പട്ടിണിയാകാതിരിക്കാനുള്ള പലവിധ പരിപാടികളുമായി ഒാട്ടത്തിലായിരുന്നു.

ജാഡയിൽ പറഞ്ഞാൽ പതിനൊന്നു വയസ്സിലേ നാട്ടില്‍ മീൻ എക്സ്പോർട്ടിങ്. സർക്കാരുമായി ചേർന്നുള്ള കോടികളുടെ ബിസിനസ്, ക്രാപ് സർവീസ് നടത്തിയിരുന്നു. കേൾക്കുമ്പോൾ ഒരിതില്ലേ, പക്ഷേ സത്യത്തില്‍ ചെയ്തത് മീൻ കച്ചവടവും ലോട്ടറി കച്ചവടവും ആക്രിപെറുക്കലുമായിരുന്നു. പിന്നെ, ഭിക്ഷാടനവും.    

രാവിലെ അര സൈക്കിളുമെടുത്ത് മീൻകച്ചവടത്തിനു പോകും. തിരിച്ചു വന്നാൽ നേരെ കോട്ടയം ടൗണിൽ ലോട്ടറി കച്ചവടം. മൂന്നുമണിയായാൽ സായാഹ്ന പത്രക്കെട്ടു വരും. കുറേക്കാലം ആക്രി പെറുക്കാൻ വീടുകൾ തോറും നടന്നു. ഒപ്പം ഭിക്ഷയുമെടുക്കും. ഒരിക്കൽ ഏതോ വീട്ടിൽ നിന്ന് ഭിക്ഷയെടുത്തു കിട്ടിയ ഇരുപതു പൈസ കൂട്ടുകാരൻ ഹെഡ് ആൻഡ് ടെയിൽ കളിച്ച്  കളഞ്ഞപ്പോൾ വഴിയിൽ നിന്നു കരഞ്ഞ ആളാണ് ഞാൻ. ജീവിക്കാനുള്ള ഒാട്ടത്തിനിടയിൽ നിന്ന് ആൾക്കാരെ ചിരിപ്പിക്കാനായി സ്റ്റേജിലെത്തിയത് അദ്ഭുതമാണ്.   

കോട്ടയം: അത് ഒക്കെ ആരോ മുൻകൂട്ടി വരച്ചു വച്ച കാര്യങ്ങളാണ് നസീറെ. പഠിക്കുമ്പോൾ ചിത്രംവര പഠിച്ച് മാഷാകാനാണ് ആഗ്രഹിച്ചത്. സ്കൂൾ മത്സരങ്ങളിൽ പോലും മിമിക്രി അവതരിപ്പിച്ചിട്ടില്ല.  

ദന്തഡോക്ടറായ ഉപ്പയുടെ അടുത്ത് ചികിത്സയ്ക്കായി വന്ന നടൻ എൻ.സി ആനിക്കാടാണ് എന്നെ മല്ലപ്പള്ളിയിലെ കലാശാല നാടകവേദിയിലേക്ക് കൊണ്ടുപോകുന്ന ത്. രണ്ടുമാസത്തെ വടക്കേ ഇന്ത്യൻ ടൂർ. ഒരു മെറ്റഡോർ വാനിൽ അരിയും സ്റ്റൗവും ഉൾപ്പെടെയാണ് യാത്ര.

 അഭിനേതാക്കളുടെ കൂടെ ബബിൽ പെരുന്നയും ഉണ്ടായിരുന്നു. യാത്രയുടെ ബോറ‍ടി മാറ്റാൻ അദ്ദേഹം നടന്മാരെ അനുകരിക്കും.‌ സപ്പോർ‌ട്ട് ചെയ്യാൻ ഞാനും കൂടി. ചുരുക്കം പറഞ്ഞാൽ ആ ട്രിപ് കഴിഞ്ഞ് മടങ്ങിയപ്പോഴേക്കും പത്തോളം താരങ്ങളെ അനുകരിക്കാൻ പഠിച്ചു. അങ്ങനെ നടനാകാൻ പോയവൻ മിമിക്രിക്കാരനായി തിരിച്ചു വന്നു.

പെൺ നസീർ ഇനി വേണ്ടെന്ന് മമ്മൂക്ക

സംക്രാന്തി: ആദ്യ കാല സ്കിറ്റുകളിൽ പെൺവേഷമായിരുന്നു എനിക്ക്. പെൺവേഷത്തിലേക്ക് ആദ്യമായി നസീ റാണ് ‘ഇട്ടുകൊടുത്തത്’. കലാഭവൻ ഷാജോൺ അത് ‘കൊത്തിയെടുത്തു’. പിന്നെ, വർഷങ്ങളോളം ഞാൻ സ്ത്രീ കഥാപാത്രമായി. ആ വേഷം അഴിപ്പിച്ചത് മമ്മൂക്കയാണ്.

‘പോത്തൻവാവ’യുടെ ഷൂട്ട് കൊച്ചിയിൽ നടക്കുന്നു. ഒരു പ്രോഗ്രാമിനായി ഞങ്ങൾ ഷൂട്ടു നടക്കുന്ന ഹോട്ടലില്‍ എത്തി. ഒപ്പമുള്ള കോട്ടയം സോമരാജിനും ഷാജോണിനും മമ്മൂക്കയെ നന്നായറിയാം. അവർ അദ്ദേഹത്തെ കാണാൻ പോയപ്പോ ഞാനും ചെന്നു. ഞെട്ടിച്ചു കൊണ്ട് മമ്മൂക്ക എന്നെയും തിരിച്ചറിഞ്ഞു, ‘‘നിന്റെ പേര് നസീറെന്നല്ലേ, എന്തിനാണ് സ്കിറ്റിൽ പെൺവേഷം മാത്രം കെട്ടുന്നത്. അതു മാത്രം ചെയ്തിട്ട് എന്താ കാര്യം. ആരാ നിന്നെ കൊണ്ട് ഇതു ചെയ്യിക്കുന്നത്?’’ കുറേ ചോദ്യങ്ങൾ.

ഞാൻ അടുത്തു നിൽക്കുന്ന ഷാജോണിനെ നോക്കി.   ട്രൂപ്പിൽ നിന്ന് ഒരു ‘നടി’ പോവുന്ന സങ്കടം അവന്റെ മുഖത്ത് അപ്പോഴേ തെളിഞ്ഞു. മമ്മൂക്കയ്ക്ക് കാര്യം മനസ്സിലായി. ‘‘ഷാജോണൊക്കെ പലതും പറയും. അതു കേട്ട് ഈ വേഷം മാത്രം കളിച്ചിരുന്നാൽ അവിടെ നിന്നു പോകും.’’ സ്ത്രീ വേഷം അന്നു നിർത്തി. മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീ’മാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത്. കമലാസനൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.  എവിടെ ചെന്നാലും കമലാസനനല്ലേ എന്നാണ് ചോദ്യം.

കോട്ടയം: കൂട്ടത്തിലുണ്ടായിരുന്ന ഒരുപാടുപേർ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. അപ്പോഴും നസീർ മാത്രം അങ്ങോട്ടെത്താത്തതിൽ പ്രയാസമായിരുന്നു. ഒരിക്കൽ കോമഡി ഉപേക്ഷിച്ച് നാടുവിട്ടയാളാണ് ഇവൻ. ‘നിന്റെ സമയം എ ത്തും. അതിനു വേണ്ടി കാത്തിരിക്കെന്ന്’ അന്നേ പറയാറുണ്ട്. ഇപ്പോൾ‌ സംക്രാന്തിയുടെ സമയമാണ്. അവനെക്കാളും സന്തോഷിക്കുന്നവർക്കൊപ്പം ഞാനുമുണ്ട്.  

പഴയതു പോലെ സ്റ്റേജും ഷൂട്ടും ഒക്കെ വീണ്ടും ഉഷാറാകും. നമ്മളൊക്കെ മാസ്കില്ലാതെ ചിരിക്കുന്ന ആ പഴയ കാലം ഉറപ്പായും തിരിച്ചു വരും.

Tags:
  • Celebrity Interview
  • Movies