Friday 18 February 2022 03:38 PM IST

‘അന്ന് അവളെ കാത്തിരുന്ന അതേ ആശുപത്രിയിൽ അവളുടെ കുഞ്ഞിനേയും കാത്ത് ഞാനിരുന്നു’: ലാൽജോസ് പറയുന്നു

Vijeesh Gopinath

Senior Sub Editor

lal-jose-meets-heroines

ലാല്‍ േജാസ് സിനിമകളിലെ 12 നായികമാര്‍. ഇക്കുറി ചോദ്യങ്ങള്‍ അവരുടെ വകയാവട്ടെ. സംവിധായകൻ മറുപടി പറയട്ടെ. ലാൽ ജോസ് സിനിമയിലെ ആദ്യ നായിക ദിവ്യ ഉണ്ണി മുതൽ പുതിയ സിനിമ ‘മ്യാവൂ’ വിലെ നായിക മംമ്ത വരെ വനിത വായനക്കാർക്കു വേണ്ടി ലാൽ ജോസിനോട് ചോദിക്കുന്നു...

ദിവ്യ ഉണ്ണി

‘മറവത്തൂര്‍ കനവി’ലെ എന്റെ കഥാപാത്രമായ ആനി ഉൾപ്പടെ ലാൽജോസ് നായികമാരെല്ലാം ധൈര്യമുള്ളവരാണ്. ലാൽജോസിനെ സ്വാധീനിച്ച നായികമാർ ആരെല്ലാമാണ്?

ലാൽ ജോസ്: കോൺവന്റ് സ്കൂളിലെ അധ്യാപികയായിരുന്നു അമ്മ ലില്ലി. മികച്ച സാമ്പത്തിക സുര‌ക്ഷയുണ്ടാക്കാനായി കഷ്ടപ്പെടുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. രാവിെല ആറു മണി മുതല്‍ കുട്ടികൾക്കുള്ള ട്യൂഷൻ തുടങ്ങും. അതു കഴിഞ്ഞു സ്കൂളിൽ പോകും. ഇന്റർവെൽ‌ സമയത്തു പോലും ചെറിയൊരു ബാച്ചിനു ക്ലാസെടുക്കും. അമ്മയോളം ജോലി ചെയ്ത സ്ത്രീകളെ ഞാൻ കണ്ടിട്ടില്ല. അമ്മയെ പോലെ മറ്റു സ്ത്രീകളും സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയവരാകണം എന്നെനിക്ക് തോന്നിയിട്ടുണ്ട്. പണമില്ലാത്തതു കൊണ്ടാകാം വീട്ടിലെ പീഡനങ്ങൾ പല സ്ത്രീകളും കടിച്ചു പിടിച്ചു അനുഭവിക്കുന്നത്. ഞാന്‍ സംവിധാനസഹായിയായിരുന്ന കാലത്താണ് ലീനയുമായുള്ള വിവാഹം. സഹനത്തിന്റെ ആൾ‌രൂപമായിരുന്നു ലീന. വലിയ വരുമാനം ഒന്നുമില്ല. വിവാഹവാർഷികത്തിന് വില കുറഞ്ഞ ഒരു സാരിയാണ് ഗിഫ്റ്റ് ആയി െകാടുക്കാന്‍ എനിക്കു സാധിച്ചത്. ‍ഞാൻ ഇന്നെന്താണോ അത് പൂർണമായി ലീന തന്നതാണ്. ഒരു കുട്ടിയെ കൈകാര്യം ചെയ്യും പോെലയാണ് ഇപ്പോൾ മക്കൾ എന്നെ കൊണ്ടു നടക്കുന്നത്. ഉള്ളിലൊരു താന്തോന്നി കുത്തിമറിയുമ്പോഴും മാന്യമായി എങ്ങനെ പെരുമാറണമെന്ന് എന്നെ പഠിപ്പിച്ചത് ഇവരൊക്കെയാണ്.

lal-jose-heroines-interview-cover

കാവ്യാ മാധവൻ

‘പൂക്കാലം വരവായി’ എന്ന സിനിമയിൽ ഞാന്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ലാലുച്ചേട്ടൻ ബാച്ചിലറാണ്. പിന്നെ, കാണുമ്പോൾ ഭർത്താവിന്റെ റോളിൽ. മൂത്തമകൾ ലച്ചു ഉണ്ടായിക്കഴിഞ്ഞ് വീട്ടിൽ പോയപ്പോൾ അ ച്ഛൻ ഭാവം. പിന്നെ, അമ്മായി അച്ഛനായി ഇപ്പോൾ അപ്പൂപ്പനും. ഈ മാറ്റത്തെക്കുറിച്ചു പറയാമോ?

ലാൽ ജോസ്: കഴിഞ്ഞ ദിവസങ്ങളിൽ മകന്റെയും അച്ഛന്റെയും അപ്പൂപ്പന്റെയും റോളിൽ ഒരുമിച്ച് ആശുപത്രിയിൽ നിൽക്കേണ്ട സാഹചര്യം എനിക്കുണ്ടായി. എന്റെ അച്ഛന്‍ ആശുപത്രിയിലായിരുന്നു. ആ സമയത്തു തന്നെ മകളെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തു. ഒരിടത്ത് അച്ഛൻ സീരിയസായി കിടക്കുന്നതോർത്തുള്ള മകന്റെ വേവലാതി. ഒപ്പം മകളുെട അവസ്ഥയോർത്ത് അച്ഛൻ എന്ന നിലയ്ക്കുള്ള ടെൻഷൻ. അപ്പൂപ്പനായ േശഷം ഒരു ദിവസമേ എല്ലാവരോടുമൊപ്പം നിൽക്കാനായുള്ളൂ. ഞാൻ അപ്പച്ചന്‍്റെ അടുത്തേക്ക് പോയി, പേരക്കിടാവിന്റെ ഫോട്ടോയും വിഡിയോയും കാണിച്ചു കൊടുത്തു. അപ്പച്ചന് അവനെ കാണാനാകണം എ ന്നത് എന്റെ പ്രാർഥനയായിരുന്നു. എന്റെ മക്കളുടെ കുട്ടിക്കാലം അവര്‍ക്കൊപ്പം ചെലവഴിക്കാൻ ആയിട്ടില്ല. പേരക്കുട്ടിക്കൊപ്പം കുറച്ചു കാലം ചെലവഴിക്കണം, കുറച്ചു ചിത്രങ്ങൾ എടുക്കണം. അതൊക്കെയാണ് ആഗ്രഹം.

lal-jose-divya-kavya-interview

മംമ്ത മോഹൻദാസ്

ഞാൻ സിനിമയിെലത്തിയിട്ട് 15 വർഷമായി. ഇത്രനാളായിട്ടും എന്താണ് എന്നെ സിനിമയിലേക്ക് വിളിക്കാഞ്ഞത്?

ലാൽ ജോസ്: ഇതുവരെയുള്ള എന്റെ നായികമാർക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു. മംമ്തയ്ക്ക് നഗര വനിതയുടെ ഛായയും പെരുമാറ്റവുമാണ്. എന്റെ സിനിമകൾ മിക്കതും ഗ്രാമീണപശ്ചാത്തലത്തിലുള്ളവയും. ‘മ്യാവൂ’വിലെ സുലേഖയുടെ വേഷം കൃത്യമാണ്. സുലു സുന്ദരിയാണ്, ഗൾഫിൽ ജനിച്ചു വളർന്നവളാണ്. തലശ്ശേരിക്കാരിയാണ്. മംമ്തയ്ക്ക് തലശ്ശേരി ഭാഷ അറിയാം എന്നതും ഗുണമായി. മൂന്നു മുതിർന്ന കുട്ടികളുടെ അമ്മ എന്ന കാര്യത്തിൽ മംമ്തയ്ക്ക് സംശയമുണ്ടായിരുന്നു. നേരത്തെ വിവാഹം കഴിഞ്ഞതാണ്, പ്രായം കൂടിയ കഥാപാത്രമല്ല എന്നു പറഞ്ഞു കൊടുത്തു. ‘അറബിക്കഥ’ ലോവർക്ലാസിന്റെയും ‘ഡയമണ്ട് നെക്‌ലെയ്സ്’ അപ്പർക്ലാസിന്റയും കഥയാണ്. ഇത് മിഡിൽക്ലാസ് ഫാമിലിയുടെ കഥയും.

‘ഡയമണ്ട് നെക്‌ലെയ്സിൽ’ സംവൃത െചയ്ത േവഷത്തിലേക്ക് മംമ്തയെ ആലോചിച്ചിരുന്നു. മംമ്തയുെട ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായതു കൊണ്ട് എനിക്ക് വിളിക്കാനൊരു മടിയുണ്ടായി. കാൻസർ ബാധിച്ച പെൺകുട്ടിയുടെ വേഷം അഭിനയിക്കുന്നതു വൈകാരികമായ ഷോക്ക് ആകുമോ എന്നായിരുന്നു സംശയം. ആ രോഗദിനങ്ങൾ മംമ്ത മറക്കാൻ ശ്രമിക്കുമ്പോൾ ഞാനത് മനഃപൂർവം ഒാർമിപ്പിക്കുന്ന പോലെ ആകുമോ എന്ന പേടി. അതുകൊണ്ടു വിളിച്ചില്ല.

lal-jose-namitha-mamtha-interview

നമിതാ പ്രമോദ്

ലാല്‍ജോസ് എന്ന വ്യക്തിയെ സിനിമ എന്താണ് പഠിപ്പിച്ചത്?

ലാൽ ജോസ്: എന്റെ ജീവിതത്തെ നിയന്ത്രിക്കുന്നതു തന്നെ സിനിമയാണ്. സിനിമയിലുണ്ടായ എല്ലാ ഉയർച്ച താഴ്ചകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ പിരിമുറുക്കങ്ങൾ‌ എന്റെ കുടുംബം ഒരുപാടു സഹിച്ചിട്ടുണ്ട്. ആദ്യകാലത്ത് വിചാരിച്ചപോലെ സിനിമ വിജയിക്കാതിരിക്കുമ്പോള്‍, മുടങ്ങിപ്പോകുമ്പോൾ ഒരു ഷോക്ക് അബ്സോർബർ പോലെ എന്നെ രക്ഷിച്ചത് കുടുംബമായിരുന്നു. ഇപ്പോൾ വിജയവും പരാജയവും ഒരുപോലെ കൈകാര്യം ചെയ്യാൻ പഠിച്ചു. ഈ വലിയ പാഠം പറഞ്ഞുതന്നതും സിനിമയാണ്. ഞാനിപ്പോഴൊരു മുത്തച്ഛനായി. ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട സമയമാണ്. പക്ഷേ, അച്ഛൻ ആശുപത്രിയിലാണ്. എന്റെ ജീവിതം മുഴുവൻ അങ്ങനെയാണ്. വലിയ സന്തോഷം വരും. പക്ഷേ, അതെനിക്ക് ആസ്വദിക്കാനായി പറ്റില്ല. ആ േനരത്ത് എന്തെങ്കിലും പ്രശ്നമുണ്ടാകും. ഇപ്പോഴത് പരിചിതമായി. ആ പരിചയങ്ങളിലൂടെ ഞാനതിനെ മറികടക്കുന്നു.

ലെന

മുത്തച്ഛനായ സന്തോഷത്തെക്കുറിച്ചു പറയൂ?

ലാൽ ജോസ്: മകൾ ഐറിന്റെ പ്രസവതീയതിയുടെ അന്നു ഷൂട്ട് നിർത്തി ഞാൻ ഒറ്റപ്പാലം ആശുപത്രിയിലെത്തി. അതേ ആശുപത്രിയിലാണ് അവളെ പ്രസവിച്ചതും. അന്ന് അവളെ കാത്തിരുന്ന അതേ ആശുപത്രിയില്‍ അവളുടെ കുഞ്ഞിനെയും കാത്ത് ഞാനിരുന്നു. സിനിമയിലെ ഒരു സീൻ റിപ്പീറ്റ് ആകും പോലെ തോന്നി. അന്ന് ഞാനും അപ്പച്ചനും ലീനയുടെ അമ്മയും കാത്തിരുന്നു. ഇന്ന് അതേ സ്ഥലത്ത് ഞാനും മരുമകനും അവന്റെ അമ്മയും ലീനയും കാത്തിരിക്കുന്നു. അന്നായിരുന്നോ ഇന്നായിരുന്നോ കൂടുതല്‍ ടെൻഷൻ എന്നു വേർതിരിച്ചറിയാൻ കഴിയുന്നില്ല, രണ്ടും ഒരേ വേവലാതി തന്നെ.

ലാൽ ജോസ്: സെറ്റിലുള്ള എല്ലാവർക്കും ഒരു പോലെ പോസിറ്റീവ് എനർജി കൊടുക്കാൻ എങ്ങനെ കഴിയുന്നു? സിനിമയാണെന്റെ ജീവൻ. അതാണ് എന്റെ ലോകവും. അപ്പോൾ എല്ലാവരെയും എനിക്ക് ഒരുപോലെയല്ലേ കാണാനാകൂ. സെറ്റില്‍ എല്ലാവരും സന്തോഷത്തോടെയിരുന്നാലേ എനിക്ക് നന്നായി ജോലി ചെയ്യാനാകൂ. ഞാൻ ഭയങ്കര സെൻസിറ്റീവ് ആയ ആളാണ്. സെറ്റിൽ ആരുടെയെങ്കിലും മുഖം മാറിയിരുന്നാൽ ആ ർക്കെങ്കിലും ഒരു പ്രശ്നമുണ്ടെന്നു സംശയം തോന്നിയാൽ അപ്പോൾ എനിക്ക് ടെൻഷനാകും.

സംവൃത സുനിൽ

സ്വന്തം ജീവിതത്തിൽ നിന്ന് കൊച്ചുമകന് കൊടുക്കുന്ന മൂന്ന് ഉപദേശങ്ങൾ?

ലാൽ ജോസ്: 1. ജീവിതം ഒരിക്കലും പ്ലാന്‍ ചെയ്യരുത്. 2. മുന്നിലെത്തുന്ന ഒരവസരവും വിട്ടുകളയരുത്. രണ്ടാമതൊന്ന് കിട്ടണമെന്നില്ല. ആദ്യ അവസരം ഉപയോഗിക്കണം. 3. ജീവിതത്തിൽ സന്തോഷിക്കാനുള്ള ഒന്നും നഷ്ടപ്പെടുത്തരുത്.

lal-jose-samvritha-anusree-interview

അനുശ്രീ

എന്തുകൊണ്ടാണ് എന്നെ ക ലാമണ്ഡലം രാജശ്രീ ആയി തിരഞ്ഞടുത്തത്?

ലാൽ ജോസ്: ഒരു ചാനൽ പ്രോഗ്രാമിലാണ് അനുശ്രീയെ ആദ്യമായി കാണുന്നത്. ഒാഡിഷനുള്ള അനുശ്രീയുടെ വരവ് ഇപ്പോഴും ഒാർമയുണ്ട്. മറ്റുള്ളവർ വലിയ മേക്കപ് ഒക്കെ ഇട്ട് വന്നപ്പോൾ ഒരു ഹവായ് ചെരുപ്പുമിട്ടാണ് അനുശ്രീ കയറി വന്നത്. കൂൾ ആയി മുന്നില‍ിരുന്നു. ‘ഈ സിനിമയിലേക്ക് അനുശ്രീയെ ഞാൻ സെലക്ട് ചെയ്തില്ലെങ്കിൽ എന്തു തോന്നും’ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അടുത്ത നിമിഷം ഉത്തരം വന്നു. ‘ലാൽജോസ് സാറല്ലെങ്കിൽ മറ്റൊരു സാറെന്നെ തിരഞ്ഞെടുക്കും. നടിയാകാൻ വിധിയുണ്ടെങ്കിൽ ഞാൻ നടിയാകും.’ കേൾക്കുമ്പോൾ ഒരു മണ്ടൂസ് മറുപടിയായി തോന്നും. പക്ഷേ, അതൊരു ബുദ്ധിമതിയായ പെൺകുട്ടിയുടെ ആത്മവിശ്വാസം നിറഞ്ഞ ഉത്തരമാണ്. ‘ഡയമണ്ട് നെക്‌ലെയ്സിലെ’ കലാമണ്ഡലം രാജശ്രീയും അതുപോലെ ബുദ്ധിമതിയായ, ആത്മവിശ്വാസമുള്ള െപണ്‍കുട്ടിയാണ്.

lal-jose-archana-muktha-interview

മുക്ത

‘അച്ഛൻ‌ ഉറങ്ങാത്ത വീട്’ എന്ന സിനിമയ്ക്ക് ഇന്നും വളരെ പ്രാധാന്യമുണ്ട്. രണ്ടു പെൺമക്കളുടെ അച്ഛന് ഇതെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ലാൽ ജോസ്: പെൺകുട്ടികളെ അല്ല ആൺകുട്ടികളെ ആണ് ഇപ്പോൾ സൂക്ഷിക്കേണ്ടത്. വീട്ടിലെ ആൺകുട്ടികൾ നന്നായിരുന്നെങ്കിൽ പെൺകുട്ടികളോട് അവർ മോശമായി പെരുമാറില്ലായിരുന്നു. ആൺകുട്ടികളുള്ള വീട്ടിലെ അച്ഛനമ്മമാരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഒരു സ്ത്രീയെ എങ്ങനെ ബഹുമാനിക്കണമെന്ന് വീട്ടിലെ അച്ഛന്‍ ആൺകുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. അച്ഛനെ കണ്ടാണ് കുട്ടികളത് പഠിക്കേണ്ടത്. സോഷ്യൽ മീഡിയയിൽ ഒരു പെൺകുട്ടിയെ കുറിച്ച് മോശം കമന്റിട്ടാൽ അത് പാടില്ലെന്ന് ആൺകുട്ടികളോടു പറഞ്ഞു കൊടുക്കേണ്ട കാലമാണിത്.

അർച്ചന കവി

സിനിമയ്ക്ക് തിരക്കഥ എഴുതാത്തത് എന്തുകൊണ്ടാണ്?

ലാൽ ജോസ്: ശരിയാണ്. എനിക്ക് കഥ പറയാനൊക്കെ ഇഷ്ടമാണ്. തിരക്കഥ എഴുതണം എന്നാഗ്രഹമുണ്ട്. പക്ഷേ, രണ്ടരമണിക്കൂർ സിനിമയ്ക്ക് തിരക്കഥ എഴുതുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മടിയാണ് പ്രധാന കാരണം. കേരള കഫേ എന്ന ആന്തോളജിയില്‍ ‘പുറംകാഴ്ചകള്‍’ എന്ന സിനിമയ്ക്കു വേണ്ടി ഞാൻ തിരക്കഥ എഴുതിയിട്ടുണ്ട്. സി.വി ശ്രീരാമന്റെ സിനിമാറ്റിക് കഥയായിരുന്നു അത്. അതുകൊണ്ട് എഴുതാന്‍ എളുപ്പമായിരുന്നു. പിന്നെ ഒരു കുഞ്ഞു സിനിമ എന്ന ഗുണവും.

lal-jose-gopika-gouthami-interview

ഗോപിക

ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ ഒാർത്തിരിക്കുന്ന നിമിഷം ഏതാണ്?

ലാൽ ജോസ്: ഒറ്റ സിനിമയ്ക്കു വേണ്ടിയാണ് കമല്‍ സാർ എന്നെ അദ്ദേഹത്തിനൊപ്പം നിർത്തിയത്. പക്ഷേ, അടുത്ത സിനിമയായ ‘പാവം പാവം രാജകുമാര’നിലും എന്നെ ഒപ്പം കൂട്ടി. ആ സമയത്താണ് എനിക്ക് ദുബായ്‍യിൽ ജോലി ശരിയാക്കി അപ്പച്ചൻ എന്നെ വിളിക്കാൻ വരുന്നത്. പക്ഷേ കമൽ സാർ പറഞ്ഞു,‘അവൻ മിടുക്കനാകും മാഷേ, അവൻ ഇവിടെ നിന്നോട്ടെ..’ ആ വരിയാണ് ഇരുപത്താറാം സിനിമയിറങ്ങുമ്പോഴും ഞാനോർക്കുന്നത്...

ഗോപിക, ഗൗതമി

റീമേക്ക് ചെയ്യണം എന്നു തോന്നിയ സിനിമ?

ലാൽ ജോസ്: ‘രണ്ടാം ഭാവം’. അന്നത്തെ കാലത്ത് പരിചിതമല്ലാത്ത പല കാര്യങ്ങളും ആ സിനിമയിൽ ഉണ്ടായിരുന്നു. അതുവരെ കാതടപ്പിക്കുന്ന ശബ്ദമൊക്കെയായിരുന്നു പരിചിതം. ഈ സിനിമയിൽ നിശബ്ദതയ്ക്ക് പ്രാധാന്യം ഉണ്ടായിരുന്നു. അങ്ങനെ ഒരുപാടു കാര്യങ്ങൾ.