Thursday 18 April 2024 12:10 PM IST

‘പുകവലിയും മദ്യപാനവും ഇല്ലേയില്ല, എന്റെ ജീവിതം മകൾ കണ്ടു പഠിക്കണമെന്നാണ് മോഹം’: മനോജും കുഞ്ഞാറ്റയും പറയുന്നു

Roopa Thayabji

Sub Editor

kunjatta-manoj

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയുടെ ഡബ്സ്മാഷ് വിഡിയോകൾ വൈറലായ കാലം. വനിതയുടെ ഫിലിം അവാർഡ് വേദിയിലെ റെഡ്‌കാർപറ്റിൽ വച്ചു മനോജ് കെ. ജയനോട് ഒരു ചോദ്യം ചോദിച്ചു, ‘കുഞ്ഞാറ്റ സിനിമയിലേക്കു വരുമോ?’

‘ഞാൻ നടൻ, അവളുടെ അമ്മ ഗംഭീര നടി. മോളുടെ ജീനിൽ സിനിമ ഏതായാലും ഉണ്ടാകും. നടിയാകണമെന്നാണു കുഞ്ഞാറ്റയുടെ മോഹമെങ്കിൽ വലിയ സന്തോഷം.’ മനോജ് കെ. ജയൻ ഈ മറുപടി പറഞ്ഞിട്ടു നാലു വർഷം കഴിയാറാകുന്നു. പഠനവും ബെംഗളൂരുവിലെ മൂന്നു വർഷത്തെ ജോലിയും കഴിഞ്ഞു കുഞ്ഞാറ്റ കൊച്ചിയിലേക്കു വണ്ടി കയറിയതു ചില മോഹങ്ങൾ ഉള്ളിലുറപ്പിച്ചാണ്. അതിൽ സിനിമ മാത്രമല്ല ഉള്ളത്.

വനിതയുടെ കവർ ഷൂട്ടിനു വേണ്ടി അച്ഛന്റെ കൈപിടിച്ചാണു കുഞ്ഞാറ്റ വന്നത്. വലിയ കുട്ടിയായെങ്കിലും കുട്ടിത്തത്തിനു കുറവൊട്ടുമില്ല. തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ചിണുങ്ങിയും ഇടയ്ക്കിടെ ഗൗരവം നടിച്ചും കുഞ്ഞാറ്റ എല്ലാവരെയും കയ്യിലെടുത്തു.

കുഞ്ഞാറ്റ തനി ബെംഗളൂരു കുട്ടിയായല്ലോ?

കുഞ്ഞാറ്റ: ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ബിഎ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, ഇംഗ്ലിഷ് ആ ൻഡ് സൈക്കോളജി ട്രിപ്പിൾ മേജറാണു പഠിച്ചത്. കോവി ഡിനു തൊട്ടുമുൻപാണു കോഴ്സ് കഴിഞ്ഞത്. പിന്നെ, സ്വകാര്യകമ്പനിയിൽ ജോലി കിട്ടി വീണ്ടും ബെംഗളൂരുവിൽ. പിന്നീടു വേറൊരു കമ്പനിയിലേക്കു മാറി.

കൊച്ചിയിൽ വച്ച് ഒരിക്കൽ പോലും കൂട്ടുകാരുടെ കൂ ടെ സിനിമ കാണാൻ പോയിട്ടില്ല. പക്ഷേ, ബെംഗളൂരുവിൽ തൊട്ടടുത്തുള്ള ലക്ഷ്മി തിയറ്ററിൽ നിന്ന് ഒരു സിനിമ പോലും മിസ് ആകാതെ കാണുമായിരുന്നു. ‘ലൂസിഫറൊ’ക്കെ ആദ്യദിവസം തന്നെ കണ്ടു.

കൊച്ചിയിലെ പല സ്ഥലങ്ങളും ഇപ്പോഴും അറിയാത്ത എനിക്ക് ബെംഗളൂരുവിലെ ചെറിയ സ്ട്രീറ്റുകൾ പോലും കാണാപ്പാഠമാണ്. ജോലി കിട്ടിയപ്പോൾ മുതൽ താമസിക്കുന്ന ഫ്ലാറ്റ് വിട്ടിറങ്ങിയപ്പോൾ ഹൃദയത്തിൽ വല്ലാത്ത ഭാരമായിരുന്നു. താക്കോൽ കൊടുക്കുമ്പോൾ ഒരു വട്ടം കൂടി തിരിഞ്ഞുനോക്കി. ആറു വർഷം കൊണ്ടു ബെംഗളൂരുവിനോട് അത്ര ഇഷ്ടം തോന്നിയിരുന്നു.

മനോജ്: മോൾ ബെംഗളൂരുവിൽ പോയ സമയത്തു പല ദിവസങ്ങളിലും വീട്ടിൽ വന്നു മോളുടെ മുറിയിൽ മുട്ടും, പിന്നെയാണ് ഓർക്കുക മോൾ ഇവിടെയില്ലല്ലോ എന്ന്. സ്വന്തം വരുമാനത്തിൽ നിന്നു ജീവിക്കുന്നതിന്റെ സുഖം അറിയണമെന്നായിരുന്നു കുഞ്ഞിന്റെ മോഹം. പക്ഷേ, എല്ലാ മാസവും അവസാനം കുഞ്ഞാറ്റ വിളിക്കും, ‘അച്ഛാ, കുറച്ചു പൈസ ഗൂഗിൾ പേ ചെയ്യാമോ.’

സിനിമയോടുള്ള ഇഷ്ടം കൂടിയോ ?

കുഞ്ഞാറ്റ: പഠിക്കാൻ ചേർന്ന സമയത്തു തന്നെ പ്രിൻസിപ്പൽ ഫാദർ പറഞ്ഞിരുന്നു, ‘ഇടയ്ക്കു വച്ചു നിർത്തി പോകാനാണ് ഉദ്ദേശമെങ്കിൽ കോഴ്സിനു ചേരാതിരിക്കുന്നതാണു നല്ലത്.’ ഇടയ്ക്ക് ഓഫർ വന്നതൊക്കെ ആ പേരിലാണു വിട്ടുകളഞ്ഞത്. പിന്നീടു സീരിയസ്സായി സിനിമയെ കുറിച്ചു ചിന്തിച്ചു തുടങ്ങിയപ്പോഴും ചെറിയ പേടി ബാക്കി നിന്നു, അച്ഛനും അമ്മയും അതിഗംഭീര ആക്ടേഴ്സാണ്. അവരുടെ പേരു ഞാൻ ചീത്തയാക്കുമോ?

പക്വതക്കുറവു കൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിച്ചതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. മികച്ച പ്രോജക്ട് വരുകയാണെങ്കിൽ ഉറപ്പായും ഇനി യെസ് പറയും. മോഡലിങ്ങും ഇഷ്ടമാണ്. അതിനായി സ്വയം ഗ്രൂം ചെയ്തു തുടങ്ങി. ജിമ്മിൽ ചേർന്നു, ശരീരവും ആരോഗ്യവും ഇപ്പോൾ നന്നായി ശ്രദ്ധിക്കുന്നു.

മനോജ്: മണിയൻ പിള്ള രാജുവും ആന്റോ ജോസഫും അ വർ നിർമിക്കുന്ന സിനിമകളിൽ നായികയാകാൻ വിളിച്ചിരുന്നു. അപ്പോഴൊക്കെ ‘അത്ര ധൈര്യം വന്നിട്ടില്ല’ എന്നു പറഞ്ഞാണു മോൾ ഒഴിഞ്ഞുമാറിയത്. അവളുടെ അമ്മ തമിഴിലെ ഒരു ഓഫറിനെ കുറിച്ചു ചോദിച്ചപ്പോഴും മറുപടിക്കു മാറ്റമുണ്ടായില്ല.

ഈയിടെ ഒരു ദിവസം അവൾ പറഞ്ഞു, ‘അച്ഛാ, ഇനി സിനിമ നോക്കാമെന്നു തോന്നുന്നു.’ വനിതയുടെ കവർചിത്രത്തിനു വേണ്ടി മോൾ പോസ് ചെയ്യുന്നതു കണ്ടിരുന്നപ്പോൾ എന്റെ മനസ്സിലൂടെ പോയത് ഓരോ കാലത്തുമുള്ള കു‍ഞ്ഞാറ്റയുടെ കുഞ്ഞിച്ചിരികളാണ്.

ഡബ്സ്മാഷ് വിഡിയോകൾ മുതൽ ഈയിടെ അമ്മയ്ക്കൊപ്പമുള്ള ഫോട്ടോകൾ വരെ വൈറലായല്ലോ ?

കുഞ്ഞാറ്റ: സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങുന്നത് അച്ഛന് ഇഷ്ടപ്പെടുമോ എന്ന പേടി കാരണം അമ്മയെ (ആശ) കൊണ്ടു റെക്കമന്റ് ചെയ്യിച്ചിട്ടാണ് അനുവാദം വാങ്ങിയത്. ഡിഗ്രിക്കു ചേർന്ന കാലമാണത്. ആരും കണ്ടുപിടിക്കാതിരിക്കാൻ വേണ്ടി പെട്ടെന്നു മനസ്സിലാകാത്ത ഐഡി ആണു ഇൻസ്റ്റഗ്രാമിൽ ഉണ്ടാക്കിയത്. എന്നിട്ടും അതിൽ പോസ്റ്റ് ചെയ്ത ഡബ്സ്മാഷ് വിഡിയോകൾ ആരൊക്കെയോ കുത്തിപ്പൊക്കി വൈറലാക്കി. മിനുവിന്റെ (കൽപന) മോൾ ചിഞ്ചി (ശ്രീമയി) ആയിരുന്നു അതിൽ എന്റെ ജോടി. ഇപ്പോൾ ചിഞ്ചി സിനിമയിൽ നായികയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

ബെംഗളൂരുവിൽ ഷൂട്ടിങ് ആവശ്യത്തിനു വരുമ്പോൾ അമ്മ (ഉർവശി) വിളിക്കും, ‍ഒന്നോ രണ്ടോ ദിവസം കൂടെ പോ യി താമസിക്കും. ഈയിടെ അമ്മ കൊച്ചിയിൽ വന്നപ്പോഴും രണ്ടുമൂന്നു ദിവസം അമ്മയ്ക്കൊപ്പം പോയി നിന്നു. അന്നെടുത്ത ചിത്രങ്ങളാണു വൈറലായത്.

അച്ഛന്റെയും അമ്മയുടെയുമൊക്കെ സിനിമാ വിശേഷങ്ങൾ കേട്ടാണോ വളർന്നത് ?

കുഞ്ഞാറ്റ: അല്ലേയല്ല, അച്ഛന് ആരെയും ലൊക്കേഷനിലേക്കു കൊണ്ടുപോകാനൊന്നും ഇഷ്ടമേയല്ല. അമ്മയുടെ പഞ്ചതന്ത്രം എന്ന സിനിമയുടെ ലൊക്കേഷനിലേക്കോ മറ്റോ ഒരിക്കലെന്നെ കൊണ്ടു പോയിട്ടുണ്ടത്രേ, അന്നു കമ ൽഹാസൻ എന്നെ കൊഞ്ചിച്ചിട്ടുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ അമ്മയും അച്ഛനും കൂടി പുറത്തു പോയപ്പോൾ ഇളയ ദളപതി വിജയ്‌യെ കണ്ടു. സംസാരിക്കുന്നതിനിടെ വിജയ് കൈനീട്ടിയപ്പോൾ ഞാൻ ചാടിച്ചെന്നു. അന്നു ഫോട്ടോ ഒക്കെ എടുത്തെങ്കിലും അതെവിടെയാണെന്ന് ആർക്കും അറിയില്ല.

ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സമയത്ത് അവിടെ ദീപിക പദുക്കോൺ വന്നു. ഓഫിസിലെ കുറച്ചുപേർ പോയി സെൽഫിയൊക്കെ എടുത്തതു കണ്ടപ്പോൾ വലിയ നിരാശ തോന്നി. അതൊക്കെ ഇപ്പോഴും വലിയ എക്സൈറ്റ്മെന്റുള്ള കാര്യമാണ്.

മനോജ്: ആശയുമായി വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. ആശയെയും ഇതുവരെ ലൊക്കേഷനിൽ കൊണ്ടുപോയിട്ടില്ല. ആകെ വീട്ടിൽ നിന്നു വന്നിട്ടുള്ളതു ചേട്ടൻ ബിജുവാണ്, രാജമാണിക്യത്തിന്റെ ലൊക്കേഷനിൽ. സിനിമയും വീടും രണ്ടായി കാണാനാണ് ഇഷ്ടം.

kunjatta-manoj-k-jayan

ജീത്തു ജോസഫിന്റെ ‘നുണക്കുഴി’യിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ‘ജെന്റിൽമാൻ ടു’വാണ് അടുത്തത്. പിന്നെ, ആന്റോ ജോസഫിന്റെ സിനിമ. ദിലീപ് നായകനായ ‘തങ്കമണി’യും മാത്യു തോമസ് നായകനാകുന്ന ‘ലൗലി’ യും ‘ആനന്ദപുരം ഡയറീസു’മൊക്കെ ലിസ്റ്റിലുണ്ട്.

അനിയന്മാരുടെ വിശേഷങ്ങൾ പറയൂ...

കുഞ്ഞാറ്റ: ചെന്നൈയിലുള്ള പൊന്നുണ്ണിക്കും യുകെയി ലുള്ള അമിക്കുട്ടനും എന്നെ ജീവനാണ്. എട്ടു വയസ്സായി പൊന്നുണ്ണിയെന്ന ഇഷാന്, അവനും ഞാനും തമ്മിൽ 15 വയസ്സിന്റെ വ്യത്യാസമുണ്ട്. യുകെയിലെ അനിയൻ അമൃതിനു പത്തു വയസ്സായി, അമിയുമായും 13 വയസ്സിന്റെ വ്യത്യാസമുണ്ട്. ബെംഗളൂരുവിൽ നിന്നു വന്നതിനു പിറകേ ഞാനും അച്ഛനും കൂടി അമ്മയെയും അനിയനെയും അ നിയത്തിയെയും (ആശയുടെ മകൾ ശ്രിയ) കാണാൻ ലണ്ടനിലേക്കു പോയിരുന്നു. മൂന്നുമാസം അവിടെ അടിച്ചുപൊളിച്ചു. അന്നാണു പാചകം പഠിക്കാത്തതിൽ കുറച്ചു നാണക്കേട് ആദ്യമായി തോന്നിയത്. ശ്രിയ നല്ല കുക്കാണ്. വിശക്കുന്നു എന്നു വെറുതേ പറഞ്ഞാൽ മതി, നിമിഷനേരം കൊണ്ടു മൂന്നുനാലു ഡിഷ് മുന്നിൽ നിരത്തും.

യുകെയിലെ കിങ്സ് കോളജിലാണു ശ്രിയ പഠിക്കുന്നത്. ബയോമെഡിസിൻ കഴിഞ്ഞ് അനലറ്റിക്കൽ ടോക്സിക്കോളജിയിൽ മാസ്റ്റേഴ്സ് ചെയ്യുന്നു. എനിക്ക് അവളും അവൾക്കു ‍ഞാനുമുണ്ടെങ്കിൽ പിന്നെയൊന്നും വേണ്ട.

kunjatta-video-cover

കുഞ്ഞാറ്റയുടെ ജീവിതത്തെ കുറിച്ച് അച്ഛൻ കാണുന്ന സ്വപ്നമെന്താണ് ?

മനോജ്: ഒന്നിനും നിർബന്ധിക്കാത്ത അച്ഛനാണു ‍ഞാ ൻ. മൂന്നാം ക്ലാസ്സു വരെ അവൾ പാട്ടും ഡാൻസും പഠിച്ചു, പിന്നെ നിർത്തി. അച്ഛൻ സംഗീതജ്ഞനായിട്ടും പാട്ടിൽ ഉഴപ്പിനടന്ന എനിക്ക് ഉപദേശിക്കാൻ പറ്റില്ലല്ലോ.

ആശ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാത്രി എട്ടരയ്ക്കു മുൻപു വീട്ടിലെത്തുന്ന ആളാണു ഞാൻ. അതിനു ശേഷമുള്ള കറക്കമോ സൗഹൃദങ്ങളോ ഇല്ല. 2006 മുതൽ പുകവലിയും മദ്യപാനവും ഇല്ലേയില്ല. ഒരു വിവാദത്തിലും അറിയാതെ പോലും ചാടരുത് എന്നും ചിന്തിക്കുന്നു. എന്റെ ജീവിതം മോൾ കണ്ടു പഠിക്കണമെന്നാണു മോഹം.

മോളുടെ വിവാഹത്തെ കുറിച്ചൊന്നും ഇപ്പോൾ സ്വപ്നം കാണുന്നേയില്ല. എന്റെ മകളടക്കമുള്ള പുതിയ തലമുറയ്ക്കു വിവാഹമൊക്കെ കുറച്ചു കഴിഞ്ഞു മതി എന്ന നിലപാടാണ്. അതു ഞാൻ അംഗീകരിക്കുന്നു. ലോകമൊക്കെ കണ്ടറിഞ്ഞ ശേഷം സ്വയം തോന്നുമ്പോൾ മതി വിവാഹം. ശ്രീമയിക്ക് ഉർവശിയുടെ സ്വഭാവമാണ്. കൽപനയുടെ ഹ്യൂമർസെൻസ് കിട്ടിയത് കുഞ്ഞാറ്റയ്ക്കും. അവർ രണ്ടും സിനിമയിൽ വരുന്നതു ദൈവനിയോഗമാകും.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ