Monday 17 March 2025 02:57 PM IST

‘ആ സീനിൽ അഭിനയിക്കുമ്പോൾ ടെൻഷൻ കൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു’: പണിയിലെ ‘കാന്താരി’: മെർലെറ്റ് പറയുന്നു

Roopa Thayabji

Sub Editor

pani-actress

പണി എന്ന സിനിമയിലൂടെ മലയാളത്തിനു കിട്ടിയ ബോൾഡ് നായിക മെർലെറ്റ് ആൻ തോമസ്പ

പണി തന്ന ‘പണി’

‘ആന്റണി’യിലെ ചെറിയ വേഷം കണ്ടിട്ടാണ് ജോജു ചേട്ടൻ പണിയിലേക്കു വിളിച്ചത്. ബോൾഡ് കഥാപാത്രമാണ്. ചെയ്യാൻ ഓക്കെയാണോ എന്നാണു ചോദിച്ചത്. ക ഥാപാത്രത്തെ കുറിച്ചും സീനുകളുമൊക്കെ വിശദീകരിച്ചു തന്നു. സ്നേഹയാകാൻ തീരുമാനിച്ചപ്പോൾ തന്നെ മനസ്സു പറഞ്ഞു, ഇതൊരു ചലഞ്ചാണ്. ഓരോ സിനിമ കഴിഞ്ഞും മികച്ച കഥാപാത്രം കിട്ടണമെങ്കിൽ ഈ ചലഞ്ച് ഏറ്റെടുത്തേ മതിയാകൂ. ലുക് ടെസ്റ്റിലാണു കോസ്റ്റ്യൂമും ചുരുണ്ട മുടിയുമൊക്കെ വേണമെന്നു തീരുമാനിച്ചത്. എല്ലാം കഥാപാത്രത്തിനു നന്നായി ചേർന്നു.

തൃശൂർ റൗണ്ടിലായിരുന്നു ആദ്യ ദിവസത്തെ ഷൂട്ടിങ്. തിരക്കേറിയ സമയത്ത്, അതും സിങ്ക് സൗണ്ടിൽ. പക്ഷേ, എല്ലാം ഭംഗിയായി വന്നു. സാഗറുമായി കഫേയിൽ വച്ചുള്ള സീനിൽ അഭിനയിക്കുമ്പോൾ ടെൻഷൻ കൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു, ഒരു ഉൾക്കിടിലം. റിലീസിനു മുൻപ് നെർവസ് ആയിരുന്നെങ്കിലും ഫസ്റ്റ് ഡേ ഹൗസ്‌ഫുൾ എന്നു കേട്ടപ്പോൾ സന്തോഷമായി.

സിനിമാരംഗത്തു നിന്നും അല്ലാതെയും ഒരുപാടുപേ ർ സ്നേഹയെ അഭിനന്ദിച്ചു. അച്‌ഛനും അമ്മയും സിനിമ കണ്ടിട്ടു നന്നായി എന്നു പറഞ്ഞ് അഭിനന്ദിച്ചതാണ് ഏറ്റവും വലിയ കോംപ്ലിമെന്റ്.

ആദ്യം ജോലി, പിന്നെ സിനിമ

സിനിമ കാണാൻ തിയറ്ററിൽ പോകുകയേ ഇല്ലായിരുന്നു. പക്ഷേ, ചെറുപ്പം തൊട്ടേ മനസ്സിൽ സിനിമാമോഹമുണ്ട്. സ്വന്തം നാട് അടൂരാണ്. അച്ഛൻ തോമസിനും അ മ്മ ഷൈനിക്കും ബഹ്റൈനിൽ ബിസിനസ് ആണ്. അനിയത്തി മെർലിനും ഞാനുമൊക്കെ ബഹറിനിൽ ആയിരുന്നു.

സ്കൂൾകാലം മുതലേ പാട്ടും ഡാൻസും സ്പോർട്‌സുമൊക്കെയായി ആക്ടീവായിരുന്നു. പക്ഷേ, മോണോആക്‌ട്, ഡ്രാമ പോലുള്ളവയൊന്നും പരീക്ഷിച്ചിട്ടില്ല, ഒരുതരം സ്റ്റേജ് ഫിയർ. ആ സമയത്ത് സിനിമയിൽ അവസരം വന്നെങ്കിലും നന്നായി പഠിച്ചു ജോലി വാങ്ങണമെന്നായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്.

ഡെന്റിസ്റ്റ് ടു ആർട്ടിസ്റ്റ്

ചെന്നൈയിൽ ബിഡിഎസിനു പഠിക്കുമ്പോൾ ലീവ് എടുക്കാനാകില്ല. സിനിമ എന്ന പാഷൻ അവസാനിക്കുകയാണ് എന്നാണു കരുതിയത്. പക്ഷേ, ദൈവം കൈവിട്ടില്ല. ഹൗസ് സർജൻസി കഴിഞ്ഞ പിന്നാലെ ചെന്നൈയിൽ ഡെന്റിസ്റ്റായി ജോലി കിട്ടി. ഒരു ഷോർട് ഫിലിമിൽ അഭിനയിക്കാൻ രണ്ടു ദിവസത്തെ ലീവ് സംഘടിപ്പിച്ചു കൊച്ചിയിലെത്തി. അവിടെവച്ചാണ് മറ്റൊരു സുഹൃത്തു വഴി സിനിമാ ഓഫർ വന്നത്. രണ്ടാഴ്‌ച എങ്കിലുമെടുക്കും ഷൂട്ടിങ്. തിരികെ ചെന്നൈയിലേക്കു ബസ് കയറാൻ നിന്ന എനിക്ക് സിനിമ വേണോ ജോലി വേണോ എന്ന ചിന്ത ചോദ്യചിഹ്‌നമായി. സിനിമയോട് യെസ് പറയാൻ മനസ്സു പറഞ്ഞതോടെ എമർജൻസിയായി രണ്ടാഴ്ച‌ ലീവെടുത്തു. എഴുത്തോല എന്ന ആ സിനിമ പൂർത്തിയായപ്പോൾ തന്നെ രണ്ടാമത്തെ സിനിമ കിട്ടി, അതാണു പ്രഹരം. 25 ദിവസമായിരുന്നു ഷൂട്ടിങ്. അതിനായി ജോലി രാജി വച്ചപ്പോൾ വീട്ടുകാർക്ക് ഉറപ്പു നൽകി, സിനിമ ഇല്ലെങ്കിൽ ഡെന്റിസ്റ്റിന്റെ ജോലി തന്നെ ചെയ്യും.

സിനിമയാണു പാഷൻ

പണിയിലെ ബോൾസ് സീനുകൾ അഭിനയിക്കും മുൻപ് സെൽഫ് മോട്ടിവേറ്റഡാകാൻ രണ്ടു സിനിമകൾ കണ്ടിരുന്നു, കമലഹാസന്റെ പതിനാറ് വയതിനിലെയും സീമാ ബിശ്വാസിന്റെ ബാൻഡിറ്റ് ക്യൂനും. സിനിമയ്ക്ക് വേണ്ടി നഗ്നരായി അഭിനയിച്ച അവർ രണ്ടുപേരും ആണെന്റെ ഹീറോസ്. റേപ്പും വയലൻസും സെക്സുമൊക്കെ ഇന്നും സിനിമയിലുണ്ട്. അതൊക്കെ എത്ര റിയലാണെന്നും എങ്ങനെയാണു ഷൂട്ട് ചെയ്യുന്നതെന്നും എല്ലാവർക്കുമറിയാം. നെഗറ്റീവ് പറയുന്നവരെ ശ്രദ്ധിക്കേണ്ട കാര്യമില്ല എന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. മുഖത്തെ എക്‌സ്പ്രഷൻ വച്ച് സീനിനെ വ്യാഖ്യാനിക്കുന്നതു നടി എന്ന നിലയിൽ എന്റെ വിജയമല്ലേ. കലിപ്പന്റെ കാന്താരി റീൽസൊക്കെ രസിച്ചാണു കണ്ടത്. പുതിയ തലമുറയുടെ പ്രണയത്തിലെ ബുദ്ധിശൂന്യത ഞങ്ങളുടെ കണ്ണു തുറപ്പിച്ചു എന്നു പ റഞ്ഞു മെസേജിടുന്ന പെൺകുട്ടികളുമുണ്ട്. ഇനി വരാനുള്ളതു പ്രഹരം എന്ന സിനിമയാണ്. മറ്റു സ്ക്രിപ്റ്റുകൾ കേൾക്കുന്നു. ഒന്നും പറയാറായിട്ടില്ല.

രൂപാ ദയാബ്ജി