Wednesday 05 July 2023 03:58 PM IST

‘ആരെയും വേദനിപ്പിച്ചിട്ടില്ല, പറഞ്ഞതിൽ ഒരു കഥ പോലും വേണ്ടിയിരുന്നില്ലെന്നു തോന്നിയിട്ടുമില്ല’: മുകേഷ്... സിനിമയും രാഷ്ട്രീയവും

Vijeesh Gopinath

Senior Sub Editor

mukesh-4

നടനും രാഷ്ട്രീയ നേതാവും. ഈ രണ്ടു റോളിനെയും കുറിച്ച് മുകേഷ് പറയുന്നു

സിനിമയിലേതു പോലെ രാഷ്ട്രീയത്തിലും ജനമനസ്സിലും നിലനിൽക്കാൻ എങ്ങനെ കഴിയുന്നു? എളുപ്പം ഏതാണ്?

അഭിഷ എ, കൂത്തുപറമ്പ്, കണ്ണൂർ

രണ്ടിലും ആത്മാർഥമായ ശ്രമവും ക ഴിവും അതിനൊപ്പമോ അല്ലെങ്കിൽ കുറച്ചു മുകളിലോ ഭാഗ്യവും വേണം. നല്ല റോളുകൾ നല്ല പ്രായത്തിൽ കിട്ടുക, അതു ജനങ്ങൾ സ്വീകരിക്കുക ഇതെല്ലാം സിനിമയിലെ ഭാഗ്യം. രാഷ്ട്രീയത്തിലും അതുപോലെ തന്നെ. രണ്ടു തരം വികസനങ്ങൾ ഉണ്ട്. ഒന്ന് നാടിന്റെ സാധാരണ വികസനം. പിന്നെ, ഹൃദയത്തിൽ നിന്നു വന്നു കയ്യടി നേടുന്ന വികസനങ്ങൾ. ഉദാഹരണത്തിന് ഒരുകാലത്തും നടക്കില്ല എന്നു കരുതി എഴുതിത്തള്ളിയ പാലം യാഥാർഥ്യമാകുന്നു. നല്ല സ്കൂളുകളും ആശുപത്രികളും ഉണ്ടാകുന്നു. കയ്യടി കിട്ടുന്നു. ഇതെല്ലാം എന്റെ മണ്ഡലത്തിലും നടന്നു. സിനിമയും രാഷ്ട്രീയവും എളുപ്പമല്ല. രണ്ടു സ്ഥലത്തും നല്ല പണിയെടുക്കണം. നല്ല വെയിലും കൊള്ളണം.

ഇപ്പോൾ സിനിമാ ലൊക്കേഷനിലേക്കു ചെല്ലുമ്പോൾ മിസ് ചെയ്യുന്നതെന്താണ്?

ശരണ്യ പത്മ ഹരി, റാന്നി

പുതിയ സിനിമകളിൽ അഭിനയിക്കാൻ എത്തുമ്പോൾ കാരവാൻ ഇല്ലാതിരുന്ന പഴയ കാലം മിസ് ചെയ്യാറുണ്ട്. ഷോട്ട് കഴിഞ്ഞാൽ ഒന്നോ രണ്ടോ ഫാനുകൾക്ക് നടുവിൽ കസേരയും വലിച്ചിട്ട് ഇരിക്കും. തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കും. പലരും കുടുംബകാര്യങ്ങൾ പോലും ചർച്ച ചെയ്യും. സംസാരിക്കാതെ ഒരു മിനിറ്റുപോലും ഇരിക്കാനാകില്ല. അതൊന്നും ഇന്നു കാണാനില്ല.

മുകേഷ് കഥകളിൽ എത്ര ശതമാനം സത്യമുണ്ട്?

പൂജ ബാലക‍ൃഷ്ണൻ, കോട്ടയം

തൊണ്ണൂറു ശതമാനം സത്യം തന്നെയാണ്. ബാക്കിയുള്ള പത്തു ശതമാനം കഥയുടെ ഭംഗിക്കു വേണ്ടിയുള്ള തുടക്കവും ക്ലൈമാക്സും‌. അതായിരിക്കും എന്റെ സംഭാവന. പറയുന്നതെല്ലാം സംഭവകഥകളാണ്.

യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങിനു വേണ്ടി റിക്കോർഡ് ചെയ്യുമ്പോൾ‌ ആറെണ്ണമൊക്കെയാണ് ഒന്നിച്ചെടുക്കുന്നത്. സ്ക്രിപ്റ്റ് ഒന്നുമില്ല. ഇരുപത്തഞ്ച് മിനിറ്റ് ഒരു കട്ടും ഇല്ലാതെ പറയും. ഇപ്പോൾ നൂറാമത്തെ എപ്പിസോഡായി . ഒരെണ്ണത്തിൽ മൂന്നു കഥകൾ ഉണ്ട്. അങ്ങനെ ഏതാണ്ടു മുന്നൂറോളം കഥകൾ. ഒരിക്കൽ പോലും ആരെയും വേദനിപ്പിച്ചിട്ടില്ല. ഒരു കഥ പോലും വേണ്ടിയിരുന്നില്ലെന്നു തോന്നിയിട്ടുമില്ല. അതാണ് എന്റെ ആത്മവിശ്വാസം.

രാഷ്ട്രീയ ജീവിതത്തിൽ ഗുരുക്കന്മാരുണ്ടോ?

പ്രീതി ബിജു കോക്കാട്ട്, പാലാ

എന്റെ രാഷ്ട്രീയ ഗുരു അച്ഛൻ ത ന്നെയാണ്. ഞാൻ കണ്ടു വളർന്നത് അച്ഛനെയാണ്. പതിനേഴ് വർഷത്തോളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അച്ഛൻ രാത്രി മുഴുവൻ നാടകസ്ഥലത്തുണ്ടാകും. പകൽ മുഴുവൻ ജനങ്ങൾക്കിടയിലും. രാവിലെ നാടകം കഴിഞ്ഞ് എത്തിയാൽ ബാക്കി എല്ലാവരും കിടന്നുറങ്ങും. അച്ഛൻ കുളികഴിഞ്ഞ് ഷർട്ടും ഇട്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും.

ജനങ്ങൾക്കു വേണ്ടി പഞ്ചായത്ത് ഒാഫിസിലും പൊ ലീസ് സ്റ്റേഷനിലുമൊക്കെയായി നടന്നു രാത്രിയിൽ ഒാടിപ്പിടിച്ചു നാടകസ്ഥലത്ത് എത്തുന്ന അച്ഛനെ ഞാൻ കണ്ടിട്ടുണ്ട്.

കാലം എനിക്കും അതാണ് ഒരുക്കിവച്ചത്. അന്നു ഞാൻ പഠിച്ച ഒരു കാര്യമുണ്ട്. കലയെയും ജനങ്ങളെയും സ്നേഹിച്ചാൽ രണ്ടും നമുക്കൊപ്പം നിൽക്കും.

താരമാണ് മുന്നിൽ നിൽക്കുന്നതെന്ന തോന്നൽ ഇല്ലാതാക്കാൻ എന്തു ചെയ്യും? ജനങ്ങളോടുള്ള നയം എന്താണ്?

ദീപ എസ്, അസോസിയേറ്റ് പ്രഫസർ, സിഎടി, തിരുവനന്തപുരം

താരങ്ങൾ ജനങ്ങളുടെ ചിരിയും ആർപ്പുവിളികളും മാത്രമേ കണ്ടിട്ടുള്ളൂ. ജനങ്ങളാകട്ടെ അവരുടെ പുഞ്ചിരിയും കൈ വീശലുകളും കാണും. താരം ലൊക്കേഷനിലേക്കു കാറിൽ ചെന്നിറങ്ങുന്നു. സുരക്ഷിതമായി എത്തിക്കാൻ അവിടെ ആൾക്കാരുണ്ട്. അതൊക്കെ കാണുമ്പോൾ ജനങ്ങൾ കരുതും ഇ ത് നക്ഷത്രങ്ങളാണ്. അപ്രാപ്യരാണ്. പക്ഷേ, രാഷ്ട്രീയത്തിൽ ഇതു നടക്കില്ല. അതു ജനങ്ങൾക്കിടയിൽ അകലമുണ്ടാക്കും. അതു മായ്ചുകളയണം.

ജനങ്ങൾക്കിടയിൽ ഒരേ സമയം അവരുടെ ആളായും സിനിമാ താരമായും നിൽക്കാൻ പറ്റുന്നുണ്ട്. ജനങ്ങളുടെ ദുഖങ്ങൾ കേട്ട് ആശ്വസിപ്പിച്ച് ഒപ്പമുണ്ടെന്നു മനസ്സിലാക്കിയപ്പോൾ താരം ഉണ്ടാക്കുന്ന അകലം അവർ മറന്നു.

താരത്തിന്റെയും ജനപ്രതിനിധിയുടെയും പരിധിവിടാതെ അവർക്കൊപ്പം നിൽക്കണം. അതുകൊണ്ടാണു നാടിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി ശ്രമിക്കാൻ പറ്റുന്നത്. അതുപോലെ തന്നെ മരണവീട്ടിൽ‌ പോയാലും ഒരു സെൽഫി എടുത്തോട്ടെ എന്നു രഹസ്യമായി ചോദിക്കുന്നത്.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: തോമസ് മാത്യു