Saturday 11 December 2021 02:51 PM IST

‘അപ്പ പുറത്തുപോകും കൂട്ടുകാരെ കാണും, എനിക്കും ഫ്രണ്ട്സിനൊപ്പം കളിക്കണം’: വീട്ടിലെ ദാദയുടെ പരാതി: നിവിൻ പറയുന്നു

Vijeesh Gopinath

Senior Sub Editor

nivin-kids

പതിനൊന്നു വര്‍ഷം. ഒരു നടന്റെ യാത്ര അളന്നെടുക്കാനാകുന്ന പതിനൊന്ന് അഭിനയ വർഷങ്ങൾ.

വിനീത് ശ്രീനിവാസനു മുന്നിൽ ഒടിഞ്ഞ കാലുമായി ഒാഡിഷനു വന്ന സിനിമാ മോഹിയായ ആ സോഫ്റ്റ്‌വെയർ എൻജിനീയർ ചാടിക്കയറിയ സിനിമാ ഉ യരങ്ങൾ വെറുതേ ഒാർത്തു നോക്കി.

‘ചിരിക്കാതെ’ അഭിനയിച്ച മലർവാടിയും ‘ചിരിച്ചു പ്രണയിച്ച’ തട്ടത്തിൻ മറയത്തും ‘മീശപിരിച്ചു പ്രണയിച്ച’ പ്രേമവും, ഇരുപത്തൊൻപതാം വയസ്സിൽ അ‍ഞ്ചാം ക്ലാസുകാരന്റെ അച്ഛനായ 1983 ഉം, അതിനു ലഭിച്ച സ്റ്റേറ്റ് അവാർഡും... ആദ്യ ആറുവർ‌ഷം അങ്ങനെയായിരുന്നു.

ഇടവേളകളുണ്ടായില്ല, അടുത്ത അഞ്ചു വർഷം കൊണ്ട് മലയാളിയുടെ മനസ്സിൽ നിവിൻ പോളി തിള ക്കമുള്ള താരത്തിന്റെ കയ്യൊപ്പിട്ടു. ഒന്നിനുപുറകേ ഒ ന്നായി നൂറു ദിവസം തികച്ച സിനിമകളിലൂടെ വിപണനമൂല്യമുള്ള നടനായി. ഒാഫ് റോഡ് ഡ്രൈവ് പോലെ ഹരമുള്ള സിനിമാ യാത്ര.

വിളിക്കുമ്പോൾ നിവിൻ ചെന്നൈയിലായിരുന്നു. പണ്ട് അൽഫോന്‍സ് പുത്രന് നുങ്കംപാക്കത്ത് ഒരു ലോഡ്ജ് മുറിയുണ്ടായിരുന്നു, വലിയ സ്വപ്നവും ചെറിയ യാഥാർഥ്യവും തമ്മിലുള്ള അകലം കുറച്ചു കൊണ്ടുവരാൻ അന്ന് നിവിൻ ചെന്നൈയിലേക്ക് വണ്ടി ക യറും. ആ മുറിയിൽ താമസിച്ച് മറീനാബീച്ചിലും നുങ്കംപാക്കത്തും സിനിമ ‘ശ്വസിച്ചു’ നടക്കും.

ഇന്ന് അതേ ചെന്നൈയിൽ നിന്ന് അടുത്ത ദിവസം നി വിൻ പറക്കുന്നത് ദുബായ്‍യിലേക്കാണ്. മികച്ച നടനുള്ള സിനിമാ അവാർഡ് സ്വീകരിക്കാൻ....

കാലം ഒാടുന്നത് രണ്ടര മണിക്കൂർ നീളമുള്ള സിനിമയേക്കാൾ വേഗത്തിലാണോ? നിവിൻ‌ പറയുന്നു,

‘‘ഒറ്റയ്ക്കിരിക്കുമ്പോൾ ആലോചിക്കും, പത്തുവർഷം മുൻപ് ‍ഞാൻ എങ്ങനെയായിരുന്നു, ജീവിതം എങ്ങനെയായിരുന്നു... എനിക്കെല്ലാം തന്നത് സിനിമയാണ്. എന്റെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നത്തിലൂടെയുള്ള യാത്രയിലാണ് ഇപ്പോൾ. ഒരുപാടു സംവിധായകർക്കൊപ്പം അഭിനയിക്കുന്നു, സിനിമകൾ നിർമിക്കുന്നു, മലയാളത്തിനു പുറത്തുള്ള സിനിമാ മേഖലയുമായി ബന്ധപ്പെടുന്നു...

ഒരു പതിറ്റാണ്ട്. സിനിമയിലെ നിവിൻ എങ്ങനെയെല്ലാം മാറി?

തുടക്കകാലത്ത് സിനിമയെക്കുറിച്ച് പല പേടികളും ഉണ്ടായിരുന്നു. നിലനിൽക്കാനാകുമോ? തുടർച്ചയായി സിനിമകൾ കിട്ടുമോ? പരാജയപ്പെട്ടാൽ‌ കരിയർ ഇല്ലാതാകുമോ?

എന്നെ തേടി വരുന്ന സിനിമകളിൽ അഭിനയിക്കുക, വിജയവും പരാജയവും അനുഭവിച്ചറിഞ്ഞ് മുന്നോ‌ട്ടു യാത്ര ചെയ്യുക. ഇതായിരുന്നു തുടക്കകാലത്തെ രീതി. എന്നാല്‍‌ ഇപ്പോൾ വിജയപരാജയങ്ങളെ ബന്ധപ്പെടുത്തി മാത്രമല്ല സിനിമ തിരഞ്ഞെടുക്കാറുള്ളത്. പ്രേക്ഷകരെ രസിപ്പിക്കുന്നതും വ്യത്യസ്തവുമായ സിനിമകളില്‍ അഭിനയിക്കാൻ തുടങ്ങി. പരാജയത്തെക്കുറിച്ചോർത്തുള്ള പേടി മാറി. മനസ്സിന് ഇഷ്ടമായ സിനിമകൾ മതി എന്നായി.

ബോക്സ് ഒാഫിസിൽ ഹിറ്റായില്ലെങ്കിലും ഒരുപാടു സംസാരിക്കപ്പെട്ട സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അത്തരം സിനിമകളെയും വിശ്വാസത്തിലെടുക്കാൻ തുടങ്ങി. പരാജയപ്പെടുമോ എന്നു പേടിച്ചിരുന്നാൽ സമാധാനമുള്ള മനസ്സോടെ സിനിമ തിരഞ്ഞെടുക്കാനാകാതെ വരും. ഈ തിരിച്ചറിവ് വലിയ പാഠമായിരുന്നു.

മുടിയും താടിയും നീട്ടിവളർത്തി പുതിയ ലുക് ആണല്ലോ?

‘പടവെട്ട്’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മുടിയും താടിയും വളർത്തിയത്. ലോക്ഡൗൺ വന്നതോടെ പടം നീണ്ടു പോയി. അപ്പോൾ മുടി വളർത്താൻ തുടങ്ങി. സിനിമയിലെത്തിയിട്ട് മ‍ുടിവളർത്താൻ പറ്റിയിട്ടില്ല. ആ മോഹം ഇങ്ങനെ തീർത്തു. ‘പടവെട്ട്’ പൂർണമായിട്ടില്ല. വലിയ ആൾക്കൂട്ട രംഗങ്ങളൊക്കെ ബാക്കിയുണ്ട്. അതുകൊണ്ട് ആ ലുക്ക് തുടർന്നെന്നേയുള്ളൂ.

മഹാവീര്യർ, പടവെട്ട്, തുറമുഖം... കംഫർട്ട് സോണിൽ നിന്ന് മാറുകയാണോ?

ഈ മൂന്നു തിരക്കഥകളും കേട്ട ഉടൻ ‘യെസ്’ പറഞ്ഞു. ഇ തെല്ലാം എന്നും നിലനിൽക്കുന്ന സിനിമകൾ ആകുമെന്ന് ഇപ്പോഴേ ഞാനുറച്ചു വിശ്വസിക്കുന്നു.

ഇതുവരെ പറയപ്പെടാത്ത വിഷയം പുതിയ രീതിയിൽ അവതരിപ്പിച്ച സിനിമയാണ് ‘മഹാവീര്യർ’. സിനിമ കണ്ടുകഴിഞ്ഞ് ഇത് ‘ആ സിനിമ പോലെയില്ലേ’ എന്നാരും പറയില്ല. മറ്റു ഭാഷകളിൽ പോലും മഹാവീര്യർ പോലൊരു സിനിമ ഞാൻ കണ്ടിട്ടില്ല.

മഹാവീര്യറിന്റെ തിരക്കഥ പറയാൻ വന്നപ്പോഴും ബാഗിലുണ്ടായിരുന്ന പുസ്തകങ്ങളെക്കുറിച്ചാണ് ഷൈൻ ചേട്ടൻ (സംവിധായകൻ എബ്രിഡ് ഷൈൻ) ആദ്യം സംസാരിച്ചത്. സംവിധായകനെക്കാൾ എനിക്ക് ചേട്ടനാണ് അദ്ദേഹം. ചില സമയത്ത് നന്നായി വഴക്കു പറയാറുണ്ട്, എനിക്കൊരു പ്രശ്നമുണ്ടെങ്കിൽ അവിടെ ഷൈൻ ചേട്ടനുണ്ടാകും. ആരെത്തുന്നതിനും മുന്നേ എത്തും, ഉറപ്പാണ്.

എല്ലാത്തരം സിനിമയും ചെയ്യുന്നുണ്ട്. പുതിയ സിനിമ രതീഷ് ബാലകൃഷ്ണപൊതുവാൾ സംവിധാനം ചെയ്ത ‘കനകം കാമിനി കലഹം’ ആണ്. ചിരിപ്പിക്കുന്ന സിനിമ. കോവിഡ് കാലമല്ലേ. ചുറ്റും പിരിമുറുക്കമുണ്ടാക്കുന്ന വാർത്തകൾ കേൾക്കുന്നു. അപ്പോൾ ഒന്നു ചിരിക്കാൻ പറ്റുന്നത് നല്ലതല്ലേ?



അഭിനയിക്കുന്ന സീനുകൾ എഴുതിവയ്ക്കാറുള്ള നോട്ട് ബു ക്ക് ഉണ്ടെന്നു കേട്ടു, ഇപ്പോഴും അത് സൂക്ഷിക്കാറുണ്ടോ?

തിരക്കഥ സിനിമയാകും വരെയുള്ള യാത്രയും അതിന്റെ വിശകലനവും എനിക്കിഷ്ടമാണ്. ഒാരോ സീനും എന്തിനാണെന്ന് സംവിധായകനോടോ തിരക്കഥാകൃത്തിനോടോ ചോദിക്കും. ഒാരോ സീനും ഷൂട്ട് ചെയ്യുമ്പോൾ വരുത്തുന്ന വ്യത്യാസങ്ങളൊക്കെ എഴുതി സൂക്ഷിക്കും. തിരക്കഥയിൽ ഉള്ളതു പോലെ തന്നെയല്ലല്ലോ ഷൂട്ട് ചെയ്യുന്നത്. അതിൽ തന്നെ എഡിറ്റർ പിന്നെയും മുറിച്ചുമാറ്റലും കൂട്ടിചേർക്കലും നടത്തും. ഇതൊക്കെ കഴിഞ്ഞ് ഒാരോ സീനും തിയറ്ററിലുണ്ടാക്കുന്ന ചലനങ്ങളും നോക്കി കുറിച്ചെടുക്കും.

ഓരോ സിനിമയിലും ഞാനിതു ചെയ്യുമ്പോൾ അടുത്ത സിനിമയ്ക്ക് ഉപകാരപ്പെടുന്നുണ്ട്. തിരക്കഥ വായിക്കുമ്പോഴും അഭിനയിക്കുമ്പോഴും തെളിച്ചം കൂടും.

ഇതൊക്കെ സംവിധാനത്തിലേക്കുള്ള ഒരുക്കങ്ങളാണോ?

അങ്ങനെ ചിന്തിച്ചിട്ടില്ല. തിരക്കഥ സിനിമയാകുന്ന രീതി ഇഷ്ടപ്പെടുന്നതു കൊണ്ട് ചെയ്തു പോകുന്നതാണ്. ഇ പ്പോഴെന്റെ മനസ്സ് അഭിനയത്തിൽ തന്നെയാണുള്ളത്. സംവിധാനം കുറച്ചു കൂടി ഉത്തരവാദിത്തമുള്ള പരിപാടിയല്ലേ? എല്ലാ മേഖലകളിലും നല്ല അറിവു വേണം. കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനാകണം. ആ പ ക്വത വന്നെന്നു തിരിച്ചറിഞ്ഞാൽ അന്ന് ആലോചിക്കാം.

ദാദയുടെയും റീസയുടെയും പുതിയ വിശേഷങ്ങൾ എന്താണ്?

ദാവീദ് (ദാദ) നാലാം ക്ലാസ്സിൽ. റീസ എൽകെജിയിൽ. ഒരു ദിവസം ദാദ വളരെ വിഷമത്തോടെ ഇരിക്കുന്നു. ‘എന്തു പറ്റീടാ’ ചോദിച്ചപ്പോൾ ‘അപ്പ പുറത്തു പോകുന്നുണ്ട്, കൂട്ടുകാരെ കാണുന്നുണ്ട്. എനിക്ക് ഫ്രണ്ട്സിനൊപ്പം കളിക്കണം പാർക്കിൽ പോണം...’ എന്നു മറുപടി. സ്കൂൾ‌ തുറന്നെങ്കിലും എല്ലാ കുട്ടികളുടെയും ആഗ്രഹങ്ങളാണ് ഇതെല്ലാം.

എന്റെ റിലാക്സിങ് പോയിന്റ് കുഞ്ഞുങ്ങളാണ്. അവർക്കൊപ്പമുള്ള കളികളാണ്. രണ്ടു പേരും രണ്ടു രീതിയിലുള്ള ഡിമാൻഡുകളാണ് നിരത്തുക. എനിക്ക് ഒപ്പമിരുന്ന് കാർട്ടൂൺ സിനിമ കാണാനാണ് ദാദയ്ക്ക് ആഗ്രഹം.

റീസ പക്ഷേ, ഇതിൽ നിൽക്കില്ല. അവളെയും പാവക്കുട്ടിയെയും ഞാൻ കുളിപ്പിച്ച് ഒരുക്കണം. ഒാൺലൈൻ ക്ലാസ്സിൽ അടുത്തിരിക്കണം. ഇതൊക്കെ ഞാൻ സമ്മതിച്ചു കൊടുക്കും. കാരണം ഈ കാലം വളരെ മൂല്യമുള്ളതാണ്. കുട്ടികൾ വളർന്നു വരുമ്പോൾ‌ ഇതെല്ലാം നഷ്ടമാകും.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: എബ്രിഡ് ഷൈൻ