Saturday 07 September 2019 04:36 PM IST

‘നീ എന്തിനാടാ കരയുന്നത്? കാശു പോയാല്‍ പോകും, അതു പിന്നെയും ഉണ്ടാക്കാം’; ആ വാക്കുകൾ നൽകിയ ആത്മവിശ്വാസം ചെറുതല്ല!

V.G. Nakul

Sub- Editor

_REE0530
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അച്ഛൻ പ്രശസ്തനായ അധ്യാപകൻ. സഹോദരി അധ്യാപിക, സഹോദരന്‍ ഐഎഎസ്. പക്ഷേ, സുരേഷ്കുമാറിെന പ്രലോഭിപ്പിച്ചത് സിനിമയാണ്. സിനിമാഭ്രാന്തൻമാരായ കൂട്ടുകാരുടെ സഹവാസം കൂടിയായപ്പോള്‍ അതു കലശലായി. ഒടുവിൽ ആ കൂട്ടുകാർക്കൊപ്പം സുരേഷ്കുമാറും സിനിമയുടെ അതിശയ ലോകത്തെത്തി.

കളിക്കൂട്ടുകാരായ പ്രിയദര്‍ശന്‍ സംവിധായകനും മോഹൻ‌ലാല്‍ നടനുമായപ്പോൾ സുരേഷ് നിർമാണത്തിന്റെ ട്രപ്പീസ് കളിയാണ് തിരഞ്ഞെടുത്തത്. ആദ്യത്തെ കുഞ്ഞു കുഞ്ഞു വീഴ്ചകൾക്കു ശേഷം ഉറപ്പുള്ള ചുവടുകളോടെ അദ്ദേഹം തന്റെ മേഖലയിലെ സൂപ്പർതാരമായി. ഇപ്പോഴിതാ ആ മുഖം ക്യാമറയ്ക്കു മുന്നിലും സജീവം. സ്ക്രീനിൽ സുരേഷ്കുമാറിന്റെ അനായാസ പ്രകടനം കണ്ട് പ്രേക്ഷകർ ചോദിക്കുന്നു, ‘എന്തേ വൈകിയത്...?’ നടനായാണോ നിർമാതാവായാണോ സംസാരിക്കുന്നതെന്ന ചോദ്യത്തിന് ചെറുചിരിയോടെ സുരേഷ് പറഞ്ഞു, ‘രണ്ടുമല്ല, ഞാനായിട്ട്...’

എങ്കിലും ആ മുട്ടത്തോട്...

അഭിനയത്തിൽ തന്നെ തുടരുമോ എന്നാണ് പലരുടെയും ചോദ്യം. അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ല. ഞാനൊരു പ്രഫഷനൽ അഭിനേതാവൊന്നുമല്ലല്ലോ. അവസരം വരുന്നെങ്കിൽ ചെയ്യും. ഇല്ലെങ്കിൽ ഇല്ല. അത്ര തന്നെ.

തിരുവനന്തപുത്ത് മോഡല്‍ സ്കൂളില്‍ ആ റാം ക്ലാസിലോ മറ്റൊ വച്ചാണ്, ഞങ്ങൾ കൂട്ടുകാരെല്ലാം ചേർന്ന് യൂത്ത്ഫെസ്റ്റിവലിന് നാടകം അവതരിപ്പിച്ചു. അതേ സ്റ്റേജില്‍ അതിനു ശേഷം മോഹൻലാലും സംഘവും അവതരിപ്പിക്കുന്ന മറ്റൊരു നാടകവുമുണ്ട്. അഞ്ചാം ക്ലാസ് മുതല്‍ ഞാനും ലാലും ഒരേ ക്ലാസിലായിരുന്നു.

ഞങ്ങളുടെ നാടകത്തിൽ എന്റെ കഥാപാത്രത്തെ കുത്തിക്കൊല്ലുന്ന സീനുണ്ട്. മുട്ടത്തോടില്‍ ചുവപ്പുമഷി നിറച്ച് ഷർട്ടിന്റെ പോക്കറ്റിൽ വച്ചിരുന്നു. കുത്തു കൊണ്ട് ഞാന്‍ മുട്ടത്തോടിൽ പിടിച്ചതും അതു പോക്കറ്റിൽ നിന്നു തെന്നിത്തെറിച്ച് തറയിൽ വീണു. അതോടെ ഭയങ്കര കൂവലായി. നാടകം പൊളിഞ്ഞു. ആകെ നാണക്കേട്. എല്ലാവരും കളിയാക്കാനും തുടങ്ങി. ആ സംഭവത്തിനു ശേഷം അഭിനയം എന്നു കേൾക്കുമ്പോഴേ ഞാൻ ഓടും.

ചർച്ചയും ടോമിച്ചന്റെ വെപ്രാളവും

സിനിമയിലെത്തിയ ശേഷവും കഴിവതും ക്യാമറയ്ക്ക് മുന്നിൽ ചെന്നു പെടാറില്ലായിരുന്നു. പ ക്ഷേ, 1981 ൽ ‘തേനും വയമ്പും’ എന്ന സിനിമയില്‍ എല്ലാവരും കൂടി എന്നെ നിർബന്ധിച്ച് അഭിനയിപ്പിച്ചു, ശങ്കരാടിയുടെ മകനായിട്ട്, ഒരേയൊരു സീൻ. പിന്നീട് അഭിനയം എന്നൊരു തോന്നലേ വന്നിട്ടില്ല. ആരും നിർബന്ധിച്ചിട്ടുമില്ല. ചാനലിലൊക്കെ സംസാരിച്ച് ക്യാമറപ്പേടി മാറിത്തുടങ്ങിയിരുന്നു.

‘രാമലീല’ എന്ന സിനിമയുടെ സമയത്ത് സംവിധായകന്‍ അരുണും തിരക്കഥാകൃത്ത് സച്ചിയും അഭിനയിക്കാൻ വിളിച്ചു. ആദ്യം തമാശയാണെന്നു  കരുതി. പക്ഷേ, അവർ സീരിയസായിരുന്നു. ഷൂട്ടിങ് അടുത്തപ്പോൾ വെപ്രാളം തുടങ്ങി.

നിർമാതാക്കളും വിതരണക്കാരും തമ്മിൽ വ ലിയ പ്രശ്നങ്ങളും സമരങ്ങളുമൊക്കെ നടക്കുന്ന സമയമാണ്. ഷൂട്ടിങ് തുടങ്ങുന്ന ദിവസം സെറ്റിൽ നിന്നു വിളിച്ചപ്പോൾ ഞാൻ ഒരു ഒത്തുതീർപ്പ് ചർച്ചയ്ക്ക് ഇരിക്കുകയാണ്.  ഈ കാരണമൊക്കെ പറഞ്ഞ് ഒഴിവാകാൻ നോക്കിയെങ്കിലും അവർ വിട്ടില്ല. ‘രാമലീല’യുടെ നിര്‍മാതാവ് ടോമിച്ചൻ മുളകുപാടവും അന്നു ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഞാന്‍ പോകേണ്ട സമയമായപ്പോഴേക്കും ടോമിച്ചൻ വാച്ചില്‍ നോക്കി എന്നെ കണ്ണ് കാണിക്കാൻ തുടങ്ങി. എനിക്കാണെങ്കിൽ എല്ലാം കൂടി ആകെ ദേഷ്യവും വെപ്രാളവും. ഒടുവിൽ എന്നെ ഷൂട്ടിങ്ങിനു പറഞ്ഞു വിട്ടിട്ടേ ടോമിച്ചനു സമാധാനമായുള്ളൂ.

ലൊക്കേഷനിൽ ചെന്നപ്പോൾ അതിലും വലിയ പൂരം. ഞാന്‍ കൈപൊക്കിയും തൊഴുതും ഒക്കെ നില്‍ക്കുന്ന വലിയ കട്ടൗട്ടുകളും ഹോര്‍ഡിങ്ങുകളുമൊക്കെ വച്ച ഒരു പാർട്ടി ഓഫിസ് സെറ്റിട്ടിരിക്കുകയാണ്. അതുകൂടി കണ്ടപ്പോള്‍ ആകെ തകര്‍ന്നു പോയി. എന്തായാലും നനഞ്ഞു,  ഇനി കുളിച്ചു കയറിയല്ലേ പറ്റൂ. സെറ്റില്‍ ഉള്ളവരൊക്കെ അറിയുന്നവരായിരുന്നു. അതൊരു വലിയ ആശ്വാസമായി.

സിനിമ റിലീസ് ആയപ്പോൾ ഞാന്‍ തിയറ്ററില്‍ പോയി കണ്ടില്ല. പലരും കണ്ട് നല്ല അഭിപ്രായം പറഞ്ഞ ശേഷമാണ് ഞാനും കീര്‍ത്തിയും സിനിമ കണ്ടത്. അതിനു ശേഷം മധുപാൽ ‘ഒരു കുപ്രസിദ്ധ പയ്യനി’ലേക്കു വിളിച്ചു. ഒരുപാട് നല്ല അഭിപ്രായം കിട്ടിയ റോളാണ് അത്.

നടനോ നിർമാതാവോ?

‘മധുരരാജ’യിലും ‘ആനക്കള്ള’നിലും ‘രാമലീല’യിലും രാഷ്ട്രീയക്കാരന്റെ റോളായിരുന്നു. സ്ഥിരം രാഷ്ട്രീയകുപ്പായം ഇടേണ്ടി വരുമോ എന്നു പേടിച്ചിരിക്കുമ്പോഴാണ് നാദിർഷ ‘മേരാ നാം ഷാജി’യിലേക്കു വിളിച്ചത്. അതിൽ നായികയുടെ അച്ഛനായി.

‘കുഞ്ഞാലിമരയ്ക്കാ’റില്‍ കൊച്ചിരാജാവിന്‍റെ േവഷമാണ്. പ്രിയന്റെ സിനിമ എന്നതാണ് പ്രധാന ത്രിൽ. പ്രിയന്‍ അങ്ങനെ അധികം അഭിപ്രായമൊന്നും പറയുന്ന കൂട്ടത്തിലല്ല. പക്ഷേ, ഒന്നോ രണ്ടോ സീൻ കഴിഞ്ഞപ്പോൾ ‘നീ വലിയ ആക്ടറായി പോയല്ലോടേയ്’ എന്നു പറഞ്ഞു. അഭിനയിച്ച മറ്റൊരു പ്രധാനവേഷം ‘കോളാമ്പി’ യിലെ പൊലീസുകാരന്റെതാണ്.

അഭിനയിക്കാന്‍ പറ്റുന്ന പോലെ അഭിനയിക്കുക, അതാണ് എന്റെ പോളിസി. എല്ലാ വേഷവും ചെയ്യാനാകില്ല. ചെയ്തു വരുമ്പോള്‍ ചിലതൊക്കെ നന്നാകും. ബാക്കി ദൈവാധീനം.

നിർമാണമാണോ അഭിനയമാണോ നല്ലതെന്നു ചോദിച്ചാൽ അഭിനയമാണെന്നു പറയും. കാരണം, നിര്‍മാതാവിനെ അപേക്ഷിച്ച് അഭിനേതാവിന് യാതൊരു ടെന്‍ഷനുമില്ല. ഇവിടെ എത്ര നടന്മാർക്കും നടികൾക്കും പ്രഷറും ഷുഗറുമൊക്കെ കാണും? എന്നാല്‍ ഇതൊന്നുമില്ലാത്ത നിർമാതാക്കള്‍ ആരുമുണ്ടാകില്ല. അഭിനയമാണ് ഏറ്റവും സുഖം. സ്വന്തം അനുഭവത്തിൽ നിന്നു പറയുന്നതാണേ....

പാരയായ കാരവൻ

തുടക്ക കാലത്ത് കാരവന്‍ സംസ്കാരത്തെ എതിര്‍ത്ത ആളാണ് ഞാന്‍. ഇപ്പോള്‍ ഞാന്‍ കാരവനില്‍ ഇരിക്കുമ്പോള്‍ എല്ലാവരും കളിയാക്കും. അടുത്തിടെ ഞങ്ങള്‍ കുടുംബസമേതം  മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടില്‍ പോയി. മമ്മുക്ക കീർത്തിയെ കൂട്ടിക്കൊണ്ടു പോയി കാരവനൊക്കെ കാണിച്ചിട്ട് പറഞ്ഞു, ‘നീ ഇതു പോലൊന്നു വാങ്ങണം, പക്ഷേ, നിന്റെ അച്ഛൻ സമ്മതിക്കില്ല. അവൻ ഇതിന് എതിരാണ്...’

പഴയകാലത്തെ അവസ്ഥ വച്ചാണ് ഞാൻ കാരവാനെ എതിർത്തത്. ഷൂട്ടിങ് െസറ്റില്‍ എല്ലാവും ഒരു കുടുംബം പോെല മരച്ചുവട്ടിലോ വീടിന്‍റെ വരാന്തയിലോ ഒന്നിച്ചിരുന്നു സംസാരിച്ചിരുന്ന കാലമാണത്. മേനകയൊക്കെ അഭിനയിക്കുമ്പോള്‍ റോഡ് സൈഡില്‍ ഇരുന്നാണു ഭക്ഷണം കഴിച്ചിരുന്നതെന്ന് പറഞ്ഞു േകട്ടിട്ടുണ്ട്. ചില നടന്മാര്‍ കാരവനുകളില്‍ അഭയം പ്രാപിച്ചപ്പോള്‍ സ്േനഹബന്ധം േപാകുമല്ലോ എന്നോര്‍ത്താണ് അന്ന് എതിര്‍ത്തത്.

പക്ഷേ, ഇപ്പോൾ അതും പറഞ്ഞിരുന്നാല്‍ പറ്റില്ലല്ലോ. കാരവന്‍ കാലഘട്ടത്തോട് താദാത്മ്യം പ്രാപിക്കാന്‍ കുറച്ചു സമയമെടുത്തു എന്നതു സത്യം. ഇപ്പോള്‍ അതൊക്കെ എനിക്കു തന്നെ തിരിച്ചടിയായി.

സഹസംവിധായകനായ ക്യാമറാമാൻ

aq1

1976 ല്‍, അമ്മാവന്‍ നോർവെയില്‍ പോയിവന്നപ്പോള്‍ എനിക്കൊരു 8 എംഎം ക്യാമറ കൊണ്ടു തന്നു. അതോടെ ഒരു സിനിമാട്ടോഗ്രഫര്‍ ആകണം എന്നായി ആഗ്രഹം. അങ്ങനെ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷ എഴുതിയെങ്കിലും സീറ്റ് കി ട്ടിയില്ല. ആ ക്യാമറയില്‍ ഞാന്‍ മോഹന്‍ ലാലിനെയൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്.

ബികോമിനു പഠിക്കുമ്പോഴാണ് ഞങ്ങള്‍ ‘തിരനോട്ട’ ത്തിന്റെ പരിപാടികള്‍ തുടങ്ങുന്നത്. സിനിമയുടെ ‘എബിസിഡി’ അറിയാതെയാണ് എല്ലാം. ഞാൻ സഹസംവിധായകനാണ്. അവസാന ഷെഡ്യൂളിലാണ് പ്രിയന്‍ വരുന്നത്. അതുവരെ അ വൻ ഞങ്ങളെ കളിയാക്കിയും കുറ്റപ്പെടുത്തിയും പിണങ്ങി ന ടന്നു. അന്നേ പ്രിയന്‍ ഓള്‍ ഇന്ത്യാ റേഡിയോയില്‍ പരിപാടികള്‍ ചെയ്യുന്നുണ്ട്. അവനെ വിളിക്കാത്തതിന്റെ പരിഭവമായിരുന്നു ഈ ദേഷ്യവും കളിയാക്കലും. അവസാന ഷെഡ്യൂളില്‍ സ്ക്രിപ്റ്റ് തിരുത്താനും  മറ്റു കാര്യങ്ങള്‍ക്കുമായാണ് ഞങ്ങ    ൾ പ്രിയനെ വിളിച്ചത്.

ഡബ്ബിങ്ങിനു മദ്രാസിലേക്കു  പോകാന്‍ ചെന്നപ്പോള്‍ പ്രൊഡ്യൂസര്‍ പാച്ചല്ലൂര്‍ ശശി പറഞ്ഞു ‘സുരേഷ് പോകണ്ട, പ്രിയന്‍ പോയിട്ടുണ്ടെന്ന്’. പക്ഷേ, ലാല്‍ എന്നെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി.

എവിഎം സ്റ്റുഡിയോയിലേക്കു വലതുകാലു വച്ചു കയറിയതൊക്കെ ഒാര്‍ക്കുമ്പോള്‍ ഇന്നും േരാമാഞ്ചം ഉണ്ടാകും. ഡ ബ്ബിങ് തുടങ്ങിയതോെട ഒരു കുഴപ്പം. ആര്‍ക്കും ഡയലോഗുകള്‍ അറിയില്ല. തിരക്കഥ ആരോ വലിച്ചു കീറികളഞ്ഞിരുന്നു. ചിത്രീകരണത്തിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്നതു െകാണ്ട് എനിക്കെല്ലാം കാണാപാഠമാണ്. അങ്ങനെ ഞാനില്ലാതെ പണി നടക്കില്ലെന്ന അവസ്ഥയായി.

അവരെന്നെ നിർമാതാവാക്കി

‘തിരനോട്ടം’ കഴിഞ്ഞ് എല്ലാവരും ചേര്‍ന്ന് എന്നെ നിര്‍മാതാവാക്കി. അശോക് കുമാര്‍ സംവിധാനം, പ്രിയന്റെ തിരക്കഥ, ലാൽ നായകൻ, എസ്. കുമാര്‍ ക്യാമറ. ഇതാണ് ടീം. തമിഴ് സിനിമയാണ്.  ‘കരയെ തൊടാെത അലൈകള്‍’ എന്നു േപര്. അവസാനം കര തൊട്ടതുമില്ല, ഞങ്ങള്‍ വെള്ളത്തിലാകുകയും ചെയ്തു. സിനിമ നടന്നില്ല.

അന്നെനിക്ക് 20 വയസ്സാണ്. ആകെ പെട്ട അവസ്ഥ. മദ്രാസിൽ തന്നെ നിൽക്കുകയാണ്. അതിനിടെ ഒരു ഫിനാൻസറും എന്നെ പറ്റിച്ചു. അയാൾ ലൊക്കേഷന്‍ കാണാന്‍ എന്നെയും കൊണ്ടു പോയ കാർ അപകടത്തിലായി. അതോടെ ഞാൻ അമ്മയെ വിളിച്ചു. ഭയങ്കര കരച്ചിലായിരുന്നു. എന്റെ ഒരു അ മ്മാവന്‍ മദ്രാസിലുണ്ട്. അമ്മ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു, ‘സിനിമയും വേണ്ട, ഒന്നും വേണ്ട, അവനെ ഉടൻ നാട്ടിലേക്കു വിട്ടാല്‍ മതി...’

നാട്ടിലെത്തെത്തി അച്ഛനേയും അമ്മയേയും കണ്ടതും ഞാന്‍ വീണ്ടും കരച്ചിലായി. അപ്പോ അച്ഛന്‍ പറഞ്ഞു, ‘ നീ എന്തിനാടാ കിടന്നു കരയുന്നത്? കാശു പോയാല്‍ പോകും. അതു പിന്നെയും ഉണ്ടാക്കാം. ആദ്യം നീ ബി.കോം പഠിച്ച് പൂര്‍ത്തിയാക്ക്. അതു കഴിഞ്ഞ് സിനിമയിലേക്കു വരാം.’ ആ വാക്കുകൾ എനിക്കു നൽകിയ ആത്മവിശ്വാസം ചെറുതല്ല.

അച്ഛന്‍ ഡോ. എം.ജി. നായര്‍ എന്‍എസ്എസ് കോളജിലെ പ്രഫസറായിരുന്നു. ചേച്ചി ഉഷ കോളേജ് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ചേട്ടൻ മോഹന്‍കുമാറിന് ഐ എഎസ് കിട്ടി. അദ്ദേഹം പിന്നീട് ഡിഫൻസ് സെക്രട്ടറിയായി റിട്ടയർ ചെയ്തു. സ്വാഭാവികമായും ഞാനൊരു ഐപിഎസ് എങ്കിലും ആകേണ്ടതാണ്. പക്ഷേ, എനിക്ക് സിനിമ മതിയായിരുന്നു. അച്ഛന്‍ അതു സമ്മതിക്കുകയും ചെയ്തു.

ലാലിനെ നായകനാക്കി നിര്‍മിച്ച ‘പൂച്ചക്കൊരു മുക്കൂത്തി’ യാണ് നിര്‍മാതാവ് എന്ന നിലയില്‍ എന്നെ രക്ഷപ്പെടുത്തിയത്. 40 വർഷത്തിനിടെ പല തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതില്‍ നിന്നു പുറകോട്ടു പോകണമെന്നോ ഈ പരിപാടി നിര്‍ത്തണമെന്നോ ഒരിക്കലും തോന്നിയിട്ടില്ല.

ആ അച്ഛൻ ഞാനാണ്

_REE0498

കീര്‍ത്തിക്ക് അഭിനയത്തോടു താൽപര്യമുണ്ടായിരുന്നു. പക്ഷേ, ഡിഗ്രി കഴിഞ്ഞിട്ടു മതി എന്നായിരുന്നു ഞങ്ങളുെട തീരുമാനം. ഡിഗ്രി ഫാഷന്‍ ഡിസൈനിങ് കഴിഞ്ഞ് അവൾ  സ്കോട്‌ലന്‍ഡിലേക്ക് ഇന്‍റേന്‍ഷിപ്പിനു പോയ സമയം. ഒരു ദിവസം ട്രിവാൻഡ്രം ക്ലബിലിരിക്കുമ്പോൾ പ്രിയന്‍ പറഞ്ഞു,  ‘എടാ, ‘ഗീതാഞ്ജലി’യിൽ നായിക ആയിട്ടില്ല’.

എന്നാല്‍ പിന്നെ, ഹിന്ദിയില്‍ നിന്ന് ആരെയെങ്കിലും നോക്കിക്കൂടെ എന്നായി ഞാൻ. ‘അതൊന്നും ശരിയാകില്ല, തിരുവനന്തപുരത്ത് ഒരു കൊച്ചുണ്ട് പക്ഷേ, അവളുടെ അച്ഛന്‍ സമ്മതിക്കില്ല...’ പ്രിയന്‍ പറഞ്ഞു. തിരുവനന്തപുരത്താണെങ്കില്‍ പോയി സംസാരിച്ച് ഓക്കെ ആക്കാമെന്ന് ഞാന്‍ ഉറപ്പു െകാടുത്തു. അപ്പോള്‍ ഉറക്കെ ചിരിച്ച്, പുറത്തുതട്ടി പ്രിയൻ പറഞ്ഞു, ‘നീ തന്നെയാടാ ആ തന്ത.’

മൂത്തവൾ രേവതി പ്രിയന്റെ അസിസ്റ്റന്റാണ്. നല്ല നർത്തകിയുമാണ്. പദ്മാ സുബ്രഹ്മണ്യത്തിന്‍റെ ശിക്ഷണത്തില്‍ 13 വര്‍ഷം നൃത്തം പഠിച്ചു. ഇപ്പോൾ ‘ബറോസ്’ എന്ന സിനിമയില്‍ അസിസ്റ്റന്റാകാൻ ലാൽ വിളിച്ചിട്ടുണ്ട്. ഒപ്പം സ്വന്തമായി സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ്. രേവുവിന്റെ ഭർത്താവ് നിതിൻ ആമസോണില്‍ േജാലി െചയ്യുന്നു.

രേവതി സംവിധാനം െചയ്യുന്ന, സുേരഷും േമനകയും അനും അമ്മയുമായി അഭിനയിക്കുന്ന, കീര്‍ത്തി നായികയാകുന്ന ചിത്രത്തില്‍ ആരാകും നായകന്‍ എന്നു േചാദിക്കുമ്പോള്‍ സുരേഷ് ചിരിയോെട പറയുന്നു, ‘‘എല്ലാം ഒത്തു വരട്ടെ, അപ്പോള്‍ പറയാം...’’

ദിലീപിന്റെ ആദ്യ പ്രതിഫലം

ദിലീപ് ആദ്യം സഹസംവിധായകനായത് ഞാൻ നിർമിച്ച ‘വിഷ്ണുലോകം’ എന്ന സിനിമയിലാണ്. അസിസ്റ്റന്റ്സ് കൂടുതലുള്ളതിനാൽ കമലിന് ആദ്യം ദിലീപിനെ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിരുന്നില്ല. ‘പിന്നീട് നോക്കാം’ എന്നു പറഞ്ഞു. അങ്ങനെയാണ് എന്റെ ബന്ധു കൂടിയായ അനിക്കുട്ടൻ ദിലീപിനെ എന്റെ അടുത്തു കൊണ്ടുവരുന്നത്.

ഞാൻ സമ്മതിച്ചാൽ ഒപ്പം നിർത്താമെന്നാണ് കമൽ പറഞ്ഞിരിക്കുന്നത്. എന്തോ ഒരു തെളിച്ചം ആ പയ്യനില്‍ ക ണ്ടതു െകാണ്ട് നിന്നോട്ടെ എന്നു ഞാനും പറഞ്ഞു. സിനിമയിൽ ദിലീപിന് ആദ്യം ശമ്പളം കൊടുക്കുന്നതും ഞാനാണ്. ആയിരം രൂപ. ആ  സൗഹൃദം  ഇപ്പോഴും തുടരുന്നു.

ദിലീപ് ഒരു വലിയ പ്രതിസന്ധിയിൽ പെട്ടപ്പോൾ വ ളരെ സങ്കടം തോന്നി. ആദ്യം ദിലീപിനെ അനുകൂലിച്ച്  സംസാരിച്ചതും  ആദ്യം ജയിലിൽ പോയി കണ്ടതും ഞാനാണ്. ദിലീപിനു വേണ്ടി സംസാരിക്കാൻ പലർക്കും അതു ധൈര്യം കൊടുത്തു. ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കുന്ന ആളല്ല ദിലീപ് എന്നാണ് എന്‍റെ പൂര്‍ണവിശ്വാസം.

അച്ഛൻ പറഞ്ഞത് സത്യമായി

ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്ന ആളാണ് ഞാന്‍. അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ് ഏറ്റവും പ്രിയം. ‘പൂച്ചയ്ക്കൊരു മുക്കൂത്തി’യുടെ െസറ്റില്‍ ഒരു ദിവസം, ‘സുരേഷേട്ടനെ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണ് ചേട്ടന്റെ അമ്മയുടെ അടുത്തു വന്ന് ട്രെയിനിങ് ഒക്കെ എടുക്കേണ്ടി വരും അല്ലേ...’ എന്നു തമാശയായി മേനക പറഞ്ഞു. ‘എങ്കില്‍ വാ, വന്നു ട്രെയിനിങ് എടുത്തോളൂ’ എന്നു ഞാനും പറഞ്ഞു. അതായിരുന്നു തുടക്കം. തമാശയും രസങ്ങളും ഒക്കെയായി ഞങ്ങളുടെ സെറ്റ് എപ്പോ ഴും ഭയങ്കര ലൈവ് ആയിരിക്കും. ആ സംസാരം പതിയെ പ്രണയത്തിലേക്കു വഴിമാറി.

മേനകയെ ഞാന്‍ പപ്പി എന്നാണു വിളിക്കുന്നത്. ഒരു ദിവസം ഞാന്‍ പപ്പിയേയും കൂട്ടി വീട്ടില്‍ ചെന്നു. അമ്മയ്ക്ക് സിനിമ കണ്ടിട്ട് ആളെ വലിയ ഇഷ്ടമായിരുന്നു. അന്ന് പപ്പി മടങ്ങിയശേഷം അമ്മയോട് അച്ഛന്‍ പറഞ്ഞുവത്രേ, ‘നീ നോക്കിക്കോ ഇവന്‍ ഇവളേയും വിളിച്ചോണ്ടു വരും’ എന്ന്.

Tags:
  • Celebrity Interview
  • Movies