Tuesday 09 July 2024 03:43 PM IST

ഞാൻ കണ്ട ആദ്യത്തെ ആളാണ് സൂരജ്, എന്റെ ലോകം; ‘നമ്മളിൽ’ നിന്ന് ഞങ്ങളിലേക്കെത്തിയ കഥ

Shyama

Sub Editor

renuka

പാട്ട് ഉണർത്തുന്ന ഒാർമയാണ് മലയാളിക്ക് രേണുക മേനോന്റെ മുഖം. ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ‘നമ്മൾ’ സിനിമയിലെ ‘എൻകരളിൽ താമസിച്ചാൽ’ എന്ന പാട്ട് കേൾക്കുമ്പോൾ ഈ തൃശ്ശൂർകാരിയുടെ മുഖം മനസ്സിലേക്ക് ഒാടിയെത്തും. അന്ന് ക്യാംപസ് ഒന്നടങ്കം ഏറ്റുപാടിയ പാട്ടായിരുന്നു അത്. ഒറ്റ സിനിമ കൊണ്ട് മലയാളി തിരിച്ചറിയുന്ന മുഖമായി രേണുക മാറി. മലയാളത്തിലെ വിജയത്തിനു പിന്നാലെ തെലുങ്കിലും തമിഴിലും കന്നടയിലുമെല്ലാം അരങ്ങേറ്റം കുറിച്ചു. പക്ഷേ, വിവാഹ ശേഷം സിനിമയുടെ തിരക്കിൽ നിന്ന് രേണുക ജീവിതത്തിന്റെ തിരക്കുകളിലേക്ക് കൂടുമാറി. അമേരിക്കയിലെ കലിഫോർണിയയിൽ കുടുംബവുമൊത്ത് സ്ഥിരതാമസമാക്കിയെങ്കിലും രേണുകയുടെ വാക്കിലിപ്പോഴുമുണ്ട് മലയാളത്തിന്റെ മധുരം.

എനിക്കു ചുറ്റും തിരിയുന്ന ലോകം

‘അമ്മാ... അമ്മയെ എന്തിനാ ഇന്റർവ്യൂ ചെയ്യണേ?’ രേണുകയുടെ മൂത്ത മകൾ സ്വാതി ചോദ്യവുമായെത്തി.

‘അമ്മ പണ്ട് നടിയായിരുന്നില്ലേ, അതു കൊണ്ടാ...’. മകളെ ചേർത്തു പിടിച്ചു രേണുക പറഞ്ഞു തുടങ്ങിയത് മക്കളുടെ മലയാളത്തെ കുറിച്ചാണ്.

renuka-1

‘ഭർത്താവ് സൂരജ് കുമാർ നായർക്കും എനിക്കും മക്കൾ മലയാളം കൂടി പഠിച്ചു വളരണമെന്ന് നിർബന്ധമായിരുന്നു. കലിഫോർണിയയിൽ താമസം തുടങ്ങിയിട്ട് 13 കൊല്ലമായി. മക്കൾ ജനിച്ചുവളർന്നതൊക്കെ ഇവിടെയാണെങ്കിലും നാട്ടിലെ കുട്ടികളെ പോലെ തന്നെ അവരും മലയാളം പറയും. സ്വാതിക്ക് പത്തു വയസ്സ്. ഇളയവൾ അനികയ്ക്ക് നാലു വയസ്സ്.

ബേ ഏരിയയിലെ സാൻഹോസാണ് ഞങ്ങളുടെ സ്ഥലം. വീട്ടിൽ എല്ലാവരും മലയാളം പറയണമെന്ന് കൂടുതൽ നിർബന്ധം സൂരജിനാണ്. കുട്ടികൾ ചിലപ്പോൾ എന്തേലും ഇംഗ്ലിഷിൽ പറഞ്ഞാൽ ഞാൻ കാര്യമാക്കില്ല. പക്ഷേ, സൂരജ് അവരെ കൊണ്ട് പറഞ്ഞ കാര്യം മലയാളത്തിൽ പറയിപ്പിച്ചിട്ടേ വിടൂ. ’

അമേരിക്കയിലേക്ക് പറിച്ചു നട്ടിട്ടും മനസ്സുകൊണ്ട് നാടും നാട്ടിൻപുറവും ഒക്കെ കൊതിക്കുന്ന തനി മലയാളിയായി രേണുക വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.

‘പ്ലസ് ടുവിനു പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്. കുടുംബസുഹൃത്തിന്റെ സിനിമ ‘മായാമോഹിതചന്ദ്രൻ’. പല കാരണങ്ങൾ കൊണ്ട് അത് പുറത്ത് വന്നില്ല. അതിനോടൊപ്പം ചെയ്ത സിനിമയാണ് കമൽ സാറിന്റെ ‘നമ്മള‍്‍’.

നമ്മളിലേക്ക് പുതുമുഖതാരങ്ങളെ തേടുന്ന കൂട്ടത്തിൽ ഞ ങ്ങളുടെ നാട്ടിലും സിനിമാക്കാർ വന്ന് അന്വേഷിച്ചു. അങ്ങനെയൊരാൾ വീട്ടില്‍ വന്ന് ചോദിച്ചു. എനിക്കോർമയുണ്ട്, ഞാനന്ന് ട്യൂഷനോ മറ്റോ പോയി വന്നപ്പോ ഒരാൾ വീട്ടിലേക്ക് ഒപ്പം വന്നു എന്നിട്ട് എന്നോട് ‘മോൾ അകത്തേക്ക് പൊയ്ക്കൊ’ എന്നും പറഞ്ഞു. ഞാനോർത്തു എന്തോ കല്യാണാലോചനയാകും എന്ന്... (രേണുകയുടെ പൊട്ടിച്ചിരി). അയാൾ സിനിമയുടെ കാര്യങ്ങൾ അച്ഛനോടും അമ്മയോടും പറഞ്ഞു.

renuka

പിന്നീട് നിർമാതാവ് ഡേവിഡ് (കാച്ചപ്പള്ളി) ഏട്ടൻ വിളിച്ചു, കമൽ സാർ വിളിച്ചു. ഞങ്ങളുടേത് വളരെ ഓർത്തഡോക്സായ കുടുംബമാണ്. സിനിമയെ പറ്റി ഒന്നും അറിയില്ല, അതുകൊണ്ട് തന്നെ പേടിയായിരുന്നു. സെറ്റിൽ സുഹാസിനി മാമിനോട് നല്ല അടുപ്പമായിരുന്നു. ഷെഡ്യൂൾ ബ്രേക് കഴിഞ്ഞ് വരുമ്പോ എനിക്ക് കമ്മലും മാലയുമൊക്കെ വാങ്ങിത്തന്നിരുന്നു.

ഞാൻ പക്ഷേ, ആരേയും അങ്ങനെ വിളിക്കാറേയില്ല... സിനിമ കഴിയുമ്പോൾ പിന്നെ വീട്, എന്റെ ലോകം.

‘നമ്മൾ’ സിനിമ കഴിഞ്ഞപ്പോ തെലുങ്കിൽ നിന്ന് ഓഫർ വന്നു. റാമോജിറാവു പ്രൊഡക്‌ഷൻസ് ആണ് അതു കൊണ്ട് അവസരം കളയരുത് എന്ന് കമൽ സാറാണ് പറഞ്ഞത്. ഒരു സിനിമ എന്നായിരുന്നു അഭിനയം തുടങ്ങുമ്പോൾ മനസ്സിൽ. പക്ഷേ, നാലു കൊല്ലം കൊണ്ട് മലയാളം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ പതിനഞ്ചോളം സിനിമകൾ ചെയ്തു.സിനിമയോട് അന്നും ഇന്നും അങ്ങനെ വലിയ ക്രെയ്സ് ഇല്ല.

ഇരുപത് വയസ്സെത്തിയപ്പോൾ വിദേശത്ത് പോയി ഉപരിപഠനം നടത്തണം എന്നായി മോഹം. ഇതിനിടെ വീട്ടുകാർ വിവാഹാലോചനയും തുടങ്ങി. ഒന്നു രണ്ടു വർഷമൊക്കെയാകുമല്ലോ എല്ലാം ഒത്തുവരാൻ എന്നാണ് ഓർത്തത്. എന്നാലോ, ഞാൻ കണ്ട ആദ്യത്തെ ആളാണ് സൂരജ്. തിരുവനന്തപുരമാണ് സൂരജിന്റെ നാട്. സൂരജ് വർഷങ്ങളായി കലിഫോർണിയയിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. വിവാഹം തീരുമാനമായപ്പോൾ ഇനി അവിടെ പോയി സമാധാനമായി പഠിക്കാമല്ലോ എന്നാണ് വീട്ടുകാർ പറഞ്ഞത്. ’

നൃത്താധ്യാപികയുടെ റോളിൽ

‘വിവാഹം കഴിഞ്ഞ് ആദ്യം എച്ച് ഫോർ വീസയിലാണ് അമേരിക്കയിലേക്ക് പോയത്. നാട്ടിൽ നിന്ന് ഇഗ്‌നോയുടെ ബി.എ. ഇംഗ്ലിഷ് ഡിഗ്രി എടുത്തിരുന്നു. ഗ്രീൻ കാർഡ് കിട്ടിയാൽ പഠിക്കാൻ അവിടെ ഫീസ് ഇളവ് കിട്ടും. അതു കിട്ടാൻ കുറച്ച് നാൾ കാത്തിരിക്കേണ്ടി വന്നു.ആയിടയ്ക്ക് ഒരു ദിവസം സുഹൃത്തുമൊത്ത് നടക്കുന്ന വഴിക്ക് അവിടുത്തെ പളളിയിലെ അച്ചനെ പരിചയപ്പെട്ടു. ഫാദർ ഡോമിനിക്ക്. കോട്ടയംകാരനായ ഫാദറിന് സിനിമയും പാട്ടും ഡാൻസുമൊക്കെ വലിയ ഇഷ്ടമാണ്. എന്നെ കണ്ട് സംസാരിക്കുന്നതിനിടയ്ക്ക് ഇവിടുത്തെ കുട്ടികളെ ഡാൻസ് പഠിപ്പിച്ചുകൂടെ എന്ന് ഫാദർ ചോദിച്ചു. ദൈവം തന്ന കഴിവുകൾ എന്തിന് നഷ്ടപ്പെടുത്തിക്കളയണം എന്നൊക്കെ ചോദിച്ചപ്പോ എനിക്കും അതു ശരിയാണല്ലോ എന്നു തോന്നി. പള്ളിയുടെ ഹാളിൽ തന്നെ അദ്ദേഹം ക്ലാസ് നടത്താനുള്ള സൗകര്യങ്ങളും ചെയ്തു തന്നു. അങ്ങനെയാണ് ഞാൻ ഡാൻസ് ടീച്ചറാകുന്നത്.

കുട്ടികൾ വന്നു തുടങ്ങിയപ്പോൾ പള്ളിയിൽ നിന്നു മാറി, വീടിനോട് ചേർന്ന് തന്നെ ക്ലാസ് ആരംഭിച്ചു. സിനിമാറ്റിക്കും, ക്ലാസിക്കലും ഒക്കെ പഠിപ്പിക്കാറുണ്ടിപ്പോൾ. ക്ലാസിക്കൽ പഠിപ്പിക്കാനുള്ള ധൈര്യം തന്നത് ചേച്ചിയാണ്. ചേച്ചി മുൻപ് സൗദിയിൽ ഡാൻസ്കൂൾ നടത്തിയിരുന്ന ആളാണ്. ഞാൻ ചെറുപ്പത്തിൽ പഠിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ പഠിപ്പിക്കാനുള്ള ആത്മവിശ്വാസം തുടക്കത്തിൽ ഉണ്ടായിരുന്നില്ല.

ബിസിനസ് ലക്ഷ്യം വച്ചല്ല ഡാൻസ് പഠിപ്പിക്കുന്നത്. എനിക്ക് നന്നായി ശ്രദ്ധിക്കാൻ പറ്റുന്നത്ര കുട്ടികളെ മാത്രമേ എടുക്കാറുള്ളൂ. വീട്ടുകാര്യങ്ങളും മറ്റും സ്വന്തമായി തന്നെയാണ് ചെയ്യുന്നത്, ജോലിക്കാരൊന്നുമില്ല. ഭർത്താവ് വളരെ ബിസിയായിട്ടുള്ള ആളാണ്. സൂരജിന് തിരുവനന്തപുരം ടെക്നോപാർക്കിലൊരു കമ്പനിയുണ്ട്, അതിന്റെ എല്ലാ കാര്യങ്ങളും ഇവിടെ നിന്ന് കോഡിനേറ്റ് ചെയ്യുന്നു.

ബേ ഏരിയയിലെ മിക്ക മത്സരങ്ങൾക്കും എന്റെ ടീം മത്സരിക്കാറുണ്ട്. സമ്മാനവും വാങ്ങാറുണ്ട്. കുട്ടികളെ ഡാൻസിനായി ഒരുക്കിയൊരുക്കി മേക്കപ്പിനോടും താൽപര്യം വന്നു. മേക്കപ്പിൽ സർട്ടിഫൈഡ് കോഴ്സ് ചെയ്തു. ഇപ്പോ സർട്ടിഫൈഡ് ഫ്രീലാൻസ് മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ്.

ഇതൊക്കെയാണ് എന്റെ സന്തോഷം

‘ഇനി തിരിച്ച് സിനിമയിലേക്ക് വരുമോ എന്ന് പലരും ചോദിക്കാറുണ്ട്. ഇല്ല എന്നാണ് ഉത്തരം. മുൻപ് തമിഴിൽ നിന്നൊക്കെ നല്ല ഓഫറുകൾ വന്നിരുന്നു. അവതാരകയാകാനും പരിപാടിയുടെ വിധികർത്താവാകാനും മറ്റും. ഒന്നും സ്വീകരിച്ചില്ല. പരിചയങ്ങൾ പുതുക്കുന്ന കാര്യത്തിൽ ഞാൻ പണ്ടേ മോശമാണ്. ഇപ്പോ പിന്നെ നമ്പർ ഒക്കെ മാറിയതുകൊണ്ട് ആരും അങ്ങനെ വിളിക്കാറുമില്ല. സിനിമയ്ക്ക് പുറത്തുള്ള ബന്ധങ്ങളാണ് ഏറെ. സിനിമാ ലോകത്തു നിന്ന് ഇപ്പോഴും കോൺടാക്റ്റുള്ളത് നടി മായാ വിശ്വനാഥും പിന്നെ, തമിഴിലെ ആർട്ട് ഡയറക്ടർ മിലൻ ഫെർണാണ്ടസ്സുമായാണ്.

സിനിമയിലേക്ക് ഇല്ലെന്നു പറഞ്ഞതിന്റെ ഒന്നാമത്തെ കാര്യം ഞാനങ്ങനെ മികച്ചൊരു നടിയാണെന്ന് എനിക്കിതേവരെ തോന്നീട്ടില്ല. ആവറേജ് അത്ര തന്നെ.‍ ഒന്നുമില്ലെങ്കിൽ നിങ്ങൾക്ക് സിനിമയോട് പാഷൻ വേണം അല്ലെങ്കിൽ അത് മിസ് ചെയ്യണം. എന്റെ ലൈഫിൽ ഞാൻ ഹാപ്പിയാണ്, ഒന്നും നഷ്ടപ്പെടുത്തിയതായി തോന്നിയിട്ടില്ല.

നാട്ടിൽ രുചിയുള്ള ഭക്ഷണം ശീലിച്ചതു കൊണ്ട് മക്കൾക്കും അതുണ്ടാക്കി നൽകാൻ ശ്രമിക്കാറുണ്ട്. ഞാൻ നല്ല ഫുഡ്ഡിയാണ്. അതുകൊണ്ട് തന്നെ പാചകത്തോട് പ്രത്യേക ഇഷ്ടവുമുണ്ട്. ചിക്കൻ ബിരിയാണി ആണ് ഫേവറിറ്റ്. അത് പല രീതിയിൽ ഉണ്ടാക്കും.

മക്കൾ രണ്ടാൾക്കും നൃത്തം ഇഷ്ടമാണ്. ഊണും ഉറക്കവുമില്ലാതെ സിനിമ കണ്ടോളാൻ പറഞ്ഞാലും എന്റെ മൂത്ത മകൾ സ്വാതിക്ക് സന്തോഷമാണ്. വളരെ മുഴുകിയിരുന്നാണ് കക്ഷിയുടെ സിനിമ കാണൽ.’

വനിത 2019ൽ പ്രസിദ്ധീകരിച്ച ലേഖനം

  </p>