Thursday 13 December 2018 02:57 PM IST

ഒരു ‘മുടി’യന്റെ ആത്മകഥ! മിനിസ്ക്രീനിന്റെ പ്രിയതാരം ഋഷി എസ്. കുമാർ പറയുന്നു

Nithin Joseph

Sub Editor

uppum-mulakum2
ഫോട്ടോ: ശ്യാം ബാബു

‘ഡി ഫോർ ഡാൻസ്’ റിയാലിറ്റി ഷോയിൽ ഡ്യുയറ്റ് റൗണ്ട് തകൃതിയായി നടക്കുന്ന നേരം. മൽസരാർഥിയായ റിനോഷ് സ്റ്റേജിലെത്തി തന്റെ കൂട്ടാളിയെ പരിചയപ്പെടുത്തിയതിങ്ങനെ. ‘എന്റെ ‘കേളി ഫ്രണ്ടി’നോടൊപ്പമാണ് ഞാൻ പെർഫോം ചെയ്യുന്നത്’. കാണികളെയും ജഡ്ജസിനെയും അമ്പരപ്പിച്ചുകൊണ്ട് ഋഷി എസ്. കുമാർ കയറിവന്നു, തലയിൽ ചുരുണ്ട ഘോരവനം ഫിറ്റ് ചെയ്ത മെലിഞ്ഞൊരു ചെക്കൻ. ഋഷിയുടെ കേളി ഹെയർ കണ്ട് ഞെട്ടിയവർക്കെല്ലാം അറിയേണ്ടത് ഒന്നു മാത്രം. മുടി ഒറിജിനലാണോ വിഗ്ഗാണോ? ഡാൻസ് തുടങ്ങിയപ്പോൾ കൗതുകം ആരവത്തിനു  വഴിമാറി. അന്തരീക്ഷത്തിൽ തൂവൽപോലെ പാറിയ കൈയും കാലും തലയുമായി കാണികളെ കൈയിലെടുത്ത പയ്യൻ  ഇന്ന് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മുടിയനാണ്. ഡാൻസിലൂടെ മിനിസ്ക്രീനിലെത്തിയ ഋഷി സിനിമയുടെ ബിഗ്സ്ക്രീനിൽ തിളങ്ങാനുള്ള ഒരുക്കത്തിലാണ്.

മിനിസ്ക്രീനിലേക്കുള്ള എൻട്രി?

മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസി’ലൂടെയാണ് തുടക്കം. ഫ്രണ്ട്സ് ഫസ്റ്റ് സീസണിൽ ഒഡിഷനു പോയപ്പോൾ വിളിച്ചെങ്കിലും ഞാൻ  പോയില്ല. പക്ഷേ, അവരുടെ ഭാഗ്യത്തിനും എന്റെ നിർഭാഗ്യത്തിനും പരിപാടി കേറിയങ്ങ് ക്ലിക്കായി. ഭയങ്കര നിരാശ തോന്നി. അതിൽ മൽസരിച്ച റിനോഷ് എന്റെ ഫ്രണ്ടാണ്. അവനൊപ്പം ഡ്യുയറ്റ് റൗണ്ടിൽ ഡാൻസ് ചെയ്തു. പിന്നീട് ഡി ഫോർ ഡാൻസിന്റെ രണ്ടാം സീസണ്‍ വന്നപ്പോൾ ഉടൻ ചാടിപ്പുറപ്പെട്ടു. അവസാന പത്തു പേരിൽ ഒരാളായി. ആ പ്രോഗ്രാമിലൂടെയാണ് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. അന്നുമുതലേ ഡാൻസിനേക്കാൾ എന്റെ മുടിയാണ് ആളുകൾ ശ്രദ്ധിക്കുന്നത്.

ഡാൻസ് പാഷനായതിന്റെ ഫ്ലാഷ്ബാക്ക്?

ഡാൻസ് പഠിച്ചിട്ടില്ല. ചെറുപ്പത്തിൽ എന്നെ പഠിപ്പിക്കാൻ വീട്ടുകാർ ശ്രമം നടത്തി. ഡാൻസ് ക്ലാസ്സിൽ കൊണ്ടുപോയി ചേർത്തെങ്കിലും എനിക്കവിടം ഇഷ്ടമായില്ല. അങ്ങനെ ആ ശ്രമം പാളിപ്പോയി. സ്കൂളിൽ വച്ച് ഏതെങ്കിലും പരിപാടിക്ക് സ്റ്റേജിൽ കയറിയാൽ മുന്നിലിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കി വെറുതെ നിൽക്കും. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് വീണ്ടും ഡാൻസിനോടുള്ള ഇഷ്ടം കൂടുന്നത്.

മൈക്കിൾ ജാക്സനും യുട്യൂബുമാണ് ഗുരുക്കൻമാർ. 2009–ൽ ജാക്സൺ മരിക്കുന്നതു വരെ എനിക്ക് മൂപ്പരെ ഇഷ്ടമേ അല്ലായിരുന്നു. മരിച്ചതിനു ശേഷമാണ് കക്ഷി ഇത്ര വലിയ സംഭവമാണെന്ന് മനസ്സിലാകുന്നത്. പിന്നങ്ങോട്ട് കട്ട ആരാധന. യുട്യൂബിൽ കയറി എല്ലാ ഡാൻസ് വിഡിയോയും കണ്ട് അതേപടി പഠിക്കാൻ തുടങ്ങി. നിലത്തു നിന്നുകൊണ്ടുള്ള ഡാൻസൊന്നും എനിക്കിഷ്ടമല്ല. നമുക്കിങ്ങനെ ഉരുളൽ, ഒഴുകൽ, വട്ടം കറങ്ങൽ, തലകുത്തി നടപ്പ് തുടങ്ങിയ പരിപാടികളോടാണ് പ്രിയം. അവിടുന്നിങ്ങോട്ട് ഡാൻസായി എല്ലാം. കൃത്യമായി ടൈംടേബിൾ വച്ചിട്ടല്ല ഡാൻസ് പഠിക്കുന്നത്. തോന്നുമ്പോഴെല്ലാം  ഡാൻസ് ചെയ്യും. കുളിക്കുമ്പോഴും പല്ലു തേക്കുമ്പോഴും, റോഡിലൂടെ നടക്കുമ്പോഴുമെല്ലാം ഓരോ സ്റ്റെപ്പിടും. ചിലപ്പോൾ വഴിയിൽക്കൂടി നടന്നുപോകുന്നവർ ചിരിക്കും. പക്ഷേ, മൈൻഡ് ചെയ്യാറില്ല.

മുടിയുടെ ബയോഗ്രഫി?

ഡാൻസും മുടിയുമാണ് എനിക്കെല്ലാം. എന്നെ ആളുകൾ തിരിച്ചറിയാൻ കാരണം ഈ നീളൻ ചുരുളൻമുടിയാണ്. ജീവിതത്തിലെ നേട്ടങ്ങളെല്ലാം തന്നത് മുടി തന്നെ. പുറത്ത് പോകുമ്പോൾ ചിലർ വന്ന് മുടിയിൽ പിടിച്ചു വലിച്ചുനോക്കും, ഒറിജിനലാണോയെന്ന് ഉറപ്പിക്കാൻ. പ്രായമായ ചില അമ്മച്ചിമാരുടെ ഉപദേശങ്ങളും കിട്ടാറുണ്ട്. ‘മോനെ ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമാണ്. ആ സ്നേഹംകൊണ്ട് പറയുവാ, ഈ മുടിയൊന്ന് വെട്ടി മിടുക്കനായിട്ട് നടന്നുകൂടേ.’ ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ടങ്ങ് മുങ്ങും. മറ്റ് ചിലർക്ക് അറിയേണ്ടത് മുടി വളർത്തുന്നത് ബുദ്ധിമുട്ടാണോയെന്നാണ്. എനിക്കു നോ ബുദ്ധിമുട്ട്.  മുടി സംരക്ഷിക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. മുഖം മറയ്ക്കുമ്പോൾ പോലും മുടി കെട്ടിവയ്ക്കാൻ മെനക്കെടാറില്ല.

പ്ലസ് ടു പഠിച്ചിറങ്ങിയ വർഷമാണ് വളർത്താൻ തുടങ്ങിയത്. ചുരുണ്ട മുടിയായതുകൊണ്ടാണ് വളർത്തിത്തുടങ്ങിയത്. സാധാരണ വീടുകളിലേതുപോലെ അച്ഛൻ വില്ലനാകുന്ന സീനൊന്നും ഉണ്ടായില്ല. ഒരുവട്ടം അച്ഛൻ ചോദിച്ചു, ‘മുടി വെട്ടാൻ ഉദ്ദേശ്യം ഇല്ലേ’ എന്ന്. വളർത്താനുള്ള പ്ലാനാണെന്ന് പറഞ്ഞപ്പോൾ വഴക്കൊന്നും പറഞ്ഞില്ല. ഇപ്പോഴും അച്ഛനും  അമ്മയ്ക്കും നോ പ്രോബ്ലം. അതിന്റെ പേരിൽ വഴക്കൊന്നും പറഞ്ഞില്ല.

സീരിയലിലെ എൻട്രി?

‘ഡി ഫോർ ഡാൻസ്’ രണ്ടാമത്തെ സീസൺ കഴിഞ്ഞപ്പോഴാണ് സംവിധായകൻ ആർ. ഉണ്ണികൃഷ്ണൻ ‘ഉപ്പും മുളകും’ സീരിയലിലേക്ക് വിളിക്കുന്നത്. അദ്ദേഹമെന്നെ മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. സാറിന്റെ മകൻ പറഞ്ഞിട്ടാണ് എന്നെക്കുറിച്ച് അറിഞ്ഞത്. നേരിൽ കണ്ടപ്പോൾ അഭിനയിക്കാൻ  താൽപര്യമുണ്ടോ എന്നു ചോദിച്ചു. അഭിനയിക്കാൻ അറിയില്ലെന്ന് ഞാൻ മറുപടി കൊടുത്തു. സാറിനും അങ്ങനെയുള്ള ആളിനെയായിരുന്നു ആവശ്യം. പിന്നീട് എന്നോട് തലമുടി കുറച്ച് വെട്ടിക്കുറയ്ക്കാമോ എന്ന് ചോദിച്ചു. പക്ഷേ, മുടിയിൽ തൊട്ടുള്ള കളിക്കു മാത്രം തയാറല്ലായിരുന്നു. ഒടുവിൽ മുടി വെട്ടാതെ അഭിനയിക്കാൻ അദ്ദേഹം സമ്മതിച്ചു.

വീട്ടിലേതു പോലെയുള്ള അന്തരീക്ഷമാണ് സെറ്റിലും. ലൈവ് ഡബ്ബിങ് ആയതുകൊണ്ട് സീരിയലാണെന്ന തോന്നലില്ല. അഭിനയിക്കുമ്പോൾ വല്യ ടെൻഷനില്ല. ഓരോ സീനും ഞങ്ങൾ അറിയാതെ സിസി ടിവി ക്യാമറ വെച്ച് എടുക്കുന്നതു പോലെയാണെന്ന് ചില ആളുകൾ പറയാറുണ്ട്.

അച്ഛനായിട്ട് അഭിനയിക്കുന്ന ബിജു ചേട്ടൻ (ബിജു സോപാനം) ഫുൾടൈം എന്തെങ്കിലും തമാശകൾ പറഞ്ഞ് എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടേയിരിക്കും. നിഷ ചേച്ചി ഞങ്ങളെ നാലു പേരെയും സ്വന്തം മക്കളെപ്പോലെയാണ് കാണുന്നത്. ജൂലിയും ഞാനും നല്ല ഫ്രണ്ട്സാണ്. പിന്നെ, കുട്ടിപ്പട്ടാളം രണ്ടെണ്ണം, ശിവാനിയും അൽസാബിത്തും. രണ്ടാളും ക്യാമറയ്ക്കു മുന്നിലാണെങ്കിലും അല്ലെങ്കിലും ഒരേപോലെയാണ്. ഒരു മിനിറ്റ് പോലും അടങ്ങിയിരിക്കില്ല. കുരുത്തക്കേടിന്റെ ഉസ്താദുമാരാണ്. കുറുമ്പുകൾ കാണിക്കുമെങ്കിലും പഠനത്തിന്റെ കാര്യം വരുമ്പോൾ ടോപ്പാണ്.

uppum-mulakum1

പഠനം പ്രോഗ്രസീവാണോ?

പഠനം ഒരു സൈഡിൽക്കൂടി കൊണ്ടുപോകുന്നുണ്ട്. ബെംഗളൂരുവിൽ ഓക്സ്ഫഡ് കോളജിൽ ബിബിഎ ചെയ്യുന്നു. ഫസ്റ്റ് ഇയർ കഴിഞ്ഞു. അവിടെ അധികം ഫ്രണ്ട്സൊന്നുമില്ല. വല്ലപ്പോഴും കയറിച്ചെന്നാൽ എങ്ങനെ ഫ്രണ്ട്സിനെ കിട്ടാൻ. നമ്മുടെ ഫ്രണ്ട്സും ഗാങ്ങുമെല്ലാം നാട്ടിലാണ്. പിന്നെ പഠനത്തിന്റെ ഫ്യൂച്ചർ, അത് എന്താകുമെന്നു മാത്രം ചോദിക്കരുത്. അതിനെക്കുറിച്ച് ഇപ്പോൾ പ്രവചിക്കാൻ പറ്റൂല്ല. അതു കൊണ്ട് തന്നെ അതേക്കുറിച്ച് ടെൻഷനുമില്ല.

സിനിമയിലേക്കുള്ള എൻട്രൻസ്?

സീരിയൽ ചെയ്തു തുടങ്ങിയപ്പോൾ സിനിമകളിൽ ചെറിയ റോൾ കിട്ടി. സീരിയലിന്റേത് ടൈറ്റ് ഷെഡ്യൂളായതുകൊണ്ട് അത് ചെയ്യാൻ സാധിച്ചില്ല. ഇപ്പോൾ നീരജ് മാധവ് നായകനാകുന്ന ‘പൈപ്പിൻചോട്ടിലെ പ്രണയം’ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ഡോമിനെന്ന പുതുമുഖസംവിധായകന്റെ  സിനിമയാണ്. സിനിമയിൽ നായകന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ റോളാണ് എനിക്ക്.

ഫാമിലി സപ്പോർട്ട് ?

കാക്കനാടാണ് വീട്. അച്ഛൻ സുനിൽകുമാർ ബിസിനസ് ചെയ്യുന്നു. അമ്മ പുഷ്പലത ഹൗസ്‍‌വൈഫാണ്. രണ്ട് അനിയൻമാരുണ്ട്. ഒരാൾ ഋതു, പത്താം ക്ലാസിൽ പഠിക്കുന്നു. രണ്ടാമത്തെ ആൾ ഋഷേക്, എട്ടാം ക്ലാസിലാണ്. അഭിനയത്തിനും ഡാൻസിനും എന്നു വേണ്ട, എന്റെ ഇഷ്ടങ്ങൾക്കെല്ലാം വീട്ടിൽ ഫുൾ സപ്പോർട്ടാണ്. സീരിയലിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയപ്പോൾ ആദ്യം ഞാനൊന്ന് മടിച്ചിരുന്നു. പക്ഷേ, ഏറ്റവും കൂടുതൽ നിർബന്ധിച്ചതും അഭിനയിക്കാനുള്ള ആത്മവിശ്വാസം തന്നതും അമ്മയാണ്.

ഫ്യൂച്ചർ പ്ലാൻസ്?

ഡാൻസ് ഒരിക്കലും ഉപേക്ഷിക്കില്ല. എനിക്ക് നൂറു ശതമാനം ആത്മാർഥതയോടും ആത്മവിശ്വാസത്തോടും ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം ഡാൻസാണ്. അതുപോലെ തന്നെ വളരെ ഇഷ്ടമാണ് യാത്രചെയ്യാൻ. ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കണമെന്നാണ് ആഗ്രഹം. സെപ്റ്റംബറിൽ ഒരു വേൾഡ് ഡാൻസ് ടൂറിൽ പങ്കെടുക്കാനുള്ള ഓഫർ വന്നിട്ടുണ്ട്. ‘ഡി ഫോർ ഡാൻസിലെ’ പ്രണവ്, കുക്കു, റിനോഷ്, ഇവരൊക്കെ ഉണ്ടാകും അതിൽ. അമേരിക്ക, ഓസ്ട്രേലിയ, കാനഡ അങ്ങനെ ലോകത്തിന്റെ പല ഭാഗത്തുള്ള സ്റ്റേജുകളിൽ ഡാൻസ് ചെയ്യാനുള്ള വലിയ ചാൻസാണ്.  

കേളി ഹെയർ സീനായ സ്റ്റോറി?

അങ്ങനെ ചെറിയ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ നാട്ടിലൂടെ സ്കൂട്ടറിൽ പോകുമ്പോള്‍ അവിടെയുള്ള കുറച്ചുപേർ വെറുതെ വഴിയിൽ തടഞ്ഞുനിർത്തി ഉടക്ക് ഉണ്ടാക്കി. വണ്ടിയുടെ മുന്നിൽ കയറി നിന്നിട്ട് കുറേ ഡയലോഗ് അടിച്ചു. ‘നിനക്കെന്താടാ ഇത്ര ജാഡ’, ‘നീ വല്യ ആളായിപ്പോയോ’ എന്നൊക്കെയായിരുന്നു ചോദ്യം. ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. അവസാനം അവരിലൊരാൾ എന്റെ മുടിയിൽ കയറിപ്പിടിച്ചു. തീപ്പെട്ടി എടുത്തിട്ട് മുടി കത്തിക്കട്ടെ എന്ന് ചോദിച്ചു. ദേഷ്യവും സങ്കടവും വന്നെങ്കിലും ഒന്നും മിണ്ടാതെ ഞാൻ വീട്ടിലേക്ക് പോയി. എന്തിനാണ് അവർ അങ്ങനെ ചെയ്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

ആകെ ഒരു ലൈഫേ ഉള്ളൂ. അത് നമ്മുടെ ഇഷ്ടത്തിന് ജീവിക്കണം. മറ്റുള്ളവരിൽ നിന്നും നല്ല കമന്റ്സ് കിട്ടാൻ വേണ്ടി സ്വന്തം ഇഷ്ടം മാറ്റി വയ്ക്കുന്നത് മണ്ടത്തരമാണ്. ഞാൻ മുടി വളർത്തുന്നത് ആർക്കും യാതൊരു തരത്തിലുള്ള ഉപദ്രവവും ഉണ്ടാക്കുന്നില്ല. പിന്നെയെന്താണ് കുഴപ്പം? ഒരാളുടെ ഔട്ട്ലുക്ക് കണ്ട് അയാളെ ജഡ്ജ് ചെയ്യുന്നത് ശരിയല്ല. മുടി പറ്റെ വെട്ടി ഫോർമൽ ഡ്രസും  ധരിക്കുന്നവർ ആരും ഒരു കുറ്റവും ചെയ്യാറില്ലേ? പുസ്തകത്തിന്റെ പുറംചട്ട നോക്കി പുസ്തകത്തെ വിലയിരുത്തരുത്. അതുകൊണ്ട് മുടിയെക്കുറിച്ചുള്ള നെഗറ്റീവ് കമന്റ്സ് ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളയും.