Friday 24 May 2024 02:48 PM IST

‘ആവേശത്തിനിടെ 5 സിനിമകൾ ഒഴിവാക്കേണ്ടി വന്നു, അതിൽ മമ്മൂട്ടി ചിത്രവും’: അമ്പാൻ സ്പീക്കിങ്ങ്

Roopa Thayabji

Sub Editor

amban-14

‘ആവേശ’ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ

രോമാഞ്ചം ആഘോഷം

ജിത്തു സംവിധാനം ചെയ്ത രോമാഞ്ചത്തിലേക്ക് എ ന്നെ നിർദേശിച്ചത് സുഹൃത്തായ ജോൺ പോളാണ്. ആ സെറ്റിൽ വച്ചുതന്നെ ആവേശത്തിന്റെ കഥ പറഞ്ഞിരുന്നു. ഈ റോൾ പൊളിക്കുമെന്ന് അന്നേ മനസ്സിൽ തോന്നി. ചാവേറിന്റെ ലൊക്കേഷനിൽ ഇരിക്കുമ്പോഴാണു ജിത്തു വീണ്ടും വിളിക്കുന്നത്, ‘ആവേശം തുടങ്ങുന്നു, നേരേ വന്നോളൂ.’ നേരേ ബെംഗളൂരുവിലെ ലൊക്കേഷനിലെത്തി. ഗുണ്ടയാകാനുള്ള വർക്ക് ഔട്ട് അവിടെ ചെന്നിട്ടാണു തുടങ്ങിയത്.

വലിയ കൃതാവും മീശയും അമ്പാന്റെ ട്രേഡ് മാർക്കാണ്, അലമ്പത്തരവും. കുറച്ചൊക്കെ കയ്യിൽ നിന്ന് ഇട്ടു. ‘അതൊക്കെ ചെയ്തോട്ടേ, ഷാൽ ഐ’ എന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടു കേട്ടോ.

ആവേശം അർമാദം

രോമാഞ്ചം റിലീസ് ചെയ്തതിനു പിറകെ ഞങ്ങളെല്ലാം കൂടി എറണാകുളം കവിത തിയറ്ററിൽ പോ യി. സിനിമ കഴിഞ്ഞു ഞങ്ങളെ കാണാൻ ആളുകൾ വന്നു പൊതിഞ്ഞു. റോഡൊക്കെ കുറേ നേരം ബ്ലോക്കായി. ആവേശം കാണാൻ തിയറ്ററിൽ പോകും മുൻപു സംവിധായകൻ ജിത്തു മാധവൻ ചോദിച്ചു, ആ സംഭവം ഓർമയില്ലേ.

അഴിച്ചു വിട്ടതുപോലെ ഫുൾ എനർജിയിൽ അഭിനയിക്കുന്ന ഫഹദിക്കയുടെ കൂടെ ആവേശത്തോടെയാണു ക്യാമറയ്ക്കു മുന്നിൽ നിന്നത്. വിക്രമനും മുത്തുവും പോലെ രംഗണ്ണനും അമ്പാനും തിയറ്ററിൽ നിറഞ്ഞാടുമ്പോൾ ആ കെമിസ്ട്രി വർക് ഔട്ട് ആയതിൽ സന്തോഷം മാത്രം.

ചുരുളിയിലെ പാലം

തിലോത്തമ ആണ് ആദ്യം അഭിനയിച്ച സിനിമ. പിന്നെ മുംബൈ ടാക്സി, മരുഭൂമിയിലെ ആന. ഈ സിനിമകളൊക്കെ വരുമ്പോൾ തിയറ്ററിലിരുന്ന് എന്നെ കണ്ടുപിടിക്കുന്നതു വലിയ ടാസ്ക് ആയിരുന്നു. സുഹൃത്തുക്കൾ വഴിയാണു ചുരുളിയിൽ ചാൻസ് കിട്ടിയത്. ഓഫ് റോഡ് ഡ്രൈവിങ് അറിയാം എന്നതായിരുന്നു അതിനു കാരണം.

ചുരുളിയിൽ ജീപ്പ് പാലം കയറുന്ന സീൻ ഓർമയില്ലേ. അതു കഴിഞ്ഞുള്ള എന്റെ തെറിവിളിയിലാണു സിനിമയുടെ റൂട്ട് മാറുന്നത്. ആദ്യ ഡയലോഗ് തെറിയാണെങ്കിൽ കൂടി നല്ല താളത്തിലും ഈണത്തിലും പറയുക എന്ന ദൗത്യം അങ്ങ് ഏറ്റെടുത്തു. ചുരുളി ഇറങ്ങിയ ശേഷം ‘ഡാ തങ്കു’ എന്നു വിളിച്ചു ‘സ്നേഹിക്കുന്ന’വരുടെ എണ്ണം കൂടി. അതേ ദിവസം മറ്റൊരു സിനിമ കൂടി വന്നു, ജാൻ–എ–മൻ. അതിലെ സജിയേട്ടൻ എന്ന ഗുണ്ടയും ക്ലിക് ആയി. സജിയേട്ടാ, ഇവിടെ ഒട്ടും സേഫല്ല എന്ന ഡയലോഗാണ് അതിനു കാരണം.

വ്യത്യസ്തനായ ഗുണ്ടയാകാം

മുമ്പ് ചെറിയ അടിപിടിയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും വലിയ ഫൈറ്റ് ചെയ്തത് ആവേശത്തിലാണ്. ചുരുളിയിലും ജാനേമനിലും രോമാഞ്ചത്തിലും ആവേശത്തിലും പരുക്കൻ സ്വഭാവമുള്ള റോളുകളാണ്. ഒന്നു മറ്റൊന്നു പോലെ ആകാതിരിക്കാൻ മനപൂർവം ശ്രമിക്കുന്നു. അമ്പാൻ വലിയ ഗുണ്ടയാണെങ്കിലും ഹ്യൂമർ വിടില്ല. അതു കുറച്ചു പണിപ്പെട്ട ജോലിയായിരുന്നു.

ജാനേമനിനു ശേഷം കുറേ ഗുണ്ടാറോൾ വ ന്നെങ്കിലും അതൊക്കെ വേണ്ടെന്നു വച്ചു. ആവേശത്തിന്റെ ഷൂട്ടിങ്ങിനിടെ അഞ്ചു സിനിമകൾ ഒഴിവാക്കേണ്ടി വന്നു. അതിൽ ഭ്രമയുഗവും ഉണ്ട്. ആ വിഷമമൊക്കെ ആവേശത്തിൽ മുങ്ങിപ്പോയി.

ആലുവയിലെ സിനിമാ മോഹം

ആലുവ ശിവരാത്രി മണപ്പുറത്തിനടുത്താണു തറവാട്. കൂട്ടുകാരുമൊത്ത് ആ പടിക്കെട്ടിലിരുന്നു സിനിമാ സ്വപ്നങ്ങൾ പങ്കുവയ്ക്കുന്നതായിരുന്നു ഹോബി. പാട്ടു പാടാനോ ഡാൻസ് കളിക്കാനോ സ്റ്റേജിൽ കയറിയിട്ടില്ലെങ്കിലും അഭിനയ മോഹം അങ്ങു വന്നു. ഡിഗ്രി കഴിഞ്ഞ പിറകേ ഓഡിഷനുകൾക്കു പോകാൻ തുടങ്ങി. ഒരു ദിവസം അഞ്ച് ഓഡിഷൻ വരെ ചെയ്തിട്ടുണ്ട്. ആ കാലത്തെ ഒരു സുഹൃത്ത് ഇപ്പോൾ സിനിമയിൽ നായകനാണ്, സിജു വിൽസൺ.

എ.പി. അനിൽകുമാർ സാറിനൊപ്പം അക്കാലത്തു തിയറ്റർ ചെയ്തിരുന്നു. ജീവിക്കാനായി പാതാളത്തെ ഒരു ലോജിസ്റ്റിക്സ് കമ്പനിയിലും അ ഞ്ചു വർഷം ജോലി ചെയ്തു. ഏതെങ്കിലും തരത്തിൽ സിനിമ കൂടെ വേണമെന്ന മോഹം കൊണ്ടു പരസ്യചിത്ര സംവിധായകനായും അസോഷ്യേറ്റ് ഡയറക്ടറായുമൊക്കെ ജോലി ചെയ്തു. ഒരു ഷോർട് ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. നല്ല കഥാപാത്രം വേണമെന്ന മോഹം കൊണ്ടു സിനിമയ്ക്കു തിരക്കഥ വരെ എഴുതി. ആ സിനിമ വരാനുണ്ട്, നോക്കാം.

രൂപാ ദയാബ്ജി