Friday 21 July 2023 12:41 PM IST

ആ കാലം എപ്പോഴെങ്കിലും വേദനിപ്പിച്ചോ... ജീവിത പ്രതിസന്ധികളെ എങ്ങനെമറികടന്നു? ശാന്തി കൃഷ്ണ പറയുന്നു

Vijeesh Gopinath

Senior Sub Editor

santhi-krishna-7

രണ്ടു കാലഘട്ടത്തിലെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടല്ലോ. സിനിമയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ് ? കഥാപാത്രങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് ?

ജിഷ ആൻ എബ്രഹാം, അസി. പ്രഫസർ, സെയ്ന്റ്ഗിറ്റ്സ് എഞ്ചിനീയറിങ് കോളജ്, കോട്ടയം

രണ്ടു കാലത്തെയും സിനിമകൾ തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. സാങ്കേതിക കാര്യങ്ങളിൽ അടുമുടി മാറി. തേടിവരുന്ന കഥാപാത്രങ്ങളിലും ആ മാറ്റം കാണാം. നായികയും നായകനും ഇങ്ങനെയായിരിക്കണം എന്ന ചട്ടക്കൂടെല്ലാം പുതിയകാല സിനിമകൾ പൊളിച്ചു കളഞ്ഞിട്ടുണ്ട്. മുൻനിര താരങ്ങൾ വേണം എന്ന നിർബന്ധം ഇന്നില്ലല്ലോ.

അഭിനയ രീതിയിൽ മാറ്റം ഒന്നും ഇല്ല. ഞാനും അംബി കയും ജലജയും ഉൾപ്പെടെയുള്ളവര്‍ അന്നും സ്വാഭാവികമായ രീതിയിലാണ് അഭിനയയിച്ചത്. ഇന്നും അങ്ങനെ തന്നെയാണ്.

സിനിമയിൽ ന്യൂജെൻ നായകന്മാരുടെ സുന്ദരിയായ അമ്മയാണല്ലോ... പിന്തുടരുന്ന ഡയറ്റ് എന്താണ്?

അഞ്ജു നിഖിൽ, ബെംഗളൂരു

കോംപ്ലിമെന്റിനു നന്ദി. എന്റെ ഏറ്റവും നല്ല വ്യായാമം ന‍ൃത്തമായിരുന്നു. മറ്റു വലിയ വ്യായാമങ്ങൾ‌ ഒന്നുമില്ല. നടത്തവും ചെറിയ സ്ട്രച്ചിങും ഒക്കെ ചെയ്യാറുണ്ട്.

ഞാനൊരു വെജിറ്റേറിയനാണ്. എണ്ണയിൽ പാകം ചെയ്ത ഭക്ഷണത്തെക്കാളും എനിക്കിഷ്ടം ആവിയിൽ വേവിച്ചതാണ്. പ്രത്യേക ഡയറ്റും വ്യായാമങ്ങളും ഒന്നും ഇല്ലെങ്കിലും ഭക്ഷണരീതിയും നൃത്തവുമൊക്കെയാകാം ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നത്.

നയം വ്യക്തമാക്കുന്നു സിനിമയിലെ വാവയെ പോലെ മനോഹരമായ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമില്ലേ?

നൂർജഹാൻ, ചേലക്കര,തൃശൂർ.

വത്സല മേനോന്‍ എന്ന വാവയെ പോലുള്ള കഥാപാത്രങ്ങളെ ഈ കാലത്ത് എഴുതാനാകുമോ എന്ന് സംശയമാണ്. മമ്മൂക്കയുടെ കൂടെയും ലാലിന്റെ കൂടെയുമൊക്കെ ഇനിയും അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. ‌ അത്തരം കഥാപാത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു. നടി എന്ന രീതിയിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. ഒരുപോലുള്ള വേഷങ്ങളല്ലാതെ നെഗറ്റീവ് കഥാപാത്രങ്ങളും ബയോപികും ഒക്കെ അവതരിപ്പിക്കാൻ മോഹമുണ്ട്.

സിനിമയിൽ നിന്നു മാറി നിന്ന കാലം എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ? ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെയാണു മറികടന്നത്?

കവിത ദീപു, അധ്യാപിക, ദുബായ്

എല്ലാവരുടെ ജീവിതത്തിലും ഉയർച്ച താഴ്ചകൾ ഉണ്ടാകുമല്ലോ. അതു മറികടക്കുക എന്നതിലാണ് ഒാരോ വ്യക്തിയുടെയും വിജയം.

സിനിമയിൽ നിന്നു മാറി നിന്ന കാലം എനിക്കു മറ്റൊരു ജീവിതം തന്നെയായിരുന്നു. ഒരുപാടു തിരക്കിൽ നിന്ന് വീട്ടിലേക്ക് ഒതുങ്ങി. രണ്ടു മക്കളുടെ പഠനവും വളർച്ചയും ഒക്കെ കണ്ടു ഞാനങ്ങനെ ഇരുന്നു. ശരിക്കും മറ്റൊരു ലോകത്ത്.

മക്കൾ കാണുന്നത് ഇംഗ്ലിഷ് സിനിമകളായിരുന്നു. ആ കാലത്തു മലയാള സിനിമക കണ്ടിട്ടില്ല. മനസ്സിൽ അന്ന് സിനിമയേ ഉണ്ടായിരുന്നില്ല. ഞാൻ ഫുൾടൈം വീട്ടമ്മയായി ജീവിച്ചു. അതുകൊണ്ടുതന്നെ സിനിമ മിസ് ചെയ്തു എന്ന തോന്നലൊന്നും ഉണ്ടായിരുന്നില്ല.

ആ കാലത്തു ചില സിനിമയിൽ അഭിനയിക്കാനുള്ള അവസരം തേടി വന്നിരുന്നു. ചെയ്യേണ്ട എന്നു തന്നെയായിരുന്നു തീരുമാനം. പക്ഷേ, തിരിഞ്ഞുനോക്കുമ്പോൾ ആ കാലം വിട്ടുകളയേണ്ടിയിരുന്നില്ലെന്നു തോന്നാറുണ്ട്. ആ പ്രായവും അതിനു ചേരുന്ന വേഷങ്ങളും ഇനി കിട്ടില്ലല്ലോ...

നൃത്തം മിസ് ചെയ്യുന്നുണ്ടോ? സ്റ്റേജിലേക്കു തിരികെ വരാൻ ആഗ്രഹമില്ലേ?

അനീറ്റ സെബാഷ്, പാലാ, കോട്ടയം

ആറു വയസ്സു മുതൽ ന‍ൃത്തം പഠിക്കാ ൻ തുടങ്ങി. മുംബൈയിലെ ശ്രീ രാജരാജേശ്വരി ഭരതനാട്യ കലാമന്ദിറിലായിരുന്നു ന‍ൃത്തപഠനം. കുട്ടിക്കാലം മുതൽക്കേ നൃത്തം ചെയ്യാൻ എനിക്ക് ഇഷ്ടമായിരുന്നു.

സിനിമയിൽ‌ എത്തും മുന്നേ എല്ലാമെല്ലാമായി കണ്ടതു നൃത്തത്തെയാണ്. മുതിർന്നപ്പോൾ കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ്പോടെ ന‍‍ൃത്തം പഠിക്കാൻ അവസരം ലഭിച്ചു. പിന്നീടു സിനിമയിലെത്തിയപ്പോൾ പരിശീലനം കുറഞ്ഞു എന്നതു സത്യമാണ്.

എന്നാലും ആറുവയസ്സുള്ള ആ കുട്ടിയുടെ മനസ്സിലുള്ള അതേ ആവേശമാണ് ഇന്നും നൃത്തത്തോട്. കുറച്ചു കാലം മുൻപ് ഷൂട്ടിനിടയിൽ കാലിന് ചെറിയ കുഴപ്പമുണ്ടായി. അതോെട പരിശീലനം പൂർണമായും നിന്നു. താമസിയാതെ വീണ്ടും പരിശീലനം തുടങ്ങും. വേദികളിൽ നൃത്തം അവതരിപ്പിക്കാൻ എന്നും മോഹമാണ്.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്യാം ബാബു