Tuesday 30 January 2024 11:24 AM IST

‘വീട്ടിലുള്ളവർ തന്നെ തന്നെ കുഞ്ഞുമക്കളെ ചൂഷണം ചെയ്യും, സഹിക്കാൻ പറ്റില്ല ആ കേസുകൾ’: അഭിനയം, പ്രഫഷൻ... ശാന്തി മായാദേവി പറയുന്നു

V R Jyothish

Chief Sub Editor

santhi-mayadevi

ദൃശ്യം– 2 സിനിമ കണ്ടവരാരും അഡ്വ. രേണുകയെ മറക്കാൻ ഇടയില്ല. കൊല്ലപ്പെട്ട വരുണിന്റെ ഡിഎൻഎ ഫലം നെഗറ്റീവ് ആണെന്ന് അറിയുമ്പോൾ അവിശ്വാസത്തോടെ നായകൻ ജോർജ്ജുകുട്ടിയെ തിരിഞ്ഞു നോക്കുന്ന അഡ്വ. രേണുകയെ. പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ‘ഗാനഗന്ധർവൻ ഉല്ലാസ്’ ജയിലിലാകുമ്പോഴും രക്ഷിക്കാനെത്തുന്നത് ഈ വക്കീലാണ്. നായകൻ മമ്മൂട്ടിയായാലും മോഹൻലാലായാലും കോളിവുഡിൽ നിന്ന് വിജയ് ആയാലും ജയിലിൽ നിന്നിറക്കാൻ അഡ്വ. ശാന്തി മായാദേവി തന്നെ വേണമെന്നാണു സിനിമാലോകത്തെ സംസാരം.

സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിഭാഷകയാണ് അഡ്വ. ശാന്തി മായാദേവി. കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ശാന്തിയുടെ പുതിയ റോൾ തിരക്കഥാകൃത്തിന്റേതാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനായ ‘നേര്’ എന്ന സിനിമയുടെ തിരക്കഥ എഴുതിയതു ശാന്തിയാണ്.

‘‘കിലുക്കം സിനിമ വന്ന സമയത്ത് എനിക്ക് ഒൻപതോ പത്തോ വയസ്സ്. ആ സിനിമയിലെ ‘കിലുകിൽ പമ്പരം തിരിയും മാനസം’ എന്ന പാട്ടുസീൻ കണ്ടപ്പോൾ രേവതിക്കു പകരം ഞാനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അന്നു മുതൽക്കേയുള്ള ആരാധനയാണു ലാലേട്ടനോട്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴും ഇപ്പോൾ തിരക്കഥ എഴുതുമ്പോഴും എല്ലാം അതേ മനസ്സ് തന്നെയാണ്.’’ ശാന്തി സംസാരിച്ചു തുടങ്ങി.

ആരാണ് ശാന്തി എന്ന പേരിട്ടത്?

അച്ഛൻ വിമൽകുമാറിന്റെ അമ്മയുടെ പേര് ശാന്തിയെന്നാണ്. അച്ഛൻ പിറന്നു രണ്ടാഴ്ചയ്ക്കുള്ളിൽ അമ്മ മരിച്ചു. നേരിട്ടു കണ്ട ഓർമയില്ല. പക്ഷേ, പേരിലൂടെയെങ്കിലും എന്നും അമ്മയെ ഒാർക്കാമല്ലോ എന്നു കരുതിയാകും എനിക്ക് ആ പേരു തന്നെ തന്നത്. മായാദേവി എന്റെ അമ്മയുടെ പേരാണ്.

നെടുമങ്ങാട്ടെ കുട്ടിക്കാലം?

സർക്കാർ സ്കൂളുകളിലാണ് പഠിച്ചത്. നെടുമങ്ങാട് എൽപി സ്കൂളിലും ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും. പിന്നെ, എംജി കോളജിലും. നെടുമങ്ങാടിനടുത്തു മേലാങ്കോടാണു കുടുംബം. ജീവിതത്തിൽ എന്തെങ്കിലും ആകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് എന്നെ പഠിപ്പിച്ച അധ്യാപകരുടെ കാരുണ്യം കൊണ്ടാണ്. പിന്നെ, മാതാപിതാക്കളും. പത്തുവർഷം ഞാൻ ശാസ്ത്രീയസംഗീതം പഠിച്ചിട്ടുണ്ട്. ഞാനും ചേട്ട ൻ ഹരിയും കലാരംഗത്ത് എന്തെങ്കിലും നേട്ടം ഉണ്ടാക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു. പാട്ട്, ഡാൻസ്, കഥാപ്രസംഗം, നീന്തൽ ഇതൊക്കെ പഠിപ്പിക്കണമെന്ന് അച്ഛനു വലിയ ആഗ്രഹമായിരുന്നു. പക്ഷേ, സാഹചര്യങ്ങൾ അത്ര അനുകൂലമായിരുന്നില്ല. എങ്കിലും അച്ഛൻ അതിനു വേണ്ടി കഷ്ടപ്പെട്ടു, വളരെയധികം.

പിന്നെ, സ്കൂളിലെ ശോഭന ടീച്ചറിനോടും മുരളി സാറിനോടുമാണു ഞങ്ങൾ കടപ്പെട്ടിരിക്കുന്നത്. അവർ ആ ത്മാർഥമായി ഞങ്ങളെ പാട്ടും കഥാപ്രസംഗവും പഠിപ്പിച്ചു. രാവിലെ അച്ഛൻ എന്നെക്കൊണ്ടു കഥാപ്രസംഗം പറയിപ്പിക്കും. കഥ പറയുമ്പോൾ കൈ എങ്ങനെ വേണം, കണ്ണ് എങ്ങനെ ചലിപ്പിക്കണം എന്നൊക്കെ പറഞ്ഞുതരും. മറ്റുള്ളവരോടു കഥ പറയാൻ ആ പരിശീലനം ഇന്നു ഗുണം ചെയ്യുന്നുണ്ടെന്ന് ഇടയ്ക്ക് അച്ഛനോടു പറയാറുണ്ട്.

കുട്ടിക്കാലത്തു പുലർച്ചെ ഞങ്ങളെ വിളിച്ചുണർത്തും. രണ്ടു കിലോമീറ്റർ ഓടിക്കും. പച്ചക്കുളത്തിൽ കൊണ്ടുപോകും. നീന്തൽ പഠിപ്പിക്കും. പിന്നെ, അവിടെ നിന്നു സാധകം ചെയ്യിക്കും. അതൊക്കെയോർക്കുമ്പോൾ കണ്ണുനിറയും.

എറണാകുളത്തു വരുമ്പോൾ ഇപ്പോഴും അച്ഛനെ ഞാനെന്റെ ഒാഫിസ് മുറിയിൽ കൊണ്ടിരുത്തും. കാരണം ഞാനൊരു വക്കീലായി കാണണമെന്ന് അത്രമേൽ ആഗ്രഹിച്ചിരുന്നു. പൂജ്യത്തിൽ നിന്ന് അച്ഛൻ വളർത്തിയെടുത്തതാണു ഞങ്ങളുടെ ജീവിതം.

എങ്ങനെയായിരുന്നു സിനിമയിലേക്കുള്ള വരവ്?

പ്ലസ്ടു കഴിഞ്ഞപ്പോൾ തന്നെ ഞാൻ ചില ചാനലുകളിൽ അവതാരകയായി വന്നു. പണ്ടു പഠിച്ച കഥാപ്രസംഗം കയ്യിലുണ്ടല്ലോ? അതെടുത്തങ്ങു പ്രയോഗിച്ചു. തുടർന്ന് എൽഎൽബിക്കു പഠിക്കുമ്പോഴും ഈ ജോലി ചെയ്തിരുന്നു. കോടതിയിൽ പ്രാക്റ്റീസ് തുടങ്ങിയതോടെയാണ് അവതാരകയുടെ റോൾ ഉപേക്ഷിച്ചത്. രമേഷ് പിഷാരടിയുമായും ഹരി പി. നായരുമായും അവതാരകയായിരുന്നപ്പോഴേ ഉള്ള പരിചയമാണ്. അങ്ങനെയാണ് പിഷാരടിയുടെ ഗാനഗന്ധർവനിലേക്കു വിളിക്കുന്നത്. ഹരിയേട്ടനായിരുന്നു അതിന്റെ കഥ.

മമ്മൂക്കയോടൊപ്പം ‘ഗാനഗന്ധർവനി’ൽ അഭിനയിച്ചു തുടങ്ങിയത് ഐശ്വര്യമായി. മമ്മൂക്കയുടെ വക്കീൽ കഥാപാത്രങ്ങളെ അത്രയ്ക്കും ഇഷ്ടപ്പെട്ടിരുന്ന ഒരാളാണു ഞാൻ. ആ സിനിമയിൽ മമ്മൂക്ക അവതരിപ്പിച്ച ഉല്ലാസ് എന്ന കഥാപാത്രത്തിന്റെ വക്കീലായിരുന്നു എന്റെ കഥാപാത്രം. അതിനുശേഷമാണ് ജീത്തു സാറിന്റെ റാം എന്ന സിനിമയിൽ ചെറിയൊരു വക്കീൽ വേഷത്തിൽ അഭിനയിച്ചത്. ആ സിനിമയിലും ലാൽ സാറിന്റെ വക്കീലായിട്ടാണ്. പ്രൊഡക്ഷനിൽ ഉള്ള വിനോദ് ചേട്ടനാണ് റാമിൽ അഭിനയിക്കാനുള്ള അവസരം ഉണ്ടാക്കിത്തന്നത്. അത് ‘ദൃശ്യം 2’ ലേക്കുള്ള വഴിയായി. ഇപ്പോൾ ‘നേരി’ലേക്കും.

santhi-2

‘നേരിൽ’ എത്തിയത് അങ്ങനെയായിരുന്നോ?

‘റാമി’ൽ അഭിനയിച്ച ശേഷം ജീത്തു സാർ ‘ദൃശ്യം 2 ’ലെ കോടതി സീനുകൾ വായിക്കാൻ തന്നു. കോടതി സംബന്ധമായ സാങ്കേതികപ്രശ്നം ഉണ്ടോ എന്നു നോക്കാൻ തന്നതാണ്. ഞാൻ എന്റെ ഭാവനയിൽ തോന്നിയ കുറച്ചു കാര്യങ്ങൾ കൂടി എഴുതി ചേർത്തു. അതൊന്നും അദ്ദേഹം സിനിമയിൽ ഉപയോഗിച്ചില്ല. ‘എഴുതാനുള്ള സ്പാർക് തന്റെ കയ്യിലുണ്ട്. ഒരു കോർട്ട് റൂം ഡ്രാമയുടെ ആശയം കയ്യിലുണ്ട്. ന മുക്ക് സംസാരിക്കാം.’ എന്ന് ജീത്തു സാർ പറഞ്ഞിരുന്നു. അതാണു നേരിന്റെ തിരക്കഥയിലേക്ക് എന്നെ എത്തിച്ചത്.

തിരുവനന്തപുരത്തായിരുന്നു നേരിന്റെ ഷൂട്ടിങ്. ഞാൻ പ്രാക്റ്റീസ് തുടങ്ങിയ വഞ്ചിയൂർ കോടതിയിലും പരിസരത്തും. അതു വളരെ നൊസ്റ്റാൾജിക് ആയിരുന്നു.

നേര് എന്ന സിനിമയിൽ നടന്മാർ ആരുമില്ല എന്നതാണു വാസ്തവം. ഇവിടെ കഥാപാത്രങ്ങൾ മാത്രമേയുള്ളൂ. അഡ്വ. വിജയ മോഹൻ എന്ന കഥാപാത്രത്തിനുവേണ്ടിയാണ് ഡയലോഗ് എഴുതിയത് അല്ലാതെ ലാലേട്ടനു േവണ്ടിയല്ല. അതുപോലെയാണ് ഓരോ കഥാപാത്രവും.

നേരത്തെ എഴുതാറുണ്ടായിരുന്നോ?

എഴുതാനുള്ള താൽപര്യം ഉണ്ടായിരുന്നു. എങ്കിലും കേസിന്റെ കാര്യങ്ങളാണു കൂടുതലും എഴുതിയിരുന്നത്. ജീത്തു സാർ തന്ന ൈധര്യത്തിലാണ് ഈ സിനിമ എഴുതിയത്. അദ്ദേഹത്തിന്റെ സഹായം ഉണ്ടായിരുന്നു.

കുട്ടിക്കാലത്തു സിനിമകൾ കാണുമ്പോൾ അതിൽ പല കഥാപാത്രങ്ങളായി നമ്മൾ മനസ്സിൽ സങ്കൽപിക്കും. ചിലപ്പോൾ അതുപോലെ അഭിനയിച്ചു നോക്കും. കലാതാൽപര്യമുള്ള ഏതൊരു കുട്ടിയും അങ്ങനെയൊക്കെയാണല്ലോ? അന്നൊന്നും സിനിമയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മാത്രമല്ല, നല്ല പ്രഫഷനായിരുന്നു ലക്ഷ്യം. അതു നേടിയ ശേഷം സിനിമയിലേക്കുള്ള വരവ് ഇരട്ടി മധുരമാണ്.

മോഹൻലാലിെന എന്നാണ് ആദ്യമായി കണ്ടത്?

‘റാമി’ന്റെ സെറ്റിൽ വച്ചാണ് ലാലേട്ടനെ ആദ്യമായി കാണുന്നത്. സീ പോർട്ട് റോഡിലായിരുന്നു ഷൂട്ടിങ്. ഒരു സാധാരണ പ്രേക്ഷകൻ ലാലേട്ടനെ കാണുമ്പോൾ തോന്നുന്ന അ ദ്ഭുതമില്ലേ അതു തന്നെയായിരുന്നു എനിക്കും. ഒരുമിച്ചു ജോലി ചെയ്തിട്ടും ഓരോ കാഴ്ചയും എനിക്ക് അങ്ങനെതന്നെയാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ, പറഞ്ഞ ഡയലോഗുകൾ, പാടിയ പാട്ടുകൾ, ചിരിപ്പിച്ചതും കരയിച്ചതുമായ കഥാസന്ദർഭങ്ങൾ അതൊക്കെയാണ് ഓർമ വരുക. എനിക്ക് ഇപ്പോഴും വിശ്വാസം വരുന്നില്ല അവരോടൊപ്പം അഭിനയിച്ചതു ഞാൻ തന്നെയാണെന്ന്. ജോലിയോടുള്ള അവരുടെ സമർപ്പണം, കഠിനാധ്വാനം ഒക്കെ കണ്ടുപഠിക്കേണ്ടതാണെന്നു തോന്നി.

വക്കീലായിരുന്ന മമ്മൂട്ടിക്കൊപ്പം വക്കീലായി അഭിനയിച്ച നിമിഷങ്ങൾ പറയാമോ ?

സത്യത്തിൽ ഷൂട്ടിങ് തുടങ്ങിയ സമയത്തു ഞാൻ മമ്മൂക്ക വക്കീലാണെന്ന കാര്യം ഓർത്തില്ല. സൂപ്പർ‌സ്റ്റാർ മമ്മൂക്ക മാത്രമാണല്ലോ നമ്മുടെ മനസ്സിൽ. ടേക്ക് പോയി ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോഴാണു മമ്മൂക്കയിലെ അഭിഭാഷകൻ പുറത്തു വന്നതു കണ്ടത്.

‘യെസ് യുവർ ഓണർ’ എന്നു പറഞ്ഞു തുടങ്ങുന്ന ഡ യലോഗാണ്. ‘യെസ് യുവർ ഓണർ’ എന്ന് കീഴ്ക്കോടതിയിൽ പറയുന്ന മോഡ് ഓഫ് ക്രിയേഷൻ അല്ല മേൽക്കോടതിയിൽ പറയേണ്ടത്. അത് മമ്മൂക്ക തിരുത്തിപ്പറഞ്ഞു തന്നപ്പോഴാണു മമ്മൂക്കയിൽ ഞാനൊരു സീനിയർ വക്കീലിനെ കണ്ടത്. അതുമാത്രമല്ല, മമ്മൂക്ക പല സിനിമകളിലും അവതരിപ്പിച്ച വക്കീൽ കഥാപാത്രങ്ങൾ എന്നെപ്പോലെയുള്ളവരെ ജീവിതത്തിൽ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇതുപോലൊരു വക്കീലാകണം എന്നൊക്കെ മനസ്സിൽ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.

ഒരു വക്കീൽ എന്ന നിലയിൽ ഏറ്റവും കൂടുതൽ വിഷമിച്ച കേസ് ഏതായിരുന്നു?

അത് ഒരു കേസല്ല. ഒരുപാടു കേസുകളുണ്ട്. തിരുവനന്തപുരത്ത് വഞ്ചിയൂർ കോടതിയിൽ വല്യച്ഛൻ െനടുമങ്ങാട് കെ. സതീഷ്കുമാറിന്റെ ജൂനിയറായാണു തുടക്കം. പിന്നീട് വിവാഹം കഴിഞ്ഞ ശേഷമാണ് എറണാകുളത്തേക്കുതാമസം മാറുന്നതും ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങുന്നതും.

കുഞ്ഞു പെൺകുട്ടികൾക്കെതിരെ നടക്കുന്ന അക്രമങ്ങളാണു നമുക്കു സഹിക്കാൻ പറ്റാത്തത്. ജോലിക്കായും മറ്റും കുട്ടികളെ വീട്ടിൽ കൊണ്ടുവന്നു പാർപ്പിച്ചു ചെയ്യുന്ന ക്രൂരതകൾക്കു കയ്യും കണക്കുമില്ല. വീട്ടിലെ തന്നെ വേണ്ടപ്പെട്ടവരും അടുത്ത ബന്ധുക്കളും ചൂഷണം ചെയ്യുന്നതുവേറെ. നമ്മൾ അറിഞ്ഞതൊന്നുമല്ല ലോകം. എനിക്ക് ഒരു പെൺകുട്ടിയാണ്. ഇത്തരം കേസുകൾ കോടതിയിൽ വരുമ്പോൾ നമ്മൾ തകർന്നുപോകും.

ക്രിമിനൽ കേസുകളാണോ ശാന്തി കൂടുതലായി കൈകാര്യം ചെയ്യുന്നത്?

ക്രിമിനൽ കേസുകളാണു കൂടുതലായി വരുന്നത്. ഏതു കേസ് കിട്ടിയാലും നന്നായി പഠിച്ച്് അവതരിപ്പിക്കണമെന്നാണു വല്യച്ഛൻ പറഞ്ഞിട്ടുള്ളത്. കുട്ടികളുടെ കേസുകൾ വരുമ്പോൾ വൈകാരികമായി കൈകാര്യം ചെയ്യാറുണ്ട്. സമൂഹത്തിലെ എല്ലാ തിന്മയും ഒത്തുവരുന്ന ഒരിടമാണു കോടതി. കോടതിയിൽ ജോലി ചെയ്യുന്ന ഒരാളിന്റെ മനസ്സിൽ കുറഞ്ഞത് ഒരു അഞ്ചു സിനിമയെങ്കിലും ഉണ്ടാവും. അത്രയ്ക്കും വൈകാരികമായ സംഭവങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്.

കരിയറിൽ കുടുംബത്തിന്റെ പിന്തുണ?

ഭർത്താവ് ഷിജു രാജശേഖരൻ ബാങ്ക് ഉദ്യോഗസ്ഥനാണ്.

മകൾ ആറുവയസ്സുകാരി ആരാധ്യ ഋഷിക പൗർണമി. ര ണ്ടുപേരും സിനിമ ഏറെ ഇഷ്ടപ്പെടുന്നവരാണ്. ഒരു പ്രഫഷൻ തന്നെ നന്നായി കൊണ്ടുപോകണമെങ്കിൽ കുടുംബത്തിന്റെ സഹകരണം വേണം. ഞാൻ രണ്ടു പ്രഫഷൻ സമാന്തരമായി കൊണ്ടുപോകുന്ന ആളാണല്ലോ.

ഇപ്പോൾ പുതിയൊരു കഥയുടെ എഴുത്തിലാണ്. കോടതിയുമായി ബന്ധപ്പെട്ട കഥയാണ് അതും. പ്രോജക്റ്റ് ആയി മാറിയിട്ടില്ല. അതുകൊണ്ടു കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല.

ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളൊക്കെ വക്കീലന്മാരായിരുന്നതുകൊണ്ട് വലിയ ടെൻഷൻ അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇനി വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്നാണു മോഹം.

വി.ആർ. ജ്യോതിഷ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ