നിരുപദ്രവകാരിയായ ‘കോഴിയായി’ മലയാള സിനിമയിലേക്കു വന്ന ഒരു മഞ്ഞ ഷർട്ടുകാരനുണ്ട്. റാസൽഖൈമയിലെ ദാരിദ്ര്യവും കുടുംബത്തിലെ ഒറ്റപ്പെടലും പറഞ്ഞ് മേരിയെ വളയ്ക്കാൻ നോക്കിയ സൽസ്വഭാവിയായ പൂവാലൻ. ‘വരത്തനി’ലെ വില്ലനും ‘നീയും ഞാ നും’ എന്ന ചിത്രത്തിലെ നായകവേഷവും കടന്ന് ഷറഫുദീൻ ഇപ്പോൾ ഷാഫിയുടെ ‘ചിൽഡ്രൻസ് പാർക്കി’ലൂടെ വീണ്ടും കോമഡിയുടെ ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്.
‘വനിതയോട്’ മനസു തുറക്കുമ്പോഴും ഷറഫുദീന് പറയാനുണ്ടായിരുന്നത് സിനിമയെക്കുറിച്ചായിരുന്നു. കൂട്ടത്തിൽ പ്രേമം ഷൂട്ടിംഗിനിടയിലെ ഒരു ‘ഹണിമൂൺ തത്രപ്പാടിനെക്കുറിച്ചും’ ഷറഫുദ്ദീൻ രസകരമായി പറഞ്ഞു വച്ചു. മേയ് ലക്കത്തിൽ വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലെ പ്രസക്തഭാഗത്തിൽ നിന്ന്...
‘ചേട്ടന്റെ ഹണിമൂൺ ആണ്, മുടക്കരുത് പ്ലീസ് ’
ഭാര്യ ബീമയുടെയും മകൾ ദുഅയുടെയും ഒപ്പം ആലുവയിൽ പെരിയാറിന്റെ തീരത്താണ് ഷറഫിന്റെ താമസം. ‘‘ഓം ശാന്തി ഓശാന ഇറങ്ങിയ സമയത്താണ് പെണ്ണുകാണൽ.’’ ഷറഫിന്റെ ഭാര്യ ബീമ പറയുന്നു.
‘‘ചങ്ങനാശേരിയിലാണ് വീട്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച കല്യാണമാണ്. സിനിമയിൽ കണ്ടാൽ നല്ല പ്രായമുള്ളയാളാണല്ലോ, വേണോ എന്ന് അന്ന് കൂട്ടുകാർ ചോദിച്ചു. നേരിട്ട് കണ്ടപ്പൊ എനിക്ക് ഇഷ്ടമായി. സിനിമയിൽ കാണുന്ന പോലെ അത്ര കൂൾ ഒന്നുമല്ല ജീവിതത്തിൽ. അൽപം സീരിയസ് ആണ് ’’.

കല്യാണക്കാര്യം പറയുമ്പോ മനസ്സിൽ വരുന്നത് പ്രേമത്തിന്റെ ഷൂട്ടിങ്ങാണെന്നു ഷറഫ്. ‘‘ഷൂട്ടിനിടയിൽ കല്യാണവും നിശ്ചയവുമൊക്കെ കഴിഞ്ഞു. പക്ഷേ, ഞാൻ ഗിരിരാജൻ കോഴിയായി മഞ്ഞ ഷർട്ടും ഇട്ട് പറയുന്ന പ്രധാന ഡയലോഗ് ഷൂട്ട് ചെയ്തിട്ടില്ലായിരുന്നു. ഹണിമൂണിന് പോകാൻ ഫ്ലൈറ്റ് ബുക്ക് ചെയ്തതിന്റെ തലേദിവസം കൃത്യമായി ഷൂട്ട് വന്നു.
ഒാരോ ഭാഗവും എടുത്തു തീരുമ്പോൾ ആശ്വാസമാണ് വേഗം ഹണിമൂണിനു പോകാല്ലോ. പക്ഷേ, ഞാൻ ഡയലോഗ് പറയുമ്പോൾ അനുപമ ചിരിക്കുന്ന ഭാഗം എത്രയെടുത്തിട്ടും ശരിയാകുന്നില്ല. അവസാനം ഞാനവൾടെ മുന്നിൽ മുട്ടേൽ കുത്തി നിന്നു പറഞ്ഞു, ‘ചേട്ടന്റെ ഹണിമൂണാണ്, മുടക്കരുത്. മോളൊന്ന് ചിരിക്കൂ, പ്ലീസ്’’.