Saturday 17 February 2024 02:36 PM IST

‘വണ്ണത്തിന്റെ പേരിൽ ഉപദേശിക്കാൻ വരുന്നവരോട് ഒന്നേ പറയാനുള്ളൂ’: പരിധിവിടുന്ന ബോഡി ഷെയ്മിങ്ങ്: ശീതൾ പറയുന്നു

Roopa Thayabji

Sub Editor

sheethal-zacharia

ജയ ജയ ജയഹേയിലൂടെ മലയാളത്തിനു കിട്ടിയ പെങ്ങളൂട്ടി ആണു ശീതൾ സക്കറിയ

കണ്ടു, കൂടെ അഭിനയിച്ചു

ആദ്യം ഷൂട്ടിങ് കണ്ട സിനിമ എന്റെ വീട് അപ്പുവിന്റെയുമാണ്. ആ ജയറാമേട്ടനൊപ്പം വർഷങ്ങൾക്കിപ്പുറം ഓസ്‌ലറിൽ അഭിനയിക്കാനായി. ക്രിയേറ്റീവ് ഡയറക്ടറായ പ്രിൻസ് ജോയ് വിളിക്കുമ്പോഴേ പറഞ്ഞിരുന്നു ചെറിയ വേഷമാണെന്ന്. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന, മമ്മൂക്കയും ജയറാമേട്ടനുമുള്ള സിനിമയിൽ ഒരു സീൻ ആണെങ്കിൽ പോലും ഭാഗ്യമല്ലേ. നാലു ദിവസമേ എനിക്കു ഷൂട്ടിങ് ഉള്ളൂ. മമ്മൂക്കയെ കാണാൻ പോലും പറ്റിയില്ല. എന്നെങ്കിലുമൊരിക്കൽ മമ്മൂക്കയുടെ കൂടെ അഭിനയിക്കാനാകും എന്നാണു സ്വപ്നം.

ആ സീൻ സിനിമയിലില്ല

ആലുവ ക്രൈസ്തവ മഹിളാലയം സ്കൂളിലാണു പ ഠിച്ചത്. ഡാൻസും പാട്ടും മൈമും നാടകവും പദ്യം ചൊല്ലലുമൊക്കെ ആയിരുന്നു മെയിൻ. രാജഗിരിയിൽ ബികോമിനു ചേർന്ന സമയത്താണ് അഭിനയമോഹം വീട്ടിൽ പറഞ്ഞത്. പഠിത്തം കഴിഞ്ഞു മതി എന്ന് അമ്മ. എംകോം കഴിഞ്ഞപ്പോഴേക്കും ലോക്ഡൗൺ വന്നു.

‘ട്രാൻസി’ലാണ് ആദ്യമായി ക്യാമറയ്ക്കു മുന്നി ൽ നിന്നത്. ഫഹദിക്കയ്ക്കൊപ്പം പാസിങ് ഷോട്ട്, പക്ഷേ, അതു സിനിമയിലില്ല. അപ്പൻ സക്കറിയ 2010ൽ മരിച്ചു. അമ്മ ആനി. ചേച്ചി രേഷ്മയും ഭർത്താവ് ജിയോയും ബെംഗളൂരുവിൽ സെറ്റിൽഡ്.

സിനിമയാണു സ്വപ്നം

വീട്ടിൽ നിന്ന് എല്ലാവരും കൂടി രാവിലെയിറങ്ങി ഒരു ദിവസം തന്നെ മൂന്നു സിനിമയൊക്കെ കണ്ട കാലമുണ്ട്. രണ്ടുദിവസം ശ്രമിച്ചിട്ടാണു പ്രേമം സിനിമയ്ക്കു ടിക്കറ്റ് കിട്ടിയത്. ഇപ്പോൾ എന്റെ സിനിമ ഞാൻ പ്രിവ്യൂ കാണുന്നു, എന്താ ലേ...? അഭിലാഷം, പാൻ ഇന്ത്യൻ സുന്ദരി എന്ന ഓടിടി സീരീസ് ഒക്കെ റിലീസാകാനുണ്ട്. ജോജു ചേട്ടന്റെയും ബിജു മേനോൻ ചേട്ടന്റെയു യുമൊപ്പം അഭിനയിക്കണമെന്ന സീക്രട്ട് മോഹമുണ്ട്.

പൊന്മുട്ട മുതൽ ജയഹേ വരെ

യുട്യൂബ് വിഡിയോകളിലൂടെയാണ് അഭിനയത്തിൽ ചുവടുറപ്പിച്ചത്. അതിലൊക്കെ കോമഡി ചെയ്തുനടന്ന എന്നെ പൊന്മുട്ട എന്ന സീരീസിലെ കോമഡി വിഡിയോ കണ്ടിട്ടാണു ജയഹേയുടെ സംവിധായകൻ വിപിൻ ചേട്ടൻ വിളിച്ചത്. ബേസിലിന്റെ പെങ്ങളായി അഭിനയിക്കണമെന്നു കേട്ടപ്പോൾ ത്രില്ലടിച്ചു. അമ്മയായി അഭിനയിച്ച കനകമ്മാന്റിയും ബേസിലും ദർശനയുമൊക്കെ സപ്പോർട്ട് ചെയ്തു. ബിഹൈൻഡ് ദി സീൻസ് എടുക്കുന്നതായിരുന്നു സെറ്റിലെ പ്രധാന ഹോബി.

സന്തോഷമാണു പ്രധാനം

ജയഹേയ്ക്കു ശേഷം ബോഡി ഷെയ്മിങ് ചർച്ചകൾ സജീവമായി. വണ്ണമുള്ളവരെ കളിയാക്കുന്നതും ഇരട്ട പേരിട്ടു വിളിക്കുന്നതുമൊക്കെ പണ്ടേ ഇവിടെ ഉണ്ട്. കോളജിലെ എന്റെ വട്ടപ്പേര് ഫുട്ബോൾ എന്നായിരുന്നു. ഇരിക്കാൻ ഒരുങ്ങുമ്പോൾ ‘നീ ഇരുന്നാൽ ഈ ബെഞ്ചൊടിയും’, ‘എല്ലാം തിന്നു തീർക്കരുത്, ഞങ്ങൾക്കും വേണം’ എന്നൊക്കെയുള്ള കമന്റുകൾ പോലും വണ്ണമുള്ളവരെ വേദനിപ്പിക്കും. പക്ഷേ, അതൊന്നും വ്യക്തിപരമായി ബാധിക്കില്ല എന്ന തീരുമാനം അന്നേ എടുത്തു.

വണ്ണത്തിന്റെ പേരിൽ ഉപദേശിക്കാൻ വരുന്നവരോട് ഒന്നേ പറയാനുള്ളൂ, ‘വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞങ്ങൾ തന്നെ കുറയ്ക്കുമല്ലോ...’ എന്നു കരുതി അമിതവണ്ണത്തെ സപ്പോർട്ട് ചെയ്യുന്നു എന്നു കരുതല്ലേ. ആരോഗ്യപ്രശ്നം ഉണ്ടെങ്കിൽ തീർച്ചയായും വണ്ണം കുറയ്ക്കണം. എന്നിട്ടു ഹാപ്പിയായിരിക്കണം.

രൂപാ ദയാബ്ജി

ഫോട്ടോ: Sindhura Clothing and Hygin Josy