Friday 14 December 2018 10:33 AM IST : By സ്വന്തം ലേഖകൻ

സ്‌റ്റൈല്‍ മന്നന്റെ ജീവിതത്തിലൂടെ ഒരു യാത്ര

rajinikanth-i1

ചുറ്റും നിൽക്കുന്ന പത്തു പതിനഞ്ച് പുലികൾ. പെട്ടെന്ന് വെടി പൊട്ടുന്നു. ‘ഞെട്ടിപ്പോയ’ പുലികൾ ഒാടുന്നു. പിന്നെ കേൾക്കുന്നത് ജീപ്പിന്റെ ബോണറ്റിനു മുകളിലിരിക്കുന്ന നായകന്റെ പൊട്ടിച്ചിരി. ‘‘ഹ ഹ ഹ സക്സസ്, ഗ്രാൻഡ് സക്സസ്..’’ ജീപ്പ് പുലിക്കു പിന്നാലെ ഒാടിത്തുടങ്ങി. ഒടുവിൽ പുലിക്കൂട്ടത്തെ ഒാടിച്ച് നായകൻ വലയ്ക്കുള്ളിലാക്കുന്നു. അപ്പോഴാണ് ദാ, കൂട്ടത്തിലൊരു പുലി വലിയൊരു കുഴിയിൽ വീണത് കണ്ടത്. ഒന്നും നോക്കിയില്ല. കുഴിയിലേക്ക് ഒറ്റച്ചാട്ടം. കൈയിലൊരു മരക്കമ്പു മാത്രം. അതുപയോഗിച്ച് പുലിയുമായി യുദ്ധം. ഒടുവിൽ പുലി തളരുന്നു. ഒട്ടും സമയം കളയാതെ പുലിയുടെ വാലിൽ പിടിച്ച് മുകളിലേക്ക് ഒറ്റയേറ്......

വായുവിലേക്ക് പൊങ്ങിപ്പറക്കുന്ന സിഗരറ്റ് വഴിതെറ്റാതെ പറന്നിറങ്ങുന്നത് ചുണ്ടിലേക്ക്. വലതു കൈയിലെ തീപ്പെട്ടിക്കൊള്ളി കൃത്യമായി രണ്ടു കണ്ണിന്റെയും നടുക്ക്. പെട്ടെന്ന് രണ്ട് തീഗോളങ്ങൾ കണ്ണിൽ നിന്നിറങ്ങി വന്ന് തീപ്പെട്ടിക്കൊള്ളി കത്തുന്നു. പുക ആകാശത്തേക്ക് പറത്തിക്കൊണ്ട് മറ്റൊരു ചിരി. ആയിരം പേർ മുന്നിൽ വന്നാലും കൈ ചുരുട്ടിയുള്ള ഒരൊറ്റ ഇടി. ഒരിടി നൂറ് ഇടി മാതിരി.

ഇതൊക്കെ ഈ ലോകത്തുതന്നെ  ഒരേയൊരാൾക്കേ സാധിക്കുകയുള്ളൂ. ഒരേ ഒരു സൂപ്പർസ്റ്റാറിന്. ആരാധന എന്ന വാക്കിന് ഒരു മുഖമുണ്ടെങ്കിൽ അതിന് രജനികാന്തിന്റെ ഛായയാകും. ‘സൂപ്പർസ്റ്റാർ, തലൈവാ, ദളപതി’ എന്നീ വിളികൾക്കു പിന്നാലെ എത്തുന്ന ആ ചിരി. അതു മന്ദഹാസമല്ല. മുഴക്കമുള്ള പൊട്ടിച്ചിരിയാണ്. പതിനായിരങ്ങളുടെ മനസ്സിലേക്ക് ഇടിമുഴക്കമായി പെയ്തിറങ്ങുന്ന സ്‌റ്റൈൽ ചിരി. അതുകൊണ്ടാകും തമിഴ് മക്കൾ രജനികാന്ത് എന്ന പേര് ഹൃദയമിടിപ്പിനൊപ്പം എടുത്തു വച്ചത്.

അവർക്ക് തലൈവൻ ‘ആണ്ടവൻ’ തന്നെയാണ്. അതുകൊണ്ടാണല്ലോ ആരാധന പാലഭിഷേകത്തിലൊതുങ്ങാത്തത്. സിനിമ റിലീസ് ദിവസങ്ങളില്‍ ശരീരത്തിൽ കമ്പി കോർത്ത് ഫിലിം പെട്ടി വലിച്ചു കൊണ്ടുവന്നിട്ടുണ്ട്, തലൈവരുടെ വിജയത്തിനായി ഇപ്പോഴും റിലീസ് ദിവസം മൊട്ടയടിക്കുന്നവരുണ്ട്, നാട്ടുകൂട്ടത്തിൽ സിനിമ വിജയിപ്പിക്കാനായി പ്രതിജ്ഞ ചെയ്യുന്നവരുണ്ട്.

രണ്ടു രജനികാന്ത്

ആരാധകരുടെ മനസ്സിൽ രജനികാന്ത് ഒന്നല്ല. രണ്ടു േപരുണ്ട്. സിനിമയിലെ രജനികാന്തും പിന്നെ, ജീവിതത്തിലെ രജനികാന്തും. അത് തലൈവർക്കു മാത്രം സാധിക്കുന്ന മാജിക്. സ്ക്രീനിൽ സ്റ്റൈലൻ കോട്ടുകളിട്ട് രണ്ടു കൈകള്‍ കൊണ്ടും കോട്ടിന്റെ അറ്റം രണ്ടു തട്ടു തട്ടി കിടിലനായി നടന്നു പോകും. ഒരിടിക്ക് വില്ലനെ സ്ട്രീറ്റ് ലൈറ്റ് പൊക്കത്തിൽ പറത്തി ഷോക്കടിപ്പിക്കും. ഇതൊക്കെ സ്ക്രീനിൽ കണ്ട് കടലിരമ്പം തീർക്കും ആരാധകർ. ഇങ്ങനയൊക്കെ ചെയ്യാനാകുമോ എന്ന് അവർ ഒരിക്കൽ പോലും സംശയിക്കുകയുമില്ല. സ്ക്രീനിൽ നിന്ന് രജനീകാന്ത് ഇറങ്ങുന്നത് പിന്നെ, ജീവിതത്തിലേക്കാണ്. മുണ്ടും ഷർട്ടും സാധാരണ ചെരുപ്പുമിട്ട് നടക്കും. മേക്കപ്പിന്റെ ഒാർമ പോലും മുഖത്തുണ്ടാകില്ല. അനുസരണയില്ലാത്ത താടി രോമങ്ങളിലൂടെ വിരലോടിക്കും. ശിവാജിയിലെ ടപ് ടപ് ഒച്ചയുണ്ടാക്കുന്ന സ്‌റ്റൈലൻ‌ മൊട്ടത്തലയോ ബാഷയിലെ തലകുലുക്കിയാൽ പറന്നു കളിക്കുന്ന മുടിയോ ഒന്നും ഇല്ലാതെയുള്ള കഷണ്ടിത്തല. ലാസ്റ്റ് ബസിലെ വിരലിലെണ്ണാവുന്ന യാത്രക്കാരെ പോലെ നരച്ച മുടി പലയിടത്തും. ഈ രൂപത്തിൽ പ്രേക്ഷകർക്കു മുന്നിലേക്കു വരാനുള്ള ധൈര്യം രജനികാന്തിനു മാത്രമേയുള്ളു.

അറുപത്തേഴു വയസ്സ് സ്ക്രീനിലെത്തുമ്പോൾ പാതിയായി കുറയുന്നത് ആരാധകർ കണ്ണുമടച്ച് വിശ്വസിക്കും ഐശ്വര്യാ റായ്, രാധിക ആപ്തെ, ആമി ജാക്സൻ. നായിക ആരുമാകട്ടെ അവർക്കു കാണേണ്ടത് തലൈവരുടെ ചുവടുകളാണ്. എനർജിയുടെ പൗഡറിട്ട ആ ചുവടുകൾ. ഒരാൾക്ക് ജീവിതത്തിലെങ്ങനെ രണ്ടാളാകാൻ കഴിയും? ആരാധർക്ക് ഒറ്റ ഉത്തരമേ ഉള്ളു. ‘അതു താൻ തലൈവർ മാജിക്.’

ഹോളി ദിനത്തിൽ മാറ്റിയ പേര്

പ്രശസ്തിയുടെ മഴവിൽ നിറം മറിഞ്ഞു വീണ രജനീകാന്ത് എന്ന പേര് ശിവാജി റാവു ഗെയ്ക്ക്‌വാദിനു കിട്ടുന്നത് ഒരു പൗർണമിക്കാണ്. അന്ന് ഹോളിയായിരുന്നു. നാടു മുഴുവൻ നിറങ്ങളിൽ കുളിക്കുമ്പോൾ സംവിധായകൻ കെ. ബാലചന്ദർ ആ ചെറുപ്പക്കാരനു പേരിട്ടു. ‘രജനികാന്ത്.’ 1975ൽ അപൂർവരാഗങ്ങൾ എന്ന സിനിമയിൽ. പിന്നീട് വർഷങ്ങളോളം രജനികാന്ത് ഹോളിദിനത്തിൽ കെ. ബാലചന്ദറിനെ കാണാനെത്തുമായിരുന്നു, ഒരു പിറന്നാളിെന്റ  ഒാർമയ്ക്ക്.

ഒമ്പതാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട ശിവാജി ജീവിതത്തിൽ പല വേഷങ്ങളും അണിഞ്ഞു. മരപ്പണിക്കാരനൊപ്പം കൂലിവേല ചെയ്തു. അതു കഴിഞ്ഞ് ബസ് കണ്ടക്ടർ. ഒടുവിൽ അപൂർവ രാഗങ്ങൾ എന്ന സിനിമയിൽ വില്ലൻ ഛായയുള്ള കഥാപാത്രം. ഇരുമ്പു ഗേറ്റ് തള്ളിത്തുറന്ന് മതിൽക്കെട്ടിനകത്തേക്കു രജനികാന്ത് കയറുന്നു. അതാണ് ആദ്യരംഗം. തലയുയർത്തി അന്നു നടന്നു കയറിയത് സിനിമയിലേക്കു മാത്രമല്ല. പ്രേക്ഷകന്റെ മനസ്സിലേക്കു കൂടിയായിരുന്നു.

rajini-kanth-i2

ഇന്ത്യയിലെ ‘ആദ്യ’ നടൻ, ഏഷ്യയിലെ...

ബ്ലാക്ക് ആൻഡ് വൈറ്റ്, കളർ, ത്രീഡി, മോഷൻ കാപ്ചർ എന്നിങ്ങനെ സിനിമയുടെ നാലു രൂപത്തിലും എത്തിയ ഇന്ത്യയിെല ആദ്യ നടൻ രജനികാന്താണ്. ശിവാജി 3 ഡി യിൽ 2012  ഡിസംബർ 12 ന്, സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിനത്തിൽ റീ റിലീസ് ചെയ്തിരുന്നു. മകൾ സൗന്ദര്യ അച്ഛന്റെ കരിയറിനു നൽകിയ സമ്മാനമാണ് ഫോട്ടോ റിയലിസ്റ്റിക് മോഷൻ കാപ്ചർ ഫിലിമായ കൊച്ചടൈയാൻ. ആ വിഭാഗത്തിൽ പെട്ട ഇന്ത്യയിലെ ആദ്യ സിനിമയാണ് ഇത്. ആ ചരിത്രം രജനിക്ക് സ്വന്തം. രജനികാന്തിന്റെ  പ്രതിഫലത്തെക്കുറിച്ചും ആരാധകർക്ക് പറയാനുണ്ട്. ഇന്ത്യയിെലയല്ല, ഏഷ്യയിലെ കണക്കാണ് അവർ പറയുന്നത്. ഏഷ്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമനാണത്രേ രജനികാന്ത്. ആദ്യത്തെയാൾ ആരാണെന്നറിയണ്ടേ?  ജാക്കി ചാൻ. എന്നിട്ടും സിംപിളായി നടക്കുന്ന രജനികാന്തിനെക്കുറിച്ച് ഫാൻസ് പറയുന്നതിങ്ങനെ‘സൂപ്പർ സ്റ്റാർ ഇൻ സിംപ്ലിസിറ്റി ബട്ട് ഹിസ് വൺ ലുക്ക് ഈസ് ഇലക്ട്രിസിറ്റി’.

രജനികാന്ത് എന്ന പാഠപുസ്തകം

ആരാധകർ എപ്പോഴും അനുകരിക്കാനാഗ്രഹിക്കുന്ന ഒരു പാഠപുസ്തകമാണ് രജനികാന്ത്. വേഷത്തിലും സ്‌റ്റൈലിലും നടത്തത്തിലും മാത്രമല്ല ജീവിതത്തിൽ പോലും. ഇതു വെറുതെ പറഞ്ഞതല്ല.  ഫോർ ദ ലൗ ഒാഫ് എ മാൻ– രജനികാന്തിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്. പുതിയ ചെറുപ്പക്കാരിൽ പോലും സൂപ്പർസ്റ്റാറിനു ചെലുത്താനാകുന്ന സ്വാധീനത്തില്‍ നിന്നാണ് ഈ ഡോക്യുമെന്ററിയുടെ പിറവി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റ് അഹമ്മദാബാദിൽ രജനികാന്തും യന്തിരനും ഒരു പാഠ്യവിഷയമാണ്– ‘പോസ്ഗ്രാജുവേറ്റ് ഇലക്ടീവ് കോഴ്സ് കണ്ടംപററി ഫിലിം ഇൻഡസ്ട്രി എ ബിസിനസ് പഴ്സ്പക്ടീവ്’. സിനിമയുടെ വിജയവും രജനികാന്തിന്റെ സ്വാധീനവും ഒക്കെ പുതുതലമുറയുടെ പാഠപുസ്തകമാണ്.   

ബച്ചനും കമൽഹാസനും മീനയും

ഈ മൂന്നുപേർക്കും തലൈവരുമായിട്ട് ചില ‘ചരിത്രബന്ധങ്ങളുണ്ട്.’  അമിതാഭ് ബച്ചന്റെ റീേമക്ക് സിനിമകളിലാണ് ഏറ്റവും കൂടുതലായി രജനികാന്ത് അഭിനയിച്ചിട്ടുള്ളത്. ബില്ല, ഡോൺ, റാം റോബർട്ട് റഹീം അമർ അക്ബർ ആന്റണി തുടങ്ങി പതിനൊന്നോളം സിനിമകൾ. വില്ലനായി അരങ്ങേറിയ ആദ്യസിനിമയിൽ നായകൻ ആരാണെന്നറിയണ്ടേ, കമൽഹാസൻ. രജനിയോടൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടനും കമൽഹാസനാണ്. താൻ ഒരു കമൽ ആരാധകനാണെന്ന് സ്‌റ്റൈൽ മന്നൻ തുറന്നു പറയാറുണ്ട്. ബാലതാരമായും നായികയായും രജനികാന്തിനൊപ്പം അഭിനയിച്ച ഒരേയൊരു നടി, അതു മീനയാണ്. സിനിമ 1984 ല്‍ പുറത്തിറങ്ങിയ അന്‍പുള്ള രജനികാന്തിൽ ബാലതാരമായി വന്ന മീന പിന്നീട് നായികയായത് ഒട്ടേറെ ചിത്രങ്ങളിൽ.

ഹിമാലയ യാത്രകൾ

പണം, പ്രശസ്തി... ഇതിനുമുന്നിൽ പഴയ ഒാർമകളെ അടച്ചു വയ്ക്കാൻ രജനിക്ക് ഇഷ്ടമല്ല. അതാകും ആ രണ്ടു സ്ഥിരം ചോദ്യത്തിനുള്ള പതിവുത്തരങ്ങൾ ഇങ്ങനെയായത്. ഒന്ന്–പോകാനിഷ്ടമുള്ള സ്ഥലം–ഹിമാലയം രണ്ട്്– വീട്ടിലെ ഏറ്റവും ഇഷ്ടമുള്ള സ്ഥലം–പൂജാമുറി.

ഒാരോ സിനിമ പൂർത്തിയാക്കി കഴിഞ്ഞും രജനി ഹിമാലയൻ യാത്ര പോകാറുണ്ട്. ആഴ്ചകൾ നീളുന്ന ധ്യാനത്തിനു ശേഷം താരജീവിതത്തിലേക്കു മടക്കം. ആ യാത്രയിൽ ഇഷ്ടവേഷമായ വെളുത്ത കുർത്ത നിർബന്ധം. സ്ക്രീനിൽ വില്ലനെ ചുരുട്ടിയെറിയുമ്പോൾ അതു കണ്ട് ആരാധകർ തിയറ്ററുകളിൽ ആർത്തിരമ്പുമ്പോൾ ഹിമാലയ സാനുക്കളുടെ തണുപ്പ് മനസ്സിലേക്കാവാഹിച്ച് ഭക്തി കൊളുത്തിയ മനസ്സുമായി രജനി. അതുപോലെ തന്നെയാണ് വീട്ടിലെ പൂജാമുറി. നിറയെ കണ്ണാടികള്‍ കൊണ്ടലങ്കരിച്ച ഒന്നാണത്രേ അത്. ആ മുറിക്കുള്ളിലിരുന്നു ചെയ്യുന്ന മെഡിറ്റേഷനാണ് എനർജിക്കു പിന്നിലെന്ന് തലൈവർ വിശ്വസിക്കുന്നു.

സിംപിൾ സ്‌റ്റൈൽ മന്നൻ

കോടികളുടെ പ്രതിഫലം ഒറ്റ സിനിമയിൽ. പക്ഷേ, ചെന്നൈയിൽ തലൈവർക്ക് സഞ്ചരിക്കാനുള്ള ഇഷ്ടവാഹനം അംബാസ‍ർ കാറാണ്. പുതിയ ഏതു വണ്ടി വന്നാലും ട്രാവൽസിൽ നിന്നെത്തുന്ന അംബാസഡറിനോട് രജനിക്കൊരിത്തിരി ഇഷ്ടക്കൂടുതലുണ്ട്. ഷൂട്ടിനിടയിലെ  മുറികളുടെ കാര്യത്തിലായാലും ഇത്രയും സിംപിളായി ചിന്തിക്കുന്ന സൂപ്പർ സ്റ്റാർ വേറെയുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. രജനീകാന്ത് ദി ഡെഫ്നിറ്റീവ് ബയോഗ്രഫി എന്ന പുസ്തകത്തിൽ എവിഎം സ്റ്റുഡിയോ പ്രതിനിധി എം. ശരവണൻ ഒാർമിക്കുന്നതിങ്ങനെയാണ്–

‘‘ ശിവാജിയുടെ പുണെയിലെ ഷൂട്ടിങ്ങിനിടെ രജനിക്കായി വലിയൊരു മുറിയാണു ബുക്ക് ചെയ്തത്. പക്ഷേ, അദ്ദേഹം പറഞ്ഞതിങ്ങനെയാണ്–എനിക്കൊന്നുറങ്ങണം, യോഗ ചെയ്യണം. ഭക്ഷണം കഴിക്കണം. അത്രയും സൗകര്യമുള്ള മുറി മതി’’ നൂറ്റി അറുപതിലധികം കഥാപാത്രങ്ങളായി ക്യാമറയ്ക്കുമുന്നില്‍ വന്ന സ്‌റ്റൈൽ മന്നന് ഒരു കാര്യത്തിൽ നിർബന്ധമുണ്ട്. സിനിമയിൽ വന്നു താരമായ കാലം മുതൽ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്നു തീരുമാനമെടുത്ത രജനികാന്ത് ഇതുവരെ അതു തെറ്റിച്ചിട്ടില്ല.

rajini-kanth-i3

വേൾഡ് ഫാൻസ് അസോസിയേഷൻ

ജാപ്പനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത് അവിടെ റിലീസ് ചെയ്ത ആദ്യ തമിഴ്ചിത്രം രജനികാന്തിന്റെതാണ്–മുത്തു. അങ്ങനെ ജപ്പാനിൽ ആദ്യമായി ആരാധക വൃന്ദത്തെ ഉണ്ടാക്കിയ തമിഴ്നടനാണ് തലൈവർ. 200 ലധികം ദിവസങ്ങളിലാണ് മുത്തു ജപ്പാനിൽ പ്രദർശിപ്പിച്ചത്. രജനി ചിത്രമുള്ള തൊപ്പിക്കും ടീ ഷർടിനുമൊക്കെ ജപ്പാനിൽ നല്ല മാർക്കറ്റാണ്.
ചന്ദ്രമുഖി തുർക്കി ഭാഷയിലും ജർമനിയിലും മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തിരുന്നു. ജർമൻ ഭാഷയിൽ ചന്ദ്രമുഖി എങ്ങിനെ വായിക്കുമെന്നാണോ-DER GEISTERJAGER. അങ്ങനെയായിരുന്നു ജർമൻ ഭാഷയിലെ ടൈറ്റിൽ. തമിഴ്, ഹിന്ദി, ,മലയാളം കന്നഡ, തെലുങ്ക്, ബംഗാളി ഭാഷ കളിൽ രജനി അഭിനയിച്ചിട്ടുണ്ട്. പുറമെ ഒരു ഹോളിവുഡ് സിനിമയും–ബ്ല‍ഡ് സ്‌റ്റോൺ.

ജയനും രജനിയും

ഒരേ കഥാപാത്രം രണ്ട് അഭിേനതാക്കൾ– മലയാള സിനിമയിൽ അദ്ഭുതമാണ് ഇപ്പോഴും ഗർജനം. ജയന്‍ നായകനായ ഗർജനം പാതിയെത്തിയപ്പോഴേക്കും ഹെലികോപ്‍ടർ അപകടത്തിൽ അദ്ദേഹം അന്തരിച്ചു. ഒരു സിനിമ മുടങ്ങുന്ന അവസ്ഥ. അതിനു പകരം ആര് എന്ന ചോദ്യത്തിനു സംവിധായകൻ സി.വി രാജേന്ദ്രനു മുന്നിൽ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു– സൂപ്പർ സ്റ്റാർ രജനീകാന്ത്. ആ കഥാപാത്രത്തിന്റെ ബാക്കി അഭിനയിച്ചത് രജനീകാന്താണ്. ഒരു ടിക്കറ്റിന് രണ്ട് സൂപ്പര്‍താരങ്ങളെ കാണാൻ കിട്ടുന്ന അവസരം ആ കാലത്ത് ആരു പാഴാക്കും? സിനിമ സൂപ്പർ ഹിറ്റ്. എന്നാൽ രജനിയുടെ ആദ്യ സിനിമ അലാവുദ്ദീനും അദ്ഭുതവിളക്കുമായിരുന്നു, സംവിധായകൻ െഎ വി ശശിയും.

ട്രോളന്മാരുടെ തലൈവൻ

സോഷ്യൽ മീഡിയയിലും താരമാണ് ദളപതി. രജനി റൺ,ഗാങ്സ്റ്റർ കബാലി തൊട്ടുള്ള ഗെയിമുകൾ ഒരു വശത്ത് പിന്നെ, രജനികാന്ത് പഞ്ച് ഡയലോഗ്സ്, കോമഡി, ജോക്സ്... അങ്ങനെ പോകുന്നു  ആൻ‍ഡ്രോയ്ഡ് ആപ്പുകളുടെ ലിസ്റ്റ്. ഇനി ആരാധകരുടെ ഭാവനയിൽ വിരിഞ്ഞ തമാശക്കഥകൾ കേൾക്കാം.

∙ ഒറ്റത്തവണയേ രജനി ക്രിക്കറ്റ് കളിച്ചിട്ടുള്ളു. ഫസ്റ്റ് ബോളിൽ സിക്സ്. പന്തു ഭൂമിയിലേക്കു തിരിച്ചു വന്നില്ല. ആ പന്താണ് പ്ളൂട്ടോ എന്ന പേരിൽ കറങ്ങിക്കൊണ്ടിരിക്കുന്നത്.

∙ റിക്ടർസ്കെയിലിലാണ് രജനിയുടെ ഹൃദയമിടിപ്പ് അളക്കുന്നത്. രജനി കൂളിങ്ഗ്ളാസ് വയ്ക്കുന്നത് സൂര്യപ്രകാശത്തിൽ നിന്ന് കണ്ണിനെ രക്ഷിക്കാനല്ല, കണ്ണിലെ പ്രകാശം സൂര്യനിലടിച്ച് കുഴപ്പമുണ്ടാകാതിരിക്കാനാണ്.

∙ രജനികാന്ത് കരയാറില്ല. ജനിച്ച ഉടൻ അദ്ദേഹം കരഞ്ഞില്ല, അതിനു പകരം  ഡോക്ടർ കരഞ്ഞു, സവാള അരിയുമ്പോൾ തലൈവര്‍ക്ക് കണ്ണീരു വരില്ല, പകരം സവാള കരയും.

കോളജ് മാഗസിനു വേണ്ടി ഇന്റർവ്യൂ

കോളജ് മാസികയിലേക്ക് സ്ക്രീനിനെ ഇളക്കി മറിക്കുന്ന നടന്റെ ഇന്റർവ്യു വേണം. അതിനായാണ് ലത എന്ന പെൺകുട്ടി രജനികാന്തിനെ കാണാൻ ആദ്യമെത്തുന്നത്. കുറച്ചു നാളുകൾക്ക് ശേഷം... 26-02-1981. തിരുപ്പതി ക്ഷേത്രം, മുഹൂർത്തം 4.30 എഎം. അന്ന് സൂപ്പർ സ്റ്റാറിന്റെ ജീവിതത്തിലെ ഹീറോയിൻ ആയി ആ പെൺകുട്ടി മാറി.

ഇനി ആ ചോദ്യം–രജനി രാഷ്ട്രീയത്തിലേക്കുണ്ടോ?

സൂപ്പർ സ്റ്റാറിന്റെ ആരാധകര്‍ പറയുന്നതിങ്ങനെയാണ്. ‘‘ആണ്ടവൻ സൊൽറാൻ, രജനി സെയ്റാൻ...’’

latha-rajinikanth9