Wednesday 17 January 2024 02:25 PM IST

‘മംഗല്യ ഭാഗ്യം ആഗ്രഹിക്കുന്നവർ ഉമാമഹേശ്വര പൂജ തൊഴുത് നടയ്ക്കൽ പട്ടും താലിയും സമർ‍പ്പിക്കും’: തിരുവൈരാണി തിരുനടയിൽ

Easwaran Namboothiri H

Sub Editor, Manorama Traveller

thiruvairani

ആഗ്രഹിച്ച പുരുഷൻ കരം ഗ്രഹിച്ച് തന്റെ നല്ല പാതിയായി കൂടെക്കൂട്ടി നിൽക്കവെ സന്തുഷ്ടയാവാത്ത സ്ത്രീ ആരുണ്ട്? ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പാർവതിദേവി, മംഗല്യവരദായിനിയാകുന്നതിനു കാരണം ദേവിയുടെ പരിണയം കഴിഞ്ഞ ഉടനെയുള്ള ഭാവമാണത്രേ. ഹിമവദ്പുത്രിയായ ശ്രീപാർവതി ഇഷ്ടവരദായിനിയായി ഇവിടെ കുടികൊള്ളുന്നു...

വർഷങ്ങൾക്കു മുൻപൊരു ബദരീനാഥ് തീർഥാടനയാത്രയിലാണു യാദൃച്ഛികമായി സോനപ്രയാഗിൽ നിന്നു ത്രിയുഗി നാരായണിലേക്കു വഴി തിരിയുന്നത്. ആളും തിരക്കുമില്ലാത്ത, അന്നത്തെ ഹിമാലയ വഴികളിൽ തീർഥാടകർ ഏറെയൊന്നും ചെല്ലാത്ത ആ ക്ഷേത്രത്തിലേക്കു പോകണമെന്നു കേട്ടപ്പോൾ ഡ്രൈവർക്കും എന്തിനെന്നു സംശയം.

മഹാവിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും സാന്നിധ്യത്തിൽ ശിവപാർവതിമാരുടെ പരിണയം നടന്ന പുണ്യസ്ഥലമാണു ത്രിയുഗി നാരായൺ. പാർവതി ദേവിയുടെ കരങ്ങൾ ചേർത്തു പിടിച്ച് അതിൽ മലർ നിറച്ച് പരമശിവൻ അഗ്നിയിലേക്ക് അർപ്പിച്ച അവിടുത്തെ ഹോമകുണ്ഡത്തിൽ ഇന്നും ദേവദാരു തടികളിൽ കനലെരിയുന്നു...

ആലുവയ്ക്കടുത്തു തിരുെെവരാണിക്കുളം േക്ഷത്രത്തിലേക്കുള്ള യാത്രയില്‍ മനസ്സില്‍ നിറഞ്ഞതു ത്രിയുഗി നാരായണ്‍ ആ ണ്. പരമശിവനുമായുള്ള പരിണയം കഴിഞ്ഞു സന്തോഷവതിയായിരിക്കുന്ന പാർവതി ദേവിയാണു തിരുവൈരാണിക്കുളത്തും പ്രതിഷ്ഠ. ദേവിയെ കണ്ടു തൊഴുത് അനുഗ്രഹം വാങ്ങാനാണു ലക്ഷങ്ങള്‍ നടതുറപ്പു മഹോത്സവകാലത്ത് ഈ മഹാദേവ േക്ഷത്രത്തിലേക്കു വരുന്നത്.

ആദിശങ്കരനും അകവൂർ ചാത്തനും ഉള്‍പ്പെടെ ഒട്ടേറെ ഐതിഹ്യങ്ങളെ നെഞ്ചേറ്റി ഒഴുകുന്ന പെരിയാറിനെ മുറിച്ചു കടന്ന് അമ്പലത്തിലേക്ക്. മാറമ്പിള്ളി പാലമിറങ്ങി ഒന്നര കിലോമീറ്ററോളം ചെന്നപ്പോൾ മൂന്നു നില ഗോപുരമാളിക കാണാനായി. 1400 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിൽ പ്രധാന മൂർത്തി മഹാദേവനാണ്. കിഴക്ക് ദർശനമായി ശ്രീപരമേശ്വരനും പടിഞ്ഞാറു ദ ർശനമായി ശ്രീപാർവതിയും ഒരേ ശ്രീകോവിലിൽ കുടികൊള്ളുന്നു. പക്ഷേ, ദേവിയുടെ നട വർഷത്തില്‍ 12 ദിവസം മാത്രമേ തുറക്കൂ. ധനു മാസത്തിലെ തിരുവാതിരയ്ക്കു തുറക്കുന്ന നട പന്ത്രണ്ടാം ദിവസം െെവകിട്ട് അടയ്ക്കും. ഈ വര്‍ഷം ഡിസംബര്‍ 26 മുതല്‍ ജനുവരി ആറു വരെയാണ് നടതുറപ്പു മഹോത്സവം.

‘‘െഎശ്വര്യം വിളങ്ങുന്ന ദേവിയാണ്. സര്‍വമംഗളവും കിട്ടാന്‍ ഇവിടെ വന്നൊന്നു തൊഴുതു പ്രാർഥിച്ചാല്‍ മതി...’’ ക്ഷേത്രമുറ്റത്തു വച്ച് ഒരമ്മ പറഞ്ഞു. പിന്നെ െെക കൂപ്പി, കണ്ണടച്ച് േദവിയെ സ്തുതിച്ചു. ‘നഗേന്ദ്രകന്യാ വൃഷകേതനാഭ്യാം നമോ നമഃ ശങ്കര പാർവതീഭ്യാം’

ദിവസങ്ങൾക്ക് അപ്പുറമുള്ള നടതുറപ്പ് മഹോത്സവത്തിനുള്ള ഒരുക്കത്തിലാണു ക്ഷേത്ര പരിസരം. ഉഷഃപൂജ തൊഴാനെത്തിയവർ ചുണ്ടിൽ പഞ്ചാക്ഷര മന്ത്രവുമായി കൂപ്പുകൈകളോടെ പ്രദക്ഷിണം വയ്ക്കുന്നു.

thiruvairani-5 ബ്രാഹ്മണി അമ്മമാർ

ചാത്തനും പെരുന്തച്ചനും

‘‘പറയിപെറ്റ പന്തിരുകുലത്തോളം പോകുന്നതാണ് തിരുവൈരാണിക്കുളത്തിന്റെ ഐതിഹ്യം.’’ ക്ഷേത്രമാനേജർ എം.കെ. കലാധരൻ പഴമയിലേക്കു കൂട്ടിക്കൊണ്ടുപോയി. വരരുചിയുടെ 12 മക്കളിൽ ഒരാളായ ചാത്തൻ അകവൂർ മനയിൽ വാല്യക്കാരനായി കഴിയുന്ന കാലം. അവിടുത്തെ മുതിർന്ന ബ്രാഹ്മണൻ ദിവസവും കുറച്ചകലെയുള്ള ഐരാണിക്കുളം ക്ഷേത്രത്തിൽ പോയി തൊഴുതു മടങ്ങുക പതിവായിരുന്നു. മാന്ത്രിക സിദ്ധികൾ വശമാക്കിയിരുന്ന ചാത്തൻ നിര്‍മിച്ച കരിങ്കൽത്തോണിയിലായിരുന്നു യാത്ര. വർഷങ്ങൾക്കു ശേഷം പ്രായാധിക്യം മൂലം ‘ഇനി യാത്ര വയ്യ, മഹാദേവന്റെ ദർശനം മുടങ്ങുമല്ലോ’ എന്നു വിഷമിച്ച അദ്ദേഹത്തിനൊപ്പം ഓലക്കുടയിൽ എഴുന്നള്ളിയതാണ് തിരുവൈരാണിക്കുളം മഹാദേവൻ എന്നാണ് ഐതിഹ്യം. അകവൂർ മനയും പിന്നീട് അവരുമായി ബന്ധമുണ്ടായ വെൺമണി, വെടിയൂര്‌ ഇല്ലക്കാരും ഇന്നും ക്ഷേത്രത്തിന്റെ ഊരാഴ്മക്കാരാണ്.

കൊടിമരത്തിങ്കൽ തൊഴുത് ബലിക്കൽപുരയിലൂടെ ക്ഷേത്രത്തിനുള്ളിലേക്ക്. അസാമാന്യ വലുപ്പമുള്ള വലിയ ബലിക്കല്ല്. ബലിക്കൽപുരയുടെ മുകൾവശം കൊത്തുപണികളാൽ അലംകൃതമാണ്. ‘‘രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാസന്ദർഭങ്ങൾ ആലേഖനം ചെയ്ത ഈ തട്ട് പെരുന്തച്ചൻ കൊത്തിയതാണ്. അർജുനൻ മഹാദേവനെ തപസ്സു ചെയ്തു പാശുപതാസ്ത്രം സ്വന്തമാക്കുന്ന ഭാരതകഥയും രാമായണത്തിലെ പുത്രകാമേഷ്ടി മുത ൽ പട്ടാഭിഷേകം വരെയുള്ള കഥാഭാഗങ്ങളും ഇവിടെ ശിൽപരൂപത്തിൽ കാണാം.’’ േക്ഷത്രം സെക്രട്ടറി കെ.എ. പ്രസൂ ൺ കുമാർ വിശേഷങ്ങള്‍ നിരത്തി.

thiruvairani-4 2022 ലെ നടതുറപ്പ് ദർശിക്കുന്ന ഭക്തർ

മഹാദേവന്റെ നാമജപം മുഴങ്ങുന്ന തിരുമുറ്റം. ശ്രീകോവിലിൽ നെയ്ത്തിരികളുടെ പ്രഭയിൽ ഉമാപതി. അർജുനനു പാശുപതാസ്ത്രം സമ്മാനിച്ച ശേഷം സന്തുഷ്ടനായി ഇരുന്നരുളന്ന മഹാദേവനായാണു പ്രതിഷ്ഠാ സങ്കൽപം. കിഴക്കോട്ട് ദർശനമായ പരമശിവന് അനഭിമുഖമായി പടിഞ്ഞാറേക്കു ദർശനമായാണു ദേവി പ്രതിഷ്ഠ. ദാരുശിൽപമാണു പാർവതിയുടേത്.

വടക്ക് തീർഥനാളിയോളം വന്ന് അപ്രദക്ഷിണമായി കിഴക്കോട്ട്. ഉമാമഹേശ്വര സന്നിധിയിലും ശിവന്റെ ആചാരങ്ങൾ തന്നെയാണ് പിന്തുടരുന്നത്. മണ്ഡപം ചുറ്റി, കെട്ടി മറച്ച കിണറിന്റെ അരികു ചേർന്ന് വടക്കു വശത്തേക്ക്. ഇവിടെ ക്ഷേത്രക്കിണറിനും വിശേഷമായ പ്രാധാന്യമുണ്ട്. അകവൂർ നമ്പൂതിരിപ്പാടിന്റെ കുടയിലേറി വന്ന മഹാദേവ ചൈതന്യം ക്ഷേത്രപരിസരത്തേക്ക് എത്തിയത് കിണറിലൂടെയാണത്രേ. പ്രദക്ഷിണം മുഴുമിപ്പിച്ച്, തീർഥവും ചന്ദനവും വാങ്ങി, ശിരസ്സിലും നെറ്റിയിലും അണിയുമ്പോൾ ആത്മവിശുദ്ധിയുടെ കുളിർമ ഉടലാകെ നിറയുന്നു.

thiruvairani-6 മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി

പടിഞ്ഞാറെ നട അടച്ചതിനു പിന്നിൽ

പണ്ടു കാലങ്ങളിൽ എന്നും രണ്ടു നടകളും തുറന്നിരുന്നു. അന്നു മഹാദേവനുള്ള നിവേദ്യം തയാറാക്കാനുള്ള സാധനസാമഗ്രികൾ തിടപ്പള്ളിയിൽ എടുത്തു വച്ചു ശാന്തിക്കാരൻ വാതിൽ ചാരി ശ്രീകോവിലിലേക്കു പോരും. മറ്റാരും തിടപ്പള്ളിയിൽ കയറാറുമില്ല. എങ്കിലും പൂജ ആരംഭിച്ച് നിവേദ്യ സമയമാകുമ്പോൾ ശാന്തിക്കാരൻ തിടപ്പള്ളിയിലെത്തുമ്പോൾ അവിടെ പായസവും മറ്റും തയാറായിട്ടുണ്ടാകും.

ഒരിക്കൽ അകവൂർ നമ്പൂതിരിപ്പാട് ഇതിന്റെ രഹസ്യം അറിയാനായി തിടപ്പള്ളിയുടെ വാതിൽ തുറന്നു നോക്കി. സർവാഭരണ വിഭൂഷിതയായ ദേവി, നിവേദ്യം തയാറാക്കുന്നതാണ് കണ്ടത്. നമ്പൂതിരിപ്പാടിന്റെ ശബ്ദം കേട്ടു ദേവി ക്രുദ്ധയായി. ആചാരം തെറ്റിച്ചതു കൊണ്ട് ഇനി തന്റെ സാന്നിധ്യം ക്ഷേത്രത്തിലുണ്ടാകില്ല എന്നറിയിച്ചു.

ഭക്തനായ നമ്പൂതിരിപ്പാട് ‘എല്ലാം െപാറുക്കണ’മെന്നുെെകകൂപ്പി പ്രാർഥിച്ചു. മനസ്സലിഞ്ഞ ദേവി വർഷം തോറും ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ 12 ദിവസം ത ന്റെ ദർശനം ഇവിടെ ലഭിക്കുമെന്ന് അറിയിച്ചു. അന്നു മുതലാണത്രെ േദവീസാന്നിധ്യമുള്ള പന്ത്രണ്ട് ദിനങ്ങളൊഴികെ ബാക്കി ദിവസങ്ങളില്‍ പടിഞ്ഞാറെ നട അടഞ്ഞു കിടക്കാന്‍ തുടങ്ങിയത്.

‘‘മഹാദേവനു ദിവസവും നാലു പൂജയും നിവേദ്യവുമുണ്ട്. നട അടഞ്ഞു കിടക്കുകയാണെങ്കിലും പാർവതി ദേവിക്കുമുണ്ടു മഞ്ഞൾപൊടി അഭിഷേകവും നിവേദ്യവും മ റ്റു വഴിപാടുകളും. മഹാദേവന്റെ വിഗ്രഹത്തിനു പിറകിലൂടെ ദേവി വിഗ്രഹത്തിനു സമീപമെത്തിയാണ് അഭിഷേകം നടത്തുന്നതും നിവേദ്യം അര്‍പ്പിക്കുന്നതും.’’ 20 വർഷമായി തിരുെെവരാണിക്കുളത്തു പൂജ ചെയ്യുന്ന നടുവം നാരാ യണൻ നമ്പൂതിരി പൂജാ ക്രമങ്ങൾ സൂചിപ്പിച്ചു.

ആരാധനാലയത്തിന് അപ്പുറം സാമൂഹികസംരക്ഷണവും സേവനവും ക്ഷേത്രകാര്യത്തോടൊപ്പം ഏറ്റെടുക്കുന്നതാണു തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിന്റെ പ്രത്യേകത. ഭക്തജനങ്ങളുടെ സഹകരണത്തോടെ സമാഹരിക്കുന്ന മംഗല്യനിധി ഉപയോഗിച്ച് ഇതുവരെ 114 പേരുടെ വിവാഹം നടന്നിട്ടുണ്ട്.

ചികിത്സാ സഹായം, ഭക്ഷ്യസുരക്ഷാപദ്ധതി, സ്കൂളുക ൾ, മെഡിക്കൽ സെന്റർ എന്നിങ്ങനെ ഏതാനും സാമൂഹികസേവനങ്ങൾകൂടി ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഈ പ്രവർത്തനങ്ങളിലേക്കുള്ള സംഭാവനകൾക്ക് ആദായ നികുതി ഇളവു ലഭിക്കുമെന്നും സെക്രട്ടറി പറഞ്ഞു.

thiruvairani-3 തിരുവാഭരണം എഴുന്നെള്ളത്ത്

സ്വയംവര വേദിയിലെത്തിയതു പോലെ

യാദൃച്ഛികമെങ്കിലും ഇവിടെത്തിയതു ഭഗവാന്റെ നക്ഷത്രമായ തിരുവാതിരയിലാണ്. നാലമ്പലത്തിന്റെ വടക്കേ തിണ്ണയിൽ പത്മമിട്ട് ഉമാമഹേശ്വര പൂജ നടക്കുന്നു. മംഗല്യഭാഗ്യത്തിനായി ഇവിടെ നടത്തുന്ന വിശേഷാൽ പൂജയാണിത്. ഭക്തരുടെ സാന്നിധ്യത്തിൽ. ബ്രാഹ്മണിപ്പാട്ടിന്റെ അകമ്പടിയോടെ മഹാദേവനെയും ശ്രീപാർവതീ ദേവിയെയും ആവാഹിച്ച് പൂജിക്കുന്നു. ‘‘മംഗല്യ ഭാഗ്യം ആഗ്രഹിക്കുന്നവർ ഉമാമഹേശ്വര പൂജ തൊഴുത് നടയ്ക്കൽ പട്ടും താലിയും സമർ‍പ്പിക്കും. വിവാഹശേഷം അവർ വീണ്ടും ഇവിടെത്തും, ഇണപ്പുടവ സമർപ്പിക്കാനായി. തിരുവാതിര കൂടാതെ എല്ലാ ഞായറാഴ്ചകളിലും ഉമാമഹേശ്വര പൂജ ന ടക്കുന്നുണ്ട്.’’ വൈസ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണന്‍ പറഞ്ഞു.

ശിവപാർവതി സ്വയംവരത്തിന്റെ ചടങ്ങുകളും ആഘോഷവും വർണിച്ചു കൊണ്ടു ബ്രാഹ്മണിയമ്മമാർ ചൊല്ലുന്ന സ്വയംവരം പാട്ട് ശ്രദ്ധയോടെ കേട്ടിരിക്കുമ്പോൾ നാം സ്വയം ആ ചടങ്ങിലേക്കു ചെന്നതുപോലെ...

തിരുവൈരാണിക്കുളം ക്ഷേത്ര സന്നിധിയുടെ മറ്റൊരു വിശേഷതയാണ് സതീ ദേവിയുടെ പ്രതിഷ്ഠ. ദക്ഷപുത്രിയും മഹാദേവ പത്നിയുമായിരുന്ന സതീദേവിയുടെ പുനർജന്മമാണു പാർവതി ദേവി. പാർവതിയും സതിയും ഒരുമിച്ച് കുടികൊള്ളുന്ന ക്ഷേത്രങ്ങളും അപൂര്‍വമാണ്. ശാസ്താവ്, ഭദ്രകാളി, മഹാവിഷ്്ണു എന്നീ ഉപദൈവങ്ങളുമുണ്ട്.

ഉച്ചപ്പൂജ ആരതിയുഴിഞ്ഞു സമർപ്പിക്കുന്നതിന്റെ മണിനാദം നാമജപത്തിൽ മുഴുകിയ മനസ്സിനെ തൊട്ടുണർത്തി. തിരുനടയിൽ ഒരിക്കൽക്കൂടി തൊഴുകയ്യോടെ നമിച്ച് പുറത്തിറങ്ങുമ്പോൾ ശ്രീകൈലാസത്തിൽ നിന്നു ജലധാരയുടെ തീർഥം തളിക്കുന്നതുപോലെ മഴത്തുള്ളികൾ ശിരസ്സിൽ പതിക്കുന്നു. ഇനി നടതുറപ്പുത്സവത്തിനു വരണം. മ ഹാദേവനൊപ്പം പാർവതി ദേവിയെക്കൂടി കണ്ടു തൊഴണം, മനസ്സിൽ പ്രാർഥനയോടെ മടക്കം.

എത്തിച്ചേരുന്ന വിധം

ആലുവ–പെരുമ്പാവൂർ റൂട്ടിൽ മാറമ്പിള്ളി ജംക്‌ഷനിൽ നിന്ന് ശ്രീമൂലം പാലം വഴി ക്ഷേത്രത്തിലെത്താം. ദേശീയപാതയിലൂടെ വരുന്നവർക്ക് ദേശം, ചൊവ്വര, ശ്രീമൂലനഗരം വഴിയും ക്ഷേത്രത്തിലെത്താം. ആലുവ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഒൻപത് കിലോമീറ്ററും നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 10 കിലോമീറ്ററുമുണ്ടു ക്ഷേത്രത്തിലേക്ക്.

ധനുമാസത്തിലെ നടതുറപ്പ് ഉത്സവം

തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ വർഷം രണ്ട് ഉത്സവമുണ്ട്. കുംഭമാസത്തിൽ തിരുവാതിര ആറാട്ടായി മഹാദേവന് ഉത്സവം. കൂടാതെ, ധനുമാസത്തിലെ തിരുവാതിര മുതൽ 12 ദിവസം നീളുന്ന നടതുറപ്പ് ഉത്സവം. കേരളമെങ്ങും സ്ത്രീകളുടെ ആഘോഷമായി കൊണ്ടാടുന്ന തിരുവാതിര വ്രതം തുടങ്ങിയാൽ ആർദ്രാജാഗരണത്തിന്റെ അന്നു രാത്രി നടതുറക്കും.

തിരുവാതിര നാൾ സന്ധ്യയോടെ അകവൂർ മനയിൽ നിന്നു തിരുവാഭരണം ഘോഷയാത്രയായി എഴുന്നെള്ളിക്കുന്നു. വിഗ്രഹങ്ങളിൽ തിരുവാഭരണം ചാർത്തിയ ശേഷം ശാന്തിക്കാരും ഊരാഴ്മക്കാരും ബ്രാഹ്മണിയമ്മയും ചേർന്നുള്ള ചടങ്ങുകളോടെ നട തുറക്കും. ദേവിയുടെ തിരുനട തുറക്കുമ്പോൾ സർവാഭരണ വിഭൂഷിതയായി ദേവിയെ ദർശിക്കാം.

thiruvairani-2

തുടർന്ന് പാട്ടുപുര എന്നറിയപ്പെടുന്ന പ്രത്യേകം തയാറാക്കിയ പന്തലിലേക്ക് ദേവിയെ ആനയിക്കും. ഇ നിയുള്ള ദിനങ്ങളിൽ ഏറെ സമയവും ദേവിയുടെ സാന്നിധ്യം പാട്ടുപുരയിലാണ്. ആ രാത്രി അവിടെ പാതിരാപ്പൂ ചൂടലും തിരുവാതിരകളിയും മറ്റും നടക്കുമ്പോൾ അതിൽ ദേവിയും പങ്കുചേരുന്നുവെന്നാണു വിശ്വാസം. അന്നു രാത്രി പുലരുവോളം ദേവി പാട്ടുപുരയിൽ ബ്രാഹ്മണിപ്പാട്ടുകൾ കേട്ടിരിക്കും.

തുടർന്ന് പന്ത്രണ്ടാം നാൾ രാത്രി വരെ മഹാദേവന്റെ നടയ്ക്കൊപ്പം ദേവീനടയും തുറക്കുന്നു. ആ സമയത്തു തൊഴുതു പ്രാർഥിക്കുന്നവർക്ക് സർവൈശ്വര്യങ്ങളും ശ്രേയസ്കരമായ കുടുംബജീവിതവും മംഗല്യഭാഗ്യവും നൽകി ദേവി അനുഗ്രഹിക്കുന്നു എന്നു ഭക്തര്‍ കരുതുന്നു.

ഡിസംബർ 26 ന് ആണ് ഈ വർഷത്തെ നട തുറപ്പ് ഉത്സവം ആരംഭിക്കുന്നത്. 2024 ജനുവരി ആറാം തീയതി രാത്രി എട്ടിന് ദേവിയുടെ തിരുനട അടയ്ക്കും. പിന്നീട് ധനുമാസത്തിലെ തിരുവാതിര വരുന്നത് 2025 ജനുവരിയിൽ ആയതിനാൽ 2024 ൽ നടതുറപ്പ് ഇല്ല.

ഈശ്വരൻ ശീരവള്ളി

ഫോട്ടോ : ഹരികൃഷ്ണൻ