Thursday 02 November 2023 12:07 PM IST

‘അങ്ങനെ സംഭവിച്ചതു കൊണ്ടാകും... ബ്രേക്കപ് ഇപ്പോൾ വേദനിപ്പിക്കാറില്ല’: പ്രണയത്തിന്റെ കണക്‌ഷൻ കിട്ടിയിട്ടുണ്ടോ?: വിൻസി പറയുന്നു

Roopa Thayabji

Sub Editor

vinct-aloshy

പ്രതിമ വിവാദത്തിൽ മുങ്ങിയാണ് ഇക്കുറി സംസ്ഥാന ചലച്ചിത്ര അവാർഡ് നിശ വാർത്തകളിൽ നിറഞ്ഞത്. അങ്ങനെ വിവാദത്തിൽ മുങ്ങിയ പുരസ്കാര ശിൽപവുമായാണു മികച്ച നടിയായ വിൻസി അലോഷ്യസ് വനിതയുടെ കവർ ഷൂട്ടിനെത്തിയത്.

വിവാദത്തെ കുറിച്ചു തന്നെയാണ് ആദ്യം ചോദിച്ചത്. ഉറച്ച ശബ്ദത്തിൽ വിൻസി പറഞ്ഞു. ‘‘സിനിമ മോഹിച്ച കാലം മുതൽ സ്വപ്നം കണ്ടതാണ് ഈ അവാർഡ്. പുരസ്കാരത്തിന്റെ രൂപമല്ല, മൂല്യമാണു ഞാൻ നോക്കുന്നത്. മറ്റേതു പുരസ്കാരത്തേക്കാളും മാറ്റുള്ള അവാർഡാണു സംസ്ഥാന ചലച്ചിത്ര അവാർഡ്. അതിനെ ഇങ്ങനെയൊന്നും വിമർശിക്കാൻ ആകില്ല. വീട്ടിലെ സ്വീകരണമുറിയിൽ ഈ പുരസ്കാരശിൽപം കാണുമ്പോഴൊക്കെ ഇനി ദേശീയ അവാർഡു സ്വപ്നം കാണാമെന്നേ ഞാൻ ചിന്തിക്കുന്നുള്ളൂ.’’

സിനിമ ആയിരുന്നോ ചെറുപ്പം മുതലേയുള്ള സ്വപ്നം ?

ഓണത്തിനും വിഷുവിനും ടിവിയിൽ താരങ്ങളുടെ അഭിമുഖം വരും. അതു കണ്ടിട്ടാണു സിനിമാമോഹം മനസ്സിലുണ്ടായത്. മലപ്പുറം പൊന്നാനിയിലാണു ജനിച്ചതും വളർന്നതും ഇപ്പോൾ ജീവിക്കുന്നതും. അപ്പൻ അലോഷ്യസ് ഡ്രൈവറാണ്, അമ്മ സോണി പ്രൈമറി സ്കൂൾ ടീച്ചറും. ആദ്യമായി തിയറ്ററിൽ ക ണ്ട സിനിമ അരയന്നങ്ങളുടെ വീടാണ്. അതു കഴിഞ്ഞു വീട്ടിൽ വന്നു മമ്മൂക്കയുടെ മക്കളുടെ വേഷത്തിലേക്ക് എന്നെ എന്താണു വിളിക്കാത്തതെന്നോർത്തു വിഷമിച്ചിരുന്നിട്ടുണ്ട്.

പിന്നീടു സിനിമ പല തരത്തിൽ എന്നിൽ സ്വാധീനം ചെലുത്തി. ‘വിനോദയാത്ര’യിലെ മീരാ ജാസ്മിന്റെ ഷോർട്ട് ഹെയർ കണ്ടു ഞാനും നീളൻ മുടി തോളൊപ്പം മുറിച്ചു. കട്ടിങ്ങൊക്കെ കഴിഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും ചുരുളൻ മുടി കുറേക്കൂടി ചുരുണ്ടു കയറി. അമ്മച്ചിയുടെ വഴക്കു കേട്ടെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. പിറ്റേന്ന് അപ്പൻ ലോറിയിൽ ലോഡുമായി പോകുമ്പോൾ ‘കിളി’യായി കൂട്ടുപോയ എന്റെ കസിനോടു പറഞ്ഞത്രേ, ‘ഇച്ചിരി കുരുത്തക്കേടൊക്കെ ഉണ്ടെന്നേ ഉള്ളൂ, നാളെ അവൾ വലിയൊരാളാകും.’ ആ സ്വപ്നം ഞാൻ ചേർത്തുവച്ചതു സിനിമയിലാണ്.

അമ്മച്ചിയെ ആ കാലത്തു ഞാനൊരു പ്രാർഥന പഠിപ്പിച്ചു, ‘വിൻസി ഒരു നടിയാകണമെന്നു ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അങ്ങനെ നടക്കട്ടെ...’ ദിവസവും 100 വട്ടം പ്രാർഥിക്കണമെന്നു ശട്ടം കെട്ടിയെങ്കിലും അങ്ങനെ നടക്കല്ലേ എന്നാകും അമ്മച്ചി പ്രാർഥിച്ചത്. സിനിമയിലേക്കു ചുവടു വയ്ക്കുന്നു എന്നു കേട്ടപ്പോൾ അവരൊക്കെ പേടിക്കുകയും ചെയ്തു.

പിന്നെയെങ്ങനെ സിനിമയിലെത്തി ?

അവിചാരിതം എന്ന വാക്കിന് ജീവിതത്തിൽ വലിയ പങ്കുണ്ട്. കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് സ്കൂളിൽ പ്ലസ് വ ൺ പഠിക്കുന്ന സമയം. തിരുവാതിര, മാർഗംകളി ഒക്കെയാണ് എന്റെ സ്ഥിരം ഐറ്റം. സിനിമയിൽ കാസ്റ്റിങ് ഡയറക്ടർ കൂടിയായ അബു വളയംകുളമാണു ഞങ്ങളുടെ സ്കൂളിലെ കുട്ടികളെ മോണോആക്ടും മൈമുമൊക്കെ പഠിപ്പിക്കുന്നത്. കലോത്സവത്തിൽ മോണോആക്ട് അവതരിപ്പിക്കേണ്ട കുട്ടിക്കു പെട്ടെന്ന് എന്തോ അസൗകര്യം വന്നു. ആ ചാൻസ് അവിചാരിതമായി എനിക്കു കിട്ടിയെന്നു മാത്രമല്ല ഉപജില്ലയിൽ സമ്മാനവും കിട്ടി. ഒറ്റയ്ക്കുള്ള അഭിനയത്തിലേക്കു വാതിൽ തുറന്നത് അന്നാണ്.

അടുത്ത ചാൻസ് വന്നത് ചിക്കൻ പോക്സിന്റെ രൂപത്തിലാണ്. പ്ലസ്ടുവും എൻട്രൻസ് കോച്ചിങ്ങുമൊക്കെ ക ഴിഞ്ഞു കൊച്ചിയിലെ ഏഷ്യൻ സ്കൂൾ ഓഫ് ആർകിടെക്ചറിൽ ബിരുദത്തിനു ചേർന്നു. അവസാന വർഷത്തെ ടൂറിന്റെ സമയത്ത് എനിക്കു ചിക്കൻപോക്സ്. വിഷമിച്ചു വീട്ടിലിരിക്കുന്ന സമയത്താണു മഴവിൽ മനോരമയിലെ നായികാനായകൻ റിയാലിറ്റി ഷോയുടെ പരസ്യം ടിവിയിൽ കണ്ടത്. വിജയിക്ക് സംവിധായകൻ ലാൽജോസിന്റെ സിനിമയിൽ അവസരം. പിന്നെ, ഒന്നുമാലോചിച്ചില്ല.

അടുത്ത അവിചാരിതം ഒരു മാസം കൂടി കഴിഞ്ഞാണ്. ആദ്യ ഓഡിഷൻ കഴിഞ്ഞ് എനിക്കു വിളിയൊന്നും വന്നില്ല. സെക്കൻഡ് ഓഡിഷനും തേർഡ് ഓഡിഷനും കഴിഞ്ഞതൊക്കെ സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞു. ആ പ്രതീക്ഷ കൈവിട്ട സമയത്ത് ഒരു കോൾ, നായികാനായകൻ വ ർക് ഷോപ്പിൽ പങ്കെടുക്കാൻ. അതിൽ നിന്നാണു 16 പേരിലേക്കു സെലക്ട് ആയതും ഷോയിൽ റണ്ണറപ് ആയതും. നായികാനായകനിലേക്കു സെലക്ട് ആയ ശേഷമാണു വീട്ടിൽ കാര്യം അവതരിപ്പിച്ചത്. കോളജ് ഫസ്റ്റായി പഠിക്കുന്ന ഞാൻ അതുവിട്ടു സിനിമയിലേക്കു പോകുന്നെന്നു കേട്ട് അവർക്കു ഷോക്കായി. നാട്ടുകാരോട് എന്തു മറുപടി പറയും എന്നായിരുന്നു ചോദ്യം.

വിൻസി എന്നു ഗൂഗിൾ ചെയ്യുമ്പോൾ ആദ്യം വരുന്നത് ചിക്കൻ കറിയാണല്ലോ ?

നായികാനായകനിലെ ആദ്യത്തെ പെർഫോമൻസ് ഡാൻസായിരുന്നു. അതു കഴിഞ്ഞു ജഡ്ജസിന്റെ അടുത്തു നിന്നു കൂടുതൽ കിട്ടിയതു നെഗറ്റീവ് കമന്റായിരുന്നു. ‘ഇറോട്ടിക്’ ആയി ഡാൻസ് ചെയ്തു എന്നാണു സംവൃത ചേച്ചി പറഞ്ഞത്. പക്ഷേ, ലാൽ ജോസ് സാർ പറഞ്ഞത് പോസിറ്റീവായാണ്. ‘യഥാർഥ നർത്തകിയെ പോലെ പെർഫോം ചെയ്തു. അതു വിൻസിക്കു മാത്രമുള്ള പ്രത്യേകതയാണ്.’ അതായിരുന്നു ബൂസ്റ്റർ ഡോസ്.

ഷോ കഴിഞ്ഞെങ്കിലും നായികാനായകൻ ടീമിലെ 16 പേരുമുള്ള മഴവിൽ മേറ്റ്സ് എന്ന വാട്സാപ്പ് ഗ്രൂപ്പുണ്ട്. അവാർഡുവാർത്ത ഗ്രൂപ്പിൽ ഷെയർ ചെയ്തതിനു പിന്നാലെ ഞങ്ങളെല്ലാം കൂടി ആലപ്പുഴയിലെ റിസോർട്ടിൽ ഒത്തുകൂടി. ആ സൗഹൃദം നൽകുന്ന എനർജി ചെറുതല്ല.

ലാൽ ജോസ് സിനിമയ്ക്കു മുൻപേ വിൻസി നായികയായി?

നായികാനായകനു ശേഷം ആദ്യം വന്നതു മറ്റൊരു സിനിമയിലേക്കു നായികയാകാനുള്ള ഓഫറാണ്. ലാൽ ജോസ് സാറിന്റെ അനുവാദം വാങ്ങി അതു കമ്മിറ്റ് ചെയ്തെങ്കിലും അവസാന നിമിഷം എന്നെ ഒഴിവാക്കി. പിന്നെയാണു മാ ർട്ടിൻ പ്രക്കാട്ടിന്റെ വിളി വന്നത്, ഐസ്ക്രീം പരസ്യത്തിൽ മഞ്ജു വാരിയർക്കൊപ്പം അഭിനയിക്കാൻ.

വികൃതിയിൽ നായികയായാണു സിനിമയിലെ തുടക്കം. അതിൽ അഭിനയിച്ചു തുടങ്ങിയ സമയത്ത് ഒരു പ്രശ്നമുണ്ടായി. സംവിധായകൻ ആക്‌ഷൻ പറയുമ്പോൾ ഒരു വികാരവും മുഖത്തു വരുന്നില്ല, കരയാൻ ഒട്ടും പറ്റുന്നുമില്ല. അവരുടെ നിർദേശ പ്രകാരം ആക്ട് ലാബിൽ മൂന്നു ദിവസത്തെ വർക് ഷോപ് ചെയ്തു. അതാണു കരിയർ മാറ്റിയത്. പിന്നെ, ക്യാമറയ്ക്കു മുന്നിൽ കരയാനും ചിരിക്കാനും പ്രണയിക്കാനുമൊക്കെ ഈസിയായി.

ജനഗണമന, ഭീമന്റെ വഴി, കനകം കാമിനി കലഹം, ഒരു പഴഞ്ചൻ പ്രണയം എന്നീ സിനിമകൾ കഴിഞ്ഞാണു ലാൽ ജോസ് സാറിന്റെ ‘സോളമന്റെ തേനീച്ചകൾ’ ചെയ്തത്. ‘കനകം കാമിനി കലഹ’മാണ് കരിയറിലെ അടുത്ത അവിചാരിതം. ആ റോളിലേക്കു മറ്റൊരാളെയാണു കാസ്റ്റ് ചെയ്തിരുന്നത്. ഷൂട്ടിങ്ങിനു മുൻപ് അവർ കോവിഡ് പോസിറ്റീവായി. അടുത്തയാളെ വിളിച്ചെങ്കിലും അവരും പോസിറ്റീവ്. മൂന്നാമത്തെ വിളി വന്നത് എനിക്ക്. കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ ബാഗ് പാക്ക് ചെയ്തു ലൊക്കേഷനിലേക്ക്. ഷൂട്ടിങ് നടന്ന ഹോട്ടലിൽ തന്നെയാണു ബയോബബിൾ പോലെ 30 ദിവസവും എല്ലാവരും താമസിച്ചത്. ആ റോൾ ബ്രേക്കായി.

ഇതിനിടെ ഹിന്ദിയിലും അഭിനയിച്ചല്ലോ ?

സോളമന്റെ തേനീച്ചകളുടെ എഡിറ്ററായ രഞ്ജൻ എബ്രഹാമാണു ഫെയ്സ് ഓഫ് ദ് ഫെയ്സ്‌ലസ് എന്ന ഹിന്ദി സിനിമയുടെ സഹനിർമാതാവ്. മധ്യപ്രദേശിലെ ആദിവാസികൾക്കായി ജീവിച്ച മലയാളിയായ സിസ്റ്റർ റാണി മരിയയുടെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണത്. ഹിന്ദി സംസാരിക്കുന്ന മലയാളി നടിക്കായുള്ള അന്വേഷണമാണ് ഒട്ടും ഹിന്ദി അറിയാത്ത എന്നിലെത്തിയത്.

ഇംഗ്ലിഷിലെഴുതിയ ഡയലോഗാണു കയ്യിൽ കിട്ടുക. അ തു മലയാളത്തിലേക്കു പകർത്തിയെഴുതി അർഥം മനസ്സിലാക്കും. പിന്നെ, ഉറക്കമിളച്ചു പഠിക്കും. പല ദിവസങ്ങളിലും വെളുപ്പിനുണർന്നു ഡയലോഗു പഠിക്കും. അഞ്ചു മണിക്കാണു ലൊക്കേഷനിലേക്കു പോകാനുള്ള വണ്ടി വരുക. കുറച്ചു കഷ്ടപ്പെട്ടെങ്കിലും ഞാൻ തന്നെ ഡബ് ചെയ്തു. ബോളിവുഡിൽ നിന്നു നാളെ ഓഫർ വന്നാൽ ‘നോ’ പറയേണ്ടല്ലോ. മറ്റൊരു രസമെന്താണെന്നോ? മധ്യപ്രദേശിലെ ആദിവാസി മേഖലകളിലായിരുന്നു ഷൂട്ടിങ്. പത്തു സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കളുണ്ട്. പലയിടത്തും മതിയായ സൗകര്യങ്ങൾ പോലുമില്ല. ഇടയ്ക്കിടെ പലരും കാടിനുള്ളിലേക്കു കയറിയാണു ‘കാര്യം സാധിക്കുന്നത്.’ കൊടും ചൂടും ഇത്തരം പ്രശ്നങ്ങളും സഹിച്ചെങ്കിലും സിനിമ നന്നായി വന്നു. ഇത്തവണ ദേശീയ അവാർഡിനു ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‌ലസും’ ‘രേഖ’യും മത്സരിക്കുന്നുണ്ട്.

രേഖയാകാൻ ഇതിലേറെ കഷ്ടപ്പെട്ടു കാണുമല്ലോ ?

അച്ഛന്റെ മരണവും കാമുകന്റെ ചതിയുമൊക്കെ തീർത്ത പ്രത്യേക മാനസികാവസ്ഥയിലൂടെയാണു രേഖ സഞ്ചരിക്കുന്നത്. പോരാത്തതിന് അവൾ സ്പോർട്സ് താരവുമാണ്. കായികരംഗവുമായി യാതൊരു ബന്ധവുമില്ലാത്ത എ നിക്കായി ഷൂട്ടിങ്ങിനു മുൻപ് അഞ്ചു ദിവസം ഫൈറ്റ് പ്രാക്ടീസ് നൽകി. ഭീമന്റെ വഴിയുടെ ഫൈറ്റ് മാസ്റ്ററായ അഷറഫ് ഗുരുക്കളാണു നാടൻ തല്ലും ക്ലൈമാക്സിലെ ഫൈറ്റുമൊക്കെ പരിശീലിപ്പിച്ചത്.

രേഖയിലെ നായകനായ ഉണ്ണിലാലുവുമായി ക്ലൈമാക്സിലും അതിനു മുൻപു കണ്ണൻ മാമനായ പ്രതാപൻ ചേട്ടനുമായും ഫൈറ്റുണ്ട്. പ്രതാപൻ ചേട്ടനെ ഫൈറ്റിനിടെ ജൂഡോയിലെ പോലെ മലർത്തിയടിക്കുന്ന രംഗമുണ്ട്. ആറു ടേക് കഴിഞ്ഞപ്പോഴേക്കും നടുവുളുക്കി ആശുപത്രിയിലായി. കുത്തിവയ്പ്പൊക്കെ എടുത്ത് ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞാണ് അനങ്ങാൻ പോലുമായത്.

ഷൂട്ടിങ്ങിന്റെ അവസാന ദിവസം പാക്കപ് കഴിഞ്ഞ് അ ഷറഫ് ഗുരുക്കൾ അടുത്തു വന്നു. ‘ഇക്കുറി അവാർഡ് ഉറപ്പാണ്’ എന്ന അദ്ദേഹത്തിന്റെ അഭിനന്ദനം കേട്ടപ്പോഴാണു മോഹം മനസ്സിൽ കയറിയത്. രേഖയ്ക്കു വലിയ പ്രമോഷനൊന്നും ഉണ്ടായില്ല, റിലീസിനു തിയറ്റർ കിട്ടാനും കുറച്ചു കഷ്ടപ്പെട്ടു. അവാർഡു നിർണയ സമയത്തു മറ്റു പേരുകളാണു പറഞ്ഞു കേട്ടത്. അതോടെ ആ പ്രതീക്ഷ വിട്ടു. പുരസ്കാര പ്രഖ്യാപനത്തിന്റെ അന്നു രാവിലെ മനോരമ പത്രത്തിൽ വാർത്ത, ‘മികച്ച നടി, വിൻസിക്ക് സാധ്യതകളേറെ.’ അതോടെ നെഞ്ചിടിപ്പു കൂടി. അപ്പനും അമ്മയ്ക്കുമാണ് അവാർഡ് സമർപ്പിച്ചത്.

നാട്ടുകാരോട് എന്തുപറയുമെന്ന അവരുടെ പേടി മാറിയോ ?

മറ്റുള്ളവർ എങ്ങനെ ചിന്തിക്കും എന്നാലോചിച്ചു ടെൻഷനടിക്കുന്ന ഒരു ഭൂതകാലം എനിക്കുമുണ്ടായിരുന്നു. രേഖയിലെ ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചപ്പോഴും അപ്പനും അമ്മയും എന്തുപറയും എന്നായിരുന്നു ചിന്ത. പ്രിവ്യൂവിനാണ് അപ്പനും അമ്മയും സിനിമ കണ്ടത്. ഇനി ഇങ്ങനെയുള്ള വേഷം ചെയ്യേണ്ട കേട്ടോ എന്ന് അപ്പൻ ഉപദേശിച്ചെങ്കിലും അതു ‍ഞാൻ കേൾക്കാനേ പോകുന്നില്ല എന്ന് അവർക്കറിയാം.

മസ്കത്തിൽ ജോലി ചെയ്യുന്ന ചേട്ടൻ വിപിൻ അലോഷ്യസ് നെറ്റ്ഫ്ലിക്സിലാണു സിനിമ കണ്ടത്. ചേട്ടനു രേഖയെ വല്ലാതെ ഇഷ്ടപ്പെട്ടു. കഥാപാത്രത്തെ മാത്രം കണ്ടു കമന്റു പറയുന്ന എല്ലാവരോടും മറുപടി പറയാനാകില്ല. ആക്‌ഷനും കട്ടിനും ഇടയിൽ മാത്രമാണു നടീനടന്മാർ അഭിനയിക്കുന്നത്. അതിനപ്പുറം എംപതി ഒരു കഥാപാത്ര ത്തോടും തോന്നുന്നതു നല്ലതല്ല. നമ്മുടെ വികാരങ്ങൾ ക ഥാപാത്രത്തിന്റെ ഫീലിങ്സിൽ കലർത്താറുമില്ല.

പ്രണയത്തിന്റെ കണക്‌ഷൻ കിട്ടിയിട്ടുണ്ടോ ?

ഈ 28 വയസ്സിനിടെ ഒരുപാടു വട്ടം കിട്ടിയിട്ടുണ്ട്. പ്ലസ്ടു കാലത്താണ് ആദ്യ പ്രണയം. ആ പയ്യൻ പെട്ടെന്നു മരിച്ചു പോയി. വല്ലാതെ ഡിപ്രഷനിൽ വീണുപോയ ഞാൻ അതിജീവിച്ചതിൽ പിന്നെ ഇനിയൊരിക്കലും അത്രയും വേദന അനുഭവിക്കേണ്ടി വരില്ലെന്നു തിരിച്ചറിഞ്ഞു. അതുകൊണ്ടാകും ബ്രേക്കപ് ഇപ്പോൾ വേദനിപ്പിക്കാറില്ല. നാലു ദിവസം മാത്രം നീണ്ടുനിന്ന പ്രണയം വരെയുണ്ട് ജീവിതത്തിൽ. രസിച്ചു തമാശ പറഞ്ഞാണ് അന്നു പിരിഞ്ഞത്.

രേഖയെപ്പോലെ സ്ട്രോങ് ആണോ വിൻസി ?

സിനിമയിൽ എത്ര സ്ട്രോങ് ആകാനും ഒരുക്കമാണ്. എ ന്നെ കാണുമ്പോഴും അങ്ങനെ തോന്നിയേക്കും. പക്ഷേ, ഉ ള്ളിൽ ഒട്ടും സ്ട്രോങ് അല്ല. സിനിമയോടുള്ള അഭിനിവേശമാണ് ഇപ്പോൾ ഏറ്റവും കരുത്തോടെ നിലനിൽക്കുന്നത്. സിനിമയിൽ നിന്നു സമ്പാദിച്ച കാശു കൊണ്ട് അപ്പന്റെ അറുപതാം പിറന്നാളിനു പുത്തൻ കാർ വാങ്ങി കൊടുത്തു.

അരുൺ ബോസ് സംവിധാനം ചെയ്യുന്ന ‘മാരിവില്ലിന്‍ ഗോപുരങ്ങളാ’ണു റിലീസാകാനുള്ളത്. ഇന്ദ്രജിത്, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വസിഷ്ഠ് ഒക്കെയുള്ള അടിപൊളി സിനിമയാണത്. തമിഴിൽ നിന്ന് ഓഫറുണ്ട്, വരട്ടെ.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ