‘എനിക്ക് അവനെ ഇഷ്ടമാണ്, എന്ത് ആവശ്യം വന്നാലും അവൻ ഒപ്പമുണ്ടാകും’: ജാൻവിയുടെ പ്രണയം സ്ഥിരീകരിച്ച് ബോണി കപൂർ
ബോളിവുഡ് താരം ജാൻവി കപൂറിന്റെ പ്രണയം സ്ഥിരീകരിച്ച് പിതാവും നിർമാതാവുമായ ബോണി കപൂർ. ജാൻവിയുടെ സുഹൃത്തും മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായ സുശീൽകുമാർ ഷിൻഡെയുടെ ചെറുമകനായ ശിഖർ പഹാരിയയെ ഇഷ്ടമാണെന്നാണ് ബോണി കപൂർ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
‘ഞാൻ അവനെ ഇഷ്ടപ്പെടുന്നു. കുറച്ച് വർഷങ്ങൾക്ക് മുന്‍പ് ജാൻവി ശിഖറുമായി അകന്നുനിന്നപ്പോഴും ഞാൻ അവനുമായി സൗഹൃദത്തിലായിരുന്നു. അവൻ ഒരിക്കലും എക്സ് ആവാൻ പാടില്ലെന്ന് എനിക്ക് തോന്നി. അവൻ എപ്പോഴും ഞങ്ങൾക്ക് ചുറ്റുമുണ്ടാകും. എനിക്കോ ജാൻവിക്കോ അര്‍ജുനോ എന്ത് ആവശ്യം വന്നാലും അവൻ ഒപ്പമുണ്ടാകും. എല്ലാവരോടും സൗഹൃദം പുലർത്തുന്ന വ്യക്തിയാണ്. അവനെ പോലൊരാളെ ലഭിച്ചതിൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് തോന്നുന്നു.’- ബോണി കപൂർ പറഞ്ഞു.
ജാൻവി കപൂറും ശിഖറുമൊന്നിച്ചുള്ള വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കാറുണ്ട്. ജാൻവിയുടെ സഹോദരി ഖുഷി കപൂറിന്റെ ജന്മദിനാഘോഷത്തിലും ശിഖർ അടുത്തിടെ പങ്കെടുത്തിരുന്നു. ഇരുവരുമൊന്നിച്ച് തിരുപ്പതി ക്ഷേത്രദർശനം നടത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു.