Thursday 06 September 2018 03:38 PM IST : By സ്വന്തം ലേഖകൻ

‘പിണറായിയുമല്ല മോദിയുമല്ല, എന്റെ ഇഷ്ട നേതാവ് ഇദ്ദേഹമാണ്’; നിലപാട് വ്യക്തമാക്കി അനുശ്രീ

anusree ചിത്രം; ശ്രീകാന്ത് കളരിക്കൽ

ട്രോളൻമാരുടേയും സോഷ്യൽ മീഡിയ ബുദ്ധിജീവികളുടേയും വിമർശനങ്ങൾക്ക് പലപ്പോഴും ഇരകായാകാറുള്ള നടിയാണ് അനുശ്രീ. അനുശ്രീയുടെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചുള്ള പലരുടേയും തെറ്റിദ്ധാരണകളാണ് ഒട്ടുമിക്ക വിമർശനങ്ങൾക്കും ആധാരം.

ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. താന്‍ സഖാവാണെന്ന് പറയുന്നവരും സംഘിയാണെന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ രാഷ്ട്രീയം എന്തെന്ന് തനിക്ക് വ്യക്തമല്ലെന്ന് അനുശ്രീ പറയുന്നു.

അതേസമയം തന്റെ ഇഷ്ട രാഷ്ട്രീയ നേതാവ് ആരാണെന്ന കാര്യത്തിൽ അനുശ്രീക്ക് കൃത്യമായ ധാരണയുണ്ട്. ‘രാഷ്ട്രീയത്തില്‍ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ഗണേഷ് കുമാറാണ്. കാരണം തനിക്ക് ഓര്‍മവെച്ച നാളുമുതല്‍ തന്റെ നാടിനു വേണ്ടി നല്ലത് ചെയ്തിട്ടുള്ള വ്യക്തയാണ് അദ്ദേഹം. ഗണേഷ് കുമാര്‍ ഏത് പാര്‍ട്ടിയില്‍ നിന്നാലും ഞങ്ങള്‍ വേട്ട് ചെയ്ത് വിജയിപ്പിക്കും.’– അനുശ്രീ നയം വ്യക്തമാക്കുന്നു.

നേരത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭാരതാംബയുടെ വേഷം കെട്ടിയപ്പോള്‍ അനുശ്രീ സംഘ്പരിവാർ പ്രവർത്തകയാണെന്ന തരത്തിലായിരുന്നു ആരോപണങ്ങൾ നിറഞ്ഞു നിന്നത്. അതേസമയം, താരം സഖാവ് എന്ന കവിത ആലപിച്ചത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ അനുശ്രീ കമ്മ്യൂണിസ്റ്റ് പ്രവർത്തകയാണെന്ന തരത്തിലും വിവാദങ്ങളുയർന്നിരുന്നു.