Friday 23 September 2022 09:17 AM IST : By സ്വന്തം ലേഖകൻ

‘ഇതിനേക്കാൾ വലുത് ഞാനെന്ത് ആഗ്രഹിക്കാനാണ്’: കിങ് ഖാനും ദളപതിക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് അറ്റ്ലി

atlee

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിനും തെന്നിന്ത്യൻ സിനിമയുടെ ദളപതി വിജയ്ക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് തമിഴകത്തിന്റെ പ്രിയസംവിധായകൻ അറ്റ്ലി. താരരാജാക്കൻമാർക്ക് നടുവിൽ നിൽക്കുന്ന തന്റെ ചിത്രം അറ്റ്ലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഇതിനോടകം വൈറലാണ്.

‘പിറന്നാള്‍ ദിനം ഇതിനേക്കാൾ വലുത് ഞാനെന്ത് ആഗ്രഹിക്കാനാണ്. എന്റെ ജീവിതത്തിലെ നെടും തൂണുകളായ പ്രിയപ്പെട്ട ഷാരൂഖ് സാറിനും എന്റെ അണ്ണൻ ദളപതി വിജയ് സാറിനുമൊപ്പം പിറന്നാൾ ആഘോഷിക്കാനായി. ഇതാണ് ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാൾ’–ചിത്രത്തിനൊപ്പം അറ്റ്ലി ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

അതേസമയം, ഷാരൂഖിനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാൻ. നയൻതാര നായികയാകുന്ന ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ഷാരൂഖ്. വിജയ് സേതുപതി വില്ലൻ വേഷത്തിലും എത്തും. സന്യ മൽഹോത്രയാണ് മറ്റൊരു പ്രധാന കഥാപാത്രം. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും. സംഗീതം അനിരുദ്ധ്. 2023 ജൂൺ 2നാണ് റിലീസ്.