Tuesday 12 February 2019 04:22 PM IST : By സ്വന്തം ലേഖകൻ

സിനിമാക്കാരോട് ‘അടിച്ചു തോറ്റ്’ പൊലീസുകാർ! മെമ്മോ നല്‍കുമെന്ന് ഡി.ജി.പി

cricket-new

‘പൊലീസുകാരെ സിനിമാക്കാർ അടിച്ചു തോൽപ്പിച്ചു’. കേൾക്കുമ്പോൾ അതിശയം തോന്നും. പക്ഷേ സംഗതി കാര്യമല്ല, കളിയാണ്. തിരുവനന്തപുരത്ത് നടന്ന സൗഹൃദ ക്രിക്കറ്റ് മല്‍സരത്തെക്കുറിച്ചാണ് പറയുന്നത്.

കളിയിൽ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ടീമിനെ സീരിയല്‍–സിനിമാ താരങ്ങളുടെ ടീം തോല്‍പ്പിച്ചു. കളിയില്‍ തോറ്റു വന്ന പൊലീസുകാര്‍ക്കെല്ലാം മെമ്മോ നല്‍കുമെന്നായിരുന്നു കളിയ്ക്കു ശേഷം ഡി.ജി.പിയുടെ തമാശനിറഞ്ഞ പ്രതികരണം.

എ.ഡി.ജി.പി മനോജ് എബ്രഹാം മുതല്‍ എസ്.പി മെറിന്‍ ജോസഫ് വരെ അണിനിരന്നതായിരുന്നു ഐ.പി.എസ് ടീം. സംവിധായകന്‍ എം.എ. നിഷാദിന്റെ നേതൃത്വത്തിലായിരുന്നു സിനിമ ഇലവന്‍. ഡി.ജി.പി ബാറ്റ് ചെയ്താണ് കളി തുടങ്ങിയത്.

എ.ഡി.ജി.പിമാരായ അനില്‍ കാന്തിനെയും മനോജ് എബ്രഹാമിനെയും ആനന്ത കൃഷ്ണനയുമെല്ലാം സിനിമാക്കാര്‍ എറിഞ്ഞ് തോല്‍പ്പിച്ചെങ്കിലും ഐ.ജി വിജയ് സാഖറയും എ.എസ്.പി ആര്‍. ഇളങ്കോയും തിരിച്ചടിച്ചതോടെ ഐ.പി.എസ് ടീം പന്ത്രണ്ട് ഓവറില്‍ 70 റണ്‍സ് നേടി.

എന്നാൽ ഗായകന്‍ നസീര്‍ മിന്നലെയും സീരിയല്‍ താരം ഷെഫീഖും തിരിച്ചടിച്ചപ്പോൾ പൊലീസ് ടീമിന് പിടിച്ചു നില്‍ക്കാനായില്ല. പ്രസ് ക്ലബാണ് മല്‍സരം സംഘടിപ്പിച്ചത്.