Saturday 30 March 2024 12:05 PM IST : By സ്വന്തം ലേഖകൻ

‘25 വയസില്‍ ഞാന്‍ മനസിലാക്കി, വിവാഹം ശരിയാകില്ലെന്ന്...’: നോവായി ഡാനിയൽ ബാലാജി

daniel-balaji

ചില അഭിനേതാക്കളുണ്ട്, അപാരമായ സ്ക്രീൻ പ്രസൻസും സ്വാഗും അവരെ മറ്റുള്ളവരിൽ നിന്നു വേറിട്ടു നിർത്തും: ഒരു തവണ കണ്ടാൽ, മറാക്കാനാകാത്ത മുഖങ്ങളാക്കും. അങ്ങനെയൊരാളാണ് ഡാനിയൽ ബാലാജി. ലഭിച്ചതിലേറെയും വില്ലന്‍ വേഷങ്ങളാണെങ്കിലും അതൊക്കെയും പ്രേക്ഷകരിലേക്കു പൂർണമായെത്തിക്കുന്നതില്‍ എക്കാലവും അദ്ദേഹം വിജയിച്ചു. പക്ഷേ, ആ പ്രതിഭയുടെ പകുതിയിലൊരംശമെങ്കിലും വെളിപ്പെടും മുൻപേ മരണം അദ്ദേഹത്തിന്റ ജീവിതത്തിനു തിരശീലയിട്ടിരിക്കുന്നു.

ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു ഡാനിയൽ ബാലാജി അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

തമിഴിലെ മുന്‍ കാല നായകൻ മുരളിയുടെ അമ്മാവന്റെ മകനാണ് ഡാനിയല്‍ ബാലാജി. കമല്‍ഹാസന്റെ ഡ്രീം പ്രൊജക്ടായിരുന്ന ‘മരുതനായകം’ത്തിന്റെ പ്രൊഡക്ഷൻ മനേജരായി സിനിമ രംഗത്തെത്തിയ ഡാനിയൽ 2003 ൽ, രാധിക ശരത്കുമാര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്തി എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. അലൈകള്‍ എന്ന സീരിയലിലെ റോളും ശ്രദ്ധേയമായി. കാതല്‍ കൊണ്ടെന്‍ എന്ന ചിത്രത്തിലെ ചെറുവേഷത്തിലൂടെയായിരുന്നു സിനിമ അഭിനയത്തിലെ തുടക്കം. പിന്നാലെ കാക്ക കാക്കയില്‍ പൊലീസ് ഓഫീസറുടെ വേഷം മുൻനിരയിലേക്കെത്തിച്ചു. തുടർന്ന്, വേട്ടയാട് വിളയാട്, പൊല്ലതവന്‍, പയ്യ, വട ചെന്നൈ, ബിഗില്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തെ നിറസാന്നിധ്യമായി. മലയാളം, കന്നട, തെലുങ്ക് ഭാഷകളിലും അഭിനയിച്ചു.

മലയാളത്തില്‍ ബ്ലാക്ക് എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ഡാഡി കൂള്‍ എന്ന ചിത്രത്തില്‍ വില്ലനായി.

ഡാനിയല്‍ ബാലാജി അവിവാഹിതനാണ്. ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ചു ഡാനിയല്‍ പറഞ്ഞതിങ്ങനെ – ‘‘എനിക്കു വിവാഹം ശരിയാകില്ലെന്നു 25 വയസില്‍ ഞാന്‍ മനസിലാക്കി . വിവാഹത്തെ കുറിച്ചു അമ്മ ചോദിക്കുമ്പോള്‍ നോക്കിക്കോളൂ, പക്ഷേ നടക്കില്ലെന്നു പറഞ്ഞിരുന്നു. അമ്മ പല പെണ്‍കുട്ടികളെയും കണ്ടു. പക്ഷെ ജാതകം ഒത്തില്ല. പിന്നീടന്വേഷിച്ചപ്പോള്‍, എന്റേതൊരു ബ്രഹ്മചാരി ജാതകമാണെന്നു മനസ്സിലായി. വിവാഹം കഴിക്കാത്തതൊരു വിഷയമായൊന്നും തോന്നിയിട്ടില്ല. ഈ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. എനിക്കെന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ടെ്’’.