Tuesday 16 April 2019 11:39 AM IST : By സ്വന്തം ലേഖകൻ

സ്വിം സ്യൂട്ടിൽ പൊട്ടുതൊട്ട് മുല്ലപ്പൂ ചൂടി നിൽക്കുന്ന മുൻ മിസ് ഇന്ത്യ; വൈറലായി ചിത്രങ്ങൾ!

indrani-1

സ്വിം സ്യൂട്ടിൽ പൊട്ടുതൊട്ട് മുല്ലപ്പൂ ചൂടി നിൽക്കുന്ന മുൻ മിസ് ഇന്ത്യയുടെ ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധേയമാകുന്നത്. ഇന്നത്തെ തലമുറയ്ക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലുമാകാത്ത രൂപത്തിലാണ് 1952 ലെ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ദ്രാണി റഹ്മാൻ പങ്കെടുത്തത്.

indrani-2

ഇന്ത്യയിലെ അറിയപ്പെടുന്ന നർത്തകിയായിരുന്നു ഇന്ദ്രാണി. ഹാർവാർഡ് അടക്കമുള്ള അമേരിക്കൻ സർവകലാശാലകളിൽ നൃത്താധ്യാപികയുമായിരുന്നു ഇന്ദ്രാണി. മിസ് യൂണിവേഴ്‌സ് ആകാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ദ്രാണി കാലിഫോർണിയയിലേക്ക് യാത്ര തിരിച്ചത് ഇരുപത്തിരണ്ടാമത്തെ വയസ്സിൽ. ഈ സമയം ഇന്ദ്രാണി ഒരു ആൺകുട്ടിയുടെ അമ്മയായിരുന്നു. ഇന്ദ്രാണിയുടെ പതിനഞ്ചാമത്തെ വയസ്സിലാണ് ആർക്കിടെക്റ്റായ ഹബീബ് റഹ്മാനുമായി വിവാഹം നടന്നത്. 

indrani-4

1952 ജൂണ്‍ 28ന് കാലിഫോര്‍ണിയയിലെ ലോങ് ബീച്ച് മുനിസിപ്പല്‍ ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ സ്വിം സ്യൂട്ട് റൗണ്ടിൽ പങ്കെടുത്ത ഇന്ദ്രാണി ലോകശ്രദ്ധ നേടി. വിമ‍ർശകരുടെ വായടപ്പിച്ച് കൊണ്ടായിരുന്നു ഇന്ദ്രാണിയുടെ തകർപ്പൻ പ്രകടനം. ഇന്ദ്രാണിയുടെ നെറ്റിയിലെ പൊട്ടും മുല്ലപ്പൂ ചൂടിയുള്ള തലമുടിക്കെട്ടുമാണ് അന്നത്തെ ഫാഷൻ പ്രേമികളെ അമ്പരപ്പിച്ചത്. 

indrani-3

മത്സരത്തിൽ ശ്രദ്ധ നേടിയെങ്കിലും ആദ്യ വിശ്വസുന്ദരി കിരീടം ചൂടാന്‍ ഇന്ദ്രാണിയ്ക്കായില്ല. കിരീടം ചൂടിയത് ഫിന്‍ലന്‍ഡിന്റെ അര്‍മി ഹെലന കുസേലയായിരുന്നു. 1969 ൽ ഇന്ദ്രാണിയെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 1990 ൽ അവർ നിര്യാതയായി. ആത്മവിശ്വാസത്തിന്റെ പ്രതീകമായാണ് ഇന്ദ്രാണി അറിയപ്പെടുന്നത്.