Wednesday 26 March 2025 09:44 AM IST : By സ്വന്തം ലേഖകൻ

പ്രണയിച്ച് കൊതി തീരും മുൻപേ പ്രിയപ്പെട്ടവളെ തനിച്ചാക്കി മനോജ് പോയി...മറയുന്നത് മലയാളത്തിന്റെ മരുമകൻ

manoj-2

തമിഴ് നടനും സംവിധായകനും വിഖ്യാത സംവിധായകൻ ഭാരതിരാജയുടെ മകനുമായ മനോജ് കെ. ഭാരതിയുടെ വിയോഗം മലയാളികൾക്കും വേദനയാകുന്നു. കേരളത്തിന്റെ മരുമകനാണ് അദ്ദേഹം. ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്ന കോഴിക്കോട് സ്വദേശിനി നന്ദനയാണ് മനോജിന്റെ ജീവിത പങ്കാളി.

സേതുരാമയ്യര്‍ സിബിഐ, സ്‌നേഹിതന്‍ ഉള്‍പ്പെടെയുള്ള മലയാളചിത്രങ്ങളില്‍ അഭിനയിച്ച നന്ദന, ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് അതിലെ നായകനായ മനോജുമായി പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മതത്തോടെ 2006 ഡിസംബറിലായിരുന്നു വിവാഹം. അര്‍ഷിത, മതിവതനി എന്നിവര്‍ മക്കളാണ്. നന്ദനയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് അടുത്തിടെ മനോജ് ഒരു അഭിമുഖത്തിൽ പറഞ്ഞത് വൈറലായിരുന്നു. എന്നാൽ പ്രണയിച്ച് കൊതി തീരും മുൻപേ പ്രിയപ്പെട്ടവളെ തനിച്ചാക്കി മനോജ് പോയി...

ഹൃദയാഘാതത്തെ തുടർന്നു ചൊവ്വാഴ്ച വൈകിട്ടു ചെന്നൈയിലായിരുന്നു മനോജിന്റെ അന്ത്യം. 48 വയസ്സായിരുന്നു. ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

പ്രമുഖ സംവിധായകരായ മണിരത്നത്തിന്റെയും ഷങ്കറിന്റെയും സഹസംവിധായകനായി പ്രവർത്തിച്ചു. ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനിമയിലൂടെയായിരുന്നു നടനായുള്ള തുടക്കം. 2023ൽ മാര്‍ഗഴി തിങ്കള്‍ എന്ന സിനിമയിലൂടെ സംവിധായകനായി.