Thursday 23 January 2020 10:30 AM IST : By സ്വന്തം ലേഖകൻ

‘അഹങ്കാരം കൊണ്ട് പറയുന്നതല്ല; ഇത്രകാലം സിനിമയില്‍ നിന്നോളാം എന്ന് ഞാനാര്‍ക്കും വാക്കു കൊടുത്തിട്ടില്ല!’

big-brother-review-2

ഏറ്റവും കൂടുതൽ ആരാധകരുള്ള, മലയാളത്തിന്റെ സൂപ്പർതാരമാണ് നടൻ മോഹന്‍ലാല്‍. ലാലേട്ടനോടുള്ള ആരാധന മലയാളിയുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. വില്ലനായി അവതരിച്ച് സൂപ്പർ നായകനിലേക്ക് എത്തിനിൽക്കുന്ന മോഹൻലാൽ അഭിനയം കൊണ്ട് ആരാധകരെ ഇന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. 

സിനിമയില്‍ നിന്ന് ഏതെങ്കിലും ഘട്ടത്തില്‍ ഔട്ടാകും എന്ന അവസ്ഥ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ നിലപാട് തുറന്നുപറഞ്ഞത്. 

"അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ഞാന്‍ കണ്‍സേണ്‍ഡ് അല്ല. ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ല. കാരണം, ഞാന്‍ ഇത്രകാലം മലയാള സിനിമയില്‍ നിന്നോളാം എന്ന് ഞാൻ ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ഒരുപാട് സിനിമകള്‍ ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ടുമില്ല. 

ഞാന്‍ സിനിമയില്‍ വന്ന രീതികൊണ്ടായിരിക്കാം ഇങ്ങനെയൊരു മാനസികാവസ്ഥ എനിക്കുണ്ടായത്. എപ്പോഴും എന്നെ സിനിമയോട് ചേര്‍ത്തുനിര്‍ത്തുന്ന ഒരു ശക്തിയുണ്ട്. അതെന്നെ കാത്തോളും. ഇങ്ങനെ ചെയ്താല്‍ ഇങ്ങനെയാവും എന്ന് കണക്കുകൂട്ടി ജീവിക്കുന്നവര്‍ക്കേ ഇത്തരം പേടിയുണ്ടാവൂ." - മോഹന്‍ലാല്‍ പറയുന്നു.

Tags:
  • Movies