Monday 09 December 2019 12:01 PM IST : By സ്വന്തം ലേഖകൻ

‘എട്ട് വർഷത്തെ പോരാട്ടത്തിനു ശേഷം അവൾ പോയി’! നവാസുദീൻ സിദ്ദിഖിയുടെ സഹോദരി വിധിക്കു കീഴടങ്ങി

nawazudeen

എട്ട് വർഷം കാൻസറിനോട് പോരാടി ഒടുവില്‍ അവൾ വിധിക്കു കീഴടങ്ങി. ഇന്ത്യൻ സിനിമയുടെ അഭിനയ പ്രതിഭകളിൽ ഒരാളായ നവാസുദീൻ സിദ്ദിഖിയുടെ സഹോദരിയായ ശ്യാമ തമാഷി സിദ്ദിഖിയുടെ മരണം സിനിമാ ലോകത്തും സൗഹൃദക്കൂട്ടത്തിലും വേദന പടർത്തി. ശനിയാഴ്ച പുനൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ് എട്ട് വർഷമായി കാൻസർ ചികിത്സയിലായിരുന്നു ശ്യാമ. 26 വയസായിരുന്നു. പതിനെട്ടാമത്തെ വയസിലാണ് ശ്യാമയ്ക്ക് സ്തനാർബുദം കണ്ടെത്തിയത്. പിന്നീട് കാൻസറിനോടുളള ശക്തമായ പോരാട്ടമായിരുന്നു അവരുടെ ജീവിതം.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ശ്യാമയുടെ 25–ാം പിറന്നാൾ. ‘‘എന്റെ സഹോദരിക്ക് 18 വയസുള്ളപ്പോൾ സ്തനാർബുദം കണ്ടെത്തി. എന്നാൽ അവളുടെ ഇച്ഛാശക്തിയും ധൈര്യവുമാണ് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അതിജീവനത്തിലേക്ക് നയിച്ചത്. അവൾക്ക് ഇന്ന് 25 വയസ്സ് തികയുന്നു, ഇപ്പോഴും പോരാടുകയാണ്’’ എന്ന് സിദ്ദിഖ് മുൻപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ഉത്തർപ്രദേശിലെ ബുദ്ധാനയിൽ ആയിരുന്നു ശവസംസ്കാരം.