Tuesday 16 January 2024 11:08 AM IST : By സ്വന്തം ലേഖകൻ

‘ഉച്ചയ്ക്ക് രണ്ടു മണിക്ക് അത്താഴം, ശുചിമുറി ഉപയോഗവും ദുഷ്കരമായി’: ജയിൽജീവിതം തുറന്നു പറഞ്ഞ് റിയ ച്രക്രവര്‍ത്തി

riya-chakraborthy

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി റിയ ച്രക്രവര്‍ത്തി തന്റെ ജയിൽവാസത്തെക്കുറിച്ച് തുറന്നു പറഞ്ഞതാണ് വൈറലാകുന്നത്.

കോവിഡ് കാലത്തായതിനാല്‍ 14 ദിവസം ഏകാന്ത തടവില്‍ കഴിയേണ്ടിവന്നു. വിശപ്പും ക്ഷീണവും കാരണം എന്താണോ കഴിക്കാന്‍ നല്‍കിയത്, അതെല്ലാം കഴിച്ചു. റൊട്ടിയും കാപ്‌സിക്കവുമായിരുന്നു ജയിലിലെ മെനു.

ജയിലിലെ ഭക്ഷണസമയത്തില്‍ ഇപ്പോഴും ബ്രിട്ടീഷ് രീതിയാണ് പിന്തുടരുന്നത്. രാവിലെ ആറുമണിക്കാണ് പ്രഭാതഭക്ഷണം. 11 മണിക്ക് ഊണും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തന്നെ അത്താഴം നല്‍കും. മിക്കവരും അത്താഴം വാങ്ങി വച്ചശേഷം രാത്രി എട്ടുമണിക്കാണ് കഴിച്ചിരുന്നത്. രാവിലെ ആറു മണിക്ക് സെല്ലിന്റെ ഗേറ്റുകള്‍ തുറക്കും. വൈകിട്ട് അഞ്ചുമണിക്കാണ് പിന്നീട് പൂട്ടുക. ഇതിനിടയില്‍ കുളിക്കാനും ലൈബ്രറിയില്‍ പോകാനുമെല്ലാം അവസരമുണ്ട്. ജയിലില്‍ തന്റെ ജീവിതക്രമമെല്ലാം മാറി. രാവിലെ നാലു മണിക്ക് ഉറക്കമെഴുന്നേല്‍ക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് രണ്ടു മണിക്ക് അത്താഴം കഴിക്കും. ശുചിമുറി ഉപയോഗവും ദുഷ്കരമായി. ക്രമേണ അതും ശീലിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീകളില്‍ നിന്നു കുറെ കാര്യങ്ങള്‍ പഠിച്ചു. അവരുടെ കയ്യില്‍ ജാമ്യത്തിനുള്ള അയ്യായിരം രൂപ പോലും ഉണ്ടായിരുന്നില്ല. ജാമ്യം ലഭിക്കുന്ന അന്ന് ജയിലിലുള്ളവര്‍ക്ക് വേണ്ടി നൃത്തം ചെയ്യുമെന്ന് വാക്കുകൊടുത്തിരുന്നു. എന്നാല്‍ സഹോദരന് ജാമ്യം ലഭിക്കാത്തതില്‍ വിഷമമുണ്ടായിരുന്നുവെന്നും എഴുത്തുകാരന്‍ ചേതന്‍ ഭഗതിനൊപ്പമുള്ള ഒരു പോഡ്കാസ്റ്റില്‍ റിയ തുറന്നു പറഞ്ഞു.

2020 ജൂണിലാണ് മുംബൈയിലെ വസതിയില്‍ സുശാന്ത് സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അക്കൊല്ലം സെപ്റ്റംബറില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തിരുന്നു.