Friday 15 February 2019 10:20 AM IST : By സ്വന്തം ലേഖകൻ

‘അവർക്കു വേണ്ടി എന്റെ ഹൃദയം തുടിക്കുന്നു’! സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് സൽമാൻ ഖാൻ

salman-new

കശ്മീരില്‍ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് സൽമാൻ ഖാൻ. ‘നമ്മുടെ കുടുംബങ്ങളെ കാത്തുരക്ഷിക്കാന്‍ രക്തസാക്ഷിത്വം വരിച്ച നമ്മുടെ പ്രിയനാടിന്റെ ജവാന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി എന്റെ ഹൃദയം തുടിക്കുന്നു’.– അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

‘യു സ്റ്റാന്‍ഡ് ഫോര്‍ ഇന്ത്യ’ എന്ന ഹാഷ് ടാഗിനൊപ്പമാണ് സല്‍മാന്റെ ട്വീറ്റ്.

ജമ്മു കശ്മീരിലെ പുല്‍വാമയിലെ അവന്തിപ്പുരയിൽ ഇന്നലെ വൈകിട്ട് ഭീകരർ നടത്തിയ ചാവേർ സ്ഫോടനത്തിൽ ഒരു മലയാളി ഉൾപ്പെടെ 44 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. എൺപതോളം പേർക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.

വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാറാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി. 2001ൽ സിആർപിഎഫിൽ ചേര്‍ന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകുകയായിരുന്നു.

സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി.

ഇന്നലെ വൈകിട്ട് മൂന്നേകാലോടെയായിരുന്നു ഭീകരാക്രമണം. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടകവസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മു - ശ്രീനഗര്‍ ദേശീയപാത മഞ്ഞുവീഴ്ച കാരണം അടച്ചിട്ടിരിക്കുകയായിരുന്നു. മഞ്ഞ് മാറി പാത യാത്രായോഗ്യമായതിന് ശേഷം ആദ്യം പുറപ്പെട്ട സൈനികരുടെ വാഹന വ്യൂഹമാണ് ആക്രമിക്കപ്പെട്ടത്.