Friday 09 February 2024 12:07 PM IST : By സ്വന്തം ലേഖകൻ

തിരുനെൽവേലിയിൽ മത്സരിക്കാൻ വീണ്ടും ശരത് കുമാർ ? സമത്വ മക്കൾ കക്ഷി എൻ.ഡി.എ. സഖ്യത്തിനൊപ്പം

sarathkumar

സമത്വ മക്കൾ കക്ഷി നേതാവും ഡി.എം.കെ.യുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻ.ഡി.എ. സഖ്യത്തിനൊപ്പം ചേർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് സൂചന. തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകൾ സമത്വ മക്കൾ കക്ഷിക്ക് സ്വാധീനമുള്ള മേഖലകളാണ്.

1996ൽ ഡി.എം.കെ.യിലൂടെയാണ് ശരത്കുമാർ രാഷ്ട്രീയത്തിലെത്തുന്നത്. 1998 ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുനെൽവേലി മണ്ഡലത്തിൽ ഡി.എം.കെ. ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് 2001ൽ ഡി.എം.കെ.യുടെ രാജ്യസഭാംഗമായി. 2006ൽ ഡി.എം.കെ. വിട്ട് ഭാര്യ രാധികയ്കൊപ്പം അണ്ണാ ഡി.എം.കെ.യിൽ ചേർന്നു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെപേരിൽ രാധികയെ പുറത്താക്കിയതോടെ 2007ൽ സമത്വ മക്കൾ കക്ഷി ആരംഭിച്ചു. 2011ൽ തെങ്കാശിയിൽ നിന്നു മത്സരിച്ച് നിയമസഭയിലെത്തി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയോടൊപ്പമായിരുന്നു.