Friday 03 July 2020 11:26 AM IST : By സ്വന്തം ലേഖകൻ

ആ ചുവടുകളുടെ സൗന്ദര്യം ബാക്കിയാക്കി സരോജ് പോയി! ബോളിവുഡിന് മറ്റൊരു നഷ്ടം

saroj-khan

ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം.

ശ്വാസ തടസ്സത്തെത്തുടർന്ന് ജൂണ്‍ 20-നാണ് സരോജ് ഖാനെ ബാന്ദ്രയിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയയാക്കിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.

നാലു പതിറ്റാണ്ടോളം നൃത്തസംവിധാന രംഗത്ത് സജീവമായിരുന്ന സരോജ് രണ്ടായിരത്തിലധികം ഗാനങ്ങള്‍ക്ക് ചുവടുകള്‍ ഒരുക്കി. മൂന്നു വട്ടം ദേശീയ പുരസ്കാരവും ലഭിച്ചു.

മാധുരി ദീക്ഷിത് അഭിനയിച്ച 'ഏക് ദോ തീന്‍'(തേസാബ്), ഐശ്വര്യ റായി ബച്ചനും മാധുരി ദീക്ഷിതും ചുവടുകള്‍വെച്ച 'ഡോലാ രേ'(ദേവദാസ്), കരീന കപൂര്‍ അഭിനയിച്ച 'യേ ഇഷ്‌ക് ഹായേ'(ജബ് വി മെറ്റ് ) തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കോറിയോഗ്രഫി നിര്‍വഹിച്ചത് സരോജ് ഖാനായിരുന്നു. അഭിഷേക് വർമ്മൻ സംവിധാനം ചെയ്ത കലങ്ക് സിനിമയിലെ 'തബാ ഹോ ഗയേ' ആണ് അവസാനം നൃത്തസംവിധാനം ചെയ്ത ഗാനം.

ബി. സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകന്യ ഖാന്‍ എന്നിവരാണ് മക്കള്‍.