Saturday 19 January 2019 12:03 PM IST : By സ്വന്തം ലേഖകൻ

അമ്പത്തേഴിന്റെ ചെറുപ്പത്തിൽ സുനിൽ ഷെട്ടി! മരയ്ക്കാറിലെ ലുക്ക് വൈറല്‍

sunil-new

ഒരു കാലത്ത് ബോളിവുഡിലെ ആക്ഷൻ കിങ്ങായിരുന്നു സുനിൽ ഷെട്ടി. ഗൗരവപ്രകൃതമുള്ള കഥാപാത്രങ്ങളിലൂടെ ജനപ്രീതി സ്വന്തമാക്കിയ സുനിൽ ഷെട്ടിയെ അത്തരം വേഷങ്ങളിൽ നിന്നു മോചിപ്പിച്ചതും കരിയറിൽ മറ്റൊരു ബ്രേക്ക് നൽകിയതും പ്രിയദർശനാണ്. പ്രിയൻ സംവിധാനം ചെയ്ത ‘ഹേര ഫേരി’ സുനിലിനെ കോമഡി റോളുകളിലേക്കും സ്വീകാര്യനാക്കി. തുടർന്നും നിരവധി പ്രിയദർശൻ ചിത്രങ്ങളിൽ സുനിൽ ഷെട്ടി വേഷമിട്ടു. പ്രിയന്റെ ‘കാക്കക്കുയിലി’ലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച സുനിൽ മറ്റൊരു പ്രിയൻ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്കെത്തുന്നു. ‘ദേ ദനാ ദൻ’ എന്ന ചിത്രത്തിനു ശേഷം പത്തു വർഷത്തെ ഇടവേള കഴിഞ്ഞാണ് ഇരുവരും ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹ’ത്തിലൂടെ വീണ്ടും കൈകോർക്കുന്നത്. മോഹൻലാൽ നായകനാകുന്ന മരയ്ക്കാറിൽ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് താരം. ചിത്രത്തിലെ സുനിൽ ഷെട്ടിയുടെ ഫസ്റ്റ് ലുക്ക് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 57 കാരനായ സുനിൽ ഷെട്ടിക്ക്, ചിത്രത്തിൽ വാൾപയറ്റും ആയോധനമുറകളുമൊക്കെയായി നിരവധി ആക്ഷൻ സ്വീകൻസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

മലയാളത്തിൽ മുൻപ് ബ്ലെസിയുടെ ‘കളിമണ്ണി’ലും സുനിൽ ഷെട്ടി അഭിനയിച്ചിരുന്നു. ഒരു ഗാനരംഗത്തിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

സുനിൽ ഷെട്ടിയ്ക്കൊപ്പം മഞ്ജു വാര്യർ, കീർത്തി സുരേഷ്, അർജുൻ സാർജ, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സംവിധായകൻ ഫാസിൽ എന്നിവരും ചിത്രത്തിലുണ്ട്.

150 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുക. ചിത്രീകരണം ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കാനാണ് ശ്രമം. 2020 ൽ ചിത്രം റിലീസിനെത്തും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്,ഹിന്ദി ഭാഷകളിലും ചിത്രമെത്തും.